Thursday, April 23, 2015

വേണം ചില ‘വേഷ’ പുനര്‍വിചിന്തനങ്ങള്‍

റോഡരികില്‍ ദേഹമാകെ കറുത്ത ബുര്‍ഖ കൊണ്ട് മൂടിയ ഒരു സ്ത്രീയും കൊച്ചു പെണ്‍കുട്ടിയും; വശങ്ങളിലായി വാമൂടിക്കെട്ടിയ നിറച്ച രണ്ടു ഗാര്‍ബേജ് ബാഗുകള്‍.
“നിങ്ങള്‍ക്ക്‌ മൂന്നു സുന്ദരിക്കുട്ടികള്‍ ആണല്ലോ!’ എന്ന് അഭിനന്ദിച്ചതിന് അവള്‍ അത്രയും കോപിക്കേണ്ടിയിരുന്നില്ല!” എന്ന കാപ്ഷനോടെ ഒരു പാശ്ചാത്യ സൈറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ട ഈ ചിത്രം ‘ഇസ്ലാമിക’ രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ അത്യാവശ്യം രോഷവും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. ഇരയെ തന്നെ പരിഹസിക്കുകയാണ് എന്ന ന്യായത്തില്‍ അതേ സൈറ്റില്‍ ചില പാശ്ചാത്യര്‍ തന്നെയും വിയോജിപ്പ് രേഖപ്പെടുത്തിയതും കാണാം.

പ്രകോപനം സൃഷ്ടിക്കലില്‍ പരിമിതമായിരിക്കാം ഇത് പോസ്റ്റ്‌ ചെയ്തവരുടെ ലക്ഷ്യമെന്നാണെങ്കില്‍ പോലും, സ്വയം നോക്കിക്കാണാനും പുനര്‍വിചിന്തനം നടത്താനും ഈ ചിത്രത്തെ പോസിറ്റീവ് ആയി വിനിയോഗിക്കുകയായിരുന്നു മുസ്ലിംകള്‍ വേണ്ടിയിരുന്നത് എന്നെനിക്ക് തോന്നുന്നു; പ്രത്യേകിച്ച് ആഗോളവ്യാപകമായൊരു പുത്തന്‍ മത ഉണര്‍വ്വില്‍ മുസ്ലിം സ്ത്രീകളിലൊരു ഭാഗം സ്വമേധയാ തന്നെയും തങ്ങളുടെ മുഖം ഒരു നിഷിദ്ധവസ്തുവാണെന്നത് ‘ദൈവികശാസന’യായി ധരിച്ച്‌ ഇത്തരം ‘മൊബൈല്‍’ മറക്കുള്ളിലേക്ക് പിന്‍വാങ്ങിക്കൊണ്ടിരിക്കുകയോ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്ന വര്‍ത്തമാന പരിസരങ്ങളില്‍. 

അത് കൊണ്ടാണ് ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചപ്പോള്‍ സ്ത്രീകള്‍ തന്നെയും മുഖം മറച്ച് അതിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ കാഴ്ച നാം കണ്ടത്‌. പര്‍ദ്ദ നിരോധിച്ചുവെന്നും അത് ഇസ്ലാമിന് നേരെയുള്ള കയ്യേറ്റമാണ് എന്നും കേരളത്തിലടക്കം സോ-കോള്‍ഡ്‌ ഇസ്ലാമിസ്റ്റുകള്‍ പ്രചരണം നടത്തിയതും സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു (മുഖാവരണം മാത്രമായിരുന്നു നിരോധിച്ചത് എന്ന് ‘അവകാശപോരാളി’ മാധ്യമങ്ങള്‍ തുറന്നു പറഞ്ഞില്ല!). ഒന്നുരണ്ടു കൊല്ലം മുന്‍പ്‌, മുഖം മറച്ച് ഐഡന്റിറ്റി കാര്‍ഡിന് ഫോട്ടോയെടുക്കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ട വാര്‍ത്ത‍ അറിഞ്ഞിട്ടില്ലാത്ത വിശ്വാസികള്‍ പോലും ഇത് തങ്ങളെ പരിഹസിക്കാന്‍ മെനഞ്ഞ കെട്ടുകഥയായിട്ടെണ്ണാനാണ് കൂടുതല്‍ സാധ്യത!

