Monday, September 6, 2010

പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും

"ഒരു പെണ്ണിന് നല്ല മുസ്ലിമാകാന്‍ പര്‍ദ്ദ തന്നെ വേണമോ?"
- വേണ്ടെന്ന് കട്ടായം.
 മാന്യമായ വേഷവിധാനം വേണമെന്നേ ഇസ്ലാം സ്ത്രീകളോട് പറഞ്ഞതായി അറിയൂ; പ്രമാണഗ്രന്ഥങ്ങളിലൊന്നും പര്‍ദ്ദ എന്നൊന്നില്ല തന്നെ.

ഇനി വേണമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും:
ഒരുവള്‍ പര്‍ദ്ദ ധരിക്കാതെ, 'എനിക്ക് അങ്ങനെ നല്ല മുസ്ലിം ആകണ്ട' എന്നും ജീന്‍സും ടോപ്പും ആണ് തന്‍റെ ഇഷ്ടവേഷമെന്നും അത് ധരിച്ചേ നടക്കൂ എന്നും തന്റെ വീട്ടുകാര്‍ക്കില്ലാത്ത പ്രശ്നം കാണുന്നവനെന്തിനു എന്നുറക്കെ ചോദിച്ചാല്‍?
- 100 % അതവളുടെ സ്വാതന്ത്ര്യം; തെരഞ്ഞെടുപ്പ്.

ഇപ്പടി കാഴ്ചക്കാരായ ഏതെങ്കിലും 'മതവികാര'ജീവികള്‍ പര്‍ദ്ദ ധരിച്ചില്ല എന്ന പേരില്‍ ആ പെണ്‍കുട്ടിയെ ആക്രമിക്കാനോ അപമാനിക്കാനോ ഭീഷണിപ്പെടുത്താണോ മുതിര്‍ന്നാല്‍?!
- അത്തരം 'ഹിമാറു'കളുടെ കയ്യും കാലും തല്ലിയൊടിച്ചിട്ടായാലും അവളുടെ  സുരക്ഷയും ഇഷ്ട വേഷം ധരിക്കാനുള്ള  സ്വാതന്ത്ര്യവും ഉറപ്പാക്കണം എന്നേ ഞാന്‍ പറയൂ...

പുറത്തിറങ്ങുന്ന മുസ്ലിം പെണ്ണുങ്ങളെയൊക്കെ പര്‍ദ്ദ ഇടീക്കല്‍ തങ്ങളുടെ മതപരമോ സാമുദായികമോ ആയ ബാധ്യതയെന്ന് ധരിച്ചു വശായി, പര്‍ദ്ദ ഇടാതെ നടക്കുന്നവരെ കാണുമ്പൊള്‍ വല്ല ചൊറിച്ചിലും വരുന്ന വങ്കന്മാര്‍ ഈ ഭൂമിമലയാളത്തിലുമുണ്ടെങ്കില്‍ ബോധമുള്ള ആണ്‍പിള്ളേര്‍ സാമാന്യം 'പെരുമാറി'ത്തന്നെ ആ ചൊറിച്ചില്‍ തീര്‍ക്കേണ്ടതാണ്.
മതം നിത്യജീവിതത്തില്‍ അനുശാസിക്കുന്ന സത്യസന്ധത, വിശ്വസ്തത, ഭൂതദയ, സഹജീവിസ്നേഹം തുടങ്ങി യാതൊരു മൂല്യങ്ങളും പാലിക്കണമെന്ന നിഷ്ഠയില്ലാത്തവരാണ് ഈ വല്ലഭന്മാര്‍ എന്നത് മറ്റൊരു തമാശ.

കേരളത്തില്‍ ഏതെങ്കിലും വ്യവസ്ഥാപിത മതസംഘടന(കള്‍) മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ / അബായ തന്നെ ധരിക്കണമെന്നും അല്ലാത്ത പക്ഷം മതവിരുദ്ധപ്രവര്‍ത്തിയാണെന്നും തിട്ടൂരമിറക്കിയതായി അറിവില്ല. ഇനി ഉണ്ടെങ്കില്‍ പോലും, അത്തരം ഉമ്മാക്കിയല്ല, ഗള്‍ഫ് സ്വാധീനമാണ് ഇവിടെ പര്‍ദ്ദ വ്യാപകമാക്കിയത്. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഷവര്‍മക്കൂടുകള്‍ കാണുന്നില്ലേ, അത് പോലെ. ഒപ്പം സമര്‍ത്ഥരായ ചില വ്യാപാരികള്‍ മികച്ച വിപണനതന്ത്രത്തിലൂടെ പര്‍ദ്ദയെ ഒരു ഫാഷന്‍ ട്രെന്‍ഡ് ആക്കിയെടുത്തു എന്നും കാണാം. ബാബറിമസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സമുദായത്തില്‍ ഉടലെടുത്ത ഒരു 'ഐഡന്റിറ്റി ക്രൈസിസ്'-ന്റെ പ്രതിഫലനമായി ഇതിനെ വായിച്ചെടുക്കുന്ന സാമൂഹ്യ നിരീക്ഷകരും ഉണ്ട്. 

വേഷങ്ങള്‍ ധരിക്കുന്നതും ധരിക്കാത്തതും വ്യക്തിസ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കാം... സാമൂഹ്യ-മന:ശാസ്ത്ര സമ്മര്‍ദ്ദം കൂടാതെ ആ സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ കഴിയണം. തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അനുയോജ്യമെന്നോ സൌകര്യപ്രദമെന്നോ കണ്ട് പര്‍ദ്ദ വേഷമായി തെരഞ്ഞെടുത്തവര്‍ക്ക് ആ സ്വാതന്ത്ര്യം വക വെച്ച് നല്‍കാനും നമുക്ക് ബാധ്യതയുണ്ട്.  റിയാന ഇഷ്യൂ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കൂടാതെ തന്നെ, പര്‍ദ്ദ പ്രശ്നവല്‍ക്കരിക്കപ്പെടുന്നതിലെ സാംസ്ക്കാരിക ഫാസിസത്തിന്റെതായ ഒളിയജണ്ടയും തിരിച്ചറിയപ്പെടണം. ഈ കോലാഹലങ്ങള്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു കൂടാ. പര്‍ദ്ദ ധരിക്കുന്നത് കൊണ്ടോ നിരാകരിക്കുന്നത് കൊണ്ടോ മാത്രം മുസ്ലിം സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടാകില്ല.

എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടി പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ 'സദാചാര പോലീസിംഗി'നു വിധേയമാകുന്നുവെങ്കില്‍, അത് പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാക്കുന്നു. സ്വാഭീഷ്ടപ്രകാരം പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതും തഥൈവ. ഏതെങ്കിലും മതമൌലികവാദിസംഘത്തില്‍ നിന്ന് റിയാനക്ക് യഥാര്‍ത്ഥമായും ഭീഷണി നേരിടുന്നുവെങ്കില്‍, അവളോടൊപ്പം ആദ്യം നിലയുറപ്പിക്കേണ്ടത് മുസ്ലിം സമൂഹം തന്നെയാണ്. ഒപ്പം പൊതുസമൂഹത്തിന്റെ പിന്തുണയും അവള്‍ അര്‍ഹിക്കുന്നത് തന്നെ. അതോടൊപ്പവും, മാധ്യമങ്ങള്‍ സെന്സേഷനലിസത്തിനു പിന്നാലെ പരക്കം പായുകയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു മറഞ്ഞിരുന്ന് ആനന്ദിക്കുന്ന മനോരോഗികളായ ക്ഷുദ്രജീവികള്‍ അവസരം മുതലാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്തേണ്ടത്‌ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന സംഗതിയാണ്.

Saturday, August 7, 2010

വിസ്മൃതിയില്‍ മറഞ്ഞ ചേകന്നൂര്‍

ചേകന്നൂരിനെ കാണാതായിട്ട് വര്ഷം പതിനേഴു കഴിഞ്ഞു.

ഒരല്പം ചരിത്രം:
1936-ല്‍ ജനിച്ച പി.കെ. മുഹമ്മദ്‌ അബ്ദുല്‍ ഹസ്സന്‍ എന്ന ചേകന്നൂര്‍ മൌലവി വാഴക്കാട് ദാറുല്‍ ഉലൂം, വെല്ലൂര്‍ ബാക്കിയാത്ത് എന്നീ പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് അദ്ദേഹം ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് തന്റെതായ രീതിയില്‍ വ്യാഖ്യാനങ്ങള്‍ നല്‍കുക വഴി വിവാദപുരുഷനായി. അന്നോളം സമൂഹത്തില്‍ പൊതുവെ സ്വീകാര്യമായ ആരാധനാക്രമങ്ങളും ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തന്റെ വാദങ്ങള്‍ സ്ഥാപിക്കാനായി പ്രവാചകന്റെ ഉറ്റ അനുയായിവൃന്ദത്തില്‍ പെട്ട ചിലരുടെ സ്വീകാര്യതയും ചേകനൂര്‍ ചോദ്യം ചെയ്തു. ഇത് മുസ്ലിം സമൂഹത്തില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി. താന്‍ സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത് സൊസൈറ്റിക്ക് ശുഷ്കമായ അനുയായിവൃന്ദത്തെ മാത്രമേ നേടാനായുള്ളൂ. തന്റെ വാദഗതികള്‍ യാഥാസ്ഥിതികവൃന്ദത്തില്‍ കടുത്ത അമര്‍ഷത്തിനും വഴി വെച്ചു.

മതപ്രഭാഷണത്തിന് എന്ന നാട്യേന ചിലര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി അപായപ്പെടുത്തി എന്നാണ് കരുതുന്നത്. 1993 ജൂലൈ 29നായിരുന്നു അത്. ഇന്നോളം മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കടുത്ത യാഥാസ്ഥിതിക ചട്ടക്കൂട്ടില്‍ സംഘടിപ്പിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് കൊലക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടത്. കേരളത്തില്‍ ഏറെ പ്രബലനായ, ഏതു പാര്‍ട്ടി ഭരിച്ചാലും പ്രധാനമന്ത്രിയെ വരെ നേരിട്ട് സമീപിക്കാവുന്നത്രയും സ്വാധീനമുളള ആ വിഭാഗത്തിന്റെ നേതാവും ഒരീയിടെ പ്രതിസ്ഥാനത്ത് വന്നിരുന്നെങ്കിലും കോടതിയില്‍ കുറ്റവിമുക്തനാക്കപ്പെട്ടു.

സ്വാതന്ത്ര്യസമരനേതാവും ഇസ്ലാമികപണ്ഡിതനും കൂടിയായ ഇ.മൊയ്തു മൌലവിയായിരുന്നു ചേകന്നൂരിന്റെ മിസ്സിംഗ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ആദ്യം സമരരംഗത്ത്‌ ഇറങ്ങുന്നത്. തൊണ്ണൂറാം വയസില്‍ അദ്ദേഹം നിരാഹാരം പ്രഖ്യാപിക്കുക കൂടി ചെയ്തു. അതില്‍ പിന്നീടാണ്‌ അന്വേഷണം അല്പം ഊര്‍ജ്ജിതപ്പെടുത്തിയത്. പിന്നീട് ഇടയ്ക്കും തലക്കും ഈ 'മിസ്സിംഗ്‌' ഏറ്റെടുത്തു ചിലര്‍ അവതരിച്ചിരുന്നെങ്കിലും പിന്നെയവരും തിരശീലക്കു പിന്നിലേക്ക്‌ വലിഞ്ഞു.
ഇന്ന് വെറും അക്കാദമിക് താല്പര്യം മാത്രമുള്ള ഒന്നായി ചേകനൂര്‍ കേസ് മാറിയിരിക്കുന്നു.

