Sunday, November 27, 2011

സന്തോഷ്‌ പണ്ഡിറ്റിലൂടെ വമിക്കുന്ന ചാനല്‍ വൈകൃതങ്ങള്‍; മലയാളിയുടെയും...

സന്തോഷ്‌ പണ്ഡിറ്റ്‌ മണ്ടനോ ബുദ്ധിമാനോ ആകട്ടെ, അയാളുടെ സിനിമ മഹത്തരമോ 'കൂതറ'യോ ആകട്ടെ. നമ്മുടെ അഭിനവ ചാനല്‍ സര്‍വജ്ഞന്മാര്‍ ക്ഷണിച്ചു വരുത്തി, അയാളെ പരിഹാസ്യപാത്രവും മനോരോഗിയുമായി ചിത്രീകരിക്കുന്നതിലെ മനുഷ്യാവകാശലംഘനം ആര്‍ക്കുമെന്തേ വിഷയമാകുന്നില്ല?!

മറ്റു ചാനലുകളില്‍ നിന്ന് ഒരുപടി കൂടി കടന്നു, ഏഷ്യാനെറ്റിലെ 'തമ്മില്‍ തല്ലി'ല്‍ ജോണ്‍ ബ്രിട്ടാസ് അയാളെ (മാത്രം) സംബോധന ചെയ്യാന്‍ ഉപയോഗിച്ച പദങ്ങള്‍ 'എടോ...' 'താന്...'  'താന്‍ അടങ്ങിയിരിയെടോ...' എന്നൊക്കെയായിരുന്നു. കൂടാതെ അയാളുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടി അബ്നോര്‍മല്‍ എന്ന് ധ്വനിപ്പിക്കുകയും ചെയ്തു. (ചര്‍ച്ചാവിഷയം മലയാള സിനിമാ പ്രതിസന്ധിയാണ്!). കൊടും ക്രിമിനലിനോട് പോലും ആചാരഭാഷ മാത്രം ഉപയോഗിക്കുന്ന ഇവര്‍ക്കൊക്കെ ജനകോടികളുടെ മുന്നില്‍ ഒരാളെ ഇങ്ങനെ അപമാനിക്കാന്‍ മാത്രം എന്താണ് പ്രകോപനം, പ്രചോദനം?!

അയാള്‍ സ്വന്തം കാശ് ചെലവാക്കി ഒരു പടമങ്ങു പിടിച്ചു; വലിയ കാര്യമായി സ്വയം പുകഴ്ത്തി നടക്കുന്നുണ്ട് എന്നതും ശരിയാണ്. എന്നാല്‍ ഇതേക്കാള്‍ വലിയ 'സ്വയം പൊക്കികള്‍‍' നമ്മുടെ താരങ്ങള്‍ക്കിടയില്‍ ഉണ്ട്. അത് നാം ഭയഭക്തിബഹുമാനങ്ങളോടെ സഹിക്കാരുമുണ്ട്‌.ഒരര്‍ത്ഥത്തില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നമ്മുടെ തന്നെ കണ്ണാടിയാണ്.മലയാളിക്ക് ആത്മരതിയിലധിഷ്ഠിതമായ തന്റെ പ്രതിച്ഛായയെ കുറിച്ച സൌമ്യമായ ഓര്‍മ്മപ്പെടുത്തല്‍!

മൂന്നു മണിക്കൂര്‍ തിയേറ്ററില്‍ പോകുന്നത് അയാളെ തെറി വിളിക്കാന്‍ ആണെന്ന് പറയുമ്പോള്‍ സന്തോഷ്‌ എന്ന വ്യക്തിയുടെ മനോനിലക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നല്ല നാം അന്വേഷിക്കേണ്ടത്; ഒരു തലമുറയുടെ, സമൂഹത്തിന്റെ മനോവൈകല്യത്തെ കുറിച്ചാണ് മനഃശാസ്‌ത്രജ്ഞന്മാരും സാമൂഹ്യശാസ്ത്രകാരന്മാരും പഠനം നടത്തേണ്ടത്. ആ വഴിക്ക് ശ്രമം നടക്കുന്നുവെങ്കില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ സ്വയം അറിയാതെയെങ്കില്‍ പോലും നിമിത്തമായത് ഒരു സാമൂഹ്യസേവനത്തിനാണ്. 

എല്ലാ ന്യൂനതകളോടെയും സന്തോഷ്‌ മലയാളസിനിമക്ക് ചെയ്ത സേവനം:
വ്യത്യസ്ത സംഘടിതമാഫിയകള്‍ കയ്യടക്കിയിരുന്ന സിനിമാരംഗത്ത് ഇച്ഛാശക്തിയുണ്ടെങ്കില്‍ അതിനെ അതിജയിക്കാമെന്നും അഞ്ചു ലക്ഷം രൂപക്ക് പോലും പടമെടുത്ത്, ജനങ്ങളിലെത്തിക്കാമെന്നും തെളിയിച്ചതാണ്. ആ ക്രിയാത്മകവശം മാത്രമെടുത്ത് മലയാളസിനിമയില്‍ പുതുവസന്തം വിരിയിക്കുകയാണ് നല്ല സിനിമയോട് പ്രതിബദ്ധത ഉള്ളവര്‍ ചെയ്യേണ്ടത്. ഈ കുറിപ്പ് അയാളെ വാഴ്ത്തപ്പെട്ടവന്‍ ആക്കാനല്ല; മറിച്ച് കാമറക്ക് മുന്നില്‍ അയാളെ ഇവ്വിധം വിദൂഷകവേഷം കെട്ടിക്കുന്നതിലെ സാഡിസം തുറന്നു കാട്ടാന്‍ മാത്രമാണ്!

( Posted in some FB groups on 21.11.2011)

1 comment:

  1. തീര്‍ച്ചയായും പണ്ടിട്ടില്‍ നിന്നുള്‍ കൊള്ളാന്‍ മന്ദന്‍ മലയാളിക്ക് ഉള്‍കൊള്ളാന്‍ കുറച്ചു കാര്യങ്ങള്‍ ഒക്കെ ഉണ്ട്

    പിന്നെ ജോണ്‍ ബ്രിട്ടാസിന്റെ അഭി സംബോദനം അതയാളെ സംസ്ക്കാരം എന്നെ പറയാന്‍ പറ്റൂ

    ReplyDelete