നൂറ്റാണ്ടുകളായി (ഇന്നും) മരുഭൂനാടുകളില്‍ ദൃശ്യമായ ഈ കാഴ്ച ഉത്തരേന്ത്യയിലും എന്തിന് ദക്ഷിണേന്ത്യയിലെ തന്നെ ഇതരസംസ്ഥാനങ്ങളിലും പണ്ടും സുലഭമായിരുന്നു. കേരള സാഹചര്യത്തിലേക്ക് വരുമ്പോള്‍, പര്‍ദ്ദ കുറേക്കാലമായി പ്രചാരത്തില്‍ ഉണ്ടെങ്കിലും മുഖാവരണം എന്നത് തീര്‍ത്തും വിരളമായ കാഴ്ചയായിരുന്നു. എന്നാല്‍ ഈയിടെ അവധിക്ക് പോയപ്പോള്‍ രണ്ടു വര്ഷം കൊണ്ട് സംഭവിച്ച മാറ്റം കണ്ടു ശരിക്കും അമ്പരക്കേണ്ടി വന്നു. കൌമാരക്കാരായ പെണ്‍കുട്ടികള്‍ വരെ മുഖം മറച്ച് പുറത്തു പോകുന്നത് ഒരു സാധാരണ കാഴ്ചയായിരിക്കുന്നു! കൈകാല്‍ വിരലുകള്‍ വരെയും സോക്സ് കൊണ്ട് മറക്കുമാറ് തീക്ഷണത പുലര്‍ത്തുന്നതു പോലും അസ്വാഭാവികമല്ലാതായിരിക്കുന്നു.

സ്ത്രീ വസ്ത്രധാരണത്തെ സംബന്ധിച്ച്, മുഖവും മുന്‍ കയ്യുമൊഴികെയുള്ളവ മറക്കണം എന്നാണ് ഭൂരിഭാഗം മതമീംസാകാരന്മാര്‍ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട്. എന്നാല്‍ അത്തരം നിയതമായ ശാസനയൊന്നും ഖുര്‍ആനിലോ പ്രമാണ ഗ്രന്ഥങ്ങളിലോ കാണില്ല. ഹിജാബ് എന്നാല്‍ modesty എന്നു മാത്രമേ അര്‍ത്ഥമുള്ളൂ എന്നും കാലദേശ വ്യതിയാനം അനുസരിച്ച് വസ്ത്രരീതി മാറാവുന്നതാണെന്നും വ്യാഖ്യാനിച്ച മതമീംസാകാരന്‍മാരും ഉണ്ട്. ഇനി ഈ ഡ്രസ്സ്‌ കോഡ് (മുഖം മറക്കല്‍ ചിത്രത്തിലേ ഇല്ല!) മതപ്രമാണമാണ് എന്നംഗീകരിച്ചാൽ തന്നെ, അത്ന്റെ മതത്തിന്റെ കാക്കത്തൊള്ളായിരം ഉല്‍ബോധനങ്ങളില്‍ ഒന്ന് മാത്രമാണ്. അവ പാലിക്കുന്നവര്‍ പാലിക്കട്ടെ. എന്നാല്‍ ഇത് തീക്ഷ്ണമായി പ്രബോധനം ചെയ്യുന്ന മതബോധികള്‍ സത്യസന്ധത, വാഗ്ദാനപാലനം, ഇടപാടുകളിലെ വിശ്വസ്തത, വിശ്വാസമേതായാലും അയല്‍വാസിയുടെ പട്ടിണിയകറ്റല്‍, പലിശനിരോധം, സക്കാത്ത്‌ (നിര്‍ബന്ധദാനം) തുടങ്ങി മതത്തിന്റെ സാമൂഹ്യപ്രസക്തങ്ങളായ മറ്റനേകം പാഠഭാഗങ്ങള്‍ കണിശമായി പാലിക്കണമെന്ന് ഏറെയൊന്നും ശഠിച്ചു കാണാറില്ല. ബാക്കിയെന്തൊക്കെ ലംഘിച്ചാലും, സ്ത്രീയുടെ തലമുടി വെളിയില്‍ കണ്ടാല്‍ പുരുഷവര്‍ഗ്ഗമാകെ സ്ഖലിച്ചു ലോകമാകെ അരാജകത്വം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഉല്‍ബോധകര്‍ ഭയക്കുന്നതായി തോന്നിയിരുന്നു, മുന്‍പൊക്കെ ഈ വല്ലാത്ത ശുഷ്കാന്തി കാണുമ്പോള്‍.