വേണ്ടത്ര രാഷ്ട്രീയ മൈലേജ് ഈ വിഷയത്തില്‍ കിട്ടില്ലെന്നത് കൊണ്ടോ അതോ ഇതുമായി മുന്നോട്ടു പോകുന്നത് ആരോപണമുന നീളുന്ന, പ്രാമുഖ്യമുള്ള ചില വിഭാഗങ്ങളുടെ അപ്രീതി പിടിച്ചു പറ്റിയേക്കാം എന്നതിനാലോ ഇടതു/വലതു മുന്നണി രാഷ്ട്രീയക്കാര്‍ പണ്ടേക്കു പണ്ടേ ഈ കേസ് വിട്ടതാണ്. ലാഭമുള്ളിടത്തല്ലേ നിക്ഷേപം ഇറക്കേണ്ടത്?!
'ഇസ്ലാമിക മതമൌലികതയുടെ ഭീകരപരിണാമ'മായി വികസിപ്പിക്കാന്‍ അനന്തസാധ്യതകളുള്ളത് എന്ന നിലയില്‍ ആദിയില്‍ വിഷയം ഏറ്റെടുത്ത ബി.ജെ.പി. / സംഘപരിവാരം പിന്നീട് ഇന്ത്യഭരണം കയ്യാളിയ ഘട്ടത്തില്‍ ഞങ്ങള്‍ ഈ നാട്ടുകാരേയല്ല എന്ന് മാറിമറഞ്ഞതും കണ്ടു! അന്ന് കേരളത്തില്‍ നിന്നുള്ള സഹമന്ത്രി വഴി കൈമാറിയ കോടിയുടെ കഥയും പിന്നാമ്പുറത്ത് കേട്ടിരുന്നു. മണിപവറിന് മീതെ സൂപ്പര്‍സോണിക് ജെറ്റും പറക്കില്ല. അല്ലെ മാഷെ?!
പക്ഷേ ഏറെ അതിശയകരം ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹത്തിന്റെ മൌനമാണ്. ഞങ്ങളെ സിസ്റ്ററെ ഞങ്ങളെ അച്ഛന്‍ കൊന്നാല്‍ നിങ്ങക്കെന്താ എന്നത് പോലെ, ഞങ്ങളെ മൌലവിയെ ഞങ്ങള്‍ കൊന്നാല്‍ നിങ്ങക്കെന്താ എന്നതാകുമോ ഇതിന്റെയും മന:ശാസ്ത്രം?!
കൈവെട്ടു സംഭവത്തെ അപലപിക്കാനും അതിന്റെ പേരില്‍ നിലവിളിക്കാനും കാണിച്ച ആവേശത്തിന്റെ നൂറിലൊന്നു പോലും പ്രതികരണം ചേകനൂര്‍ വിഷയത്തില്‍ കേരളസമൂഹത്തില്‍ നിന്നുണ്ടായില്ല എന്നത് ആശ്ചര്യകരം തന്നെ. വാസ്തവത്തില്‍ രണ്ടിന്റെയും പിന്നിലെ രാസത്വരകം ഒന്ന് തന്നെയായിരുന്നുവെങ്കിലും..... 

മുസ്ലിംകള്‍ അഞ്ച് നേരം നമസ്ക്കരിക്കണോ മൂന്നോ രണ്ടോ മതിയോ എന്നതൊന്നും പൊതുസമൂഹത്തിന് താല്പര്യമുണ്ടാക്കുന്നതല്ല എന്നതിനാല്‍ ചേകന്നൂരിന്റെ ആശയതലം ചര്‍ച്ചയാക്കുന്നത് അപ്രസക്തമാണ്. പക്ഷേ തന്റെ വാദഗതികള്‍ എത്രമേല്‍ അസ്വീകാര്യമോ അപ്രിയമോ ആയിരുന്നാലും പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും മറ്റാരെയും പോലെ ചേകന്നൂരിനും ഉണ്ടായിരുന്നു. ആശയത്തെ കായബലം കൊണ്ട് നിശബ്ധമാക്കുക എന്നത് ഫാസിസമാണ്‌.

Wednesday, July 7, 2010

മതവും മനുഷ്യനും

ഒരു വശത്ത് ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍. പറയത്തക്ക പ്രാധാന്യമില്ലാത്ത നിരുപദ്രവിയായൊരുമനുഷ്യന്മറുവശത്ത്. ഇതിലൊന്നിനെ ബലികഴിക്കാതെ തരമില്ല എന്നൊരു ഘട്ടം വന്നാല്നാം ഏതു തെരഞ്ഞെടുക്കും?!
യശശ്ശരീരനായ ശ്രീ എം. ഗോവിന്ദനാണ് സാങ്കല്പികചോദ്യം ഉയര്ത്തിയത്‌.
ഉത്തരവും അദ്ദേഹം തന്നെ തന്നു:
നിസ്സംശയം താജ് മഹല്ബലികഴിച്ചും കേവലം നിസ്സാരനായ മനുഷ്യന്റെ ജീവന്രക്ഷിക്കുക തന്നെ വേണം. കാരണം പ്രപഞ്ചത്തില്മനുഷ്യനാണ് മുഖ്യം. അവന്റെ കരങ്ങളാലാണ് താജ് മഹലും അതേ പോലുള്ള അത്ഭുതങ്ങളും പിറവി കൊണ്ടത്. മനുഷ്യന്റെ കരവിരുതില്ഇനിയും അത്യത്ഭുതങ്ങള്വിരിയുകയും ചെയ്യും

രസകരമായ കാര്യം 'മാനവികത വേണം' എന്ന കാര്യത്തില്ആര്ക്കും എതിരഭിപ്രായമില്ല; കടുത്ത വര്ഗീയവിഭജനപരമായ ആശയഗതികള്നിരന്തരം പ്രചരിപ്പിക്കുന്നവര്ക്ക് പോലും! നിര്വ്വചനത്തിലേക്ക് കടക്കുമ്പോഴാണ് പ്രശ്നം... ഏത് വിശ്വാസസംഹിതകള് പിന്തുടര്ന്നാലും, 'ഇതര'രും വിശാലമാനവികതയില്തന്റെ സഹോദരര്തന്നെയാണ് എന്ന മനോനിലയാണ് അവശ്യം ആവശ്യമായുള്ളത്. അവരുടെ നോവും ദുരന്തവും തന്റേത് കൂടിയാണ് എന്ന തിരിച്ചറിവ്. അപ്പോളവിടെ അപരന് ദൈവം ഉണ്ടോ ഇല്ലയോ ഉണ്ടെങ്കില്എത്ര - ഒന്നോ മൂന്നോ മുന്നൂറോ മുപ്പത്തിമുക്കോടിയോ തുടങ്ങിയതൊന്നും പ്രസക്തമാകരുത്... അവന് കുമ്പിടുന്നത് തെക്കോട്ടോ പടിഞ്ഞാട്ടോ എന്നതും വിഷയമാകരുത്. പലരും അക്രമങ്ങളിലും മതമൗലികതയിലും വര്ഗീയതയിലും അപകടം കാണുന്നത്, അത് എതിര്പക്ഷത്ത് നിന്ന് വരുമ്പോള്‍ മാത്രമാണ്.

