Monday, September 6, 2010

പര്‍ദ്ദയും വ്യക്തിസ്വാതന്ത്ര്യവും

"ഒരു പെണ്ണിന് നല്ല മുസ്ലിമാകാന്‍ പര്‍ദ്ദ തന്നെ വേണമോ?"
- വേണ്ടെന്ന് കട്ടായം.
 മാന്യമായ വേഷവിധാനം വേണമെന്നേ ഇസ്ലാം സ്ത്രീകളോട് പറഞ്ഞതായി അറിയൂ; പ്രമാണഗ്രന്ഥങ്ങളിലൊന്നും പര്‍ദ്ദ എന്നൊന്നില്ല തന്നെ.

ഇനി വേണമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും:
ഒരുവള്‍ പര്‍ദ്ദ ധരിക്കാതെ, 'എനിക്ക് അങ്ങനെ നല്ല മുസ്ലിം ആകണ്ട' എന്നും ജീന്‍സും ടോപ്പും ആണ് തന്‍റെ ഇഷ്ടവേഷമെന്നും അത് ധരിച്ചേ നടക്കൂ എന്നും തന്റെ വീട്ടുകാര്‍ക്കില്ലാത്ത പ്രശ്നം കാണുന്നവനെന്തിനു എന്നുറക്കെ ചോദിച്ചാല്‍?
- 100 % അതവളുടെ സ്വാതന്ത്ര്യം; തെരഞ്ഞെടുപ്പ്.

ഇപ്പടി കാഴ്ചക്കാരായ ഏതെങ്കിലും 'മതവികാര'ജീവികള്‍ പര്‍ദ്ദ ധരിച്ചില്ല എന്ന പേരില്‍ ആ പെണ്‍കുട്ടിയെ ആക്രമിക്കാനോ അപമാനിക്കാനോ ഭീഷണിപ്പെടുത്താണോ മുതിര്‍ന്നാല്‍?!
- അത്തരം 'ഹിമാറു'കളുടെ കയ്യും കാലും തല്ലിയൊടിച്ചിട്ടായാലും അവളുടെ  സുരക്ഷയും ഇഷ്ട വേഷം ധരിക്കാനുള്ള  സ്വാതന്ത്ര്യവും ഉറപ്പാക്കണം എന്നേ ഞാന്‍ പറയൂ...

പുറത്തിറങ്ങുന്ന മുസ്ലിം പെണ്ണുങ്ങളെയൊക്കെ പര്‍ദ്ദ ഇടീക്കല്‍ തങ്ങളുടെ മതപരമോ സാമുദായികമോ ആയ ബാധ്യതയെന്ന് ധരിച്ചു വശായി, പര്‍ദ്ദ ഇടാതെ നടക്കുന്നവരെ കാണുമ്പൊള്‍ വല്ല ചൊറിച്ചിലും വരുന്ന വങ്കന്മാര്‍ ഈ ഭൂമിമലയാളത്തിലുമുണ്ടെങ്കില്‍ ബോധമുള്ള ആണ്‍പിള്ളേര്‍ സാമാന്യം 'പെരുമാറി'ത്തന്നെ ആ ചൊറിച്ചില്‍ തീര്‍ക്കേണ്ടതാണ്.
മതം നിത്യജീവിതത്തില്‍ അനുശാസിക്കുന്ന സത്യസന്ധത, വിശ്വസ്തത, ഭൂതദയ, സഹജീവിസ്നേഹം തുടങ്ങി യാതൊരു മൂല്യങ്ങളും പാലിക്കണമെന്ന നിഷ്ഠയില്ലാത്തവരാണ് ഈ വല്ലഭന്മാര്‍ എന്നത് മറ്റൊരു തമാശ.

