Tuesday, March 24, 2020

കൊറോണവൈറസ് / കോവിഡ്-19 : ശങ്കയും ആശങ്കയും

കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് അറിയേണ്ടതെല്ലാം ലോകാരോഗ്യസംഘടന വിശദീകരിക്കുന്നു. ഒപ്പം നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് മറുപടിയും.

സ്വതന്ത്ര പരിഭാഷ, സംഗ്രഹം: ബച്ചൂ മാഹി 


എന്താണ് കൊറോണവൈറസ് / കോവിഡ്-19? 
മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന പരസ്പരം ജനിതകബന്ധമുള്ള വിവിധയിനം വൈറസുകൾ ഉൾക്കൊള്ളുന്ന വലിയൊരു കുടുംബമാണ് കൊറോണവൈറസുകൾ എന്ന് പൊതുവിൽ വിളിക്കപ്പെടുന്നത്. മനുഷ്യരിൽ സാദാ ജലദോഷം മുതൽ തീവ്രമായ MERS, SARS വരെയുള്ള ശ്വസനസംബന്ധിയായ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്ന വിരുതന്മാർ ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഏറ്റവും അടുത്തകാലത്തായി കണ്ടെത്തിയ ഒരു കൊറോണവൈറസ് ഉണ്ടാക്കിയ സാംക്രമിക രോഗമാണ് കോവിഡ് 19. ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഈ വൈറസും രോഗവും അജ്ഞാതമായിരുന്നു. 

ലക്ഷണങ്ങൾ? 
കോവിഡ്-19ൻ്റെ സർവ്വസാധാരണമായ ലക്ഷണങ്ങൾ പനി, ക്ഷീണം, വരണ്ട ചുമ ഇവയാണ്. ചില രോഗികൾക്ക് ശരീര / മസിൽ വേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം ഇവയും കണ്ടേക്കാം. ഈ ലക്ഷണങ്ങൾ ലഘുവായതും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകളിൽ വൈറസ് ബാധക്ക് ശേഷവും എന്തെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ കണ്ടില്ലെന്നും വരാം. കൂടുതൽ ആളുകളും (80% വരെ) പ്രത്യേക ചികിത്സ ഒന്നും കൂടാതെ സുഖപ്പെടുന്നു. കോവിഡ്-19 ബാധിക്കുന്ന ആറുപേരിൽ ഒരാൾ എന്ന കണക്കിൽ ഗുരുതരാവസ്ഥയിൽ ആകുകയും ശ്വസനം പ്രയാസകരമാകുകയും ചെയ്യും. പ്രായമുള്ളവരും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത ഏറെയാണ്. പനി, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഇവ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.

രോഗം പകരുന്നത് എങ്ങനെ? 
രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ഉച്ഛ്വസിക്കുകയോ ചെയ്യുമ്പോൾ അയാളുടെ മൂക്കിൽ നിന്നോ വായിൽ നിന്നോ തെറിക്കുന്ന ചെറുകണങ്ങളിലൂടെയാണ് രോഗം പകരുന്നത്. രോഗബാധിതന് ചുറ്റുമുള്ള വസ്തുക്കളിലും പ്രതലങ്ങളിലും ആ ചെറുകണങ്ങൾ പറ്റിയിരിക്കുകയും മറ്റുളളവർ അവിടെ തൊട്ട കൈകൊണ്ട് സ്വന്തം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ രോഗം അവരിലേക്കെത്തുന്നു. രോഗബാധിതർ ചുമയ്ക്കുകയോ തുമ്മുകയോ ഉച്ഛ്വസിക്കുകയോ വഴി പുറത്തേക്ക് വമിപ്പിക്കുന്ന ചെറുകണങ്ങൾ ശ്വസിക്കുക വഴിയും രോഗം പിടിപെടാം. അതുകൊണ്ടാണ് രോഗബാധിതനിൽ നിന്ന് ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കണമെന്ന് പറയുന്നത്. രോഗം പകരുന്ന വഴികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.  

വായുവിൽക്കൂടി പകരുമോ?
ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡ്-19ന് ഹേതുവായ വൈറസ് പ്രധാനമായും പകരുന്നത്  ശ്വസനേന്ദ്രിയങ്ങളിൽ നിന്ന് വമിക്കുന്ന ചെറുകണങ്ങളിൽ കൂടിയാണ് എന്നാണ്. 

രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരാൾക്ക് രോഗം പകർത്താനാകുമോ?
രോഗിയായ ഒരാൾ ചുമയ്ക്കുന്നത് വഴി പുറന്തള്ളുന്ന കണങ്ങൾ ആണ് പ്രധാനമായും രോഗം പരത്തുന്നത്. യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ഒരാളിൽനിന്ന് പകരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ കോവിഡ്-19 ബാധിച്ച പലർക്കും തീരെ ലഘുവായ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുന്നുളളൂ. രോഗത്തിൻ്റെ പ്രാഥമികഘട്ടത്തിൽ അങ്ങനെയാണ്. ഉദാഹരണമായി പറഞ്ഞാൽ, നേരിയ ചുമ മാത്രമുള്ള മറ്റ് യാതൊരു വൈഷമ്യവും ഇല്ലാത്ത ഒരാളിൽനിന്ന് കോവിഡ്-19 പിടിപെടാനുള്ള സാധ്യത നിലനിൽക്കുന്നു. രോഗം പകരുന്ന കാലയളവിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. 

മലത്തിലൂടെ പകരുമോ?
സാധ്യത കുറവാണ്. രോഗിയുടെ മലത്തിൽ വൈറസ് ഉണ്ടായേക്കാം എന്ന് ആദ്യഗവേഷണങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും ആ വഴിക്ക് രോഗം പടർന്ന് പിടിച്ചിട്ടില്ലെന്ന കണ്ടെത്തലിനാണ് പ്രാമുഖ്യം. ഗവേഷങ്ങൾ ഇപ്പോഴും തുടരുക തന്നെയാണ്. റിസ്ക് ഒഴിവാക്കാൻ ശുചിമുറിയിൽ പോയതിന് ശേഷവും ഭക്ഷണത്തിന് മുൻപും കൈകൾ വൃത്തിയാക്കുക. 

സ്വയം സുരക്ഷിതനാകാനും രോഗം പടരാതിരിക്കാനും എനിക്ക് എന്ത് ചെയ്യാൻ കഴിയും?
ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റ്, നിങ്ങളുടെ ദേശീയ, തദ്ദേശീയ ആരോഗ്യവകുപ്പുകൾ ഇവ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്ന  കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ യഥാവിധി ഉൾക്കൊള്ളുക. പ്രവചനാതീതമാണ് കാര്യങ്ങൾ. പുതിയ വൃത്താന്തങ്ങൾക്കായി അപ്പപ്പോൾ വാർത്തകൾ പരിശോധിക്കുക. ചില നിസ്സാരമായ കാര്യങ്ങൾ വഴി നിങ്ങൾക്ക് സ്വയം സുരക്ഷിതനാകാനും രോഗപ്പകർച്ച തടയാനും കഴിയും. 
* ആൽക്കഹോൾ ആധാരമാക്കിയ ഹാൻഡ് റബ് കൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ നന്നായി ശുദ്ധിയാക്കുക. അവ നിങ്ങളുടെ കൈകളിലെ വൈറസിനെ നശിപ്പിക്കും.   
* മറ്റൊരാളിൽനിന്ന് ഒരു  മീറ്റർ അകലം പാലിക്കുക. അയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിൽ വൈറസ് ഉണ്ടാകാനും നിങ്ങൾ അത് ശ്വസിച്ച് ഉള്ളിൽ എത്താനുമുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലപാലനം.
 * സ്വയം മുഖം  തൊടുന്നത് ഒഴിവാക്കുക. നാം പലയിടത്തും തൊടുന്നത് വഴി കൈകളിൽ വൈറസ് പറ്റിയിരിക്കാം.  കണ്ണ്, മൂക്ക്, വായ എന്നിവയിൽക്കൂടി ആ വൈറസ് ഉള്ളിൽ എത്താതിരിക്കാനാണ് ഈ മുൻകരുതൽ. 
* നിങ്ങളും ചുറ്റുമുള്ളവരും ആരോഗ്യകരമായ ശ്വസനരീതികൾ പാലിക്കുന്നു എന്നുറപ്പ് വരുത്തുക. അതായത്  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മടക്കിയ കൈമുട്ട് കൊണ്ടോ ടിഷ്യൂ കൊണ്ടോ വായും മൂക്കും മറച്ചുപിടിക്കുക. ആ ടിഷ്യൂ ഉടനെ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുക. ഓർക്കുക, മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വമിക്കുന്ന ദ്രവകണങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. 
* അസ്വാസ്ഥ്യം തോന്നുകയാണെങ്കിൽ.വീട്ടിൽതന്നെ കഴിയുക. ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക. നിങ്ങൾ അടുത്തായി യാത്രകൾ നടത്തുകയോ യാത്ര കഴിഞ്ഞ് വന്നവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ആരോഗ്യപ്രവർത്തകരുമായി പങ്ക് വയ്ക്കുക. അവർക്ക് നിങ്ങളെ ശരിയായി ഗൈഡ് ചെയ്യാനും കോവിഡ് വ്യാപനത്തെ ചെറുക്കാനും കഴിയും.

എനിക്ക് കോവിഡ്-19 പിടിപെടാനുള്ള സാധ്യത എത്രത്തോളമാണ്?
അത് നിങ്ങൾ ഏത് പ്രദേശത്താണ് എന്നതിനെ  ആശ്രയിച്ചാണ്. സർക്കാറുകളും ആരോഗ്യ അധികൃതരും ജാഗ്രതയോടെ നടപടികൾ കൈക്കൊള്ളുന്നുണ്ട്. യാത്ര, പൊതുസ്ഥലങ്ങളിലെ വിഹാരം, ജനങ്ങളുടെ ഒത്തുചേരൽ എന്നിവയുടെ കാര്യത്തിൽ  നിങ്ങളുടെ നാട്ടിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളോടും പൂർണമായി സഹകരിക്കുക. അത് നിങ്ങളെ സുരക്ഷിതരാക്കും. ചൈനയിൽ സാധ്യമായത് പോലെ നമുക്ക് ഇതിൻ്റെ വ്യാപനം തടയാനാകും. നിങ്ങളുടെ പ്രദേശത്തെ നില അപ്പപ്പോൾ അറിഞ്ഞ് മുൻകരുതൽ സ്വീകരിക്കുക വളരെ പ്രധാനമാണ്. 

രോഗത്തെ പ്രതി എത്രത്തോളം ഉത്കണ്ഠപ്പെടണം?
കുട്ടികളിലും യുവതീയുവാക്കളിലും കോവിഡ്-19 രോഗബാധ താരതമ്യേന ലഘുവായ പ്രതികരണമാണ് ഉണ്ടാക്കുന്നത്. എങ്കിലും ചിലരിൽ അത് ഗുരുതരമായേക്കാം. അഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ ആശുപത്രിവാസം അനിവാര്യമായി വന്നു എന്നാണ് ഇതുവരെയുള്ള കണക്കുകൾ. ആശങ്ക സ്വാഭാവികമാണ്. മുൻചൊന്ന ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും തദ്ദേശീയ ആരോഗ്യ അധികൃതരുടെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ശിരസാ വഹിക്കുകയും ചെയ്യുക മാത്രമാണ് പോംവഴി. 

ആർക്കാണ് ഗുരുതരമാകാൻ സാധ്യത?
ഇക്കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ തുടരുകയാണെങ്കിലും നിലവിലെ സൂചനകൾ പ്രകാരം പ്രായമായവരിലും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ ഇവയിലേതെങ്കിലും ഉള്ളവർക്കും മറ്റുളളവരെ അപക്ഷിച്ച് രോഗം ഗുരുതരമാകാൻ ഇടയുണ്ട്. 

ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണോ?
അല്ല. ആന്റിബയോട്ടിക്കുകൾ വൈറസിൻ്റെ കാര്യത്തിൽ നിഷ്‌ഫലമാണ്.  അവ ബാക്ടീരിയ ബാധക്ക് മാത്രമാണ് ഉപകരിക്കൂ. കോവിഡ്-19 വൈറസ് മൂലമുള്ള രോഗമാണ്. കോവിഡ്-19നെ ചെറുക്കാനോ ചികിൽസിക്കാനോ ഒരു കാരണവശാലും  ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ബാക്ടീരിയ അണുബാധ ഉണ്ടെങ്കിൽ മാത്രം അവ ആരോഗ്യവിദഗ്ദ്ധൻ്റെ നിർദ്ദേശാനുസാരം ഉപയോഗിക്കാം.   

