Sunday, March 28, 2010

ഒരു വീണാനാദം പിറവി കൊണ്ടത്......

“വാളല്ലെന്‍ സമരായുധം, ഝണഝണധ്വാനം മുഴക്കീടുവാനാള-
ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍."

28.03.2010
ഇന്നു മലയാളത്തിന്റെ മണിപ്പൊന്‍ വീണാനാദത്തിനു എണ്‍പത്തിരണ്ടാം ജന്മവാര്‍ഷികം.
 
മലയാളി ഇത്രമേല്‍ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ മറ്റൊരു സുകൃതമുണ്ടോ?!
വയലാറില്‍ ഗാനരചയിതാവായിരുന്നോ കവിയായിരുന്നൊ മുന്നിട്ടു നിന്നത്? കാരണം കവിതയേത്, ഗാനമേത് എന്നു തിരിച്ചറിയാനാകാത്തതായിരുന്നല്ലോ അദ്ദേഹത്തിന്റെ വരികള്‍... കവിതകളില്‍ ഗാനചാതുരി പകര്‍ത്തിയ വയലാര്‍, ഗാനങ്ങളെ കവിതയാക്കിയും പരിവര്‍ത്തിപ്പിച്ചു; സിനിമാഗാനങ്ങളെ സാഹിത്യ സമ്പുഷ്ടമാക്കിയ മലയാളത്തിന്‍ തനതു പുണ്യം!
കല കലക്കു വേണ്ടിയെന്ന മൗലികതാവാദ ശബ്ദം ഒരറ്റത്ത് മുഴങ്ങിയപ്പോഴും, കലയുടെ സാമൂഹികധര്‍മ്മം ഇത്രമേല്‍ തിരിച്ചറിഞ്ഞ മറ്റൊരു ഗാനരചയിതാവ് നമുക്കുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
ഈശ്വരന്‍ ഹിന്ദുവല്ല...
കണ്ണ് തുറക്കാത്ത ദൈവങ്ങളേ...

നമ്മെ രക്ഷിക്കണമെന്നു നാം ചിന്തിക്കുന്ന ഈശ്വരനെ 'രക്ഷിക്കാന്‍' വാളെടുക്കുന്ന വിദ്വേഷത്തിന്റെ വര്‍ത്തമാന അനുഭവത്തില്‍ ഓരോ നാള്‍‍ കഴിയുമ്പോഴും അറിയാതെ പറഞ്ഞുപോകന്നു:
വയലാര്‍, ഇന്നാണ് അങ്ങ് കൂടുതൽ പ്രസക്തമായിരിക്കുന്നത് എന്ന്.

വിദ്വേഷത്തിന്റെ സാമുദായികകല്പനകളെ, സങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകളെ തന്റെ പാട്ടുകളിലൂടെ തകര്‍ത്തെറിഞ്ഞപ്പോഴും, വേലികെട്ടി മറച്ചുകളഞ്ഞ കേവലാചാരങ്ങളില്‍‍ തളച്ചിടപ്പെട്ടു പോയ മതാത്മകതയെ ശക്തമായി വിമര്‍ശിക്കുമ്പോഴും,

'ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ 
ആരന്തർമുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസർഗക്രിയാ- 
സാരം തേടിയലഞ്ഞു പണ്ടവരിലെച്ചൈതന്യമെൻ ദർശനം.'
എന്നു, നിഷ്കാമികളായ പുരാതന ഋഷീവലന്മാരെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

ആ അതുല്യപ്രതിഭാവൈഭവം കവിതകളിലോ ഗാനങ്ങളിലോ ഒതുങ്ങിയതുമില്ല. കഥകള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ ഇതരമേഖലകളിലും അദ്ദേഹം സംഭാവനയര്‍പ്പിച്ചു. അമിത മദ്യാസക്തിയിലൂടെ അകാലത്തില്‍ ചോദിച്ചു വാങ്ങിയ മൃത്യു, ആ തൂലികയില്‍ നിന്നുതിര്‍ന്നു തീരാന്‍ ബാക്കിനിന്ന മധുരതരമായ ഈരടികള്‍ നുകരാനാകാതെ പോയ നമ്മുടെ ദൗര്‍ഭാഗ്യമാകാം.

