Monday, February 28, 2011

നമ്മുടെ ചില ഇരട്ടവേഷങ്ങള്‍

എത്രമേല്‍ കപടമല്ല നമ്മുടെ ധാര്‍മ്മിക-നൈതിക ബോധം?!

ആളൊഴിഞ്ഞ കംപാര്ട്ട്മെന്റില്‍ നിസ്സഹായയായ യുവതിയെ ആക്രമിച്ചു പുറത്തെറിഞ്ഞ് മാനഭംഗപ്പെടുത്തി മൃതപ്രായയാക്കുവോളം നിസ്സംഗമായിരുന്ന നമ്മിലെ പ്രതികരണശൌര്യം, ആ കുട്ടി മരിച്ചപ്പോള്‍, പ്രതി തമിഴന്‍ എന്നറിഞ്ഞപ്പോള്‍ ഒന്നാകെ ഉണര്‍ന്നെണീറ്റതു നാം കണ്ടതാണ്.ഏതാനും ദിവസങ്ങള്‍ക്കകം വീട്ടുവേലയ്ക്കു നിന്ന പതിനൊന്നുകാരി തമിഴ് ബാലിക ക്രൂരപീഡനത്തിനിരയായി മരിച്ചപ്പോള് എവിടെ വിനഷ്ടമായി ആ വൈകാരിക വിക്ഷോഭങ്ങള്‍?...
അതോ പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയും ഉള്ള മലയാളികള്‍ ആയത് കൊണ്ടാണോ നമുക്കത് അത്രമേല്‍ വലിയ സംഭവമായി തോന്നാത്തത്?!

താല്പര്യങ്ങളും മാധ്യമശ്രദ്ധയും ഉള്ളിടത്തെ പ്രതികരണങ്ങള്‍ക്ക് പോലും മാര്‍ക്കറ്റ്‌ ഉള്ളൂ. പറയുമ്പോള്‍ ചുറ്റിലും ക്യാമറക്കണ്ണുകള്‍ ഇല്ലാത്തത് കൊണ്ടാകും സ്വയം പ്രഖ്യാപിത മഹിളാ / പീഡിത പക്ഷവാദികളും വായ അനക്കാത്തത്! എരിവും പുളിയും ഭാവനക്ക് സ്കോപ്പും തിരുകി ആഘോഷിക്കാന്‍‍ പറ്റുന്ന വിഭവങ്ങള്‍ മാത്രമല്ലെ ചാനലുകാര്‍ക്ക് പഥ്യമാകൂ. അല്ലെങ്കില്‍ ഏതോ പീക്കിരി പാണ്ടിപ്പെണ്ണ്‍ ചത്താല്‍ മലയാളിയുടെ ഉല്കണ്ഠ അത്രമേല്‍ ഉയരില്ല എന്ന ബോധ്യമാകണം ('വാര്‍ത്താമൂല്യം' !).
സൗമ്യയുടെ ദാരുണമരണം മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡമായ രതിവൈകൃതമനസ്സിനെ ആകര്‍ഷിക്കുക എന്നൊരു ചൂണ്ട കൂടിയുണ്ടായിരുന്നു എന്നും അനുമാനിക്കാം. അല്ലാതെ മാധ്യമങ്ങളുടെ പൌരബോധം ഉച്ചസ്ഥായി പ്രാപിച്ചതല്ല.