കോവിഡ്-19 പ്രതിരോധിക്കാനോ സുഖപ്പടുത്താനോ എന്തെങ്കിലും വാക്‌സിനോ  മരുന്നോ ചികിത്സയോ ഉണ്ടോ?
ഇല്ല; വാക്സിനൊ ആന്റിവൈറൽ മരുന്നുകളോ ഇന്നോളം ഇല്ല. ഗുരുതരാവസ്ഥയിൽ ഉള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവർക്ക് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള സപ്പോർട്ടീവ് കെയർ നൽകുകയാണിപ്പോൾ ചെയ്തുവരുന്നത്. പലരും അങ്ങനെ സുഖം പ്രാപിക്കുന്നുണ്ട്. പ്രതിരോധത്തിനോ രോഗം മാറാനോ എന്നോണം ചിലർ സ്വമേധയാ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുപയോഗിച്ചു നടത്തുന്ന സ്വയം ചികിത്സയെ ഞങ്ങൾ നിരുത്സാഹപ്പെടുത്തുന്നു. വാക്സിനുകൾ, മരുന്നുകൾ കണ്ടെത്താനുള്ള പഠനങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. പലതും പരീക്ഷണഘട്ടത്തിലാണ്. മരുന്നും വാക്സിനും കണ്ടെത്താനുള്ള ഉദ്യമങ്ങൾ ഏകോപിപ്പിക്കുകയാണ് ഞങ്ങൾ. 

സാർസും കോവിഡും ഒന്നാണോ?
അല്ല. രണ്ടും ഉണ്ടാക്കുന്നത് ജനിതകസാമ്യതയുള്ള വൈറസുകളാണ് എന്ന് മാത്രം. സാർസിന് കൂടുതൽ പ്രഹരശേഷിയുണ്ട്. പക്ഷെ പകർച്ചാ നിരക്ക് കുറവായിരുന്നു. 

സ്വയം സുരക്ഷക്കായി ഞാൻ എപ്പോഴും മാസ്ക് ധരിക്കണോ?
നിങ്ങൾക്ക് കോവിഡ്-19 ലക്ഷണം ഉണ്ടെങ്കിൽ, അഥവാ കോവിഡ് സംശയിക്കുന്ന ഒരാളെ പരിചരിക്കുന്നുണ്ടെങ്കിൽ മാത്രം മാസ്‌ക് ധരിക്കുക. ഡിസ്പോസിബിൾ മാസ്‌ക് ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മാസ്‌കുകളുടെ ദൗർലഭ്യം പരിഗണിച്ച് ജനങ്ങൾ അവ യുക്തിപൂർവ്വം വിനിയോഗിക്കണം എന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.  മുൻപ് പറഞ്ഞ സുരക്ഷാ-ശുചിത്വ ഉപാധികൾ കൈക്കൊള്ളുക.

എങ്ങനെയാണ് മാസ്‌ക് ഉപയോഗിക്കേണ്ടതും ഊരേണ്ടതും കളയേണ്ടതും?
ഓർക്കുക, ആരോഗ്യപ്രവർത്തകരും രോഗിയെ പരിചരിക്കുന്നവരും പനി, ചുമ തുടങ്ങിയ ശ്വാസകോശ അസുഖങ്ങൾ ഉള്ളവരും മാത്രമാണ് മാസ്‌ക് ധരിക്കേണ്ടത്. മാസ്‌ക് തൊടുന്നതിന് മുൻപ് കൈകൾ യഥാവിധി അണുമുക്തമാണെന്ന് ഉറപ്പ് വരുത്തുക. മാസ്കിൽ കീറലോ ദ്വാരമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. മുകൾ വശവും പുറം വശവും കൃത്യമായി പാലിച്ച് മൂക്കിന് മുകളിലേക്കും താഴെ വായും താടിയെല്ലും മറച്ചുമാണ് ധരിക്കേണ്ടത്. ചെവിക്ക് മുകളിലുള്ള ഇലാസ്റ്റിക് ലൂപ്പിൽ പിടിച്ച് വേണം ഊരിമാറ്റാൻ. മറ്റെവിടെയും തൊടരുത്. ഉടനെ അടഞ്ഞുകിടക്കുന്ന വെയ്സ്റ്റ് ബിന്നിലേക്ക് ഇടുക. കൈകൾ  വീണ്ടും യഥാവിധി അണുമുക്തമാക്കുക.

കോവിഡ്-19ൻ്റെ ഇൻക്യൂബേഷൻ കാലയളവ് എപ്രകാരമാണ്?
വൈറസ് ബാധിക്കുന്നതിനും ലക്ഷങ്ങൾ കണ്ടുതുടങ്ങുന്നതിനും ഇടയ്ക്കുള്ള സമയമാണ്  ഇൻക്യൂബേഷൻ കാലയളവ്. ഒന്ന് മുതൽ 14 ദിവസം വരെയാകാം ഇത്. കൂടുതലായി കണ്ടുവരുന്നത് 5 ദിവസമാണ്. 

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടോ?
അത്തരം സാധ്യതയെ തള്ളിക്കളയാനാകില്ല. മൃഗങ്ങളിൽ സാധാരണമായ വലിയൊരു വൈറസ് കുടുംബമാണ് കൊറോണവൈറസുകൾ. ഈ ഗണത്തിലെ വൈറസുകൾ പലപ്പോഴും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുകയും പിന്നീട് ഇതര മനുഷ്യരിലേക്ക് വ്യാപിക്കുകയുമാണ്. ഉദാഹരണത്തിന് സാർസ് വെരുകിൽ നിന്നും മെർസ് ചിലയിനം ഒട്ടകങ്ങളിലുമാണ് ഉടലെടുത്തത്. കോവിഡ്-19ൻ്റെ സ്രോതസ്സ് എന്തെന്നത് ഇനിയും  സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളെയും മൃഗങ്ങൾ ഇടപഴകിയ പ്രതലങ്ങളുമായും നേരിട്ടുള്ള കോണ്ടാക്റ്റ്  ഒഴിവാക്കുക. ഭക്ഷ്യ സുരക്ഷാ ഉപായങ്ങൾ പാലിക്കുക. മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ ഇവ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ജന്തുജന്യ ഉല്പന്നങ്ങൾ പാകം ചെയ്യാതെയോ ശരിയായി വേവിക്കാതെയോ കഴിക്കുന്നത് ഒഴിവാക്കുക. ഹോങ്കോങ്ങിൽ ഒരു പട്ടിക്ക് പിടിപെട്ട ഒറ്റ സംഭവമാണ് വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ റിപ്പോർട്ട് ചെയപ്പെട്ടത്. പട്ടിയോ പൂച്ചയോ മറ്റു വളർത്തുമൃഗങ്ങളോ ഇത് പടർത്തുന്നതായി തെളിവില്ല.

വ്യത്യസ്തപ്രതലങ്ങളിൽ ഏത് വരെയാണ് ഈ വൈറസിൻ്റെ ആയുസ്സ്? 
ഇക്കാര്യത്തിൽ കൃത്യമായ ഉത്തരമില്ല. പൊതുവെ കൊറോണവൈറസുകൾ (കോവിഡ്-19നെക്കുറിച്ച പ്രാഥമിക വിവരങ്ങളും അതുമായി ഒത്തുപോകുന്നു) വ്യത്യസ്ത അവസ്ഥകളിൽ ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നശിക്കാതെ നിലനിൽക്കും എന്നാണ് പഠനങ്ങൾ. പ്രതലം ഏതാണെന്നതും അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം ഇവയിലെ വ്യതിയാനവും അനുസരിച്ച് വൈറസിൻ്റെ അതിജീവന കാലയളവ് മാറിവരും. ഏതെങ്കിലും പ്രതലം അണുബാധ സംശയിക്കുന്നുവെങ്കിൽ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ശേഷം കൈകൾ അണുമുക്തമാക്കുക. കണ്ണുകൾ, മൂക്ക്, വായ തൊടുന്നത് ഒഴിവാക്കുക. 

കോവിഡ്-19 സ്ഥിരീകരിച്ച പ്രദേശത്ത് നിന്നുള്ള പാർസലുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണോ?
അതെ. രോഗബാധിതനായ ഒരു വ്യക്തി വാണിജ്യ ഉല്പന്നങ്ങൾ മലിനമാക്കുക എന്നത് വിരളമായ സാധ്യതയാണ്. അതുമല്ല അത്തരമൊരു പൊതി വ്യത്യസ്ത സ്ഥലങ്ങളിലൂടെയും ഊഷ്മാവിലൂടെയും സഞ്ചരിച്ച് വൈറസിനെ നിലനിർത്തും എന്നത് അതിലേറെ അസംഭവ്യവും. 

ഞാൻ എന്തെങ്കിലും ചെയ്യാതിരിക്കണോ?
ചിലർ എങ്കിലും പുകവലി, ഒന്നിലേറെ മാസ്ക് ധരിക്കൽ, ആന്റിബയോട്ടിക് കഴിക്കൽ ഇവയൊക്കെ കോവിഡ്-19 ചെറുക്കും എന്ന് വിശ്വസിക്കുന്നുണ്ട്. അത്തരം ധാരണകൾ തെറ്റാണ് എന്നതിനൊപ്പം അപായകരം കൂടിയാണ്. 
എന്ത് തന്നെയാകട്ടെ, ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെട്ടാൽ എത്രയും നേരത്തെ വൈദ്യസഹായം തേടുക. അത് കൂടുതൽ ഗുരുതരമായ അവസ്ഥയിലെത്തുന്നത് തടഞ്ഞേക്കാം. നിങ്ങൾ അടുത്തിടെയായി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം നിങ്ങളുടെ ആരോഗ്യസേവന ദാതാക്കളുമായി പങ്ക് വയ്ക്കുക.

Source: https://www.who.int/news-room/q-a-detail/q-a-coronaviruses

Thursday, April 23, 2015

വേണം ചില ‘വേഷ’ പുനര്‍വിചിന്തനങ്ങള്‍

റോഡരികില്‍ ദേഹമാകെ കറുത്ത ബുര്‍ഖ കൊണ്ട് മൂടിയ ഒരു സ്ത്രീയും കൊച്ചു പെണ്‍കുട്ടിയും; വശങ്ങളിലായി വാമൂടിക്കെട്ടിയ നിറച്ച രണ്ടു ഗാര്‍ബേജ് ബാഗുകള്‍.
“നിങ്ങള്‍ക്ക്‌ മൂന്നു സുന്ദരിക്കുട്ടികള്‍ ആണല്ലോ!’ എന്ന് അഭിനന്ദിച്ചതിന് അവള്‍ അത്രയും കോപിക്കേണ്ടിയിരുന്നില്ല!” എന്ന കാപ്ഷനോടെ ഒരു പാശ്ചാത്യ സൈറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ട ഈ ചിത്രം ‘ഇസ്ലാമിക’ രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ അത്യാവശ്യം രോഷവും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. ഇരയെ തന്നെ പരിഹസിക്കുകയാണ് എന്ന ന്യായത്തില്‍ അതേ സൈറ്റില്‍ ചില പാശ്ചാത്യര്‍ തന്നെയും വിയോജിപ്പ് രേഖപ്പെടുത്തിയതും കാണാം.

പ്രകോപനം സൃഷ്ടിക്കലില്‍ പരിമിതമായിരിക്കാം ഇത് പോസ്റ്റ്‌ ചെയ്തവരുടെ ലക്ഷ്യമെന്നാണെങ്കില്‍ പോലും, സ്വയം നോക്കിക്കാണാനും പുനര്‍വിചിന്തനം നടത്താനും ഈ ചിത്രത്തെ പോസിറ്റീവ് ആയി വിനിയോഗിക്കുകയായിരുന്നു മുസ്ലിംകള്‍ വേണ്ടിയിരുന്നത് എന്നെനിക്ക് തോന്നുന്നു; പ്രത്യേകിച്ച് ആഗോളവ്യാപകമായൊരു പുത്തന്‍ മത ഉണര്‍വ്വില്‍ മുസ്ലിം സ്ത്രീകളിലൊരു ഭാഗം സ്വമേധയാ തന്നെയും തങ്ങളുടെ മുഖം ഒരു നിഷിദ്ധവസ്തുവാണെന്നത് ‘ദൈവികശാസന’യായി ധരിച്ച്‌ ഇത്തരം ‘മൊബൈല്‍’ മറക്കുള്ളിലേക്ക് പിന്‍വാങ്ങിക്കൊണ്ടിരിക്കുകയോ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്ന വര്‍ത്തമാന പരിസരങ്ങളില്‍. 