അങ്ങയുടെ മരണത്തിനും ശേഷം പിറവി കൊണ്ട ഞങ്ങളുടെ പോലും മനസ്സുകളില്‍ ദിവസത്തിലൊരിക്കലെങ്കിലും ആ വരികള്‍ പ്രതിധ്വനി മുഴക്കുമ്പോള്‍
വയലാര്‍, എന്തിനങ്ങേയ്ക്കു ഞാന്‍ ഓര്‍മ്മക്കുറിപ്പെഴുതണം.......?!
നമുക്കും വിദ്വേഷത്തിന്‍ കരവാളു വില്‍ക്കാം, എന്നിട്ട് സ്നേഹത്തിന്റെ നാദമാധുരി ഉതിര്‍ക്കുന്ന ഒരു വീണയോ ഓടക്കുഴലോ വാങ്ങി മീട്ടാം; അതാകട്ടെ ആ പാവനസ്മരണക്കു മുന്‍പില്‍ സമര്‍പ്പിക്കാവുന്ന അശ്രുകണങ്ങള്‍!!

Tuesday, March 2, 2010

ലൈംഗികത, സ്ത്രീ, സദാചാരം - ചില വിചിന്തനങ്ങള്‍


രാമനും സീതയും ലക്ഷ്മണനും ഒരു വിമാന യാത്രയിലാണ്. ദമ്പതികള്ക്ക് തൊട്ടു പിറകിലായിരിക്കുന്ന ലക്ഷ്മണനില് പെട്ടെന്ന് ചില മാറ്റങ്ങള് ദൃശ്യമാകുന്നു. അന്നേ വരെ ദേവിയായും അമ്മയായും തന്നെ ആരാധിച്ച ലക്ഷ്മണന്, പൊടുന്നനെ ഒരു വിടനെപ്പോലെ പിറകില് നിന്ന് തോണ്ടാനും പിടിക്കാനും തുടങ്ങിയപ്പോള് സീതാദേവി വല്ലാതെ പരിഭ്രാന്തയായി. പരാതിപ്പെട്ടപ്പോള് രാമന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ദേവി, നമ്മള് ഇപ്പോള് പറന്ന് കൊണ്ടിരിക്കുന്നത് കേരളം എന്ന പ്രത്യേക ഭൂപ്രദേശത്തിന്റെ മുകളില് കൂടിയാണ്. അതിന്റെ താല്ക്കാലിക സ്വാധീനം മൂലമുള്ള വിഭ്രാന്തി മാത്രമാണ് നമ്മുടെ അനുജന്. ഭവതി ഒന്നും ഭയപ്പെടുക വേണ്ട. ഈ പ്രദേശത്തിന്റെ വ്യോമാതിര്ത്തി പിന്നിടുന്നതോടെ ലക്ഷ്മണന് പഴയപടിയായിക്കൊള്ളും.'
(ജയരാജ് വാരിയരുടെ ഒരു പഴയ തമാശ)

കേരളിയന്റെ മാനസികാരോഗ്യം വല്ലാതെ താഴ്ന്ന്, രണ്ടു മാസം പ്രായമുള്ള കുഞ്ഞു മുതല് എഴുപതു കടന്ന മുത്തി വരെ രക്ഷപ്പെടില്ല എന്ന അവസ്ഥയാണ്. ബസില് പോലും തനിച്ചോ കുടുംബസമേതമോ ഒരു സ്ത്രീക്ക് യാത്ര ചെയ്ത് കൂടാനാവാത്തത്ര 'സുരക്ഷിതത്വ'മാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്. അച്ഛന് മകളെ പീഡിപ്പിച്ചാലോ, മാസങ്ങള് പ്രായമുള്ള കുരുന്നുകളെ ബലാല്സംഘം ചെയ്താല് പോലുമോ സമൂഹത്തിനു ഞെട്ടലില്ലാത്ത അവസ്ഥയാണ്‌. അതിന്റെ കാര്യകാരണങ്ങള് തുറന്നു ചര്ച്ച ചെയ്താലാണ് പലപ്പോഴും പ്രശ്നം; കെട്ടിപ്പൊക്കിയ കോട്ടകള്ഇടിയുമല്ലോ!
അണ്ണാച്ചിയെന്ന് കേരളത്തില് കൂലിപ്പണിക്ക് വരുന്ന തമിഴനെ അപഹസിക്കുന്ന നമുക്ക് ഏത് ഉളുപ്പില്ലായ്മയാണ് അവന്റെ മുന്നില് വീണ്ടും ഞെളിയാന് തുണയാകുന്നത്; മാസങ്ങള് പ്രായമുള്ള അവന്റെ കുഞ്ഞ് നമ്മുടെ കണ്മുന്നില് എടുത്ത് കൊണ്ട് പോയി പീഡിപ്പിക്കപ്പെടുമ്പോള്...?!