തങ്ങള്ഇന്ന മതത്തിന്റെ അനന്തരാവകാശികള്ആണെന്ന് സ്വയം തീരുമാനിച്ചുറച്ച്, അതിന് വേണ്ടി അന്യനെ കുരിശിലേറ്റലാണ് മതം എന്ന് ധരിച്ച് വശായവരെ നമുക്ക് ചുറ്റും കാണാം.
മുഴു ജീവികളിലും ഈശ്വരാംശം കാണുന്നതിന്റെ ഫലമായാണ് ഹിന്ദു എലിയെയും പുലിയെയും ആരാധിക്കുന്നത്.
ഗുജറാത്തില്പുതുതായി എത്തിപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞ അനുഭവം:
എലിശല്യം സഹിക്കവയ്യാതെ സമീപത്തെ കടയില്കയറി എലിവിഷം ചോദിച്ചതിന് ജീവന്നഷ്ടപ്പെടാതിരുന്നത് തലനാരിഴക്ക്.
ഇനി ശ്രീരാമകൃഷ്ണ പരമഹംസര്പറഞ്ഞ കഥ:
ഇടഞ്ഞ ആനപ്പുറത്തിരുന്ന് മാറിക്കോ എന്ന് പാപ്പാന്വിളിച്ചു പറഞ്ഞിട്ടും,
മാറാതെ നിന്ന് ആന ചവിട്ടി മൃതപ്രായനായ വേദാന്തിയോട് ഗുരു,
എന്തേ വഴി മാറാതിരുന്നത് എന്ന് ചോദിച്ചു.
'ആനയിലെ ഈശ്വരാംശം തന്നെ ഉപദ്രവിക്കില്ല എന്ന് കരുതി'യെന്ന് ഉത്തരം.
നീയെന്തേ ആനക്കാരനിലെ ഈശ്വരാംശത്തെ ശ്രവിച്ചില്ല എന്ന് ഗുരു.
എലിയുടെ ഈശ്വരാംശത്തെ രക്ഷിക്കാന്മനുഷ്യന്റെ ഈശ്വരാംശത്തെ ഹനിക്കുന്നതിനു ഉത്തരവാദി വേദാന്തമല്ല; അതേക്കുറിച്ച് ജ്ഞാനമില്ലാത്ത / അല്പജ്ഞാനികളായ വിഡ്ഢികളാണ്. ഹിന്ദുത്വ മുദ്രാവാക്യം മുഴക്കി ഗുജറാത്തിലും ഒറീസയിലും കൂട്ടക്കുരുതി നടത്തിയവര്ക്കുള്ളത് വ്യക്തമായ സ്ഥാപിത താല്പര്യങ്ങളാണ്. അല്ലാതെ അന്യമതങ്ങളെ നിഷ്കാസനം ചെയ്യണമെന്ന് ശ്രുതി-സ്മൃതികളില്പറഞ്ഞതു കൊണ്ടല്ല.

'അന്യായമായി ഒരു ജീവനെടുക്കുന്നവന്മനുഷ്യരാശിയെ ആകമാനം കൊല്ലുന്നവനെ പോലെയാണെന്നും ഒരു ജീവനെ രക്ഷിച്ചെടുക്കുന്നവന്മനുഷ്യകുലത്തെ മൊത്തം രക്ഷിച്ചെടുത്തതിന് തുല്യമാണെന്നും' ഖുര്‍‍‌ആനിക ശാസനയുള്ളപ്പോഴാണ് ലഷ്കര് ആയും പുഷ്കര് ആയും ഇസ്ലാമിന്റെ പേരില്രക്തം ചിന്തപ്പെടുന്ന വൈരുധ്യമുണ്ടാകുന്നത്.
സംസാരിക്കുമ്പോള്മിതത്വം പുലര്ത്താനും എത്ര തന്നെ അപ്രിയമായ വീക്ഷണങ്ങള്പറയുന്നവര്ക്കും നല്ല വാക്കുകള്കൊണ്ട് പ്രതിവചിക്കാനും ഉല്ഘോഷിച്ച പ്രവാചകനെ ആക്ഷേപിച്ചു എന്ന പേരിലാണത്രേ ഇവിടെ ഒരാളിന്റെ കൈവെട്ടപ്പെട്ടത്!
അക്രമത്തെ ന്യായീകരിക്കലാണ് വര്ഗീയത എന്നും വര്ഗീയതയുടെ പേരില്യുദ്ധം ചെയ്യുന്നവന്എന്റെ അനുയായിയല്ല എന്നും അദ്ദേഹം പറഞ്ഞു വെച്ചു... എന്നിട്ടും, മതത്തിന്റെ പേരില്നടക്കുന്ന എന്ത് തോന്ന്യാസങ്ങളെയും ന്യായീകരിക്കുക തങ്ങളുടെ മതപരമായ ബാധ്യതയാണെന്നു ചില വങ്കന്മാരെങ്കിലും ധരിച്ചു വശായിട്ടുണ്ട്.

സ്നേഹത്തിന്റെയും പൊറുക്കലിന്റെയും മഹിതമായ ആശയങ്ങള്തന്നെയായിരുന്നു യേശുദര്ശനം. സഹിഷ്ണുതയുടെ പാരമ്യതയാണ് യേശുവിന്റെ വചനങളില്നാം വായിക്കുക. എന്നിട്ടും ഉന്മത്തമായ ക്രൈസ്തവ ഇവാഞ്ചലിസം അമേരിക്കന്സാമ്രാജ്യത്തത്തെ ലോകമാകെ ചോരക്കളമാക്കാന് പ്രേരിപ്പിക്കുന്നു... സഭയുടെ മൗനാശീര്‍‌വാദങ്ങളോടെ. മാത്രമോ, പരവിദ്വേഷം പ്രചരിപ്പിക്കുക എന്നത് പലപ്പോഴും സഭ തന്നെ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നു!   

ദര്‍‍ശനങ്ങളെ അതിന്റെ തന്നെ ഉടുപ്പിട്ട കപടാനുയായികള് പരാജയപ്പെടുത്തുന്നു എന്നതാണ് അവ നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം. വിശ്വാസം അഭിനയിക്കുന്ന കപടാനുയായികളുടെ അതിക്രമങ്ങളുടെ പേരില്വിചാരണ ചെയ്യപ്പെടുമ്പോള്, ആരോപണങ്ങളെ സ്വന്തം നിലക്ക് പ്രതിരോധിക്കാന്മതങ്ങള്ക്ക് കഴിയാത്തത് കൊണ്ട് ചിലപ്പോഴെങ്കിലും പ്രതിയുടെയോ മാപ്പു സാക്ഷിയുടെയോ റോള് ഏറ്റെടുക്കേണ്ടി വരുന്നു എന്ന് മാത്രം. സമീപകാല അനുഭവങ്ങള് മതത്തിന്റെ മാനവമൂല്യങ്ങള്ശക്തമായി അനുയായികളില്തെര്യപ്പെടുത്തേണ്ട ആവശ്യകത പേര്ത്തും പേര്ത്തും നമ്മെ ഓര്മ്മപ്പെടുത്തുന്നുണ്ട്.