ഇന്നാകട്ടെ നാട്ടിലാകെ മുഖം മറക്കാനുള്ള ഉല്‍ബോധനവും കൂടി വരുന്നു! പ്രവാചകചര്യ പ്രചരിപ്പിക്കുന്നു എന്ന ഭാവത്തില്‍ 'വേഷാധിഷ്ഠിത ഇസ്ലാം' (താടി-തൊപ്പി-മുട്ടോളം തുണി പുരുഷന്‍മാര്‍ക്കും, ചലിക്കുന്നത് കൊണ്ട് മാത്രം ജീവനുള്ള വസ്തുവെന്നു തിരിച്ചറിയും വിധം മൊത്തം കവര്‍ ചെയ്ത കറുത്ത തുണി സ്ത്രീകള്‍ക്കും) പ്രൊമോട്ട് ചെയ്യുകയാണ് ചിലര്‍. ഇത്തരം ഉപരിപ്ലവ കാര്‍ക്കശ്യങ്ങളില്‍ അഭിരമിക്കുന്നവര്‍, മുസ്ലിം സമൂഹത്തെ തന്നെയും ഗ്രസിച്ചിരിക്കുന്ന ദുരാചാരങ്ങള്‍ക്ക്, ഇന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ നിറമുള്ള കിനാക്കള്‍ തല്ലിക്കെടുത്തുന്ന സ്ത്രീധനം, വിവാഹധൂര്‍ത്ത്, ആഡംബരഭ്രമം എന്നീ രോഗാതുരതകള്‍ക്കു പകരം പ്രവാചകന്റെതായി ലളിത മാതൃകയൊന്നും അധികം പ്രചരിപ്പിച്ചു കാണാറില്ല. വേഷത്തെ പിന്‍പറ്റുന്നതിലെ അവരുടെ തീവ്രത, കച്ചവടത്തെക്കുറിച്ചുള്ള മതശാസനകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കൂടി കാട്ടിയിരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ കച്ചവട സംസ്കാരമേ മാറിയേനെ!

തല മറക്കാത്ത പെണ്ണിനെ മതശാസന തൃണവല്‍ഗണിച്ചവളായി പരിഗണിക്കുന്നവര്‍, കച്ചവടത്തില്‍ ഒട്ടും ധാര്‍മ്മികത കാട്ടാത്ത ഒരുവനെ, മായം ചേര്‍ത്തതും അനാരോഗ്യകരവുമായ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുടമയെ, അല്ലെങ്കില്‍ അണ്‍എത്തിക്കല്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടറെ, ആശുപത്രി ഉടമയെ (ഒരു വേള ഇവരുടെയൊക്കെ ആര്‍ത്തി മനുഷ്യജീവനുകള്‍ പൊലിയാന്‍ കാരണമാണെങ്കില്‍ പോലും) മതവിരുദ്ധനായി പ്രഖ്യാപിക്കുമോ?! ഇത്തരം ചിലരെങ്കിലും മതപ്രബോധകരായും മതത്തിന്റെ സേവകരായും സമൂഹത്തില്‍ സര്‍വാംഗീകൃതരായി വിലസുന്നതും കാണാം. പോട്ടെ, ഒരു കൊലപാതകിയോടോ മോഷ്ടാവിനോടോ കാട്ടുന്ന സഹിഷ്ണുതയോ നിസ്സംഗതയോ എങ്കിലും ‘തലമറക്കാതെ, തലതെറിച്ച’ പെണ്ണിനോട് കാട്ടിക്കൂടെ?! (അവര്‍ പോലും നേരിടാത്ത തുറിച്ചുനോട്ടമാകും ‘മതസ്നേഹി’കളാല്‍ അവള്‍ക്ക് നേരിടേണ്ടി വരിക!)

ഈയിടെ ഡോ: ഖദീജ മുംതാസ്‌ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സവിശേഷ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്:
“ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രത്തിനു സ്വാതന്ത്ര്യമുണ്ട്. അവനവന്റെ മാന്യതയ്ക്കും, സൗകര്യത്തിനും, സൗന്ദര്യബോധത്തിനുമിണങ്ങിയത്. ഇന്നത്തെ ഈ മാറ്റത്തില്‍, മതബോധത്തിന്റെ പോസിറ്റീവ് ആയ ഉണര്‍വിനപ്പുറം, മറ്റുമതസ്ഥരില്‍നിന്ന് വ്യതിരിക്തത പാലിക്കുക എന്ന നെഗറ്റീവ് അംശംകൂടി മുഴച്ചുനില്ക്കുന്നത് എന്നെ അസ്വസ്ഥയാക്കുന്നു. പ്രാദേശികസംസ്‌കാരത്തിലധിഷ്ഠിതമായ വ്യതിരിക്തതയല്ല അത്. ആഗോളവ്യാപകമായിത്തന്നെയുള്ള ഒരു അകലം പാലിക്കല്‍.
സാരിയെക്കാളും ചുരിദാറിനെക്കാളും സെക്‌സിയായി, ബോഡിഷേപ്പാക്കി പര്‍ദയെ മാറ്റുന്നവരുണ്ട്. അപ്പോള്‍ കറുപ്പ് വെറും സിംബല്‍ മാത്രമായി മാറുന്നു. തീരെ അനാകര്‍ഷകമായ, പ്രതിലോമകരമായ ഒരു സിംബല്‍. മാത്രമല്ല, കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ഒട്ടുമേ യോജിച്ചതുമല്ല ആ വസ്ത്രം. എ.സി. കാറില്‍ യാത്രചെയ്യുന്ന അപ്പര്‍ക്ലാസ് മുസ്‌ലിം സ്ത്രീകള്‍ക്കുമാത്രമേ അത് അലോസരമില്ലാതെ ധരിക്കാന്‍ പറ്റൂ.”