ഒറ്റപ്പെട്ട കെട്ടുകാഴ്ചകളായി എഴുതിത്തള്ളേണ്ടതല്ല ഇവയൊന്നും. ഏറിയോ കുറഞ്ഞോ കേരളീയന്റെ അബോധത്തില് കുടികൊള്ളുന്ന വൈകല്യങ്ങളൂടെ പ്രതിഫലനങ്ങള് തന്നെയാണ്. പൊതു ടോയ്ലറ്റിലും മറ്റും അശ്ലീല സൃഷ്ടികള് നടത്തുന്നതും പെണ്ണിന്റെ പേരു മതി അശ്ലീലവര്ഷം നടത്താനെന്നതുമൊക്കെ, അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മാനസികാരോഗ്യത്തിന്റെ നേര്ക്കാഴ്ചകള് തന്നെ. ചികില്സ വ്യക്തികള്ക്കും സമൂഹത്തിനും വേണം. വാളെടുക്കണ്ട; സമൂഹ ചികില്സ എന്നത് കൊണ്ടുദ്ദേശിച്ചത് വേരുറച്ചു പോയ നടപ്പ് ശീലങ്ങളുടെ ഇളക്കിപ്രതിഷ്ഠയാണ്.

ഇത്തരത്തില് അനാരോഗ്യകരമായ ലൈംഗിക മനസ് സൃഷ്ടിച്ചതില് നമ്മുടെ ഫ്യൂഡല് സദാചാരബോധത്തിന്റെ പങ്കു വിസ്മരിച്ചു കൂടാ. ലൈംഗികതയുടെ കാര്യത്തില് വല്ലാതെ അടച്ച് കെട്ടിയ ഒരു സമൂഹമാണ് നമ്മുടേത്. ആ അടച്ച് കെട്ടല് ഏറിയോ കുറഞ്ഞോ ഒരു മന:ശാസ്ത്രവൈകൃതമായി മലയാളിയുടെ ലൈംഗികമനസിനെ അബോധതലത്തില് സ്വാധീനിക്കുന്നു. ഈ അടിച്ചമര്ത്തപ്പെട്ട വികാരങ്ങള് തന്നെയാണ് അനുകൂലസാഹചര്യങ്ങളില് പുറത്ത് ചാടുന്നതും ഗാര്ഹികാന്തരീക്ഷത്തില് വരെ പീഡനങ്ങള്ക്ക് വഴിയൊരുക്കുന്നതും. ചെറുപ്പന്നേ ആണും പെണ്ണും പരസ്പരം അന്യഗ്രഹജീവികളെപ്പോലെ കണ്ട് വളരണമെന്നതാണ് നമ്മുടെ സദാചാര സങ്കല്പത്തിന്റെ ഒരടിസ്ഥാന ശില. ഈ അകറ്റി നിര്ത്തല്വാസ്തവത്തില്‍, 'individuality' പാടെ വിസ്മരിച്ചു, ചുറ്റിനുമുള്ള പെണ്ണിനെ ഒരു ലൈംഗിക ഉപകരണം മാത്രമായി കാണാന്പുരുഷനെ പ്രേരിപ്പിക്കുന്നു.