മതം / വിശ്വാസം വൈയക്തികമായ അനുഭവം / അനുഭൂതിയാകണം. അവ നിലനില്ക്കുന്നു എന്നത് യഥാര്ഥ്യമാണ്. പ്രശ്നം മനുഷ്യനില്ആഴത്തില്വേരൂന്നിയ അസഹിഷ്ണുത എന്ന വികാരമാണ്. മതം / ജാതി/ഭാഷ / വംശം / രാഷ്ട്രീയം - ഇത്തരം വൈജാത്യങ്ങളെല്ലാം സങ്കുചിതമനസ്കരില് സ്വജാതി/വിജാതി വേര്തിരിവും വിദ്വേഷവും വളര്ത്താം; അതവരെ അക്രമികള്ആക്കാം. വക അസഹിഷ്ണുതകള്‍ ചൂഷണം ചെയ്യാനായി പരവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘങ്ങള് രൂപീകരിക്കപ്പെടാം; അവരില്‍ നിന്നും, സ്വാധീനവലയത്തില്പെട്ടവരില്നിന്നും അരുതായ്മകള് പ്രതീക്ഷിക്കാംഅഥവാ അവരെ ക്രിമിനലുകളാക്കി പുറത്തേക്കു വിടുന്നു എന്നും കാണാം. ഒരു ബഹുസ്വരസമൂഹത്തില്പരസ്പരബഹുമാനത്തിലൂന്നിയ സഹവര്ത്തിത്വമാണ്വ്യത്യസ്ത വീക്ഷണങ്ങളും വിശ്വാസങ്ങളും തമ്മില്സൗഹൃദപരമായ വേഴ്ചയാണ് പ്രോല്സാഹിക്കപ്പെടണ്ടത്. അതിവിടെ നിലവിലുണ്ടായിരുന്നുഎതിര്നീക്കം എത്ര ശക്തമാകുമ്പോഴും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നുണ്ട്. നാം ശുഭാപ്തി വിശ്വസികളാകുക:
മതത്തോടെയോ മതമില്ലാതെയോ മനുഷ്യരായി, മനുഷ്യത്വത്തെ ഉയര്ത്തിപ്പിടിച്ചു ജീവിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടട്ടെ!



Sunday, March 28, 2010

ഒരു വീണാനാദം പിറവി കൊണ്ടത്......

“വാളല്ലെന്‍ സമരായുധം, ഝണഝണധ്വാനം മുഴക്കീടുവാനാള-
ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍."

28.03.2010
ഇന്നു മലയാളത്തിന്റെ മണിപ്പൊന്‍ വീണാനാദത്തിനു എണ്‍പത്തിരണ്ടാം ജന്മവാര്‍ഷികം.
 
മലയാളി ഇത്രമേല്‍ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ മറ്റൊരു സുകൃതമുണ്ടോ?!
വയലാറില്‍ ഗാനരചയിതാവായിരുന്നോ കവിയായിരുന്നൊ മുന്നിട്ടു നിന്നത്? കാരണം കവിതയേത്, ഗാനമേത് എന്നു തിരിച്ചറിയാനാകാത്തതായിരുന്നല്ലോ അദ്ദേഹത്തിന്റെ വരികള്‍... കവിതകളില്‍ ഗാനചാതുരി പകര്‍ത്തിയ വയലാര്‍, ഗാനങ്ങളെ കവിതയാക്കിയും പരിവര്‍ത്തിപ്പിച്ചു; സിനിമാഗാനങ്ങളെ സാഹിത്യ സമ്പുഷ്ടമാക്കിയ മലയാളത്തിന്‍ തനതു പുണ്യം!
കല കലക്കു വേണ്ടിയെന്ന മൗലികതാവാദ ശബ്ദം ഒരറ്റത്ത് മുഴങ്ങിയപ്പോഴും, കലയുടെ സാമൂഹികധര്‍മ്മം ഇത്രമേല്‍ തിരിച്ചറിഞ്ഞ മറ്റൊരു ഗാനരചയിതാവ് നമുക്കുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
ഈശ്വരന്‍ ഹിന്ദുവല്ല...
കണ്ണ് തുറക്കാത്ത ദൈവങ്ങളേ...

നമ്മെ രക്ഷിക്കണമെന്നു നാം ചിന്തിക്കുന്ന ഈശ്വരനെ 'രക്ഷിക്കാന്‍' വാളെടുക്കുന്ന വിദ്വേഷത്തിന്റെ വര്‍ത്തമാന അനുഭവത്തില്‍ ഓരോ നാള്‍‍ കഴിയുമ്പോഴും അറിയാതെ പറഞ്ഞുപോകന്നു:
വയലാര്‍, ഇന്നാണ് അങ്ങ് കൂടുതൽ പ്രസക്തമായിരിക്കുന്നത് എന്ന്.

വിദ്വേഷത്തിന്റെ സാമുദായികകല്പനകളെ, സങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകളെ തന്റെ പാട്ടുകളിലൂടെ തകര്‍ത്തെറിഞ്ഞപ്പോഴും, വേലികെട്ടി മറച്ചുകളഞ്ഞ കേവലാചാരങ്ങളില്‍‍ തളച്ചിടപ്പെട്ടു പോയ മതാത്മകതയെ ശക്തമായി വിമര്‍ശിക്കുമ്പോഴും,

'ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ 
ആരന്തർമുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസർഗക്രിയാ- 
സാരം തേടിയലഞ്ഞു പണ്ടവരിലെച്ചൈതന്യമെൻ ദർശനം.'
എന്നു, നിഷ്കാമികളായ പുരാതന ഋഷീവലന്മാരെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

ആ അതുല്യപ്രതിഭാവൈഭവം കവിതകളിലോ ഗാനങ്ങളിലോ ഒതുങ്ങിയതുമില്ല. കഥകള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ ഇതരമേഖലകളിലും അദ്ദേഹം സംഭാവനയര്‍പ്പിച്ചു. അമിത മദ്യാസക്തിയിലൂടെ അകാലത്തില്‍ ചോദിച്ചു വാങ്ങിയ മൃത്യു, ആ തൂലികയില്‍ നിന്നുതിര്‍ന്നു തീരാന്‍ ബാക്കിനിന്ന മധുരതരമായ ഈരടികള്‍ നുകരാനാകാതെ പോയ നമ്മുടെ ദൗര്‍ഭാഗ്യമാകാം.

അങ്ങയുടെ മരണത്തിനും ശേഷം പിറവി കൊണ്ട ഞങ്ങളുടെ പോലും മനസ്സുകളില്‍ ദിവസത്തിലൊരിക്കലെങ്കിലും ആ വരികള്‍ പ്രതിധ്വനി മുഴക്കുമ്പോള്‍
വയലാര്‍, എന്തിനങ്ങേയ്ക്കു ഞാന്‍ ഓര്‍മ്മക്കുറിപ്പെഴുതണം.......?!
നമുക്കും വിദ്വേഷത്തിന്‍ കരവാളു വില്‍ക്കാം, എന്നിട്ട് സ്നേഹത്തിന്റെ നാദമാധുരി ഉതിര്‍ക്കുന്ന ഒരു വീണയോ ഓടക്കുഴലോ വാങ്ങി മീട്ടാം; അതാകട്ടെ ആ പാവനസ്മരണക്കു മുന്‍പില്‍ സമര്‍പ്പിക്കാവുന്ന അശ്രുകണങ്ങള്‍!!