ഇവ്വിഷയകമായി എന്റെ ഫേസ്ബുക്ക് പേജിലെ ഒരു ചര്‍ച്ചയില്‍, സുരേഷ്കുമാര്‍ എന്ന സുഹൃത്ത്‌ പങ്കിട്ട അനുഭവം ചില മാനുഷികവശങ്ങള്‍ കൂടി നമ്മുടെ കാഴ്ചയിലേക്ക് കൊണ്ട് വരുന്നു: 
“എനിക്കു വ്യക്തിപരമായി വിഷമവും അവമതിപ്പും തോന്നിയ ഒരു സാഹചര്യം: ഈ കഴിഞ്ഞ ആഴ്ച ഞാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. എനിക്ക് എതിര്‍വശത്തെ സീറ്റില്‍ ഒരു മുസ്ലിം ചെറുപ്പക്കാരനും
ഭാര്യയും കുട്ടിയും. ഭാര്യ കണ്ണുകള്‍ മാത്രം പുറത്തു പുറത്തു കാണാന്‍ കഴിയുന്ന തരത്തിലുള്ള പര്‍ദ്ദയാണ് ധരിച്ചിരിക്കുന്നത്. അയാള്‍ നല്ലവണ്ണം ആസ്വദിച്ച് കഴിക്കുകയാണ്.  അവര്‍ ചപ്പാത്തി മുറിച്ചെടുത്ത് മുഖം  മൂടിയിരിക്കുന്ന തുണി അല്പം ഒന്ന് ഉയര്‍ത്തി ആന  തുമ്പിക്കൈകൊണ്ട് വായിലേക്ക് ആഹാരം വയ്ക്കുന്നതു പോലെ കഴിക്കുന്നു. അവര്‍ വളരെ  ബുദ്ധിമുട്ടിയാണ് ആഹാരം കഴിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. സത്യത്തില്‍ അവരെക്കാള്‍ വലിയ  ബുദ്ധിമുട്ടും  പ്രയാസവും എനിക്കാണ് തോന്നിയത്. ഞാന്‍ അവിടെ  ഇരുന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ കുറേക്കൂടി സ്വതന്ത്രമായി ഭക്ഷണം കഴിച്ചേനെ. കഴിവതും തല ഉയര്‍ത്താതെ ഞാന്‍ പെട്ടന്ന് ഭക്ഷണം കഴിച്ച്  ഇറങ്ങി.
ഇങ്ങനെയൊക്കെ വേണമെന്ന് ഖുറാനില്‍  പറയുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് സ്ത്രീകള്‍ക്കു  മാത്രം മതിയോ? ആഹാരം കഴിക്കുന്ന  സമയത്തെങ്കിലും എന്ത് ഇടിഞ്ഞുവീണാലും  ഈ സാധനം മാറ്റാന്‍ അവരെ അനുവദിച്ചു കൂടെ?!”


