Tuesday, March 24, 2020

കൊറോണവൈറസ് / കോവിഡ്-19 : ശങ്കയും ആശങ്കയും

കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് അറിയേണ്ടതെല്ലാം ലോകാരോഗ്യസംഘടന വിശദീകരിക്കുന്നു. ഒപ്പം നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് മറുപടിയും.

സ്വതന്ത്ര പരിഭാഷ, സംഗ്രഹം: ബച്ചൂ മാഹി 


എന്താണ് കൊറോണവൈറസ് / കോവിഡ്-19? 
മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന പരസ്പരം ജനിതകബന്ധമുള്ള വിവിധയിനം വൈറസുകൾ ഉൾക്കൊള്ളുന്ന വലിയൊരു കുടുംബമാണ് കൊറോണവൈറസുകൾ എന്ന് പൊതുവിൽ വിളിക്കപ്പെടുന്നത്. മനുഷ്യരിൽ സാദാ ജലദോഷം മുതൽ തീവ്രമായ MERS, SARS വരെയുള്ള ശ്വസനസംബന്ധിയായ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്ന വിരുതന്മാർ ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഏറ്റവും അടുത്തകാലത്തായി കണ്ടെത്തിയ ഒരു കൊറോണവൈറസ് ഉണ്ടാക്കിയ സാംക്രമിക രോഗമാണ് കോവിഡ് 19. ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഈ വൈറസും രോഗവും അജ്ഞാതമായിരുന്നു. 

ലക്ഷണങ്ങൾ? 
കോവിഡ്-19ൻ്റെ സർവ്വസാധാരണമായ ലക്ഷണങ്ങൾ പനി, ക്ഷീണം, വരണ്ട ചുമ ഇവയാണ്. ചില രോഗികൾക്ക് ശരീര / മസിൽ വേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം ഇവയും കണ്ടേക്കാം. ഈ ലക്ഷണങ്ങൾ ലഘുവായതും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകളിൽ വൈറസ് ബാധക്ക് ശേഷവും എന്തെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ കണ്ടില്ലെന്നും വരാം. കൂടുതൽ ആളുകളും (80% വരെ) പ്രത്യേക ചികിത്സ ഒന്നും കൂടാതെ സുഖപ്പെടുന്നു. കോവിഡ്-19 ബാധിക്കുന്ന ആറുപേരിൽ ഒരാൾ എന്ന കണക്കിൽ ഗുരുതരാവസ്ഥയിൽ ആകുകയും ശ്വസനം പ്രയാസകരമാകുകയും ചെയ്യും. പ്രായമുള്ളവരും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യത ഏറെയാണ്. പനി, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഇവ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.

രോഗം പകരുന്നത് എങ്ങനെ? 
രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ഉച്ഛ്വസിക്കുകയോ ചെയ്യുമ്പോൾ അയാളുടെ മൂക്കിൽ നിന്നോ വായിൽ നിന്നോ തെറിക്കുന്ന ചെറുകണങ്ങളിലൂടെയാണ് രോഗം പകരുന്നത്. രോഗബാധിതന് ചുറ്റുമുള്ള വസ്തുക്കളിലും പ്രതലങ്ങളിലും ആ ചെറുകണങ്ങൾ പറ്റിയിരിക്കുകയും മറ്റുളളവർ അവിടെ തൊട്ട കൈകൊണ്ട് സ്വന്തം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ രോഗം അവരിലേക്കെത്തുന്നു. രോഗബാധിതർ ചുമയ്ക്കുകയോ തുമ്മുകയോ ഉച്ഛ്വസിക്കുകയോ വഴി പുറത്തേക്ക് വമിപ്പിക്കുന്ന ചെറുകണങ്ങൾ ശ്വസിക്കുക വഴിയും രോഗം പിടിപെടാം. അതുകൊണ്ടാണ് രോഗബാധിതനിൽ നിന്ന് ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കണമെന്ന് പറയുന്നത്. രോഗം പകരുന്ന വഴികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.  

വായുവിൽക്കൂടി പകരുമോ?
ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡ്-19ന് ഹേതുവായ വൈറസ് പ്രധാനമായും പകരുന്നത്  ശ്വസനേന്ദ്രിയങ്ങളിൽ നിന്ന് വമിക്കുന്ന ചെറുകണങ്ങളിൽ കൂടിയാണ് എന്നാണ്. 

രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരാൾക്ക് രോഗം പകർത്താനാകുമോ?
രോഗിയായ ഒരാൾ ചുമയ്ക്കുന്നത് വഴി പുറന്തള്ളുന്ന കണങ്ങൾ ആണ് പ്രധാനമായും രോഗം പരത്തുന്നത്. യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത ഒരാളിൽനിന്ന് പകരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ കോവിഡ്-19 ബാധിച്ച പലർക്കും തീരെ ലഘുവായ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുന്നുളളൂ. രോഗത്തിൻ്റെ പ്രാഥമികഘട്ടത്തിൽ അങ്ങനെയാണ്. ഉദാഹരണമായി പറഞ്ഞാൽ, നേരിയ ചുമ മാത്രമുള്ള മറ്റ് യാതൊരു വൈഷമ്യവും ഇല്ലാത്ത ഒരാളിൽനിന്ന് കോവിഡ്-19 പിടിപെടാനുള്ള സാധ്യത നിലനിൽക്കുന്നു. രോഗം പകരുന്ന കാലയളവിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. 

മലത്തിലൂടെ പകരുമോ?
സാധ്യത കുറവാണ്. രോഗിയുടെ മലത്തിൽ വൈറസ് ഉണ്ടായേക്കാം എന്ന് ആദ്യഗവേഷണങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും ആ വഴിക്ക് രോഗം പടർന്ന് പിടിച്ചിട്ടില്ലെന്ന കണ്ടെത്തലിനാണ് പ്രാമുഖ്യം. ഗവേഷങ്ങൾ ഇപ്പോഴും തുടരുക തന്നെയാണ്. റിസ്ക് ഒഴിവാക്കാൻ ശുചിമുറിയിൽ പോയതിന് ശേഷവും ഭക്ഷണത്തിന് മുൻപും കൈകൾ വൃത്തിയാക്കുക. 

സ്വയം സുരക്ഷിതനാകാനും രോഗം പടരാതിരിക്കാനും എനിക്ക് എന്ത് ചെയ്യാൻ കഴിയും?
ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റ്, നിങ്ങളുടെ ദേശീയ, തദ്ദേശീയ ആരോഗ്യവകുപ്പുകൾ ഇവ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്ന  കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ യഥാവിധി ഉൾക്കൊള്ളുക. പ്രവചനാതീതമാണ് കാര്യങ്ങൾ. പുതിയ വൃത്താന്തങ്ങൾക്കായി അപ്പപ്പോൾ വാർത്തകൾ പരിശോധിക്കുക. ചില നിസ്സാരമായ കാര്യങ്ങൾ വഴി നിങ്ങൾക്ക് സ്വയം സുരക്ഷിതനാകാനും രോഗപ്പകർച്ച തടയാനും കഴിയും. 
* ആൽക്കഹോൾ ആധാരമാക്കിയ ഹാൻഡ് റബ് കൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ നന്നായി ശുദ്ധിയാക്കുക. അവ നിങ്ങളുടെ കൈകളിലെ വൈറസിനെ നശിപ്പിക്കും.   
* മറ്റൊരാളിൽനിന്ന് ഒരു  മീറ്റർ അകലം പാലിക്കുക. അയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിൽ വൈറസ് ഉണ്ടാകാനും നിങ്ങൾ അത് ശ്വസിച്ച് ഉള്ളിൽ എത്താനുമുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലപാലനം.
 * സ്വയം മുഖം  തൊടുന്നത് ഒഴിവാക്കുക. നാം പലയിടത്തും തൊടുന്നത് വഴി കൈകളിൽ വൈറസ് പറ്റിയിരിക്കാം.  കണ്ണ്, മൂക്ക്, വായ എന്നിവയിൽക്കൂടി ആ വൈറസ് ഉള്ളിൽ എത്താതിരിക്കാനാണ് ഈ മുൻകരുതൽ. 
* നിങ്ങളും ചുറ്റുമുള്ളവരും ആരോഗ്യകരമായ ശ്വസനരീതികൾ പാലിക്കുന്നു എന്നുറപ്പ് വരുത്തുക. അതായത്  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മടക്കിയ കൈമുട്ട് കൊണ്ടോ ടിഷ്യൂ കൊണ്ടോ വായും മൂക്കും മറച്ചുപിടിക്കുക. ആ ടിഷ്യൂ ഉടനെ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുക. ഓർക്കുക, മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വമിക്കുന്ന ദ്രവകണങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. 
* അസ്വാസ്ഥ്യം തോന്നുകയാണെങ്കിൽ.വീട്ടിൽതന്നെ കഴിയുക. ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക. നിങ്ങൾ അടുത്തായി യാത്രകൾ നടത്തുകയോ യാത്ര കഴിഞ്ഞ് വന്നവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ആരോഗ്യപ്രവർത്തകരുമായി പങ്ക് വയ്ക്കുക. അവർക്ക് നിങ്ങളെ ശരിയായി ഗൈഡ് ചെയ്യാനും കോവിഡ് വ്യാപനത്തെ ചെറുക്കാനും കഴിയും.