കേരളത്തില്‍ ഏതെങ്കിലും വ്യവസ്ഥാപിത മതസംഘടന(കള്‍) മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ / അബായ തന്നെ ധരിക്കണമെന്നും അല്ലാത്ത പക്ഷം മതവിരുദ്ധപ്രവര്‍ത്തിയാണെന്നും തിട്ടൂരമിറക്കിയതായി അറിവില്ല. ഇനി ഉണ്ടെങ്കില്‍ പോലും, അത്തരം ഉമ്മാക്കിയല്ല, ഗള്‍ഫ് സ്വാധീനമാണ് ഇവിടെ പര്‍ദ്ദ വ്യാപകമാക്കിയത്. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഷവര്‍മക്കൂടുകള്‍ കാണുന്നില്ലേ, അത് പോലെ. ഒപ്പം സമര്‍ത്ഥരായ ചില വ്യാപാരികള്‍ മികച്ച വിപണനതന്ത്രത്തിലൂടെ പര്‍ദ്ദയെ ഒരു ഫാഷന്‍ ട്രെന്‍ഡ് ആക്കിയെടുത്തു എന്നും കാണാം. ബാബറിമസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സമുദായത്തില്‍ ഉടലെടുത്ത ഒരു 'ഐഡന്റിറ്റി ക്രൈസിസ്'-ന്റെ പ്രതിഫലനമായി ഇതിനെ വായിച്ചെടുക്കുന്ന സാമൂഹ്യ നിരീക്ഷകരും ഉണ്ട്. 

വേഷങ്ങള്‍ ധരിക്കുന്നതും ധരിക്കാത്തതും വ്യക്തിസ്വാതന്ത്ര്യത്തിന് വിട്ടു കൊടുക്കാം... സാമൂഹ്യ-മന:ശാസ്ത്ര സമ്മര്‍ദ്ദം കൂടാതെ ആ സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ കഴിയണം. തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അനുയോജ്യമെന്നോ സൌകര്യപ്രദമെന്നോ കണ്ട് പര്‍ദ്ദ വേഷമായി തെരഞ്ഞെടുത്തവര്‍ക്ക് ആ സ്വാതന്ത്ര്യം വക വെച്ച് നല്‍കാനും നമുക്ക് ബാധ്യതയുണ്ട്.  റിയാന ഇഷ്യൂ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കൂടാതെ തന്നെ, പര്‍ദ്ദ പ്രശ്നവല്‍ക്കരിക്കപ്പെടുന്നതിലെ സാംസ്ക്കാരിക ഫാസിസത്തിന്റെതായ ഒളിയജണ്ടയും തിരിച്ചറിയപ്പെടണം. ഈ കോലാഹലങ്ങള്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു കൂടാ. പര്‍ദ്ദ ധരിക്കുന്നത് കൊണ്ടോ നിരാകരിക്കുന്നത് കൊണ്ടോ മാത്രം മുസ്ലിം സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടാകില്ല.

എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടി പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ 'സദാചാര പോലീസിംഗി'നു വിധേയമാകുന്നുവെങ്കില്‍, അത് പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാക്കുന്നു. സ്വാഭീഷ്ടപ്രകാരം പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതും തഥൈവ. ഏതെങ്കിലും മതമൌലികവാദിസംഘത്തില്‍ നിന്ന് റിയാനക്ക് യഥാര്‍ത്ഥമായും ഭീഷണി നേരിടുന്നുവെങ്കില്‍, അവളോടൊപ്പം ആദ്യം നിലയുറപ്പിക്കേണ്ടത് മുസ്ലിം സമൂഹം തന്നെയാണ്. ഒപ്പം പൊതുസമൂഹത്തിന്റെ പിന്തുണയും അവള്‍ അര്‍ഹിക്കുന്നത് തന്നെ. അതോടൊപ്പവും, മാധ്യമങ്ങള്‍ സെന്സേഷനലിസത്തിനു പിന്നാലെ പരക്കം പായുകയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു മറഞ്ഞിരുന്ന് ആനന്ദിക്കുന്ന മനോരോഗികളായ ക്ഷുദ്രജീവികള്‍ അവസരം മുതലാക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്തേണ്ടത്‌ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടുന്ന സംഗതിയാണ്.