Wednesday, November 30, 2011

മുല്ലപ്പെരിയാറിന് മുന്നേ ഒഴുകുന്നത്......

അണക്കെട്ട് 'ദേ, ഇപ്പോള്‍ പൊട്ടു'മെന്ന് വിഭ്രാന്തി പരത്തിയത് ഡാം 999 പടത്തിന്റെ പ്രമോഷനു വേണ്ടിയായിരുന്നു എന്ന, തള്ളാനാകാത്ത ഒരു വാദഗതിയുണ്ട്. ഇപ്പോള്‍ പൊട്ടില്ലേലും ഡാമിന് സുരക്ഷഭീഷണിയുണ്ട്‌ എന്നത് അവിതര്‍ക്കിതം; വിഷയത്തില്‍ ഇനിയും വലിച്ചു നീട്ടാതെ ഒരു തീര്‍പ്പ്‌ അവശ്യവും.. പാട്ടക്കരാര്‍ കാലാവധി 2000 -ല്‍ കഴിഞ്ഞെങ്കിലും പുതുക്കാതെയാണ് തമിഴ്നാട് വെള്ളവും വൈദ്യുതിയും കൊണ്ട് പോകുന്നത് എന്നാണ് മനസ്സിലാകുന്നത്. ഇനിയത് നിലവിലെ രൂപത്തില്‍ പുതുക്കാതിരിക്കുക എന്നതാണ് അവശ്യം അഭികാമ്യം. ഡാമിന്റെയും അനുബന്ധപ്രദേശങ്ങളുടെയും സമ്പൂര്‍ണ്ണവകാശം (ഉടമവകാശവും, കൈവശാവകാശവും) കേരളത്തിന്റെ കയ്യിലാകണം. നമ്മുടെ സുരക്ഷയും ആവശ്യങ്ങളും കൂടി പരിഗണിച്ചു മാത്രം തമിഴന് വെള്ളം നല്‍കുക. വെള്ളം സുലഭമായി കടത്തിക്കൊണ്ടു പോകുമ്പോഴും എന്നും, കോളനി വാഴ്ചക്കാലത്ത് എന്നോണമാണ് തമിഴകം വാഴുന്നോര്‍ കേരളത്തോട് ഇടപെട്ട് വന്നത്. 
അണക്കെട്ട് പൊട്ടില്ലെന്നു പറയുമ്പോഴും ഉയര്‍ന്ന ജലനിരപ്പ് ഭീഷണിയല്ലെന്ന് ഉറപ്പു നല്‍കാനാകില്ല. അപ്പോഴും തമിഴന്റെ കനിവിനു കാതോര്‍ക്കുകയാണ് നമ്മുടെ അഭിനവ നാടുവാഴി തമ്പുരാക്കന്മാര്‍. പണ്ട് സമ്മര്‍ദ്ദത്താല്‍ കരാറിലേര്‍പ്പെട്ട മഹാരാജാവിന്റെ ബ്രിട്ടിഷ് അധികാരികളോടുള്ള അതേ വിധേയത്വമുണ്ട്, അയല്ഭരണത്തെ പരാമര്ശിക്കുമ്പോള് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണ-പ്രതിപക്ഷ മഹല്‍ദേഹങ്ങളുടെ വാക്കുകളില്‍. ലക്ഷക്കണക്കിനു മനുഷ്യജീവനുകള്‍ ഇന്നല്ലെങ്കില്‍ നാളെ അപകടപ്പെട്ടാലും ശരി, തങ്ങളുടെ കൃഷി നനക്കാന്‍  ജലനിരപ്പ് എത്രത്തോളം ഉയര്‍ത്താമോ അത്രയും ഉയര്‍ത്തണം എന്ന തമിഴന്റെ പ്രാദേശികവാദത്തിലധിഷ്ടിതമായ ശാട്യം ഏത് കൊടും ഭീകരവാദത്തെയും തോല്പിക്കും. നാമും തത്തുല്യം വൈകാരികതയും പ്രാദേശികവാദവും ഊതിവിടണം എന്നല്ല. (അല്ലെങ്കിലും ഇടയ്ക്കും തലയ്ക്കും ഞെട്ടിയെഴുന്നേറ്റു 'പുലിയേ പുലി' എന്നാര്‍ത്തു വികരപ്പെരുമഴ പെയ്യിക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ നമ്മുടെ ജനകീയജനാധിപത്യ സര്‍വ്വാധികാരികള്‍ക്കെന്തുള്ളൂ?!)
നമ്മുടെ താല്പര്യങ്ങള്‍ ആര്‍ജ്ജവത്തോടെ, പറയേണ്ട രീതിയില്‍, പറയേണ്ടതായ വേദികളില്‍, പറയാന്‍ കഴിയണം. കിട്ടാവുന്ന നിയമപരിരക്ഷയുടെ പരിധിയില്‍ തന്നെ, സംസ്ഥാനത്തിന്റെ താല്പര്യം നിരന്തരം ഹനിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണവും വേണം. മറ്റൊരു സ്റ്റേറ്റ്ന്റെ ദയാവായ്പിനു മുന്നില്‍ എക്കാലവും കാത്തുകെട്ടിക്കിടക്കുന്നത് / എക്കാലവും ഏകപക്ഷീയമായി ത്യജിക്കുന്നത് / ജനങ്ങളുടെ സുരക്ഷയെ ത്രാസ്സില്‍ തൂക്കുന്നത് എന്ത് ഫെഡറലിസം ആണെന്ന് മാത്രം ഇനിയും മനസ്സിലാകുന്നില്ല. '70 ലെ  അച്യുതമേനോന്‍ സര്‍ക്കാര്‍ തൊട്ടിങ്ങോട്ടു മാറിവന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ജനങ്ങളോട് / സംസ്ഥാനത്തോടുള്ള ഉത്തരവാദിത്തരാഹിത്യവും തന്നെയാണ്  ഇതിത്രത്തോളം വഷളാക്കിയത്. 