അത് കൊണ്ടാണ് ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചപ്പോള്‍ സ്ത്രീകള്‍ തന്നെയും മുഖം മറച്ച് അതിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ കാഴ്ച നാം കണ്ടത്‌. പര്‍ദ്ദ നിരോധിച്ചുവെന്നും അത് ഇസ്ലാമിന് നേരെയുള്ള കയ്യേറ്റമാണ് എന്നും കേരളത്തിലടക്കം സോ-കോള്‍ഡ്‌ ഇസ്ലാമിസ്റ്റുകള്‍ പ്രചരണം നടത്തിയതും സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു (മുഖാവരണം മാത്രമായിരുന്നു നിരോധിച്ചത് എന്ന് ‘അവകാശപോരാളി’ മാധ്യമങ്ങള്‍ തുറന്നു പറഞ്ഞില്ല!). ഒന്നുരണ്ടു കൊല്ലം മുന്‍പ്‌, മുഖം മറച്ച് ഐഡന്റിറ്റി കാര്‍ഡിന് ഫോട്ടോയെടുക്കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ട വാര്‍ത്ത‍ അറിഞ്ഞിട്ടില്ലാത്ത വിശ്വാസികള്‍ പോലും ഇത് തങ്ങളെ പരിഹസിക്കാന്‍ മെനഞ്ഞ കെട്ടുകഥയായിട്ടെണ്ണാനാണ് കൂടുതല്‍ സാധ്യത!

നൂറ്റാണ്ടുകളായി (ഇന്നും) മരുഭൂനാടുകളില്‍ ദൃശ്യമായ ഈ കാഴ്ച ഉത്തരേന്ത്യയിലും എന്തിന് ദക്ഷിണേന്ത്യയിലെ തന്നെ ഇതരസംസ്ഥാനങ്ങളിലും പണ്ടും സുലഭമായിരുന്നു. കേരള സാഹചര്യത്തിലേക്ക് വരുമ്പോള്‍, പര്‍ദ്ദ കുറേക്കാലമായി പ്രചാരത്തില്‍ ഉണ്ടെങ്കിലും മുഖാവരണം എന്നത് തീര്‍ത്തും വിരളമായ കാഴ്ചയായിരുന്നു. എന്നാല്‍ ഈയിടെ അവധിക്ക് പോയപ്പോള്‍ രണ്ടു വര്ഷം കൊണ്ട് സംഭവിച്ച മാറ്റം കണ്ടു ശരിക്കും അമ്പരക്കേണ്ടി വന്നു. കൌമാരക്കാരായ പെണ്‍കുട്ടികള്‍ വരെ മുഖം മറച്ച് പുറത്തു പോകുന്നത് ഒരു സാധാരണ കാഴ്ചയായിരിക്കുന്നു! കൈകാല്‍ വിരലുകള്‍ വരെയും സോക്സ് കൊണ്ട് മറക്കുമാറ് തീക്ഷണത പുലര്‍ത്തുന്നതു പോലും അസ്വാഭാവികമല്ലാതായിരിക്കുന്നു.

സ്ത്രീ വസ്ത്രധാരണത്തെ സംബന്ധിച്ച്, മുഖവും മുന്‍ കയ്യുമൊഴികെയുള്ളവ മറക്കണം എന്നാണ് ഭൂരിഭാഗം മതമീംസാകാരന്മാര്‍ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട്. എന്നാല്‍ അത്തരം നിയതമായ ശാസനയൊന്നും ഖുര്‍ആനിലോ പ്രമാണ ഗ്രന്ഥങ്ങളിലോ കാണില്ല. ഹിജാബ് എന്നാല്‍ modesty എന്നു മാത്രമേ അര്‍ത്ഥമുള്ളൂ എന്നും കാലദേശ വ്യതിയാനം അനുസരിച്ച് വസ്ത്രരീതി മാറാവുന്നതാണെന്നും വ്യാഖ്യാനിച്ച മതമീംസാകാരന്‍മാരും ഉണ്ട്. ഇനി ഈ ഡ്രസ്സ്‌ കോഡ് (മുഖം മറക്കല്‍ ചിത്രത്തിലേ ഇല്ല!) മതപ്രമാണമാണ് എന്നംഗീകരിച്ചാൽ തന്നെ, അത്ന്റെ മതത്തിന്റെ കാക്കത്തൊള്ളായിരം ഉല്‍ബോധനങ്ങളില്‍ ഒന്ന് മാത്രമാണ്. അവ പാലിക്കുന്നവര്‍ പാലിക്കട്ടെ. എന്നാല്‍ ഇത് തീക്ഷ്ണമായി പ്രബോധനം ചെയ്യുന്ന മതബോധികള്‍ സത്യസന്ധത, വാഗ്ദാനപാലനം, ഇടപാടുകളിലെ വിശ്വസ്തത, വിശ്വാസമേതായാലും അയല്‍വാസിയുടെ പട്ടിണിയകറ്റല്‍, പലിശനിരോധം, സക്കാത്ത്‌ (നിര്‍ബന്ധദാനം) തുടങ്ങി മതത്തിന്റെ സാമൂഹ്യപ്രസക്തങ്ങളായ മറ്റനേകം പാഠഭാഗങ്ങള്‍ കണിശമായി പാലിക്കണമെന്ന് ഏറെയൊന്നും ശഠിച്ചു കാണാറില്ല. ബാക്കിയെന്തൊക്കെ ലംഘിച്ചാലും, സ്ത്രീയുടെ തലമുടി വെളിയില്‍ കണ്ടാല്‍ പുരുഷവര്‍ഗ്ഗമാകെ സ്ഖലിച്ചു ലോകമാകെ അരാജകത്വം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഉല്‍ബോധകര്‍ ഭയക്കുന്നതായി തോന്നിയിരുന്നു, മുന്‍പൊക്കെ ഈ വല്ലാത്ത ശുഷ്കാന്തി കാണുമ്പോള്‍.

ഇന്നാകട്ടെ നാട്ടിലാകെ മുഖം മറക്കാനുള്ള ഉല്‍ബോധനവും കൂടി വരുന്നു! പ്രവാചകചര്യ പ്രചരിപ്പിക്കുന്നു എന്ന ഭാവത്തില്‍ 'വേഷാധിഷ്ഠിത ഇസ്ലാം' (താടി-തൊപ്പി-മുട്ടോളം തുണി പുരുഷന്‍മാര്‍ക്കും, ചലിക്കുന്നത് കൊണ്ട് മാത്രം ജീവനുള്ള വസ്തുവെന്നു തിരിച്ചറിയും വിധം മൊത്തം കവര്‍ ചെയ്ത കറുത്ത തുണി സ്ത്രീകള്‍ക്കും) പ്രൊമോട്ട് ചെയ്യുകയാണ് ചിലര്‍. ഇത്തരം ഉപരിപ്ലവ കാര്‍ക്കശ്യങ്ങളില്‍ അഭിരമിക്കുന്നവര്‍, മുസ്ലിം സമൂഹത്തെ തന്നെയും ഗ്രസിച്ചിരിക്കുന്ന ദുരാചാരങ്ങള്‍ക്ക്, ഇന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ നിറമുള്ള കിനാക്കള്‍ തല്ലിക്കെടുത്തുന്ന സ്ത്രീധനം, വിവാഹധൂര്‍ത്ത്, ആഡംബരഭ്രമം എന്നീ രോഗാതുരതകള്‍ക്കു പകരം പ്രവാചകന്റെതായി ലളിത മാതൃകയൊന്നും അധികം പ്രചരിപ്പിച്ചു കാണാറില്ല. വേഷത്തെ പിന്‍പറ്റുന്നതിലെ അവരുടെ തീവ്രത, കച്ചവടത്തെക്കുറിച്ചുള്ള മതശാസനകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കൂടി കാട്ടിയിരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ കച്ചവട സംസ്കാരമേ മാറിയേനെ!

തല മറക്കാത്ത പെണ്ണിനെ മതശാസന തൃണവല്‍ഗണിച്ചവളായി പരിഗണിക്കുന്നവര്‍, കച്ചവടത്തില്‍ ഒട്ടും ധാര്‍മ്മികത കാട്ടാത്ത ഒരുവനെ, മായം ചേര്‍ത്തതും അനാരോഗ്യകരവുമായ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുടമയെ, അല്ലെങ്കില്‍ അണ്‍എത്തിക്കല്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടറെ, ആശുപത്രി ഉടമയെ (ഒരു വേള ഇവരുടെയൊക്കെ ആര്‍ത്തി മനുഷ്യജീവനുകള്‍ പൊലിയാന്‍ കാരണമാണെങ്കില്‍ പോലും) മതവിരുദ്ധനായി പ്രഖ്യാപിക്കുമോ?! ഇത്തരം ചിലരെങ്കിലും മതപ്രബോധകരായും മതത്തിന്റെ സേവകരായും സമൂഹത്തില്‍ സര്‍വാംഗീകൃതരായി വിലസുന്നതും കാണാം. പോട്ടെ, ഒരു കൊലപാതകിയോടോ മോഷ്ടാവിനോടോ കാട്ടുന്ന സഹിഷ്ണുതയോ നിസ്സംഗതയോ എങ്കിലും ‘തലമറക്കാതെ, തലതെറിച്ച’ പെണ്ണിനോട് കാട്ടിക്കൂടെ?! (അവര്‍ പോലും നേരിടാത്ത തുറിച്ചുനോട്ടമാകും ‘മതസ്നേഹി’കളാല്‍ അവള്‍ക്ക് നേരിടേണ്ടി വരിക!)

ഈയിടെ ഡോ: ഖദീജ മുംതാസ്‌ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സവിശേഷ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്:
“ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രത്തിനു സ്വാതന്ത്ര്യമുണ്ട്. അവനവന്റെ മാന്യതയ്ക്കും, സൗകര്യത്തിനും, സൗന്ദര്യബോധത്തിനുമിണങ്ങിയത്. ഇന്നത്തെ ഈ മാറ്റത്തില്‍, മതബോധത്തിന്റെ പോസിറ്റീവ് ആയ ഉണര്‍വിനപ്പുറം, മറ്റുമതസ്ഥരില്‍നിന്ന് വ്യതിരിക്തത പാലിക്കുക എന്ന നെഗറ്റീവ് അംശംകൂടി മുഴച്ചുനില്ക്കുന്നത് എന്നെ അസ്വസ്ഥയാക്കുന്നു. പ്രാദേശികസംസ്‌കാരത്തിലധിഷ്ഠിതമായ വ്യതിരിക്തതയല്ല അത്. ആഗോളവ്യാപകമായിത്തന്നെയുള്ള ഒരു അകലം പാലിക്കല്‍.
സാരിയെക്കാളും ചുരിദാറിനെക്കാളും സെക്‌സിയായി, ബോഡിഷേപ്പാക്കി പര്‍ദയെ മാറ്റുന്നവരുണ്ട്. അപ്പോള്‍ കറുപ്പ് വെറും സിംബല്‍ മാത്രമായി മാറുന്നു. തീരെ അനാകര്‍ഷകമായ, പ്രതിലോമകരമായ ഒരു സിംബല്‍. മാത്രമല്ല, കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ഒട്ടുമേ യോജിച്ചതുമല്ല ആ വസ്ത്രം. എ.സി. കാറില്‍ യാത്രചെയ്യുന്ന അപ്പര്‍ക്ലാസ് മുസ്‌ലിം സ്ത്രീകള്‍ക്കുമാത്രമേ അത് അലോസരമില്ലാതെ ധരിക്കാന്‍ പറ്റൂ.”

ഇവ്വിഷയകമായി എന്റെ ഫേസ്ബുക്ക് പേജിലെ ഒരു ചര്‍ച്ചയില്‍, സുരേഷ്കുമാര്‍ എന്ന സുഹൃത്ത്‌ പങ്കിട്ട അനുഭവം ചില മാനുഷികവശങ്ങള്‍ കൂടി നമ്മുടെ കാഴ്ചയിലേക്ക് കൊണ്ട് വരുന്നു: 
“എനിക്കു വ്യക്തിപരമായി വിഷമവും അവമതിപ്പും തോന്നിയ ഒരു സാഹചര്യം: ഈ കഴിഞ്ഞ ആഴ്ച ഞാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. എനിക്ക് എതിര്‍വശത്തെ സീറ്റില്‍ ഒരു മുസ്ലിം ചെറുപ്പക്കാരനും
ഭാര്യയും കുട്ടിയും. ഭാര്യ കണ്ണുകള്‍ മാത്രം പുറത്തു പുറത്തു കാണാന്‍ കഴിയുന്ന തരത്തിലുള്ള പര്‍ദ്ദയാണ് ധരിച്ചിരിക്കുന്നത്. അയാള്‍ നല്ലവണ്ണം ആസ്വദിച്ച് കഴിക്കുകയാണ്.  അവര്‍ ചപ്പാത്തി മുറിച്ചെടുത്ത് മുഖം  മൂടിയിരിക്കുന്ന തുണി അല്പം ഒന്ന് ഉയര്‍ത്തി ആന  തുമ്പിക്കൈകൊണ്ട് വായിലേക്ക് ആഹാരം വയ്ക്കുന്നതു പോലെ കഴിക്കുന്നു. അവര്‍ വളരെ  ബുദ്ധിമുട്ടിയാണ് ആഹാരം കഴിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. സത്യത്തില്‍ അവരെക്കാള്‍ വലിയ  ബുദ്ധിമുട്ടും  പ്രയാസവും എനിക്കാണ് തോന്നിയത്. ഞാന്‍ അവിടെ  ഇരുന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ കുറേക്കൂടി സ്വതന്ത്രമായി ഭക്ഷണം കഴിച്ചേനെ. കഴിവതും തല ഉയര്‍ത്താതെ ഞാന്‍ പെട്ടന്ന് ഭക്ഷണം കഴിച്ച്  ഇറങ്ങി.
ഇങ്ങനെയൊക്കെ വേണമെന്ന് ഖുറാനില്‍  പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് സ്ത്രീകള്‍ക്കു  മാത്രം മതിയോ? ആഹാരം കഴിക്കുന്ന  സമയത്തെങ്കിലും എന്ത് ഇടിഞ്ഞുവീണാലും  ഈ സാധനം മാറ്റാന്‍ അവരെ അനുവദിച്ചു കൂടെ?!”