മറുപടി: ഖുര്‍ആനില്‍ എവിടെയും പെണ്ണുങ്ങള്‍ മുഖം മൂടാന്‍ പറഞ്ഞതായി അറിവില്ല. (എന്തിനധികം, മാന്യമായ വേഷവിധാനം വേണമെന്നേ പറഞ്ഞതായി അറിയൂ; പ്രമാണഗ്രന്ഥങ്ങളിലൊന്നും പര്‍ദ്ദ എന്നൊന്നില്ല തന്നെ!) അങ്ങേയറ്റം കടുത്ത സ്ത്രീവിരുദ്ധമായ ചില അറേബ്യന്‍ ‘ഇസ’ങ്ങളുടെ ദു:സ്വാധീനമാണ് മുഖംമൂടി പ്രചരിച്ചതിന് പിന്നില്‍. ഉത്തരേന്ത്യയില്‍ പണ്ടേ ഉണ്ടെങ്കിലും കേരളത്തില്‍ വളരെയടുത്ത കാലത്ത് മാത്രമാണ് ഈ (മുഖം കെട്ടല്‍) പ്രവണത വ്യാപകമായി കാണാന്‍ തുടങ്ങിയത്. താങ്കള്‍ക്ക് വിഷമം തോന്നിയെന്നു പറഞ്ഞ സാഹചര്യങ്ങള്‍- തീര്‍ത്തും യോജിക്കുന്നു. എന്ത് ചെയ്യാം; ഈ ചെയ്യുന്നതെല്ലാം ദൈവപ്രീതിക്കാണ് എന്ന് മൂഡസ്വര്‍ഗത്തില്‍ കഴിയുന്നവരെ എളുപ്പം തിരുത്താനൊക്കില്ലല്ലോ! ഇനി വാദത്തിനു വേണ്ടി ഖുര്‍ആനില്‍ പറഞ്ഞതാണ്‌ എന്ന് സമ്മതിച്ചാല്‍ പോലും ബാക്കി കാര്യങ്ങളില്‍ കാണാത്ത തീക്ഷ്ണത സ്ത്രീവേഷത്തില്‍ മാത്രം പുലര്‍ത്തുന്നതിന്റെ മന:ശാസ്ത്രം എന്താണ്?!

 ഇത്രയൊക്കെ കെട്ടിപ്പൂട്ടി വെച്ചിട്ടും, കണ്ണോ കയ്യോ കാണിക്കുന്നവരുടെ കൂടെ ഒളിച്ചു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം മറ്റേതൊരു സമൂഹത്തെക്കാളും കൂടുതല്‍ ആയിരിക്കും മുസ്ലിംകളില്‍. വസ്തുനിഷ്ഠമായി സമീപിച്ചാല്‍ ‘ലവ് ജിഹാദ്‌’ ഒക്കെ പ്രയോഗിക്കപ്പെട്ടത് റിവേഴ്സ് ഓര്‍ഡറില്‍ ആണെന്ന് ബോധ്യമാകും; ഈ വിവാദത്തിനു തിരികൊളുത്തുകയും ആളിക്കത്തിക്കുകയും ചെയ്ത പലരും പ്രതിക്കൂട്ടില്‍ കയറേണ്ടിയും വരും. (കൃത്യമായ അവബോധത്തോടെ, പരസ്പരം അടുത്തറിഞ്ഞ് പ്രണയബദ്ധരാകുന്നതോ വിവാഹിതര്‍ ആകുന്നതോ അല്ല ഇവിടെ പ്രതിപാദ്യം. പ്രണയനാട്യങ്ങള്‍ കൊണ്ട് തട്ടിയോ മുട്ടിയോ ‘വീഴ്ത്തി’ക്കൊണ്ട് പോകുന്നതാണ്.) കല്ലും വടിയുമായി മാപ്പിള പെണ്ണുങ്ങള്‍ക്ക് കാവലിരുന്നു മോറല്‍ പോലിസ് കളിക്കുന്ന അഭിനവ ‘സമുദായ സംരക്ഷകര്‍’ ഇതിന്റെ മന:ശാസ്ത്രതലം കൂടി പഠിക്കുന്നത് നന്നായിരിക്കും. ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച അവബോധം മറ്റേതൊരു സമൂഹത്തെക്കാളും കുറയുമ്പോള്‍ ‘വഴി തെറ്റിക്കപ്പെടാനും’ സാധ്യതയേറും.

 പര്‍ദ്ദ / ബുര്‍ഖ പല ഇസ്ലാമികസമൂഹങ്ങളിലും സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി പരിവര്ത്തിക്കപ്പെട്ടിട്ടുണ്ട് എന്നത് കേവല യഥാര്‍ത്ഥ്യം മാത്രമാണ്. പാകിസ്ഥാനിലും അഫ്ഗാനിലും മറ്റും പര്‍ദ്ദയും ഒപ്പം മുഖംമൂടിയും അണിയാത്ത സ്ത്രീകള്‍ക്ക് നേരെ ആസിഡ്‌ ആക്രമണം ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അത്ര രൂക്ഷമല്ലെങ്കിലും ഇന്ത്യയിലും, പലയിടങ്ങളിലും പര്‍ദ്ദയുടെ കാര്യത്തില്‍ കടുത്ത ബാഹ്യസമര്‍ദ്ദങ്ങള്‍ ഉണ്ട് എന്നറിയാം... ഭാഗ്യവശാല്‍ ആ രൂക്ഷതയോടെ പര്‍ദ്ദയോ ബുര്‍ഖയോ അണിയാന്‍ കേരളത്തില്‍ നിര്‍ബന്ധിക്കപ്പെടുന്നില്ല എന്ന് മാത്രം. ഒറ്റപ്പെട്ട ചില അപവാദങ്ങളെ സാമാന്യവല്‍ക്കരിക്കുന്നില്ല; പക്ഷേ ‘പര്‍ദ്ദ ശുഷ്കാന്തി’ നാളെയത്തരം തീവ്രതയിലെക്ക് വഴിതെറ്റാതിരിക്കാന്‍ നിതാന്തജാഗ്രത അനിവാര്യമാണ്.