കമലിന്റെ ഗദ്ദാമ സിനിമ കണ്ടു മലയാളി മൂക്കത്ത് വിരല്‍ വെച്ചത്രെ: ഇങ്ങനേം ക്രൂരരായ മനുഷ്യര്‍ ഉണ്ടോ?!
അറബിവീടുകളില്‍ കൊടിയ പീഡനം ഏറ്റുവാങ്ങുന്ന മലയാളി ഉള്‍പ്പെടെയുള്ള ഖദ്ദാമമാര്‍ തികച്ചും യഥാര്‍ത്ഥ്യം തന്നെ. അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധ്യമായ  എല്ലാ ശബ്ദവും ഉയര്‍ത്തണം. എന്നാല്‍ ലോകത്തെവിടെ പീഡനം നടക്കുമ്പോഴും വലിയ വായില്‍ ഒച്ച വെക്കാന്‍ മടിക്കാത്ത മലയാളി, കണ്മുന്നില്‍ സ്വന്തം നാട്ടുകാര്‍ നടത്തുന്ന കൊടും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുന്നു എന്നത് വിരോധാഭാസം തന്നെ. അതോ നാം തന്നെയാകുമ്പോള്‍ അതൊന്നും പീഡനമോ ക്രൂരതയോ ആകുന്നില്ല എന്നാണോ?! 

കുറെ മാസങ്ങള്‍ക്ക് മുന്‍പ് വീട്ടു വേലയ്ക്കു നിര്‍ത്തിയ മറ്റൊരു ബാലികയെ കാസര്‍ഗോട്ടെ ഒരു ബിസിനസുകാരന്‍ വെട്ടിനുറുക്കി ഡാമിലെറിഞ്ഞതും വാര്‍ത്താമാധ്യമങ്ങളില്‍ ഓളമോ ജനരോഷമോ സൃഷ്ടിച്ചില്ല എന്നതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. 

പഴുതുകള്‍ ഇട്ടു കേസ് ഡയറി തയ്യാറാക്കി നിയമവിദഗ്ദ്ധനെയും വീട്ടുകാരെയും ഇതില്‍ നിന്ന് ഊരിയെടുക്കാന്‍ ഏത് സാദാ പോലീസിനും കഴിയും. ശബ്ദിക്കാന്‍ ആരോരുമില്ലാത്ത ഈ തമിഴ് ബാലികയ്ക്ക്‌ വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊടി പിടിക്കില്ല; ചാനല്‍ ക്യാമറകളുടെ പ്രഭ ഇല്ലെങ്കില്‍ വനിതാ സംഘടനകള്‍ ഓരിയിടില്ല; സാംസ്ക്കാരികപ്രവര്‍ത്തകരും ഒച്ച ഉയര്‍ത്തില്ല. കേവലനീതിയില്‍, മാനുഷികതയില്‍ വിശ്വസിക്കുന്നവര്‍ ഒന്നടങ്കം‍, താല്പര്യങ്ങളുടെ പിന്നാലെ പോകുന്ന സംഘടനകളുടെയോ നേതാക്കളുടെയോ പിന്‍ബലമില്ലാതെ ഈ ബാലികയെ പീഡനമേല്പിച്ചു കൊന്നവര്‍ക്കെതിരെ നിലയുറപ്പിക്കട്ടെ!
അവര്‍ ശിക്ഷിക്കപ്പെട്ടു എന്നുറപ്പിക്കുവോളം ആ അഗ്നി കെടാതെ സൂക്ഷിക്കട്ടെ!! 

പിന്‍‌മൊഴി:
സൌമ്യ സംഭവത്തിലെ വന്യതയോ ദാരുണതയോ ഒട്ടും കുറച്ചു കാണാന്‍ ഉദ്ദേശമില്ല എന്ന് കൂടെ പറഞ്ഞു വെയ്ക്കട്ടെ; അത്തരം ചാമിമാര്‍ ഇനിയും ഭീതി സൃഷ്ടിച്ചു ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കപ്പെടരുത് എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. പക്ഷെ ചിലപ്പോള്‍ ലഘൂകരിച്ചും ചിലപ്പോള്‍ വൈകാരിക പ്രളയം സൃഷ്ടിച്ചും തരാതരം ക്രൂരതകളെ വേര്‍തിരിച്ചു കാണുന്ന നമ്മുടെ തന്നെ അബോധത്തെ ഒന്ന് സ്വയം വിചാരണ ചെയ്യുക മാത്രമാണിവിടെ...