മറുപടി: ഖുര്‍ആനില്‍ എവിടെയും പെണ്ണുങ്ങള്‍ മുഖം മൂടാന്‍ പറഞ്ഞതായി അറിവില്ല. (എന്തിനധികം, മാന്യമായ വേഷവിധാനം വേണമെന്നേ പറഞ്ഞതായി അറിയൂ; പ്രമാണഗ്രന്ഥങ്ങളിലൊന്നും പര്‍ദ്ദ എന്നൊന്നില്ല തന്നെ!) അങ്ങേയറ്റം കടുത്ത സ്ത്രീവിരുദ്ധമായ ചില അറേബ്യന്‍ ‘ഇസ’ങ്ങളുടെ ദു:സ്വാധീനമാണ് മുഖംമൂടി പ്രചരിച്ചതിന് പിന്നില്‍. ഉത്തരേന്ത്യയില്‍ പണ്ടേ ഉണ്ടെങ്കിലും കേരളത്തില്‍ വളരെയടുത്ത കാലത്ത് മാത്രമാണ് ഈ (മുഖം കെട്ടല്‍) പ്രവണത വ്യാപകമായി കാണാന്‍ തുടങ്ങിയത്. താങ്കള്‍ക്ക് വിഷമം തോന്നിയെന്നു പറഞ്ഞ സാഹചര്യങ്ങള്‍- തീര്‍ത്തും യോജിക്കുന്നു. എന്ത് ചെയ്യാം; ഈ ചെയ്യുന്നതെല്ലാം ദൈവപ്രീതിക്കാണ് എന്ന് മൂഡസ്വര്‍ഗത്തില്‍ കഴിയുന്നവരെ എളുപ്പം തിരുത്താനൊക്കില്ലല്ലോ! ഇനി വാദത്തിനു വേണ്ടി ഖുര്‍ആനില്‍ പറഞ്ഞതാണ്‌ എന്ന് സമ്മതിച്ചാല്‍ പോലും ബാക്കി കാര്യങ്ങളില്‍ കാണാത്ത തീക്ഷ്ണത സ്ത്രീവേഷത്തില്‍ മാത്രം പുലര്‍ത്തുന്നതിന്റെ മന:ശാസ്ത്രം എന്താണ്?!

 ഇത്രയൊക്കെ കെട്ടിപ്പൂട്ടി വെച്ചിട്ടും, കണ്ണോ കയ്യോ കാണിക്കുന്നവരുടെ കൂടെ ഒളിച്ചു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം മറ്റേതൊരു സമൂഹത്തെക്കാളും കൂടുതല്‍ ആയിരിക്കും മുസ്ലിംകളില്‍. വസ്തുനിഷ്ഠമായി സമീപിച്ചാല്‍ ‘ലവ് ജിഹാദ്‌’ ഒക്കെ പ്രയോഗിക്കപ്പെട്ടത് റിവേഴ്സ് ഓര്‍ഡറില്‍ ആണെന്ന് ബോധ്യമാകും; ഈ വിവാദത്തിനു തിരികൊളുത്തുകയും ആളിക്കത്തിക്കുകയും ചെയ്ത പലരും പ്രതിക്കൂട്ടില്‍ കയറേണ്ടിയും വരും. (കൃത്യമായ അവബോധത്തോടെ, പരസ്പരം അടുത്തറിഞ്ഞ് പ്രണയബദ്ധരാകുന്നതോ വിവാഹിതര്‍ ആകുന്നതോ അല്ല ഇവിടെ പ്രതിപാദ്യം. പ്രണയനാട്യങ്ങള്‍ കൊണ്ട് തട്ടിയോ മുട്ടിയോ ‘വീഴ്ത്തി’ക്കൊണ്ട് പോകുന്നതാണ്.) കല്ലും വടിയുമായി മാപ്പിള പെണ്ണുങ്ങള്‍ക്ക് കാവലിരുന്നു മോറല്‍ പോലിസ് കളിക്കുന്ന അഭിനവ ‘സമുദായ സംരക്ഷകര്‍’ ഇതിന്റെ മന:ശാസ്ത്രതലം കൂടി പഠിക്കുന്നത് നന്നായിരിക്കും. ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച അവബോധം മറ്റേതൊരു സമൂഹത്തെക്കാളും കുറയുമ്പോള്‍ ‘വഴി തെറ്റിക്കപ്പെടാനും’ സാധ്യതയേറും.

 പര്‍ദ്ദ / ബുര്‍ഖ പല ഇസ്ലാമികസമൂഹങ്ങളിലും സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി പരിവര്ത്തിക്കപ്പെട്ടിട്ടുണ്ട് എന്നത് കേവല യഥാര്‍ത്ഥ്യം മാത്രമാണ്. പാകിസ്ഥാനിലും അഫ്ഗാനിലും മറ്റും പര്‍ദ്ദയും ഒപ്പം മുഖംമൂടിയും അണിയാത്ത സ്ത്രീകള്‍ക്ക് നേരെ ആസിഡ്‌ ആക്രമണം ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അത്ര രൂക്ഷമല്ലെങ്കിലും ഇന്ത്യയിലും, പലയിടങ്ങളിലും പര്‍ദ്ദയുടെ കാര്യത്തില്‍ കടുത്ത ബാഹ്യസമര്‍ദ്ദങ്ങള്‍ ഉണ്ട് എന്നറിയാം... ഭാഗ്യവശാല്‍ ആ രൂക്ഷതയോടെ പര്‍ദ്ദയോ ബുര്‍ഖയോ അണിയാന്‍ കേരളത്തില്‍ നിര്‍ബന്ധിക്കപ്പെടുന്നില്ല എന്ന് മാത്രം. ഒറ്റപ്പെട്ട ചില അപവാദങ്ങളെ സാമാന്യവല്‍ക്കരിക്കുന്നില്ല; പക്ഷേ ‘പര്‍ദ്ദ ശുഷ്കാന്തി’ നാളെയത്തരം തീവ്രതയിലെക്ക് വഴിതെറ്റാതിരിക്കാന്‍ നിതാന്തജാഗ്രത അനിവാര്യമാണ്.

അടിസ്ഥാന മതനിഷ്ഠകള്‍ പാലിക്കുമ്പോഴും, പുറം മാതൃകകള്‍ സ്വീകരിക്കാതെയും, പ്രാദേശികമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്തുമുള്ള ഒരു സവിശേഷ വ്യക്തിത്വം വളര്‍ത്തിയെടുക്കുകയായിരുന്നു കേരളമുസ്ലിംകള്‍ ഗതകാലങ്ങളില്‍ ചെയ്തത്. ഇടക്കാലത്ത്‌ സാമൂഹ്യപരമായി വലിയ ഉള്‍വലിയല്‍ സംഭവിക്കുകയും കാലികവിദ്യാഭ്യാസത്തോട് മുഖം തിരിക്കുക വഴി കടുത്ത യാഥാസ്ഥിതികത്വത്തില്‍ ആപതിക്കുകയും ചെയ്തുവെങ്കില്‍ കൂടി,  പരസ്പരവിനിമയത്താല്‍ വികസ്വരമായ, സമ്പന്നമായ ഒരു സാംസ്‌കാരികസ്വത്വം അവര്‍ക്ക്‌ അവകാശപ്പെടാനുണ്ടായിരുന്നു. അന്നൊക്കെ പര്‍ദ്ദ പോലുള്ള വേഷവിധാനങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് തീര്‍ത്തും അന്യമായിരുന്നു എന്ന് തന്നെ പറയാം. പില്‍ക്കാലത്ത്‌ സമൂഹത്തെ കുറിച്ചോ ചുറ്റുലോകത്തെ കുറിച്ചോ യാതൊരു ധാരണയുമില്ലാതെ പുതുതായി കാണുന്നതിനെയെല്ലാം മതവിരുദ്ധവും നിഷിദ്ധവുമായി എണ്ണാന്‍ മാത്രമറിയുന്ന ഒരു മതനേതൃത്വം ഉയര്‍ന്നു വന്നു. സ്ത്രീവിദ്യാഭ്യാസം നിഷിദ്ധമായി കരുതുകയും സ്ത്രീകള്‍ പുറത്തിറങ്ങുന്നത് പോലും വിലക്കുകയും ചെയ്ത ഇവരാല്‍ ഇസ്ലാമികസമൂഹം നിയന്ത്രിക്കപ്പെടുന്ന ദുരവസ്ഥയില്‍, ഇതിനെതിരെ മുസ്‌ലിം പണ്ഡിതരില്‍ നിന്ന് തന്നെ എതിര്‍പ്പുകളും പരിഷ്കരണശ്രമങ്ങളും ഉയര്‍ന്നു വന്നു.

 ദൌര്‍ഭാഗ്യവശാല്‍ ആ ‘നവോത്ഥാന’വാദികളില്‍ മിക്കവരും ഊര്‍ജ്ജം സ്വീകരിച്ചത്‌ ഇവിടത്തെ ‘നിഷ്കളങ്ക യാഥാസ്ഥിതിക’രേക്കാള്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിലോമകതയും ഉള്ളിലേറിയ  ചില അറേബ്യന്‍ ആശയപ്രസ്ഥാനങ്ങളില്‍ നിന്നോ രാഷ്ട്രീയ ഇസ്ലാം / ആഗോള ഇസ്ലാം എന്ന ‘നവജാഗരണം’ പ്രൊമോട്ട് ചെയ്തവരില്‍ നിന്നോ ആയിരുന്നു. കേരളമുസ്ലിംകളില്‍ വലിയ ആള്‍ബലം സൃഷ്ടിക്കാന്‍ ഇന്നും ഇവര്‍ക്കായിട്ടില്ലെങ്കിലും മുസ്ലിം സ്ത്രീയുടെ സിംബല്‍ ആയി പര്‍ദ്ദ ഇവിടെ വേരോടിയതില്‍ വിദ്യാസമ്പന്നരിലും മറ്റും ഇവരുണ്ടാക്കിയ സ്വാധീനം  വലിയൊരു ഹേതുവാണ്. മാപ്പിളത്തനിമക്ക് മേലുള്ള ‘ആഗോള ഇസ്ലാം’ അധിനിവേശം വേഷത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല; കേരളീയമുസ്ലിംകളുടെ തന്നെ സാംസ്‌കാരിക ജാഗ്രത അര്‍ഹിക്കുന്ന വിഷയമാണത്.  ഗള്‍ഫ്‌ കുടിയേറ്റമാണ് കേരളത്തില്‍ പര്‍ദ്ദ വ്യാപകമാക്കിയ മറ്റൊരു ഘടകം. ഒപ്പം സമര്‍ത്ഥരായ ചില വ്യാപാരികള്‍ മികച്ച വിപണനതന്ത്രത്തിലൂടെ പര്‍ദ്ദയെ ഒരു ‘ഫാഷന്‍’ ട്രെന്‍ഡ് ആക്കിയെടുത്തിട്ടുമുണ്ട്. ബാബറിമസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സമുദായത്തില്‍ ഉടലെടുത്ത അരക്ഷിതബോധത്തിന്‍റെ പ്രതിഫലനമെന്നോണം കൂടുതല്‍ മതാത്മകസ്വത്വത്തിലേക്ക്‌ മടങ്ങിയതിന്റെ അടയാളമായി ഇതിനെ വായിച്ചെടുക്കുന്ന സാമൂഹ്യനിരീക്ഷകരും ഉണ്ട്. ചിലര്‍ പര്‍ദ്ദയെ ഇസ്ലാമിക ചിഹ്നമായി പ്രൊമോട്ട് ചെയ്യുമ്പോള്‍ അക്കാരണം കൊണ്ട് മാത്രം പര്‍ദ്ദയോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്ന മറ്റു ചിലരുമുണ്ട്. വിദ്യാലയങ്ങളില്‍ സ്കാര്‍ഫ് ധരിക്കലും മറ്റും നിരോധിച്ച് കൊണ്ട് ഇടയ്ക്കും തലക്കും ഉണ്ടാകുന്ന വിവാദങ്ങള്‍ ചുഴിഞ്ഞു ചെന്നാല്‍ ചില അസഹിഷ്ണുതകള്‍ അവയ്ക്ക് പിന്നിലും കണ്ടെത്തിയേക്കാം. ഈ കോലാഹലങ്ങള്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ ആണുണ്ടാക്കുന്നത്.