'നിങ്ങള്‍ക്കുള്ള വെള്ളം ഒരു തുള്ളി പോലും കുറയില്ല പുതിയ ഡാം വന്നാല്‍. മാത്രവുമല്ല കൂടുതലും തരാന്‍ പറ്റിയേക്കും. ഡാം എങ്ങനേം ഞങ്ങള്‍ നിര്‍മ്മിച്ചോളാം അഞ്ചു പൈസ നിങ്ങള്‍ തരണ്ട. തമ്പുരാട്ടി  ദയ തോന്നി അനുമതി തന്നാല്‍ മാത്രം മതി!' - മുഖ്യന്‍.
'ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഡാം പണിത് നിങ്ങള്‍ക്ക് വെള്ളം തന്നോളം. അമ്മ കനിയണം' - പ്രതിപക്ഷനേതാവ്.
'ഞങ്ങള്‍ കെട്ടുന്ന ഡാമിലെ ഒറ്റ തുള്ളി വെള്ളം ഞങ്ങള്‍ക്ക് വേണ്ട; ഉണ്ടാക്കുന്ന വൈദ്യുതിയും നിങ്ങള്‍ തന്നെ കൊണ്ടോയ്ക്കുള്ളൂ' എന്ന് തമിഴനോട്‌  ജലസേചന മന്ത്രി. സ്വന്തം നാട്ടുകാര്‍ക്ക് കുടിവെള്ളം ഇല്ലാതിരിക്കുമ്പോള്‍, ഇവിടത്തെ കര്‍ഷകന്‍ പട്ടിണിയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ 700-1000 കോടി വരെ മുതല്‍മുടക്കി അയല്നാട്ടുകാരന് കൃഷി നനക്കാന്‍ വെള്ളം കൊടുത്തു കൊള്ളാമെന്നു ബാധ്യതയെല്‍ക്കുന്ന 'വിശാലഹൃദയത്വം' ഏത് കണക്കില്‍ എഴുതി ചേര്‍ക്കണം?!
ഇതേ പ്രശ്നം തിരിച്ചായിരുന്നു ( സുരക്ഷാപ്രശ്നം തമിഴനും ജലമൊഴുകുന്നത് കേരളത്തിലേക്കും) എന്ന് സങ്കല്പിക്കുക. അപ്പോള്‍ കിട്ടും നാം എന്ത് നിലപാട് എടുക്കേണ്ടിയിരുന്നു എന്നതിനുള്ള ശരിയായ ഉത്തരം.
കേരളീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടി ഇല്ലാതെ പോയതാകാം നമ്മുടെ ശാപം.
പുതിയൊരു കൂറ്റന്‍ ഡാം പണിയുക എന്ന ആവശ്യം ഉയരുന്നത് ഭൌമിക / പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേണ്ടത്ര പഠിച്ചാണോ  എന്ന് വ്യക്തമല്ല; പ്രത്യേകിച്ചും 12 ഡാമുകള്‍ ഉള്ള, അക്കാരണം തന്നെ ഭൂകമ്പസാധ്യത കൂട്ടുന്ന ഒരു പ്രദേശത്ത്. അതും സുരക്ഷയെ മുന്‍നിര്‍ത്തി ലോകമാകെ, വന്‍ ഡാം എന്നതിനു പകരം ചെറുഡാമുകള്‍ എന്നതിലേക്കു ചുവടുമാറ്റം നടത്തുമ്പോള്‍.  കുറ്റമറ്റ വസ്തുതാപഠനം അനിവാര്യമായ വിഷയത്തില്‍ പുതിയ ഡാമിന് വേണ്ടിയുള്ള മുറവിളി ആരിലെങ്കിലും സന്ദേഹം ജനിപ്പിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. അത് മാത്രമാണ് പരിഹാരം എന്ന് ശഠിക്കാതെ നിലവിലെ ഡാമില്‍ ജലനിരപ്പ്‌ കുറച്ചു കൊണ്ട് വന്നു സുരക്ഷഭീഷണി ഒഴിയുമോ എന്നതും പരിശോധിക്കണം; അപ്പോള്‍ തമിഴന്റെ കൊതിക്കെറുവ് എന്നത് ദ്വിതീയ പരിഗണന മാത്രമാകണം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വല്പം നട്ടെല്ലും കാണിക്കണം, ബഹുമാന്യ കേരള ഭരണാധികാരികള്‍!