Tuesday, March 2, 2010

ലൈംഗികത, സ്ത്രീ, സദാചാരം - ചില വിചിന്തനങ്ങള്‍


രാമനും സീതയും ലക്ഷ്മണനും ഒരു വിമാന യാത്രയിലാണ്. ദമ്പതികള്ക്ക് തൊട്ടു പിറകിലായിരിക്കുന്ന ലക്ഷ്മണനില് പെട്ടെന്ന് ചില മാറ്റങ്ങള് ദൃശ്യമാകുന്നു. അന്നേ വരെ ദേവിയായും അമ്മയായും തന്നെ ആരാധിച്ച ലക്ഷ്മണന്, പൊടുന്നനെ ഒരു വിടനെപ്പോലെ പിറകില് നിന്ന് തോണ്ടാനും പിടിക്കാനും തുടങ്ങിയപ്പോള് സീതാദേവി വല്ലാതെ പരിഭ്രാന്തയായി. പരാതിപ്പെട്ടപ്പോള് രാമന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ദേവി, നമ്മള് ഇപ്പോള് പറന്ന് കൊണ്ടിരിക്കുന്നത് കേരളം എന്ന പ്രത്യേക ഭൂപ്രദേശത്തിന്റെ മുകളില് കൂടിയാണ്. അതിന്റെ താല്ക്കാലിക സ്വാധീനം മൂലമുള്ള വിഭ്രാന്തി മാത്രമാണ് നമ്മുടെ അനുജന്. ഭവതി ഒന്നും ഭയപ്പെടുക വേണ്ട. ഈ പ്രദേശത്തിന്റെ വ്യോമാതിര്ത്തി പിന്നിടുന്നതോടെ ലക്ഷ്മണന് പഴയപടിയായിക്കൊള്ളും.'
(ജയരാജ് വാരിയരുടെ ഒരു പഴയ തമാശ)

കേരളിയന്റെ മാനസികാരോഗ്യം വല്ലാതെ താഴ്ന്ന്, രണ്ടു മാസം പ്രായമുള്ള കുഞ്ഞു മുതല് എഴുപതു കടന്ന മുത്തി വരെ രക്ഷപ്പെടില്ല എന്ന അവസ്ഥയാണ്. ബസില് പോലും തനിച്ചോ കുടുംബസമേതമോ ഒരു സ്ത്രീക്ക് യാത്ര ചെയ്ത് കൂടാനാവാത്തത്ര 'സുരക്ഷിതത്വ'മാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്. അച്ഛന് മകളെ പീഡിപ്പിച്ചാലോ, മാസങ്ങള് പ്രായമുള്ള കുരുന്നുകളെ ബലാല്സംഘം ചെയ്താല് പോലുമോ സമൂഹത്തിനു ഞെട്ടലില്ലാത്ത അവസ്ഥയാണ്‌. അതിന്റെ കാര്യകാരണങ്ങള് തുറന്നു ചര്ച്ച ചെയ്താലാണ് പലപ്പോഴും പ്രശ്നം; കെട്ടിപ്പൊക്കിയ കോട്ടകള്ഇടിയുമല്ലോ!
അണ്ണാച്ചിയെന്ന് കേരളത്തില് കൂലിപ്പണിക്ക് വരുന്ന തമിഴനെ അപഹസിക്കുന്ന നമുക്ക് ഏത് ഉളുപ്പില്ലായ്മയാണ് അവന്റെ മുന്നില് വീണ്ടും ഞെളിയാന് തുണയാകുന്നത്; മാസങ്ങള് പ്രായമുള്ള അവന്റെ കുഞ്ഞ് നമ്മുടെ കണ്മുന്നില് എടുത്ത് കൊണ്ട് പോയി പീഡിപ്പിക്കപ്പെടുമ്പോള്...?!

ഒറ്റപ്പെട്ട കെട്ടുകാഴ്ചകളായി എഴുതിത്തള്ളേണ്ടതല്ല ഇവയൊന്നും. ഏറിയോ കുറഞ്ഞോ കേരളീയന്റെ അബോധത്തില് കുടികൊള്ളുന്ന വൈകല്യങ്ങളൂടെ പ്രതിഫലനങ്ങള് തന്നെയാണ്. പൊതു ടോയ്ലറ്റിലും മറ്റും അശ്ലീല സൃഷ്ടികള് നടത്തുന്നതും പെണ്ണിന്റെ പേരു മതി അശ്ലീലവര്ഷം നടത്താനെന്നതുമൊക്കെ, അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മാനസികാരോഗ്യത്തിന്റെ നേര്ക്കാഴ്ചകള് തന്നെ. ചികില്സ വ്യക്തികള്ക്കും സമൂഹത്തിനും വേണം. വാളെടുക്കണ്ട; സമൂഹ ചികില്സ എന്നത് കൊണ്ടുദ്ദേശിച്ചത് വേരുറച്ചു പോയ നടപ്പ് ശീലങ്ങളുടെ ഇളക്കിപ്രതിഷ്ഠയാണ്.

ഇത്തരത്തില് അനാരോഗ്യകരമായ ലൈംഗിക മനസ് സൃഷ്ടിച്ചതില് നമ്മുടെ ഫ്യൂഡല് സദാചാരബോധത്തിന്റെ പങ്കു വിസ്മരിച്ചു കൂടാ. ലൈംഗികതയുടെ കാര്യത്തില് വല്ലാതെ അടച്ച് കെട്ടിയ ഒരു സമൂഹമാണ് നമ്മുടേത്. ആ അടച്ച് കെട്ടല് ഏറിയോ കുറഞ്ഞോ ഒരു മന:ശാസ്ത്രവൈകൃതമായി മലയാളിയുടെ ലൈംഗികമനസിനെ അബോധതലത്തില് സ്വാധീനിക്കുന്നു. ഈ അടിച്ചമര്ത്തപ്പെട്ട വികാരങ്ങള് തന്നെയാണ് അനുകൂലസാഹചര്യങ്ങളില് പുറത്ത് ചാടുന്നതും ഗാര്ഹികാന്തരീക്ഷത്തില് വരെ പീഡനങ്ങള്ക്ക് വഴിയൊരുക്കുന്നതും. ചെറുപ്പന്നേ ആണും പെണ്ണും പരസ്പരം അന്യഗ്രഹജീവികളെപ്പോലെ കണ്ട് വളരണമെന്നതാണ് നമ്മുടെ സദാചാര സങ്കല്പത്തിന്റെ ഒരടിസ്ഥാന ശില. ഈ അകറ്റി നിര്ത്തല്വാസ്തവത്തില്‍, 'individuality' പാടെ വിസ്മരിച്ചു, ചുറ്റിനുമുള്ള പെണ്ണിനെ ഒരു ലൈംഗിക ഉപകരണം മാത്രമായി കാണാന്പുരുഷനെ പ്രേരിപ്പിക്കുന്നു.