വേഷം എന്നത് ആത്യന്തികമായി വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ വിഷയമാണ്. അനുയോജ്യമോ സൌകര്യപ്രദമോ ആയ വേഷം ധരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്; ആണിനും പെണ്ണിനും. മതശാസനയെന്നു ധരിച്ചോ അല്ലാതെയോ സ്വമേധയാ പര്‍ദ്ദയുള്‍പ്പെടെയുള്ള ഏതും ധരിക്കാനോ നിരാകരിക്കാനോ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ട്. സമൂഹത്തിലെ ഒട്ടുവളരെപ്പേര്‍ പര്‍ദ്ദയെ ഒരു വേഷമായി സ്വമേധയാ തെരഞ്ഞെടുത്തിരിക്കുന്നിടത്തോളം അതിനെതിരെ അസഹിഷ്ണുത വളരുന്നതും അഭികാമ്യമായി കരുതുന്നില്ല. കാരണം, നാളെ പര്‍ദ്ദധാരികള്‍ക്കെതിരെയുള്ള ഏതൊരു മോബ് വയലന്‍സും ന്യായീകരിക്കപ്പെടുകയോ, കുറഞ്ഞപക്ഷം നിസ്സംഗതയോടെ സ്വീകരിക്കപ്പെടുകയോ ചെയ്തേക്കാം എന്ന അപകടം അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. കേരളത്തിന്‌ വെളിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. തികച്ചും മതേതര-മാനുഷിക വീക്ഷണകോണില്‍ പര്‍ദ്ദയെ എതിര്‍ക്കുന്നവര്‍ അത്തരം ഫാസിസ്റ്റ് അജണ്ടകള്‍ക്ക്‌ കരു ആകാതിരിക്കാന്‍ കൂടി ജാഗ്രത പുലര്‍ത്തണം... പര്‍ദ്ദ ധരിക്കുന്നത് കൊണ്ടോ നിരാകരിക്കുന്നത് കൊണ്ടോ മാത്രം മുസ്ലിം സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടാകില്ല. പരിഷ്ക്കരണങ്ങള്‍ അകമേ ഉരുവം കൊള്ളണം; പുറമേയുള്ള അടിച്ചേല്പിക്കലുകള്‍ വിപരീതഫലമേ സൃഷ്ടിക്കൂ.

അതോടൊപ്പവും പറയട്ടെ:  'പുറത്തേക്കെടുക്കല്‍' അനിവാര്യമാകുമ്പോള്‍ മുഖമുള്‍പ്പെടെ ദേഹമാകെ മൂടി പൊതിഞ്ഞു കെട്ടി കൊണ്ട് നടക്കേണ്ട 'സാധന'മായി പെണ്ണിനെ ട്രീറ്റ്‌ ചെയ്യലാണ് മതം എന്ന രീതിയില്‍ പ്രചണ്ടപ്രചാരം നടത്തുന്ന, കേവല ചിഹ്നബദ്ധമായ സ്വത്വസംരക്ഷണം മാത്രമായി മതത്തെ ചുരുട്ടിക്കെട്ടുന്ന 'മതബോധി'കളുടെ ഉപരിപ്ലവത തുറന്നു കാണിക്കുകയും അവരുടെ സേവനം നിഷേധാത്മകത മാത്രമാണ് എന്ന് തിരിച്ചറിയുകയും വേണം. പൊതുവേ മറ്റുസമൂഹങ്ങളിലും ഇങ്ങനെ പ്രകടനാത്മക മതചിഹ്നങ്ങളില്‍ അഭിരമിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. പടിഞ്ഞാറന്‍ ‘ഇസ്ലാം വൈരി’കളും (ഇസ്ലാമോഫോബിയ എന്ന പദം എത്രമേല്‍ സംഗതമാണ് എന്ന് സംശയമുണ്ട്‌) ഇന്ത്യന്‍ സവര്‍ണ്ണഫാസിസ്റ്റുകളുമൊക്കെ താടി-തൊപ്പി-പര്‍ദ്ദ എന്നിവയെ തീവ്രവാദ ചിഹ്നങ്ങളായി പൊതുബോധത്തിലേക്ക്‌ നിരന്തരം കടത്തിവിടുമ്പോള്‍, കൂടുതല്‍ തീക്ഷ്ണതയോടെ അവയെ എടുത്തണിഞ്ഞു കൊണ്ട് അത്തരം വിദ്വേഷപ്രചരണങ്ങളെ ചെറുക്കുക എന്നൊരു നിലപാടിലേക്ക് ഒരുവിഭാഗം ചെന്നെത്തുന്നുണ്ട്. വേഷത്തെ കുറിച്ച ഏതൊരു ചര്‍ച്ചയെയും വൈകാരികമായും സിനിക്കല്‍ ആയും സമീപിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നതും അത്തരം വിദ്വേഷാധിഷ്ഠിത പ്രചരണങ്ങള്‍ ആകാം. എന്നാല്‍, എത്രകാലം  ഇങ്ങനെ അപരഭീതി കാരണം സ്വയം പണിത തോടിനുള്ളില്‍ സുരക്ഷിതത്വം കണ്ടെത്തും?!

വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാത്ത, സ്വയം നവീകരണത്തിന് സന്നദ്ധമാകാത്ത, ചലനാത്മകതയെ അണകെട്ടി നിര്‍ത്തുന്ന ഒരു സമൂഹവും ചരിത്രം വിരചിക്കുന്നില്ല. ന്റുപ്പുപ്പാക്കൊരാനെണ്ടാര്‍ന്നു എന്ന് നിരന്തരം ഉരുവിടുന്നത് സ്വയം പരിഹാസ്യരാക്കുകയേ ഉള്ളൂ! അവിടെയാണ് മതതത്വങ്ങളെയും മുന്‍ഗണനാക്രമങ്ങളെയും കാലോചിതം പുനര്‍വായന നടത്താന്‍ കഴിവുള്ള പണ്ഡിതരും ദര്‍ശനികരും മുന്നോട്ട് വരേണ്ടതിന്റെയും അവര്‍ ബഹുജനസ്വീകാര്യത കൈവരിക്കേണ്ടതിന്റെയും പ്രസക്തി.

(സമകാലിക മലയാളം,  ലക്കം: 23-11-2012  പ്രസിദ്ധീകരിച്ച ലേഖനം)

Wednesday, November 30, 2011

മുല്ലപ്പെരിയാറിന് മുന്നേ ഒഴുകുന്നത്......

അണക്കെട്ട് 'ദേ, ഇപ്പോള്‍ പൊട്ടു'മെന്ന് വിഭ്രാന്തി പരത്തിയത് ഡാം 999 പടത്തിന്റെ പ്രമോഷനു വേണ്ടിയായിരുന്നു എന്ന, തള്ളാനാകാത്ത ഒരു വാദഗതിയുണ്ട്. ഇപ്പോള്‍ പൊട്ടില്ലേലും ഡാമിന് സുരക്ഷഭീഷണിയുണ്ട്‌ എന്നത് അവിതര്‍ക്കിതം; വിഷയത്തില്‍ ഇനിയും വലിച്ചു നീട്ടാതെ ഒരു തീര്‍പ്പ്‌ അവശ്യവും.. പാട്ടക്കരാര്‍ കാലാവധി 2000 -ല്‍ കഴിഞ്ഞെങ്കിലും പുതുക്കാതെയാണ് തമിഴ്നാട് വെള്ളവും വൈദ്യുതിയും കൊണ്ട് പോകുന്നത് എന്നാണ് മനസ്സിലാകുന്നത്. ഇനിയത് നിലവിലെ രൂപത്തില്‍ പുതുക്കാതിരിക്കുക എന്നതാണ് അവശ്യം അഭികാമ്യം. ഡാമിന്റെയും അനുബന്ധപ്രദേശങ്ങളുടെയും സമ്പൂര്‍ണ്ണവകാശം (ഉടമവകാശവും, കൈവശാവകാശവും) കേരളത്തിന്റെ കയ്യിലാകണം. നമ്മുടെ സുരക്ഷയും ആവശ്യങ്ങളും കൂടി പരിഗണിച്ചു മാത്രം തമിഴന് വെള്ളം നല്‍കുക. വെള്ളം സുലഭമായി കടത്തിക്കൊണ്ടു പോകുമ്പോഴും എന്നും, കോളനി വാഴ്ചക്കാലത്ത് എന്നോണമാണ് തമിഴകം വാഴുന്നോര്‍ കേരളത്തോട് ഇടപെട്ട് വന്നത്. 
അണക്കെട്ട് പൊട്ടില്ലെന്നു പറയുമ്പോഴും ഉയര്‍ന്ന ജലനിരപ്പ് ഭീഷണിയല്ലെന്ന് ഉറപ്പു നല്‍കാനാകില്ല. അപ്പോഴും തമിഴന്റെ കനിവിനു കാതോര്‍ക്കുകയാണ് നമ്മുടെ അഭിനവ നാടുവാഴി തമ്പുരാക്കന്മാര്‍. പണ്ട് സമ്മര്‍ദ്ദത്താല്‍ കരാറിലേര്‍പ്പെട്ട മഹാരാജാവിന്റെ ബ്രിട്ടിഷ് അധികാരികളോടുള്ള അതേ വിധേയത്വമുണ്ട്, അയല്ഭരണത്തെ പരാമര്ശിക്കുമ്പോള് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണ-പ്രതിപക്ഷ മഹല്‍ദേഹങ്ങളുടെ വാക്കുകളില്‍. ലക്ഷക്കണക്കിനു മനുഷ്യജീവനുകള്‍ ഇന്നല്ലെങ്കില്‍ നാളെ അപകടപ്പെട്ടാലും ശരി, തങ്ങളുടെ കൃഷി നനക്കാന്‍  ജലനിരപ്പ് എത്രത്തോളം ഉയര്‍ത്താമോ അത്രയും ഉയര്‍ത്തണം എന്ന തമിഴന്റെ പ്രാദേശികവാദത്തിലധിഷ്ടിതമായ ശാട്യം ഏത് കൊടും ഭീകരവാദത്തെയും തോല്പിക്കും. നാമും തത്തുല്യം വൈകാരികതയും പ്രാദേശികവാദവും ഊതിവിടണം എന്നല്ല. (അല്ലെങ്കിലും ഇടയ്ക്കും തലയ്ക്കും ഞെട്ടിയെഴുന്നേറ്റു 'പുലിയേ പുലി' എന്നാര്‍ത്തു വികരപ്പെരുമഴ പെയ്യിക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ നമ്മുടെ ജനകീയജനാധിപത്യ സര്‍വ്വാധികാരികള്‍ക്കെന്തുള്ളൂ?!)
നമ്മുടെ താല്പര്യങ്ങള്‍ ആര്‍ജ്ജവത്തോടെ, പറയേണ്ട രീതിയില്‍, പറയേണ്ടതായ വേദികളില്‍, പറയാന്‍ കഴിയണം. കിട്ടാവുന്ന നിയമപരിരക്ഷയുടെ പരിധിയില്‍ തന്നെ, സംസ്ഥാനത്തിന്റെ താല്പര്യം നിരന്തരം ഹനിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണവും വേണം. മറ്റൊരു സ്റ്റേറ്റ്ന്റെ ദയാവായ്പിനു മുന്നില്‍ എക്കാലവും കാത്തുകെട്ടിക്കിടക്കുന്നത് / എക്കാലവും ഏകപക്ഷീയമായി ത്യജിക്കുന്നത് / ജനങ്ങളുടെ സുരക്ഷയെ ത്രാസ്സില്‍ തൂക്കുന്നത് എന്ത് ഫെഡറലിസം ആണെന്ന് മാത്രം ഇനിയും മനസ്സിലാകുന്നില്ല. '70 ലെ  അച്യുതമേനോന്‍ സര്‍ക്കാര്‍ തൊട്ടിങ്ങോട്ടു മാറിവന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ജനങ്ങളോട് / സംസ്ഥാനത്തോടുള്ള ഉത്തരവാദിത്തരാഹിത്യവും തന്നെയാണ്  ഇതിത്രത്തോളം വഷളാക്കിയത്. 
'നിങ്ങള്‍ക്കുള്ള വെള്ളം ഒരു തുള്ളി പോലും കുറയില്ല പുതിയ ഡാം വന്നാല്‍. മാത്രവുമല്ല കൂടുതലും തരാന്‍ പറ്റിയേക്കും. ഡാം എങ്ങനേം ഞങ്ങള്‍ നിര്‍മ്മിച്ചോളാം അഞ്ചു പൈസ നിങ്ങള്‍ തരണ്ട. തമ്പുരാട്ടി  ദയ തോന്നി അനുമതി തന്നാല്‍ മാത്രം മതി!' - മുഖ്യന്‍.
'ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഡാം പണിത് നിങ്ങള്‍ക്ക് വെള്ളം തന്നോളം. അമ്മ കനിയണം' - പ്രതിപക്ഷനേതാവ്.
'ഞങ്ങള്‍ കെട്ടുന്ന ഡാമിലെ ഒറ്റ തുള്ളി വെള്ളം ഞങ്ങള്‍ക്ക് വേണ്ട; ഉണ്ടാക്കുന്ന വൈദ്യുതിയും നിങ്ങള്‍ തന്നെ കൊണ്ടോയ്ക്കുള്ളൂ' എന്ന് തമിഴനോട്‌  ജലസേചന മന്ത്രി. സ്വന്തം നാട്ടുകാര്‍ക്ക് കുടിവെള്ളം ഇല്ലാതിരിക്കുമ്പോള്‍, ഇവിടത്തെ കര്‍ഷകന്‍ പട്ടിണിയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ 700-1000 കോടി വരെ മുതല്‍മുടക്കി അയല്നാട്ടുകാരന് കൃഷി നനക്കാന്‍ വെള്ളം കൊടുത്തു കൊള്ളാമെന്നു ബാധ്യതയെല്‍ക്കുന്ന 'വിശാലഹൃദയത്വം' ഏത് കണക്കില്‍ എഴുതി ചേര്‍ക്കണം?!
ഇതേ പ്രശ്നം തിരിച്ചായിരുന്നു ( സുരക്ഷാപ്രശ്നം തമിഴനും ജലമൊഴുകുന്നത് കേരളത്തിലേക്കും) എന്ന് സങ്കല്പിക്കുക. അപ്പോള്‍ കിട്ടും നാം എന്ത് നിലപാട് എടുക്കേണ്ടിയിരുന്നു എന്നതിനുള്ള ശരിയായ ഉത്തരം.
കേരളീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടി ഇല്ലാതെ പോയതാകാം നമ്മുടെ ശാപം.
പുതിയൊരു കൂറ്റന്‍ ഡാം പണിയുക എന്ന ആവശ്യം ഉയരുന്നത് ഭൌമിക / പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേണ്ടത്ര പഠിച്ചാണോ  എന്ന് വ്യക്തമല്ല; പ്രത്യേകിച്ചും 12 ഡാമുകള്‍ ഉള്ള, അക്കാരണം തന്നെ ഭൂകമ്പസാധ്യത കൂട്ടുന്ന ഒരു പ്രദേശത്ത്. അതും സുരക്ഷയെ മുന്‍നിര്‍ത്തി ലോകമാകെ, വന്‍ ഡാം എന്നതിനു പകരം ചെറുഡാമുകള്‍ എന്നതിലേക്കു ചുവടുമാറ്റം നടത്തുമ്പോള്‍.  കുറ്റമറ്റ വസ്തുതാപഠനം അനിവാര്യമായ വിഷയത്തില്‍ പുതിയ ഡാമിന് വേണ്ടിയുള്ള മുറവിളി ആരിലെങ്കിലും സന്ദേഹം ജനിപ്പിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. അത് മാത്രമാണ് പരിഹാരം എന്ന് ശഠിക്കാതെ നിലവിലെ ഡാമില്‍ ജലനിരപ്പ്‌ കുറച്ചു കൊണ്ട് വന്നു സുരക്ഷഭീഷണി ഒഴിയുമോ എന്നതും പരിശോധിക്കണം; അപ്പോള്‍ തമിഴന്റെ കൊതിക്കെറുവ് എന്നത് ദ്വിതീയ പരിഗണന മാത്രമാകണം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വല്പം നട്ടെല്ലും കാണിക്കണം, ബഹുമാന്യ കേരള ഭരണാധികാരികള്‍!