അടിസ്ഥാന മതനിഷ്ഠകള്‍ പാലിക്കുമ്പോഴും, പുറം മാതൃകകള്‍ സ്വീകരിക്കാതെയും, പ്രാദേശികമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്തുമുള്ള ഒരു സവിശേഷ വ്യക്തിത്വം വളര്‍ത്തിയെടുക്കുകയായിരുന്നു കേരളമുസ്ലിംകള്‍ ഗതകാലങ്ങളില്‍ ചെയ്തത്. ഇടക്കാലത്ത്‌ സാമൂഹ്യപരമായി വലിയ ഉള്‍വലിയല്‍ സംഭവിക്കുകയും കാലികവിദ്യാഭ്യാസത്തോട് മുഖം തിരിക്കുക വഴി കടുത്ത യാഥാസ്ഥിതികത്വത്തില്‍ ആപതിക്കുകയും ചെയ്തുവെങ്കില്‍ കൂടി,  പരസ്പരവിനിമയത്താല്‍ വികസ്വരമായ, സമ്പന്നമായ ഒരു സാംസ്‌കാരികസ്വത്വം അവര്‍ക്ക്‌ അവകാശപ്പെടാനുണ്ടായിരുന്നു. അന്നൊക്കെ പര്‍ദ്ദ പോലുള്ള വേഷവിധാനങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് തീര്‍ത്തും അന്യമായിരുന്നു എന്ന് തന്നെ പറയാം. പില്‍ക്കാലത്ത്‌ സമൂഹത്തെ കുറിച്ചോ ചുറ്റുലോകത്തെ കുറിച്ചോ യാതൊരു ധാരണയുമില്ലാതെ പുതുതായി കാണുന്നതിനെയെല്ലാം മതവിരുദ്ധവും നിഷിദ്ധവുമായി എണ്ണാന്‍ മാത്രമറിയുന്ന ഒരു മതനേതൃത്വം ഉയര്‍ന്നു വന്നു. സ്ത്രീവിദ്യാഭ്യാസം നിഷിദ്ധമായി കരുതുകയും സ്ത്രീകള്‍ പുറത്തിറങ്ങുന്നത് പോലും വിലക്കുകയും ചെയ്ത ഇവരാല്‍ ഇസ്ലാമികസമൂഹം നിയന്ത്രിക്കപ്പെടുന്ന ദുരവസ്ഥയില്‍, ഇതിനെതിരെ മുസ്‌ലിം പണ്ഡിതരില്‍ നിന്ന് തന്നെ എതിര്‍പ്പുകളും പരിഷ്കരണശ്രമങ്ങളും ഉയര്‍ന്നു വന്നു.