അതോടൊപ്പവും സദാചാര പോലീസ് ചമയാന് വല്ലാതെ ഉല്സുകരായ സമൂഹം കൂടിയാണ് നമ്മുടേത്. അത് ചെന്നെത്തുന്നതാകട്ടെ അന്യരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിലും. 'ഉമ്മറവാതില് തുറന്നിരിക്കുമ്പോഴും കിളി വാതിലിലൂടെ എത്തിനോക്കാനാണ് മലയാളിക്ക് താല്പര്യം' എന്ന് സക്കറിയ മുന്പൊരിക്കല് പറഞ്ഞത് എത്ര ശരിയാണ്! എല്ലാവര്ക്കും ഒന്ന് പോലെ പ്രിസ്ക്രൈബ് ചെയ്യാന് ആദര്ശം എന്നത് ഹോമിയോ ഡോക്ടര് നല്കുന്ന ചെറുമണി ഗുളികകള് അല്ല; അത് അന്യന്റെ അവകാശങ്ങളോ മാനമോ ഹനിക്കുന്നതാകരുത് എന്ന് മാത്രം. വ്യക്തിഗതമായ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില് കുശ്ബൂ കല്ലെറിയപ്പെട്ടതോര്ക്കുക.

ധാര്മ്മികത നിത്യം പുലര്ന്നു കാണാന് കാവലിരിക്കുന്ന നമ്മുടെ നിയമവാഴ്ചയുടെ 'നിതാന്തജാഗ്രത'യും എടുത്ത് പറയേണ്ടത് തന്നെ. വിദൂരദിക്കിലോ മറ്റോ ചെന്ന് അറിയാതെ വല്ല ലോഡ്ജിലെങ്ങാനും മുറിയെടുത്ത ദമ്പതികളെപ്പോലും പോലിസ് സ്റ്റേഷന്റെ സംരക്ഷണത്തിനു വെളിയില് വിടണമെങ്കില് നാട്ടില് നിന്ന് ബന്ധുജനം വിവാഹസര്ട്ടിഫിക്കറ്റും ഫോട്ടോയും ചിലപ്പോള് കൂടെയൊരു വക്കീലുമായി ചെല്ലേണ്ടി വരും. പഴുതുകളിലൂടെ ചോരുന്ന ആനകള് കണ്ണില് പെടില്ല എന്നതും ഓര്ക്കാന് രസാവഹമായ കാര്യം തന്നെ! മതമൂല്യങ്ങളെ പ്രാകൃത ഗോത്രവര്ഗ്ഗ കാഴ്ചപ്പാടില് പുനര്വായന നടത്തിയ ചില ഭരണകൂടങ്ങളുടെ കൂലിപ്പട്ടാളങ്ങളെക്കാള് (സദാചാര കാവലാള്മാര്എന്നാണവര് സ്വയം വിളിക്കുന്നത്!)  എന്ത് മേന്മയാണാവോ നമ്മുടെ പ്രബുദ്ധ പോലീസ് സംവിധാനത്തിന് ഇക്കാര്യത്തില് അവകാശപ്പെടാന് ഉള്ളത്?!    

കഠിനശിക്ഷ ഒന്നു കൊണ്ട് മാത്രം സദാചാരഭ്രംശങ്ങളോ ലൈംഗിക അതിക്രമങ്ങളോ ഇല്ലാതാകുമെന്ന വിശ്വാസത്തെ യാഥാര്ത്ഥ്യങ്ങള് ബലപ്പെടുത്തുന്നില്ല; പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നത്.
എന്നാല് നിയന്ത്രണങ്ങളില് അല്പം ലിബറല് ആയ സമീപനം സ്വീകരിക്കുകയും അതിക്രമങ്ങളെ യഥാവിധി ശിക്ഷിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളില് സ്ത്രീകള് ഉയര്ന്ന സാമൂഹ്യസുരക്ഷിതത്വം അനുഭവിക്കുന്നു എന്ന് വര്ഷങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില് പറയാന് കഴിയും.
ധാര്മ്മികത, സദാചാരം, ശരി തെറ്റുകള്. ഇവയൊക്കെ ആപേക്ഷികമാണ്; വ്യക്തിഗതവുമാണ്. അടച്ചിട്ട മുറികളില് നിന്നുയരുന്ന ചിരിയലകളെ അതിന്റെ പാട്ടിനു വിട്ടേക്കുക. പക്ഷേ ഒരു തേങ്ങലും കേള്ക്കാതെ പോകാതിരിക്കാന് മാത്രം നമുക്ക് കാതുകള് കൂര്പ്പിക്കുക!

മറ്റൊന്ന്, നമ്മുടെ പരമ്പരാഗതമായ സങ്കല്പങ്ങളില് നിന്ന് മാറിയുള്ള വല്ല അഭിപ്രായവും പുലര്ത്തുന്നവരോടുള്ള അസഹിഷ്ണുതയാണ്. സഭ്യേതരമായ പദാവലികള് കൊണ്ടാവും മിക്കവാറും അവര് എതിരേല്ക്കപ്പെടുക. അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുക... അവ നമുക്ക് അഹിതകരമാണെങ്കിലും, നമുക്ക് അരുചിയുളവാക്കുന്നത് മറ്റൊരാള്ക്ക് പഥ്യമാകരുത് എന്ന് പറയലാണ് തീവ്രവാദം. പറയാനുള്ളവന്റെ അവകാശം അംഗീകരിക്കുക... ഞാന് മനസിലാക്കുന്ന ഒരു ധാര്മ്മികത, സദാചാരം അത് മറ്റുള്ളവരും നിര്ബന്ധമായി ഉള്ക്കൊള്ളണം, അതിനു വിരുദ്ധമായ അഭിപ്രായഗതികള് പാടില്ല എന്നിടത്ത് നിന്നാണ് താലിബാനും ശ്രീരാമസേനയും ഉദയം കൊള്ളൂന്നത്. അവര് ധരിക്കുന്നതും സമൂഹത്തിന്റെ ധാര്മ്മികത നിലനിര്ത്താന് വേണ്ടിയാണ് തങ്ങള് ഇതൊക്കെ ചെയ്യുന്നത് എന്ന് മാത്രമാണ്.