അതോടൊപ്പവും സദാചാര പോലീസ് ചമയാന് വല്ലാതെ ഉല്സുകരായ സമൂഹം കൂടിയാണ് നമ്മുടേത്. അത് ചെന്നെത്തുന്നതാകട്ടെ അന്യരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിലും. 'ഉമ്മറവാതില് തുറന്നിരിക്കുമ്പോഴും കിളി വാതിലിലൂടെ എത്തിനോക്കാനാണ് മലയാളിക്ക് താല്പര്യം' എന്ന് സക്കറിയ മുന്പൊരിക്കല് പറഞ്ഞത് എത്ര ശരിയാണ്! എല്ലാവര്ക്കും ഒന്ന് പോലെ പ്രിസ്ക്രൈബ് ചെയ്യാന് ആദര്ശം എന്നത് ഹോമിയോ ഡോക്ടര് നല്കുന്ന ചെറുമണി ഗുളികകള് അല്ല; അത് അന്യന്റെ അവകാശങ്ങളോ മാനമോ ഹനിക്കുന്നതാകരുത് എന്ന് മാത്രം. വ്യക്തിഗതമായ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില് കുശ്ബൂ കല്ലെറിയപ്പെട്ടതോര്ക്കുക.

ധാര്മ്മികത നിത്യം പുലര്ന്നു കാണാന് കാവലിരിക്കുന്ന നമ്മുടെ നിയമവാഴ്ചയുടെ 'നിതാന്തജാഗ്രത'യും എടുത്ത് പറയേണ്ടത് തന്നെ. വിദൂരദിക്കിലോ മറ്റോ ചെന്ന് അറിയാതെ വല്ല ലോഡ്ജിലെങ്ങാനും മുറിയെടുത്ത ദമ്പതികളെപ്പോലും പോലിസ് സ്റ്റേഷന്റെ സംരക്ഷണത്തിനു വെളിയില് വിടണമെങ്കില് നാട്ടില് നിന്ന് ബന്ധുജനം വിവാഹസര്ട്ടിഫിക്കറ്റും ഫോട്ടോയും ചിലപ്പോള് കൂടെയൊരു വക്കീലുമായി ചെല്ലേണ്ടി വരും. പഴുതുകളിലൂടെ ചോരുന്ന ആനകള് കണ്ണില് പെടില്ല എന്നതും ഓര്ക്കാന് രസാവഹമായ കാര്യം തന്നെ! മതമൂല്യങ്ങളെ പ്രാകൃത ഗോത്രവര്ഗ്ഗ കാഴ്ചപ്പാടില് പുനര്വായന നടത്തിയ ചില ഭരണകൂടങ്ങളുടെ കൂലിപ്പട്ടാളങ്ങളെക്കാള് (സദാചാര കാവലാള്മാര്എന്നാണവര് സ്വയം വിളിക്കുന്നത്!)  എന്ത് മേന്മയാണാവോ നമ്മുടെ പ്രബുദ്ധ പോലീസ് സംവിധാനത്തിന് ഇക്കാര്യത്തില് അവകാശപ്പെടാന് ഉള്ളത്?!    

കഠിനശിക്ഷ ഒന്നു കൊണ്ട് മാത്രം സദാചാരഭ്രംശങ്ങളോ ലൈംഗിക അതിക്രമങ്ങളോ ഇല്ലാതാകുമെന്ന വിശ്വാസത്തെ യാഥാര്ത്ഥ്യങ്ങള് ബലപ്പെടുത്തുന്നില്ല; പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നത്.
എന്നാല് നിയന്ത്രണങ്ങളില് അല്പം ലിബറല് ആയ സമീപനം സ്വീകരിക്കുകയും അതിക്രമങ്ങളെ യഥാവിധി ശിക്ഷിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളില് സ്ത്രീകള് ഉയര്ന്ന സാമൂഹ്യസുരക്ഷിതത്വം അനുഭവിക്കുന്നു എന്ന് വര്ഷങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില് പറയാന് കഴിയും.
ധാര്മ്മികത, സദാചാരം, ശരി തെറ്റുകള്. ഇവയൊക്കെ ആപേക്ഷികമാണ്; വ്യക്തിഗതവുമാണ്. അടച്ചിട്ട മുറികളില് നിന്നുയരുന്ന ചിരിയലകളെ അതിന്റെ പാട്ടിനു വിട്ടേക്കുക. പക്ഷേ ഒരു തേങ്ങലും കേള്ക്കാതെ പോകാതിരിക്കാന് മാത്രം നമുക്ക് കാതുകള് കൂര്പ്പിക്കുക!