Thursday, November 17, 2011

'സദാചാര'പ്പനി പടരുമ്പോള്‍....

കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ  'സദാചാരപ്പനി' നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള്‍ കൊണ്ടുവന്നേക്കാം. പലയിടത്തും പലപ്പോഴായി  സ്വയംകൃത 'ന്യായാധിപന്മാര്‍' നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍  ഇതിനെതിരെ സാമാന്യനീതിയില് വിശ്വസിക്കുന്നവര്‍ പ്രതികരിക്കുക തന്നെ വേണം. അല്ലെങ്കില്‍ ജനക്കൂട്ടവും കാപ് പഞ്ചായത്തുകളും കുറ്റവും ശിക്ഷയും വിധിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കാള്‍ പരിതാപകരമായിത്തീരും നമ്മുടെയീ 'സമത്വസുന്ദരകേരളം'!

സഹോദരിക്കോ ഭാര്യക്കോ ഒപ്പം പോലും അപരിചിതമായ സ്ഥലത്ത് ചെന്നുപെട്ടാല്‍ നിങ്ങള്‍ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാകാം; ബോധ്യപ്പെടുത്താത്ത പക്ഷം അവര്‍ വിധിക്കുന്ന ശിക്ഷ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം...ഇങ്ങനെ ചില്ലറ പ്രശ്നങ്ങള്‍!

മൂല്യങ്ങള്‍, ധാര്‍മ്മികത ഇവയൊക്കെ വ്യക്തിയുടെ വിവേചനബോധത്തില്‍ നിന്നും  ഉരുത്തിരിയേണ്ടതാണ്  . സമൂഹം അടിച്ചേല്പിക്കുമ്പോള്‍ അവ മൌലിക സ്വാതന്ത്ര്യത്തിന്റെ ലംഘനമായിത്തീരുന്നു . സദാചാരത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിയാടുന്നത് പലപ്പോഴും  ഞരമ്പ് രോഗികളാണ്. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരുവന്‍ 'തരപ്പെടുത്തുന്നത്' കാണുമ്പോള്‍ തോന്നുന്ന 'കൊതിക്കെറുവ്' മാത്രം. കണ്മുന്നില്‍ ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ഇതേ മിശിഹകള്‍ കൈകെട്ടി ആസ്വദിക്കുകയും ചെയ്യും. സംശുദ്ധജീവിതം നയിക്കുന്ന മാന്യര്‍ ആരും തന്നെ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കില്ല; രഹസ്യം പിടിക്കാന്‍ നടക്കുകയുമില്ല...

ദാമ്പത്യത്തകര്ച്ചയിലേക്കും കുട്ടികള് അനാഥരാകുന്നതിലെക്കും നയിക്കുന്ന തരത്തില്‍ വിവാഹേതര ബന്ധങ്ങളെ മഹത്വവല്ക്കരിക്കുകയല്ല ഇവിടെ ഉദ്ദേശ്യം; അതോടൊപ്പവും അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതും അവരവരുടെ കുടുംബങ്ങള്‍ക്കുള്ളിലാണ്. നിയമസഹായം അനിവാര്യമാകുമ്പോള്‍ സമീപിക്കാന്‍ കോടതികളുണ്ട്.  ഒരിക്കലും ഒളിഞ്ഞു നോട്ടക്കാരായ ഞരമ്പ് രോഗികളല്ല കുറ്റവിചാരണയും ശിക്ഷയും നടപ്പിലാക്കേണ്ടത്.
 
ഏതെങ്കിലും ആനുകാലിക സംഭവത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത്, അഗണ്യകോടിയില്‍ തള്ളുന്ന വിഷയങ്ങളില്‍ ഒന്നായി ഇത് ചുരുങ്ങരുത്. 'സെന്‍സെഷനല്‍' ക്രൂരതകളോട് താല്‍കാലിക വൈകാരികതയിലൂടെ പ്രതികരിക്കുകയും അതിന്റെ ചൂര് കെടുമ്പോള്‍ മറക്കുകയുമാണ് മലയാളിപ്രതിബദ്ധതയുടെ സവിശേഷത. അത്തരം മറവികള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില കടുത്തതാകാം.

Thursday, March 24, 2011

കേരളം - 'Drug Addicted'

ചോദ്യപ്പേപ്പറിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍ കുറിക്കുന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെ പോലെ, ഓരോ രോഗലക്ഷണവും പ്രയാസവും പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മരുന്നുകള്‍ കുറിച്ച് തുടങ്ങുന്നവരുടെ എണ്ണം പെരുകി വരുന്നുണ്ട്. ഡോക്ടര്‍ എന്നത് രോഗനിര്‍ണ്ണയം നടത്തുന്നയാള്‍  എന്ന നിലവിട്ടു, രോഗലക്ഷണം കേട്ട് മരുന്ന് കുറിക്കുന്ന യന്ത്രമായി തീരുന്ന സ്ഥിതി. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതമായ ഉപയോഗമാണ് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന വലിയൊരു വെല്ലുവിളി. വിവേചനരഹിതമായാണ് പലരും അവ കുറിക്കുന്നത്; വൈറല്‍ പനികള്‍ക്കും മറ്റും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല എന്നറിഞ്ഞ് കൊണ്ട് തന്നെ നിര്‍ലോഭം നല്‍കുന്നു. ഇത്തരം കുറിപ്പടി വിദ്വാന്മാരും,  ചീട്ടു വഴി കിട്ടിയവ മടിയില്ലാതെ അകത്താക്കുന്നവരും, ഫാര്‍മസിയില്‍ പോയി രോഗം പറഞ്ഞു ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ളവ അറിഞ്ഞും അറിയാതെയും വാങ്ങി കഴിക്കുന്നവരും ഒക്കെ ചേര്‍ന്ന് കേരളത്തെ ഒരു 'ഡ്രഗ് അഡിക്ടെഡ്  സാക്ഷരസുന്ദരകേരള'മായി സാമോദം പരിവര്ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ആകര്‍ഷമായ ഓഫറുകളില്‍ മനസ്സര്‍പ്പിച്ചു, നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവരെ യഥേഷ്ടം കാണാം. കമ്മിഷന്‍ പറ്റി അനാവശ്യ ടെസ്റ്റുകള്‍ കുറിക്കുന്നതും സര്‍വ്വസാധാരണമായിരിക്കുന്നു! രോഗവിവരം ചര്‍ച്ച ചെയ്യാന്‍ പോലും അത്തരക്കാര്‍ വിമുഖരാണ്. ഒന്ന് ചോദിച്ചു നോക്കൂ, എന്തിനൊക്കെയാണ് ഈ മരുന്നുകള്‍ / ടെസ്റ്റുകള്‍ എന്ന്. പറഞ്ഞത് പോലെയങ്ങു ചെയ്തേച്ചാല്‍  മതി എന്ന ധാര്‍ഷ്ട്യമാകും ഉത്തരം. 'ഡോക്ടര്‍ക്കറിയാം എന്ത് നിര്‍ദ്ദേശിക്കണമെന്ന്!' എന്നൊരു അനുബന്ധവും പ്രതീക്ഷിക്കാം. പല സ്വകാര്യ ഡോക്ടര്‍മാരും പരിശോധനാ മുറിയോടനുബന്ധിച്ചു ഡിസ്പെന്‍സറി കൂടെ നടത്തുന്ന കാഴ്ച ഇന്ന് ഒട്ടും പുതുമയല്ല; അവര്‍ രോഗികളെ നിര്‍ലോഭം മരുന്ന് തീറ്റിക്കുകയും ചെയ്യുന്നു.