 ദൌര്‍ഭാഗ്യവശാല്‍ ആ ‘നവോത്ഥാന’വാദികളില്‍ മിക്കവരും ഊര്‍ജ്ജം സ്വീകരിച്ചത്‌ ഇവിടത്തെ ‘നിഷ്കളങ്ക യാഥാസ്ഥിതിക’രേക്കാള്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിലോമകതയും ഉള്ളിലേറിയ  ചില അറേബ്യന്‍ ആശയപ്രസ്ഥാനങ്ങളില്‍ നിന്നോ രാഷ്ട്രീയ ഇസ്ലാം / ആഗോള ഇസ്ലാം എന്ന ‘നവജാഗരണം’ പ്രൊമോട്ട് ചെയ്തവരില്‍ നിന്നോ ആയിരുന്നു. കേരളമുസ്ലിംകളില്‍ വലിയ ആള്‍ബലം സൃഷ്ടിക്കാന്‍ ഇന്നും ഇവര്‍ക്കായിട്ടില്ലെങ്കിലും മുസ്ലിം സ്ത്രീയുടെ സിംബല്‍ ആയി പര്‍ദ്ദ ഇവിടെ വേരോടിയതില്‍ വിദ്യാസമ്പന്നരിലും മറ്റും ഇവരുണ്ടാക്കിയ സ്വാധീനം  വലിയൊരു ഹേതുവാണ്. മാപ്പിളത്തനിമക്ക് മേലുള്ള ‘ആഗോള ഇസ്ലാം’ അധിനിവേശം വേഷത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല; കേരളീയമുസ്ലിംകളുടെ തന്നെ സാംസ്‌കാരിക ജാഗ്രത അര്‍ഹിക്കുന്ന വിഷയമാണത്.  ഗള്‍ഫ്‌ കുടിയേറ്റമാണ് കേരളത്തില്‍ പര്‍ദ്ദ വ്യാപകമാക്കിയ മറ്റൊരു ഘടകം. ഒപ്പം സമര്‍ത്ഥരായ ചില വ്യാപാരികള്‍ മികച്ച വിപണനതന്ത്രത്തിലൂടെ പര്‍ദ്ദയെ ഒരു ‘ഫാഷന്‍’ ട്രെന്‍ഡ് ആക്കിയെടുത്തിട്ടുമുണ്ട്. ബാബറിമസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം സമുദായത്തില്‍ ഉടലെടുത്ത അരക്ഷിതബോധത്തിന്‍റെ പ്രതിഫലനമെന്നോണം കൂടുതല്‍ മതാത്മകസ്വത്വത്തിലേക്ക്‌ മടങ്ങിയതിന്റെ അടയാളമായി ഇതിനെ വായിച്ചെടുക്കുന്ന സാമൂഹ്യനിരീക്ഷകരും ഉണ്ട്. ചിലര്‍ പര്‍ദ്ദയെ ഇസ്ലാമിക ചിഹ്നമായി പ്രൊമോട്ട് ചെയ്യുമ്പോള്‍ അക്കാരണം കൊണ്ട് മാത്രം പര്‍ദ്ദയോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്ന മറ്റു ചിലരുമുണ്ട്. വിദ്യാലയങ്ങളില്‍ സ്കാര്‍ഫ് ധരിക്കലും മറ്റും നിരോധിച്ച് കൊണ്ട് ഇടയ്ക്കും തലക്കും ഉണ്ടാകുന്ന വിവാദങ്ങള്‍ ചുഴിഞ്ഞു ചെന്നാല്‍ ചില അസഹിഷ്ണുതകള്‍ അവയ്ക്ക് പിന്നിലും കണ്ടെത്തിയേക്കാം. ഈ കോലാഹലങ്ങള്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ അനാവശ്യമായ വിള്ളലുകള്‍ ആണുണ്ടാക്കുന്നത്.

വേഷം എന്നത് ആത്യന്തികമായി വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ വിഷയമാണ്. അനുയോജ്യമോ സൌകര്യപ്രദമോ ആയ വേഷം ധരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്; ആണിനും പെണ്ണിനും. മതശാസനയെന്നു ധരിച്ചോ അല്ലാതെയോ സ്വമേധയാ പര്‍ദ്ദയുള്‍പ്പെടെയുള്ള ഏതും ധരിക്കാനോ നിരാകരിക്കാനോ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ട്. സമൂഹത്തിലെ ഒട്ടുവളരെപ്പേര്‍ പര്‍ദ്ദയെ ഒരു വേഷമായി സ്വമേധയാ തെരഞ്ഞെടുത്തിരിക്കുന്നിടത്തോളം അതിനെതിരെ അസഹിഷ്ണുത വളരുന്നതും അഭികാമ്യമായി കരുതുന്നില്ല. കാരണം, നാളെ പര്‍ദ്ദധാരികള്‍ക്കെതിരെയുള്ള ഏതൊരു മോബ് വയലന്‍സും ന്യായീകരിക്കപ്പെടുകയോ, കുറഞ്ഞപക്ഷം നിസ്സംഗതയോടെ സ്വീകരിക്കപ്പെടുകയോ ചെയ്തേക്കാം എന്ന അപകടം അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. കേരളത്തിന്‌ വെളിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. തികച്ചും മതേതര-മാനുഷിക വീക്ഷണകോണില്‍ പര്‍ദ്ദയെ എതിര്‍ക്കുന്നവര്‍ അത്തരം ഫാസിസ്റ്റ് അജണ്ടകള്‍ക്ക്‌ കരു ആകാതിരിക്കാന്‍ കൂടി ജാഗ്രത പുലര്‍ത്തണം... പര്‍ദ്ദ ധരിക്കുന്നത് കൊണ്ടോ നിരാകരിക്കുന്നത് കൊണ്ടോ മാത്രം മുസ്ലിം സ്ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടാകില്ല. പരിഷ്ക്കരണങ്ങള്‍ അകമേ ഉരുവം കൊള്ളണം; പുറമേയുള്ള അടിച്ചേല്പിക്കലുകള്‍ വിപരീതഫലമേ സൃഷ്ടിക്കൂ.