മറ്റൊന്ന്, നമ്മുടെ പരമ്പരാഗതമായ സങ്കല്പങ്ങളില് നിന്ന് മാറിയുള്ള വല്ല അഭിപ്രായവും പുലര്ത്തുന്നവരോടുള്ള അസഹിഷ്ണുതയാണ്. സഭ്യേതരമായ പദാവലികള് കൊണ്ടാവും മിക്കവാറും അവര് എതിരേല്ക്കപ്പെടുക. അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കൊടുക്കുക... അവ നമുക്ക് അഹിതകരമാണെങ്കിലും, നമുക്ക് അരുചിയുളവാക്കുന്നത് മറ്റൊരാള്ക്ക് പഥ്യമാകരുത് എന്ന് പറയലാണ് തീവ്രവാദം. പറയാനുള്ളവന്റെ അവകാശം അംഗീകരിക്കുക... ഞാന് മനസിലാക്കുന്ന ഒരു ധാര്മ്മികത, സദാചാരം അത് മറ്റുള്ളവരും നിര്ബന്ധമായി ഉള്ക്കൊള്ളണം, അതിനു വിരുദ്ധമായ അഭിപ്രായഗതികള് പാടില്ല എന്നിടത്ത് നിന്നാണ് താലിബാനും ശ്രീരാമസേനയും ഉദയം കൊള്ളൂന്നത്. അവര് ധരിക്കുന്നതും സമൂഹത്തിന്റെ ധാര്മ്മികത നിലനിര്ത്താന് വേണ്ടിയാണ് തങ്ങള് ഇതൊക്കെ ചെയ്യുന്നത് എന്ന് മാത്രമാണ്.

ഇനി, സദാചാരമെന്നത് മൂല്യങ്ങളെ പ്രോല്സാഹിപ്പിക്കുന്ന ഒന്നാണെങ്കില് തങ്ങളുടെ ഇടപെടലിലും മൂല്യബോധം പുലര്ത്തേണ്ടതുണ്ട്. ഒരാള് ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോള് അതിന്റെ ശരിതെറ്റുകള് സഹിഷ്ണുതയോടെ പരിശോധിക്കണം; അല്ലാതെ വ്യക്തിപരമായ ആക്രമണം അഴിച്ച് വിട്ട് അത് പറയുന്നവനെ നിരായുധനും നിശബ്ദനുമാക്കാം എന്നത് സംസ്കൃതമായ ഒരേര്പ്പാടായി തോന്നുന്നില്ല. അസ്സല് ഞരമ്പുരോഗികളായ പീക്കിരികളാണ് പലപ്പോഴും സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായി ഉറഞ്ഞ് തുള്ളുന്നത് എന്ന് കാണാം. അത്തരത്തില് 'സഹതാപാര്ഹ'മായ മനോവിഭ്രാന്തി കാട്ടുന്നവരെ മാറ്റി നിര്ത്താം. എന്നാല് പക്വമതികളെന്ന് നാം കരുതുന്നവര് തന്നെ പലപ്പോഴും കടുത്ത അസഹിഷ്ണുതയോടെ പാരമ്പര്യ കാഴ്ചപ്പാടുകളെ അതിലംഘിക്കുന്നവരെ നേരിടുന്നതും കാണാറുണ്ട്. ധാര്മ്മികത, സദാചാരം എന്നിവ പോലും വ്യക്തിഗതമായ കാഴ്ചപ്പാടുകള് ആണെന്നും അവ ബലാല്ക്കാരമായി അടിച്ചേല്പിക്കേണ്ടതല്ല എന്നുമോര്ക്കുക.

പ്രശ്നം കാലങ്ങളായി നമ്മുടെ അബോധതലത്തില് വേരുറച്ചു പോയ സ്ത്രീ സങ്കല്പങ്ങളുടെത് കൂടിയാണ്. അനാഘ്രാത കുസുമം എന്നോ, വിവാഹത്തിലൂടെ അധീനപ്പെടുത്തുന്നവന്ന് നുകരാനുള്ള മധുചഷകമെന്നോ ഒക്കെ അതിനെ വ്യാഖ്യാനിക്കാം. അത് മുന്നോട്ട് വയ്ക്കുന്നത് ഒരു സ്റ്റീരിയൊ ടൈപ്പ് സ്ത്രീ ഇമേജ് ആണെന്നു കാണാം. അവള്ക്കില്ലാത്തത് വ്യക്തിത്വം മാത്രമാണ്. ഷോകേസില് ഭംഗിക്ക് വെയ്ക്കുന്ന അലങ്കാരപ്പാത്രത്തിനു വ്യക്തിത്വം കല്പിക്കേണ്ടതില്ലല്ലോ!