ജനങ്ങള്‍ക്ക്‌ ശരിയായ ആരോഗ്യ അവബോധം ഉണ്ടാകുക എന്നതാണ് ഈ ചൂഷണത്തെ എതിരിടാനുള്ള മികച്ച പോംവഴി. എന്നാല്‍ വിദ്യാസമ്പന്നര്‍ക്ക് പോലും ഇക്കാര്യത്തില്‍ ലാഘവസമീപനമാണ്. തങ്ങള്‍ ചുമ്മാ വാരിവലിച്ചു മരുന്ന് കഴിക്കാന്‍ തയ്യാറല്ല എന്ന് മലയാളി തീരുമാനം എടുക്കണം; ആവശ്യം ബോധ്യപ്പെട്ടിട്ടു മതി മരുന്ന് കഴിക്കല്‍. തന്റെ രോഗം എന്തെന്നും എങ്ങനെയാണു ഡോക്ടര്‍ ആ നിഗമനത്തില്‍ എത്തിയത് എന്നും മരുന്നുകള്‍ / ടെസ്റ്റുകള്‍ കുറിച്ചാല്‍ എന്ത് ആവശ്യത്തിനാണ് എന്നും, അവ അത്യാവശ്യമാണോ എന്നും ചോദിച്ചറിയാന്‍ രോഗികള്‍ക്ക് അവകാശമുണ്ട്‌. അത് ശരിയാംവണ്ണം വിനിയോഗിക്കുന്ന തരത്തിലേക്ക് സമൂഹത്തിന്റെ ആരോഗ്യബോധം ഉയരണം. അജ്ഞതയാണ് / ഭയമാണ് പലപ്പോഴും ചൂഷണത്തിന് ഇരകളാക്കുന്നത്. തങ്ങളുടെ ശരീരം അത്യാര്‍ത്തിയില്‍ പൊലിയേണ്ടതല്ല എന്ന് അവരവര്‍ തീരുമാനിക്കണം. ജനങ്ങള്‍ ബോധവാന്മാരാണ് എന്ന സന്ദേശം കുറച്ചൊക്കെ മാറ്റം കൊണ്ടുവന്നേക്കാം...

ഈ സേവനമേഖലയെ തന്നെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തുന്നത് പണാര്‍ത്തി മൂലമുള്ള ദുരുപയോഗവും വിദഗ്ദ്ധജ്ഞാനം ഇല്ലാതെയോ ലാഘവസമീപനം വഴിയോ വരുത്തുന്ന പിഴവുകളുമാണ്.  പലരുടെയും ധാരണ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് കൊണ്ട് മാത്രം ആരോഗ്യരംഗത്ത് സര്‍വജ്ഞരായി എന്നാണ്. നിരന്തരവായനയിലൂടെയും പ്രായോഗികജ്ഞാനം വഴിയും ആരോഗ്യരംഗത്തെ പുതുചലനങ്ങളെ നിരീക്ഷിച്ചും updated ആകാന്‍ ബാധ്യത ഉണ്ടായിട്ടും, മടിയന്മാരായ അത്തരക്കാര്‍ പണ്ടെങ്ങോ കേട്ടുപഴകിയ പാഠം, അല്ലെങ്കില്‍ മാമൂല്‍വഴക്കം അനുസരിച്ചാകും  ഇന്നും നീങ്ങുന്നത്. മറ്റൊന്ന്, മരുന്നുകളെ കുറിച്ച് പരിമിതമായ അറിവ്. ഒരു വര്‍ഷം ഫാര്‍മക്കോളജി പഠിക്കുന്നത് ആജീവനാന്തം മരുന്ന് കുറിക്കാനുള്ള ലൈസന്‍സ് അല്ലല്ലോ! നിരന്തരം ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണത്. വികസിതരാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ച മരുന്നുകള്‍ ഇന്നും നമ്മുടെ വിപണിയില്‍ സുലഭമാണ്. ചില പ്രിസ്ക്രിപ്ഷന്‍  കാണുമ്പൊള്‍ കുറഞ്ഞപക്ഷം മരുന്നിനോടൊപ്പമുള്ള ലീഫ് ലെറ്റ് മനസ്സിരുത്തി വായിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകാറുണ്ട്!

നമ്മുടെ ബഹുജനങ്ങളുടെ അബദ്ധചിന്താഗതിയും ഡോക്ടര്‍മാരെ ഇത്തരത്തില്‍ വഴിപിഴപ്പിക്കുന്നതില്‍ വലിയൊരു ഘടകമാണ് എന്ന് പറയാതെ വയ്യ. രോഗത്തെ പെട്ടെന്ന് പിടിച്ചു നിര്‍ത്തുന്ന ഡോക്ടര്‍ ആണ് അവരെ സംബന്ധിച്ചിടത്തോളം കഴിവുള്ളയാള്‍. ആവശ്യമില്ലെന്ന് കണ്ടു മരുന്ന് കുറിക്കാത്ത ഡോക്ടര്‍ 'ഹോ! അയാള്‍ അത്ര മെച്ചമൊന്നും ഇല്ലെന്നേ!' എന്ന് വിലയിരുത്തുന്ന ശിരോമണികളും നാട്ടില്‍ അന്യത്രയുണ്ട്. അതിനാല്‍ 'നാടോടുമ്പോള്‍ നടുവേ' എന്ന്, ചെയ്യുന്നത് ശരിയല്ല എന്ന് ബോധ്യമുള്ളപ്പോഴും പലരും കരുതുന്നു. സംഘടനാസ്വാധീനമുള്ള മറുഭാഗത്തിന്റെ ഒച്ചയില്‍ തങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നു എന്നത് കൊണ്ടാകാം പ്രതിബദ്ധതയുള്ളവരില്‍ തന്നെ ഭൂരിഭാഗവും മൌനം പാലിക്കുന്നത്. ഇത് മാറണം. ആധുനിക ചികിത്സാരീതിയെ തന്നെ ദോഷൈകദൃക്കുകള്‍ക്ക് പ്രതിക്കൂട്ടില്‍ കയറ്റാന്‍ പഴുതുനല്കുന്ന  അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ ഡോക്ടര്‍മാരില്‍ നിന്ന് തന്നെ ശക്തമായ ശബ്ദമുയരണം. ക്ലിനിക്കല്‍ എത്തിക്സിനോട് എത്രമാത്രം ‌നീതിപുലര്ത്തുന്നു എന്ന് ഓരോരുത്തരും അത്മപരിശോധന നടത്തട്ടെ!

"The prime object of the medical profession is to render service to humanity; reward or financial gain is a subordinate consideration. Who- so-ever chooses his profession, assumes the obligation to conduct himself in accordance with its ideals. A physician should be an upright man, instructed in the art of healings. He shall keep himself pure in character and be diligent in caring for the sick; he should be modest, sober, patient, prompt in discharging his duty without anxiety; conducting himself with propriety in his profession and in all the actions of his life.
The Principal objective of the medical profession is to render service to humanity with full respect for the dignity of profession and man. Physicians should merit the confidence of patients entrusted to their care, rendering to each a full measure of service and devotion. Physicians should try continuously to improve medical knowledge and skills and should make available to their patients and colleagues the benefits of their professional attainments. The physician should practice methods of healing founded on scientific basis and should not associate professionally with anyone who violates this principle. The honoured ideals of the medical profession imply that the responsibilities of the physician extend not only to individuals but also to society."

ഓരോ ഡോക്ടറും മെഡിക്കല്‍ കൌണ്‍സില്‍ രെജിസ്ട്രേഷന് മുന്‍പ്, തങ്ങളുടെ സേവനത്തിലുടനീളം പാലിച്ചു കൊള്ളാമെന്നു സമ്മതിച്ചു ഒപ്പിട്ടു കൊടുക്കുന്ന പെരുമാറ്റച്ചട്ടമാണ് മുകളില്‍ ഉദ്ധരിച്ചത്.
(Refer: Code of Medical Ethics)

ആധുനിക ചികിത്സാശാഖയെ ഒന്നടങ്കം പ്രതിചേര്‍ക്കുകയല്ല; മറിച്ചു അതിന്റെ മാനവികമായ നവീകരണം എന്ന ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. അത്യാവശ്യഘട്ടത്തില്‍ മരുന്ന് കഴിക്കരുത് എന്നോ മുഴു ടെസ്റ്റുകളും അനാവശ്യമെന്നോ അഭിപ്രായവുമില്ല. തീര്‍ച്ചയായും കര്‍മ്മബദ്ധരായ ഒട്ടേറെ ഡോക്ടര്‍മാര്‍ ഉണ്ട് ചുറ്റിലും; തങ്ങളുടെ നേരിയ പിഴവോ ലാഘവമനോഭാവമോ ബാധിച്ചേക്കാവുന്നത് വിലപ്പെട്ട ഒരു മനുഷ്യജീവനെയാണെന്ന ബോധ്യത്തില്‍ സദാ ജാഗ്രത്തായിരിക്കുന്ന അവര്‍ എല്ലാ ആദരവും അര്‍ഹിക്കുന്നുമുണ്ട്. ദൌര്‍ഭാഗ്യവശാല്‍, പണം എന്നത് അവസാനവാക്കായി എണ്ണുന്ന ആധുനിക സാമൂഹികഘടനയില്‍, ആ ജനുസ്സില്‍ പെട്ടവരുടെ എണ്ണം കുറഞ്ഞു വരുന്നു. മെഡിക്കല്‍ എത്തിക്സ് എന്നതൊക്കെ അലങ്കാരവാക്കുകള്‍ മാത്രമായി ചുരുങ്ങുകയും, കള്ളനാണയങ്ങള്‍ കാരണം അര്‍ദ്ധമനസ്സോടെ ഡോക്ടര്‍മാരെ സമീപിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഒട്ടും ഭൂഷണമല്ല.
(സമാന്തര ചികിത്സാശാഖകളിലും അലോപ്പതിയിലെതിനെ വെല്ലുന്ന വിവിധതരം തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്നുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുത തന്നെ.)

'അണ്‍എത്തിക്കല്‍' പ്രാക്ടീസുകാരെയും ലാഘവബുദ്ധ്യാ ചികിത്സയെ സമീപിക്കുന്നവരെയും തിരുത്താനും, തയ്യാറല്ലാത്തവരെ തുറന്നു കാട്ടാനും നൈതികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ മുന്നോട്ടു വരണം...'രോഗികള്‍' എന്നൊരു സവിശേഷവര്‍ഗ്ഗം ഇല്ലെന്നും, സ്വയമുള്‍പ്പെടെ എല്ലാവരും രോഗികള്‍ / രോഗം വരാന്‍ സാധ്യതയുള്ളവര്‍ ആണെന്നുമുള്ള തിരിച്ചറിവില്‍ തങ്ങളെ സമീപിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും പരസ്പര വിശ്വാസത്തിന്റെതായ ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള പ്രാഥമികബാധ്യത ഡോക്ടര്‍മാര്‍ക്കു തന്നെ.

Monday, February 28, 2011

നമ്മുടെ ചില ഇരട്ടവേഷങ്ങള്‍

എത്രമേല്‍ കപടമല്ല നമ്മുടെ ധാര്‍മ്മിക-നൈതിക ബോധം?!

ആളൊഴിഞ്ഞ കംപാര്ട്ട്മെന്റില്‍ നിസ്സഹായയായ യുവതിയെ ആക്രമിച്ചു പുറത്തെറിഞ്ഞ് മാനഭംഗപ്പെടുത്തി മൃതപ്രായയാക്കുവോളം നിസ്സംഗമായിരുന്ന നമ്മിലെ പ്രതികരണശൌര്യം, ആ കുട്ടി മരിച്ചപ്പോള്‍, പ്രതി തമിഴന്‍ എന്നറിഞ്ഞപ്പോള്‍ ഒന്നാകെ ഉണര്‍ന്നെണീറ്റതു നാം കണ്ടതാണ്.ഏതാനും ദിവസങ്ങള്‍ക്കകം വീട്ടുവേലയ്ക്കു നിന്ന പതിനൊന്നുകാരി തമിഴ് ബാലിക ക്രൂരപീഡനത്തിനിരയായി മരിച്ചപ്പോള് എവിടെ വിനഷ്ടമായി ആ വൈകാരിക വിക്ഷോഭങ്ങള്‍?...
അതോ പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയും ഉള്ള മലയാളികള്‍ ആയത് കൊണ്ടാണോ നമുക്കത് അത്രമേല്‍ വലിയ സംഭവമായി തോന്നാത്തത്?!

താല്പര്യങ്ങളും മാധ്യമശ്രദ്ധയും ഉള്ളിടത്തെ പ്രതികരണങ്ങള്‍ക്ക് പോലും മാര്‍ക്കറ്റ്‌ ഉള്ളൂ. പറയുമ്പോള്‍ ചുറ്റിലും ക്യാമറക്കണ്ണുകള്‍ ഇല്ലാത്തത് കൊണ്ടാകും സ്വയം പ്രഖ്യാപിത മഹിളാ / പീഡിത പക്ഷവാദികളും വായ അനക്കാത്തത്! എരിവും പുളിയും ഭാവനക്ക് സ്കോപ്പും തിരുകി ആഘോഷിക്കാന്‍‍ പറ്റുന്ന വിഭവങ്ങള്‍ മാത്രമല്ലെ ചാനലുകാര്‍ക്ക് പഥ്യമാകൂ. അല്ലെങ്കില്‍ ഏതോ പീക്കിരി പാണ്ടിപ്പെണ്ണ്‍ ചത്താല്‍ മലയാളിയുടെ ഉല്കണ്ഠ അത്രമേല്‍ ഉയരില്ല എന്ന ബോധ്യമാകണം ('വാര്‍ത്താമൂല്യം' !).
സൗമ്യയുടെ ദാരുണമരണം മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡമായ രതിവൈകൃതമനസ്സിനെ ആകര്‍ഷിക്കുക എന്നൊരു ചൂണ്ട കൂടിയുണ്ടായിരുന്നു എന്നും അനുമാനിക്കാം. അല്ലാതെ മാധ്യമങ്ങളുടെ പൌരബോധം ഉച്ചസ്ഥായി പ്രാപിച്ചതല്ല.