അതോടൊപ്പവും പറയട്ടെ:  'പുറത്തേക്കെടുക്കല്‍' അനിവാര്യമാകുമ്പോള്‍ മുഖമുള്‍പ്പെടെ ദേഹമാകെ മൂടി പൊതിഞ്ഞു കെട്ടി കൊണ്ട് നടക്കേണ്ട 'സാധന'മായി പെണ്ണിനെ ട്രീറ്റ്‌ ചെയ്യലാണ് മതം എന്ന രീതിയില്‍ പ്രചണ്ടപ്രചാരം നടത്തുന്ന, കേവല ചിഹ്നബദ്ധമായ സ്വത്വസംരക്ഷണം മാത്രമായി മതത്തെ ചുരുട്ടിക്കെട്ടുന്ന 'മതബോധി'കളുടെ ഉപരിപ്ലവത തുറന്നു കാണിക്കുകയും അവരുടെ സേവനം നിഷേധാത്മകത മാത്രമാണ് എന്ന് തിരിച്ചറിയുകയും വേണം. പൊതുവേ മറ്റുസമൂഹങ്ങളിലും ഇങ്ങനെ പ്രകടനാത്മക മതചിഹ്നങ്ങളില്‍ അഭിരമിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. പടിഞ്ഞാറന്‍ ‘ഇസ്ലാം വൈരി’കളും (ഇസ്ലാമോഫോബിയ എന്ന പദം എത്രമേല്‍ സംഗതമാണ് എന്ന് സംശയമുണ്ട്‌) ഇന്ത്യന്‍ സവര്‍ണ്ണഫാസിസ്റ്റുകളുമൊക്കെ താടി-തൊപ്പി-പര്‍ദ്ദ എന്നിവയെ തീവ്രവാദ ചിഹ്നങ്ങളായി പൊതുബോധത്തിലേക്ക്‌ നിരന്തരം കടത്തിവിടുമ്പോള്‍, കൂടുതല്‍ തീക്ഷ്ണതയോടെ അവയെ എടുത്തണിഞ്ഞു കൊണ്ട് അത്തരം വിദ്വേഷപ്രചരണങ്ങളെ ചെറുക്കുക എന്നൊരു നിലപാടിലേക്ക് ഒരുവിഭാഗം ചെന്നെത്തുന്നുണ്ട്. വേഷത്തെ കുറിച്ച ഏതൊരു ചര്‍ച്ചയെയും വൈകാരികമായും സിനിക്കല്‍ ആയും സമീപിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നതും അത്തരം വിദ്വേഷാധിഷ്ഠിത പ്രചരണങ്ങള്‍ ആകാം. എന്നാല്‍, എത്രകാലം  ഇങ്ങനെ അപരഭീതി കാരണം സ്വയം പണിത തോടിനുള്ളില്‍ സുരക്ഷിതത്വം കണ്ടെത്തും?!

വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാത്ത, സ്വയം നവീകരണത്തിന് സന്നദ്ധമാകാത്ത, ചലനാത്മകതയെ അണകെട്ടി നിര്‍ത്തുന്ന ഒരു സമൂഹവും ചരിത്രം വിരചിക്കുന്നില്ല. ന്റുപ്പുപ്പാക്കൊരാനെണ്ടാര്‍ന്നു എന്ന് നിരന്തരം ഉരുവിടുന്നത് സ്വയം പരിഹാസ്യരാക്കുകയേ ഉള്ളൂ! അവിടെയാണ് മതതത്വങ്ങളെയും മുന്‍ഗണനാക്രമങ്ങളെയും കാലോചിതം പുനര്‍വായന നടത്താന്‍ കഴിവുള്ള പണ്ഡിതരും ദര്‍ശനികരും മുന്നോട്ട് വരേണ്ടതിന്റെയും അവര്‍ ബഹുജനസ്വീകാര്യത കൈവരിക്കേണ്ടതിന്റെയും പ്രസക്തി.

(സമകാലിക മലയാളം,  ലക്കം: 23-11-2012  പ്രസിദ്ധീകരിച്ച ലേഖനം)