അത് കൊണ്ടാണ് പീഡിതയായ പെണ്ണിനു കളങ്കിത എന്ന ഇമേജ് ഉണ്ടാകുന്നതും, പീഡിപ്പിച്ചവന് വീരപരിവേഷത്തോടെ ക്യാമറക്ക് പോസ് ചെയ്യുമ്പോള് അവള്ക്ക് സ്വന്തം മുഖം മറച്ചുപിടിക്കേണ്ടി വരുന്നതും. നേരിട്ട പീഡാനുഭവം തുറന്നു പറഞ്ഞ ചിലര് എങ്ങനെയൊക്കെ വേട്ടയാടപ്പെട്ടു എന്നത് ഒന്ന് ഓര്ത്തു നോക്കുക. ഒരേ 'തെറ്റി'ന് ഒരാണിനെയും പെണ്ണിനെയും 'കയ്യോടെ പിടിക്കുന്ന' മുറയ്ക്ക് പെണ്കുട്ടിക്ക് പിഴച്ചവള് എന്ന വിശേഷപ്പട്ടം ആജീവനാന്തം പതിച്ചു നല്കപ്പെടുന്നതും പുരുഷന് വക മഹത്വങ്ങള് കല്പിക്കപ്പെടാതെ പോകുന്നതും ചിന്തനീയം.

ദാമ്പത്യത്തില് പോലുമുള്ള സ്ത്രീയുടെ ലൈംഗികാവകാശത്തെ തുറന്ന് ചര്ച്ച ചെയ്താല് അത് അരാജകത്വത്തിനു വഴി വയ്ക്കുമെന്നു കരുതുന്ന പുരുഷകേസരികളാണ് ഏറെയും. തട്ടാതെ മുട്ടാതെ പോറല് ഏല്ക്കാതെ നിത്യം എടുത്ത് നോക്കി തിരിച്ച് വയ്ക്കേണ്ട ക്രിസ്റ്റല് ശില്പത്തില് കവിഞ്ഞ് സ്ത്രീക്ക് സ്വന്തമായി അസ്തിത്വം അനുവദിക്കാന് പുരുഷാധിഷ്ഠിത പൊതുബോധത്തിന് കഴിയാത്തിടത്തോളം, കാപട്യത്തിന്റെ മറുവശം പീഡനമാണ് എന്ന തിരിച്ചറിവാണ് നമുക്കില്ലാതെ പോകുന്നത്! 

സമൂഹത്തിലെ സ്ത്രീയുടെ എല്ലാ പ്രശ്നങ്ങള്ക്കും ദുരിതങ്ങള്ക്കും മുഴുപുരുഷപ്രജകളും ഉത്തരവാദികളെന്നോ അഥവാ സ്ത്രീയുടെ ഏതേത് പ്രശ്നങ്ങള്ക്കും പുരുഷനെ മാത്രം പഴി പറഞ്ഞാല്മതിയെന്നോ ഇത്രയും പറഞ്ഞത്കൊണ്ട് അര്ത്ഥമക്കുന്നില്ല. സ്ത്രീവിമോചനം എന്നത് സ്ത്രീയുടെ ജീവിതത്തില്നിന്ന് പുരുഷന്എന്ന ഘടകത്തെ തന്നെ നിരാകരിക്കാലോ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു യുദ്ധപ്രഖ്യാപനം നടത്തലോ ആണെന്ന ചില അള്ട്രാ ഫെമിനിസ്റ്റ് നാട്യങ്ങളെയും (യഥാര്ത്ഥ ഫെമിനിസം അതല്ലയെങ്കിലും) നിരാകരിക്കാതെ വയ്യ. ദൈര്ഘ്യം ഭയന്ന് അതിലോട്ടൊന്നും ഇപ്പോള്കടക്കുന്നില്ല...