എനിക്ക് കോവിഡ്-19 പിടിപെടാനുള്ള സാധ്യത എത്രത്തോളമാണ്?
അത് നിങ്ങൾ ഏത് പ്രദേശത്താണ് എന്നതിനെ  ആശ്രയിച്ചാണ്. സർക്കാറുകളും ആരോഗ്യ അധികൃതരും ജാഗ്രതയോടെ നടപടികൾ കൈക്കൊള്ളുന്നുണ്ട്. യാത്ര, പൊതുസ്ഥലങ്ങളിലെ വിഹാരം, ജനങ്ങളുടെ ഒത്തുചേരൽ എന്നിവയുടെ കാര്യത്തിൽ  നിങ്ങളുടെ നാട്ടിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളോടും പൂർണമായി സഹകരിക്കുക. അത് നിങ്ങളെ സുരക്ഷിതരാക്കും. ചൈനയിൽ സാധ്യമായത് പോലെ നമുക്ക് ഇതിൻ്റെ വ്യാപനം തടയാനാകും. നിങ്ങളുടെ പ്രദേശത്തെ നില അപ്പപ്പോൾ അറിഞ്ഞ് മുൻകരുതൽ സ്വീകരിക്കുക വളരെ പ്രധാനമാണ്. 

രോഗത്തെ പ്രതി എത്രത്തോളം ഉത്കണ്ഠപ്പെടണം?
കുട്ടികളിലും യുവതീയുവാക്കളിലും കോവിഡ്-19 രോഗബാധ താരതമ്യേന ലഘുവായ പ്രതികരണമാണ് ഉണ്ടാക്കുന്നത്. എങ്കിലും ചിലരിൽ അത് ഗുരുതരമായേക്കാം. അഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ ആശുപത്രിവാസം അനിവാര്യമായി വന്നു എന്നാണ് ഇതുവരെയുള്ള കണക്കുകൾ. ആശങ്ക സ്വാഭാവികമാണ്. മുൻചൊന്ന ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും തദ്ദേശീയ ആരോഗ്യ അധികൃതരുടെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ശിരസാ വഹിക്കുകയും ചെയ്യുക മാത്രമാണ് പോംവഴി. 

ആർക്കാണ് ഗുരുതരമാകാൻ സാധ്യത?
ഇക്കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ തുടരുകയാണെങ്കിലും നിലവിലെ സൂചനകൾ പ്രകാരം പ്രായമായവരിലും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ ഇവയിലേതെങ്കിലും ഉള്ളവർക്കും മറ്റുളളവരെ അപക്ഷിച്ച് രോഗം ഗുരുതരമാകാൻ ഇടയുണ്ട്. 

ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണോ?
അല്ല. ആന്റിബയോട്ടിക്കുകൾ വൈറസിൻ്റെ കാര്യത്തിൽ നിഷ്‌ഫലമാണ്.  അവ ബാക്ടീരിയ ബാധക്ക് മാത്രമാണ് ഉപകരിക്കൂ. കോവിഡ്-19 വൈറസ് മൂലമുള്ള രോഗമാണ്. കോവിഡ്-19നെ ചെറുക്കാനോ ചികിൽസിക്കാനോ ഒരു കാരണവശാലും  ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ബാക്ടീരിയ അണുബാധ ഉണ്ടെങ്കിൽ മാത്രം അവ ആരോഗ്യവിദഗ്ദ്ധൻ്റെ നിർദ്ദേശാനുസാരം ഉപയോഗിക്കാം.   