Thursday, November 17, 2011

'സദാചാര'പ്പനി പടരുമ്പോള്‍....

കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ  'സദാചാരപ്പനി' നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള്‍ കൊണ്ടുവന്നേക്കാം. പലയിടത്തും പലപ്പോഴായി  സ്വയംകൃത 'ന്യായാധിപന്മാര്‍' നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍  ഇതിനെതിരെ സാമാന്യനീതിയില് വിശ്വസിക്കുന്നവര്‍ പ്രതികരിക്കുക തന്നെ വേണം. അല്ലെങ്കില്‍ ജനക്കൂട്ടവും കാപ് പഞ്ചായത്തുകളും കുറ്റവും ശിക്ഷയും വിധിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കാള്‍ പരിതാപകരമായിത്തീരും നമ്മുടെയീ 'സമത്വസുന്ദരകേരളം'!

സഹോദരിക്കോ ഭാര്യക്കോ ഒപ്പം പോലും അപരിചിതമായ സ്ഥലത്ത് ചെന്നുപെട്ടാല്‍ നിങ്ങള്‍ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാകാം; ബോധ്യപ്പെടുത്താത്ത പക്ഷം അവര്‍ വിധിക്കുന്ന ശിക്ഷ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം...ഇങ്ങനെ ചില്ലറ പ്രശ്നങ്ങള്‍!

മൂല്യങ്ങള്‍, ധാര്‍മ്മികത ഇവയൊക്കെ വ്യക്തിയുടെ വിവേചനബോധത്തില്‍ നിന്നും  ഉരുത്തിരിയേണ്ടതാണ്  . സമൂഹം അടിച്ചേല്പിക്കുമ്പോള്‍ അവ മൌലിക സ്വാതന്ത്ര്യത്തിന്റെ ലംഘനമായിത്തീരുന്നു . സദാചാരത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിയാടുന്നത് പലപ്പോഴും  ഞരമ്പ് രോഗികളാണ്. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരുവന്‍ 'തരപ്പെടുത്തുന്നത്' കാണുമ്പോള്‍ തോന്നുന്ന 'കൊതിക്കെറുവ്' മാത്രം. കണ്മുന്നില്‍ ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ഇതേ മിശിഹകള്‍ കൈകെട്ടി ആസ്വദിക്കുകയും ചെയ്യും. സംശുദ്ധജീവിതം നയിക്കുന്ന മാന്യര്‍ ആരും തന്നെ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കില്ല; രഹസ്യം പിടിക്കാന്‍ നടക്കുകയുമില്ല...

ദാമ്പത്യത്തകര്ച്ചയിലേക്കും കുട്ടികള് അനാഥരാകുന്നതിലെക്കും നയിക്കുന്ന തരത്തില്‍ വിവാഹേതര ബന്ധങ്ങളെ മഹത്വവല്ക്കരിക്കുകയല്ല ഇവിടെ ഉദ്ദേശ്യം; അതോടൊപ്പവും അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതും അവരവരുടെ കുടുംബങ്ങള്‍ക്കുള്ളിലാണ്. നിയമസഹായം അനിവാര്യമാകുമ്പോള്‍ സമീപിക്കാന്‍ കോടതികളുണ്ട്.  ഒരിക്കലും ഒളിഞ്ഞു നോട്ടക്കാരായ ഞരമ്പ് രോഗികളല്ല കുറ്റവിചാരണയും ശിക്ഷയും നടപ്പിലാക്കേണ്ടത്.
 
ഏതെങ്കിലും ആനുകാലിക സംഭവത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത്, അഗണ്യകോടിയില്‍ തള്ളുന്ന വിഷയങ്ങളില്‍ ഒന്നായി ഇത് ചുരുങ്ങരുത്. 'സെന്‍സെഷനല്‍' ക്രൂരതകളോട് താല്‍കാലിക വൈകാരികതയിലൂടെ പ്രതികരിക്കുകയും അതിന്റെ ചൂര് കെടുമ്പോള്‍ മറക്കുകയുമാണ് മലയാളിപ്രതിബദ്ധതയുടെ സവിശേഷത. അത്തരം മറവികള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില കടുത്തതാകാം.