കമലിന്റെ ഗദ്ദാമ സിനിമ കണ്ടു മലയാളി മൂക്കത്ത് വിരല്‍ വെച്ചത്രെ: ഇങ്ങനേം ക്രൂരരായ മനുഷ്യര്‍ ഉണ്ടോ?!
അറബിവീടുകളില്‍ കൊടിയ പീഡനം ഏറ്റുവാങ്ങുന്ന മലയാളി ഉള്‍പ്പെടെയുള്ള ഖദ്ദാമമാര്‍ തികച്ചും യഥാര്‍ത്ഥ്യം തന്നെ. അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധ്യമായ  എല്ലാ ശബ്ദവും ഉയര്‍ത്തണം. എന്നാല്‍ ലോകത്തെവിടെ പീഡനം നടക്കുമ്പോഴും വലിയ വായില്‍ ഒച്ച വെക്കാന്‍ മടിക്കാത്ത മലയാളി, കണ്മുന്നില്‍ സ്വന്തം നാട്ടുകാര്‍ നടത്തുന്ന കൊടും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുന്നു എന്നത് വിരോധാഭാസം തന്നെ. അതോ നാം തന്നെയാകുമ്പോള്‍ അതൊന്നും പീഡനമോ ക്രൂരതയോ ആകുന്നില്ല എന്നാണോ?! 

കുറെ മാസങ്ങള്‍ക്ക് മുന്‍പ് വീട്ടു വേലയ്ക്കു നിര്‍ത്തിയ മറ്റൊരു ബാലികയെ കാസര്‍ഗോട്ടെ ഒരു ബിസിനസുകാരന്‍ വെട്ടിനുറുക്കി ഡാമിലെറിഞ്ഞതും വാര്‍ത്താമാധ്യമങ്ങളില്‍ ഓളമോ ജനരോഷമോ സൃഷ്ടിച്ചില്ല എന്നതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. 

പഴുതുകള്‍ ഇട്ടു കേസ് ഡയറി തയ്യാറാക്കി നിയമവിദഗ്ദ്ധനെയും വീട്ടുകാരെയും ഇതില്‍ നിന്ന് ഊരിയെടുക്കാന്‍ ഏത് സാദാ പോലീസിനും കഴിയും. ശബ്ദിക്കാന്‍ ആരോരുമില്ലാത്ത ഈ തമിഴ് ബാലികയ്ക്ക്‌ വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊടി പിടിക്കില്ല; ചാനല്‍ ക്യാമറകളുടെ പ്രഭ ഇല്ലെങ്കില്‍ വനിതാ സംഘടനകള്‍ ഓരിയിടില്ല; സാംസ്ക്കാരികപ്രവര്‍ത്തകരും ഒച്ച ഉയര്‍ത്തില്ല. കേവലനീതിയില്‍, മാനുഷികതയില്‍ വിശ്വസിക്കുന്നവര്‍ ഒന്നടങ്കം‍, താല്പര്യങ്ങളുടെ പിന്നാലെ പോകുന്ന സംഘടനകളുടെയോ നേതാക്കളുടെയോ പിന്‍ബലമില്ലാതെ ഈ ബാലികയെ പീഡനമേല്പിച്ചു കൊന്നവര്‍ക്കെതിരെ നിലയുറപ്പിക്കട്ടെ!
അവര്‍ ശിക്ഷിക്കപ്പെട്ടു എന്നുറപ്പിക്കുവോളം ആ അഗ്നി കെടാതെ സൂക്ഷിക്കട്ടെ!! 

പിന്‍‌മൊഴി:
സൌമ്യ സംഭവത്തിലെ വന്യതയോ ദാരുണതയോ ഒട്ടും കുറച്ചു കാണാന്‍ ഉദ്ദേശമില്ല എന്ന് കൂടെ പറഞ്ഞു വെയ്ക്കട്ടെ; അത്തരം ചാമിമാര്‍ ഇനിയും ഭീതി സൃഷ്ടിച്ചു ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കപ്പെടരുത് എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. പക്ഷെ ചിലപ്പോള്‍ ലഘൂകരിച്ചും ചിലപ്പോള്‍ വൈകാരിക പ്രളയം സൃഷ്ടിച്ചും തരാതരം ക്രൂരതകളെ വേര്‍തിരിച്ചു കാണുന്ന നമ്മുടെ തന്നെ അബോധത്തെ ഒന്ന് സ്വയം വിചാരണ ചെയ്യുക മാത്രമാണിവിടെ...

Monday, September 6, 2010

പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും

"ഒരു പെണ്ണിന് നല്ല മുസ്ലിമാകാന്‍ പര്‍ദ്ദ തന്നെ വേണമോ?"
- വേണ്ടെന്ന് കട്ടായം.
 മാന്യമായ വേഷവിധാനം വേണമെന്നേ ഇസ്ലാം സ്ത്രീകളോട് പറഞ്ഞതായി അറിയൂ; പ്രമാണഗ്രന്ഥങ്ങളിലൊന്നും പര്‍ദ്ദ എന്നൊന്നില്ല തന്നെ.

ഇനി വേണമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും:
ഒരുവള്‍ പര്‍ദ്ദ ധരിക്കാതെ, 'എനിക്ക് അങ്ങനെ നല്ല മുസ്ലിം ആകണ്ട' എന്നും ജീന്‍സും ടോപ്പും ആണ് തന്‍റെ ഇഷ്ടവേഷമെന്നും അത് ധരിച്ചേ നടക്കൂ എന്നും തന്റെ വീട്ടുകാര്‍ക്കില്ലാത്ത പ്രശ്നം കാണുന്നവനെന്തിനു എന്നുറക്കെ ചോദിച്ചാല്‍?
- 100 % അതവളുടെ സ്വാതന്ത്ര്യം; തെരഞ്ഞെടുപ്പ്.

ഇപ്പടി കാഴ്ചക്കാരായ ഏതെങ്കിലും 'മതവികാര'ജീവികള്‍ പര്‍ദ്ദ ധരിച്ചില്ല എന്ന പേരില്‍ ആ പെണ്‍കുട്ടിയെ ആക്രമിക്കാനോ അപമാനിക്കാനോ ഭീഷണിപ്പെടുത്താണോ മുതിര്‍ന്നാല്‍?!
- അത്തരം 'ഹിമാറു'കളുടെ കയ്യും കാലും തല്ലിയൊടിച്ചിട്ടായാലും അവളുടെ  സുരക്ഷയും ഇഷ്ട വേഷം ധരിക്കാനുള്ള  സ്വാതന്ത്ര്യവും ഉറപ്പാക്കണം എന്നേ ഞാന്‍ പറയൂ...

പുറത്തിറങ്ങുന്ന മുസ്ലിം പെണ്ണുങ്ങളെയൊക്കെ പര്‍ദ്ദ ഇടീക്കല്‍ തങ്ങളുടെ മതപരമോ സാമുദായികമോ ആയ ബാധ്യതയെന്ന് ധരിച്ചു വശായി, പര്‍ദ്ദ ഇടാതെ നടക്കുന്നവരെ കാണുമ്പൊള്‍ വല്ല ചൊറിച്ചിലും വരുന്ന വങ്കന്മാര്‍ ഈ ഭൂമിമലയാളത്തിലുമുണ്ടെങ്കില്‍ ബോധമുള്ള ആണ്‍പിള്ളേര്‍ സാമാന്യം 'പെരുമാറി'ത്തന്നെ ആ ചൊറിച്ചില്‍ തീര്‍ക്കേണ്ടതാണ്.
മതം നിത്യജീവിതത്തില്‍ അനുശാസിക്കുന്ന സത്യസന്ധത, വിശ്വസ്തത, ഭൂതദയ, സഹജീവിസ്നേഹം തുടങ്ങി യാതൊരു മൂല്യങ്ങളും പാലിക്കണമെന്ന നിഷ്ഠയില്ലാത്തവരാണ് ഈ വല്ലഭന്മാര്‍ എന്നത് മറ്റൊരു തമാശ.

കേരളത്തില്‍ ഏതെങ്കിലും വ്യവസ്ഥാപിത മതസംഘടന(കള്‍) മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ / അബായ തന്നെ ധരിക്കണമെന്നും അല്ലാത്ത പക്ഷം മതവിരുദ്ധപ്രവര്‍ത്തിയാണെന്നും തിട്ടൂരമിറക്കിയതായി അറിവില്ല. ഇനി ഉണ്ടെങ്കില്‍ പോലും, അത്തരം ഉമ്മാക്കിയല്ല, ഗള്‍ഫ് സ്വാധീനമാണ് ഇവിടെ പര്‍ദ്ദ വ്യാപകമാക്കിയത്. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഷവര്‍മക്കൂടുകള്‍ കാണുന്നില്ലേ, അത് പോലെ. ഒപ്പം സമര്‍ത്ഥരായ ചില വ്യാപാരികള്‍ മികച്ച വിപണനതന്ത്രത്തിലൂടെ പര്‍ദ്ദയെ ഒരു ഫാഷന്‍ ട്രെന്‍ഡ് ആക്കിയെടുത്തു എന്നും കാണാം. ബാബറിമസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സമുദായത്തില്‍ ഉടലെടുത്ത ഒരു 'ഐഡന്റിറ്റി ക്രൈസിസ്'-ന്റെ പ്രതിഫലനമായി ഇതിനെ വായിച്ചെടുക്കുന്ന സാമൂഹ്യ നിരീക്ഷകരും ഉണ്ട്. 

വേഷങ്ങള്‍ ധരിക്കുന്നതും ധരിക്കാത്തതും വ്യക്തിസ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കാം... സാമൂഹ്യ-മന:ശാസ്ത്ര സമ്മര്‍ദ്ദം കൂടാതെ ആ സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ കഴിയണം. തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അനുയോജ്യമെന്നോ സൌകര്യപ്രദമെന്നോ കണ്ട് പര്‍ദ്ദ വേഷമായി തെരഞ്ഞെടുത്തവര്‍ക്ക് ആ സ്വാതന്ത്ര്യം വക വെച്ച് നല്‍കാനും നമുക്ക് ബാധ്യതയുണ്ട്.  റിയാന ഇഷ്യൂ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കൂടാതെ തന്നെ, പര്‍ദ്ദ പ്രശ്നവല്‍ക്കരിക്കപ്പെടുന്നതിലെ സാംസ്ക്കാരിക ഫാസിസത്തിന്റെതായ ഒളിയജണ്ടയും തിരിച്ചറിയപ്പെടണം. ഈ കോലാഹലങ്ങള്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു കൂടാ. പര്‍ദ്ദ ധരിക്കുന്നത് കൊണ്ടോ നിരാകരിക്കുന്നത് കൊണ്ടോ മാത്രം മുസ്ലിം സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടാകില്ല.

എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടി പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ 'സദാചാര പോലീസിംഗി'നു വിധേയമാകുന്നുവെങ്കില്‍, അത് പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാക്കുന്നു. സ്വാഭീഷ്ടപ്രകാരം പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതും തഥൈവ. ഏതെങ്കിലും മതമൌലികവാദിസംഘത്തില്‍ നിന്ന് റിയാനക്ക് യഥാര്‍ത്ഥമായും ഭീഷണി നേരിടുന്നുവെങ്കില്‍, അവളോടൊപ്പം ആദ്യം നിലയുറപ്പിക്കേണ്ടത് മുസ്ലിം സമൂഹം തന്നെയാണ്. ഒപ്പം പൊതുസമൂഹത്തിന്റെ പിന്തുണയും അവള്‍ അര്‍ഹിക്കുന്നത് തന്നെ. അതോടൊപ്പവും, മാധ്യമങ്ങള്‍ സെന്സേഷനലിസത്തിനു പിന്നാലെ പരക്കം പായുകയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു മറഞ്ഞിരുന്ന് ആനന്ദിക്കുന്ന മനോരോഗികളായ ക്ഷുദ്രജീവികള്‍ അവസരം മുതലാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്തേണ്ടത്‌ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന സംഗതിയാണ്.