ഇനി, സദാചാരമെന്നത് മൂല്യങ്ങളെ പ്രോല്സാഹിപ്പിക്കുന്ന ഒന്നാണെങ്കില് തങ്ങളുടെ ഇടപെടലിലും മൂല്യബോധം പുലര്ത്തേണ്ടതുണ്ട്. ഒരാള് ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോള് അതിന്റെ ശരിതെറ്റുകള് സഹിഷ്ണുതയോടെ പരിശോധിക്കണം; അല്ലാതെ വ്യക്തിപരമായ ആക്രമണം അഴിച്ച് വിട്ട് അത് പറയുന്നവനെ നിരായുധനും നിശബ്ദനുമാക്കാം എന്നത് സംസ്കൃതമായ ഒരേര്പ്പാടായി തോന്നുന്നില്ല. അസ്സല് ഞരമ്പുരോഗികളായ പീക്കിരികളാണ് പലപ്പോഴും സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായി ഉറഞ്ഞ് തുള്ളുന്നത് എന്ന് കാണാം. അത്തരത്തില് 'സഹതാപാര്ഹ'മായ മനോവിഭ്രാന്തി കാട്ടുന്നവരെ മാറ്റി നിര്ത്താം. എന്നാല് പക്വമതികളെന്ന് നാം കരുതുന്നവര് തന്നെ പലപ്പോഴും കടുത്ത അസഹിഷ്ണുതയോടെ പാരമ്പര്യ കാഴ്ചപ്പാടുകളെ അതിലംഘിക്കുന്നവരെ നേരിടുന്നതും കാണാറുണ്ട്. ധാര്മ്മികത, സദാചാരം എന്നിവ പോലും വ്യക്തിഗതമായ കാഴ്ചപ്പാടുകള് ആണെന്നും അവ ബലാല്ക്കാരമായി അടിച്ചേല്പിക്കേണ്ടതല്ല എന്നുമോര്ക്കുക.

പ്രശ്നം കാലങ്ങളായി നമ്മുടെ അബോധതലത്തില് വേരുറച്ചു പോയ സ്ത്രീ സങ്കല്പങ്ങളുടെത് കൂടിയാണ്. അനാഘ്രാത കുസുമം എന്നോ, വിവാഹത്തിലൂടെ അധീനപ്പെടുത്തുന്നവന്ന് നുകരാനുള്ള മധുചഷകമെന്നോ ഒക്കെ അതിനെ വ്യാഖ്യാനിക്കാം. അത് മുന്നോട്ട് വയ്ക്കുന്നത് ഒരു സ്റ്റീരിയൊ ടൈപ്പ് സ്ത്രീ ഇമേജ് ആണെന്നു കാണാം. അവള്ക്കില്ലാത്തത് വ്യക്തിത്വം മാത്രമാണ്. ഷോകേസില് ഭംഗിക്ക് വെയ്ക്കുന്ന അലങ്കാരപ്പാത്രത്തിനു വ്യക്തിത്വം കല്പിക്കേണ്ടതില്ലല്ലോ!

അത് കൊണ്ടാണ് പീഡിതയായ പെണ്ണിനു കളങ്കിത എന്ന ഇമേജ് ഉണ്ടാകുന്നതും, പീഡിപ്പിച്ചവന് വീരപരിവേഷത്തോടെ ക്യാമറക്ക് പോസ് ചെയ്യുമ്പോള് അവള്ക്ക് സ്വന്തം മുഖം മറച്ചുപിടിക്കേണ്ടി വരുന്നതും. നേരിട്ട പീഡാനുഭവം തുറന്നു പറഞ്ഞ ചിലര് എങ്ങനെയൊക്കെ വേട്ടയാടപ്പെട്ടു എന്നത് ഒന്ന് ഓര്ത്തു നോക്കുക. ഒരേ 'തെറ്റി'ന് ഒരാണിനെയും പെണ്ണിനെയും 'കയ്യോടെ പിടിക്കുന്ന' മുറയ്ക്ക് പെണ്കുട്ടിക്ക് പിഴച്ചവള് എന്ന വിശേഷപ്പട്ടം ആജീവനാന്തം പതിച്ചു നല്കപ്പെടുന്നതും പുരുഷന് വക മഹത്വങ്ങള് കല്പിക്കപ്പെടാതെ പോകുന്നതും ചിന്തനീയം.

ദാമ്പത്യത്തില് പോലുമുള്ള സ്ത്രീയുടെ ലൈംഗികാവകാശത്തെ തുറന്ന് ചര്ച്ച ചെയ്താല് അത് അരാജകത്വത്തിനു വഴി വയ്ക്കുമെന്നു കരുതുന്ന പുരുഷകേസരികളാണ് ഏറെയും. തട്ടാതെ മുട്ടാതെ പോറല് ഏല്ക്കാതെ നിത്യം എടുത്ത് നോക്കി തിരിച്ച് വയ്ക്കേണ്ട ക്രിസ്റ്റല് ശില്പത്തില് കവിഞ്ഞ് സ്ത്രീക്ക് സ്വന്തമായി അസ്തിത്വം അനുവദിക്കാന് പുരുഷാധിഷ്ഠിത പൊതുബോധത്തിന് കഴിയാത്തിടത്തോളം, കാപട്യത്തിന്റെ മറുവശം പീഡനമാണ് എന്ന തിരിച്ചറിവാണ് നമുക്കില്ലാതെ പോകുന്നത്! 

സമൂഹത്തിലെ സ്ത്രീയുടെ എല്ലാ പ്രശ്നങ്ങള്ക്കും ദുരിതങ്ങള്ക്കും മുഴുപുരുഷപ്രജകളും ഉത്തരവാദികളെന്നോ അഥവാ സ്ത്രീയുടെ ഏതേത് പ്രശ്നങ്ങള്ക്കും പുരുഷനെ മാത്രം പഴി പറഞ്ഞാല്മതിയെന്നോ ഇത്രയും പറഞ്ഞത്കൊണ്ട് അര്ത്ഥമക്കുന്നില്ല. സ്ത്രീവിമോചനം എന്നത് സ്ത്രീയുടെ ജീവിതത്തില്നിന്ന് പുരുഷന്എന്ന ഘടകത്തെ തന്നെ നിരാകരിക്കാലോ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു യുദ്ധപ്രഖ്യാപനം നടത്തലോ ആണെന്ന ചില അള്ട്രാ ഫെമിനിസ്റ്റ് നാട്യങ്ങളെയും (യഥാര്ത്ഥ ഫെമിനിസം അതല്ലയെങ്കിലും) നിരാകരിക്കാതെ വയ്യ. ദൈര്ഘ്യം ഭയന്ന് അതിലോട്ടൊന്നും ഇപ്പോള്കടക്കുന്നില്ല...