കോവിഡ്-19 പ്രതിരോധിക്കാനോ സുഖപ്പടുത്താനോ എന്തെങ്കിലും വാക്‌സിനോ  മരുന്നോ ചികിത്സയോ ഉണ്ടോ?
ഇല്ല; വാക്സിനൊ ആന്റിവൈറൽ മരുന്നുകളോ ഇന്നോളം ഇല്ല. ഗുരുതരാവസ്ഥയിൽ ഉള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവർക്ക് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള സപ്പോർട്ടീവ് കെയർ നൽകുകയാണിപ്പോൾ ചെയ്തുവരുന്നത്. പലരും അങ്ങനെ സുഖം പ്രാപിക്കുന്നുണ്ട്. പ്രതിരോധത്തിനോ രോഗം മാറാനോ എന്നോണം ചിലർ സ്വമേധയാ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുപയോഗിച്ചു നടത്തുന്ന സ്വയം ചികിത്സയെ ഞങ്ങൾ നിരുത്സാഹപ്പെടുത്തുന്നു. വാക്സിനുകൾ, മരുന്നുകൾ കണ്ടെത്താനുള്ള പഠനങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. പലതും പരീക്ഷണഘട്ടത്തിലാണ്. മരുന്നും വാക്സിനും കണ്ടെത്താനുള്ള ഉദ്യമങ്ങൾ ഏകോപിപ്പിക്കുകയാണ് ഞങ്ങൾ. 

സാർസും കോവിഡും ഒന്നാണോ?
അല്ല. രണ്ടും ഉണ്ടാക്കുന്നത് ജനിതകസാമ്യതയുള്ള വൈറസുകളാണ് എന്ന് മാത്രം. സാർസിന് കൂടുതൽ പ്രഹരശേഷിയുണ്ട്. പക്ഷെ പകർച്ചാ നിരക്ക് കുറവായിരുന്നു. 

സ്വയം സുരക്ഷക്കായി ഞാൻ എപ്പോഴും മാസ്ക് ധരിക്കണോ?
നിങ്ങൾക്ക് കോവിഡ്-19 ലക്ഷണം ഉണ്ടെങ്കിൽ, അഥവാ കോവിഡ് സംശയിക്കുന്ന ഒരാളെ പരിചരിക്കുന്നുണ്ടെങ്കിൽ മാത്രം മാസ്‌ക് ധരിക്കുക. ഡിസ്പോസിബിൾ മാസ്‌ക് ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മാസ്‌കുകളുടെ ദൗർലഭ്യം പരിഗണിച്ച് ജനങ്ങൾ അവ യുക്തിപൂർവ്വം വിനിയോഗിക്കണം എന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.  മുൻപ് പറഞ്ഞ സുരക്ഷാ-ശുചിത്വ ഉപാധികൾ കൈക്കൊള്ളുക.

എങ്ങനെയാണ് മാസ്‌ക് ഉപയോഗിക്കേണ്ടതും ഊരേണ്ടതും കളയേണ്ടതും?
ഓർക്കുക, ആരോഗ്യപ്രവർത്തകരും രോഗിയെ പരിചരിക്കുന്നവരും പനി, ചുമ തുടങ്ങിയ ശ്വാസകോശ അസുഖങ്ങൾ ഉള്ളവരും മാത്രമാണ് മാസ്‌ക് ധരിക്കേണ്ടത്. മാസ്‌ക് തൊടുന്നതിന് മുൻപ് കൈകൾ യഥാവിധി അണുമുക്തമാണെന്ന് ഉറപ്പ് വരുത്തുക. മാസ്കിൽ കീറലോ ദ്വാരമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. മുകൾ വശവും പുറം വശവും കൃത്യമായി പാലിച്ച് മൂക്കിന് മുകളിലേക്കും താഴെ വായും താടിയെല്ലും മറച്ചുമാണ് ധരിക്കേണ്ടത്. ചെവിക്ക് മുകളിലുള്ള ഇലാസ്റ്റിക് ലൂപ്പിൽ പിടിച്ച് വേണം ഊരിമാറ്റാൻ. മറ്റെവിടെയും തൊടരുത്. ഉടനെ അടഞ്ഞുകിടക്കുന്ന വെയ്സ്റ്റ് ബിന്നിലേക്ക് ഇടുക. കൈകൾ  വീണ്ടും യഥാവിധി അണുമുക്തമാക്കുക.

കോവിഡ്-19ൻ്റെ ഇൻക്യൂബേഷൻ കാലയളവ് എപ്രകാരമാണ്?
വൈറസ് ബാധിക്കുന്നതിനും ലക്ഷങ്ങൾ കണ്ടുതുടങ്ങുന്നതിനും ഇടയ്ക്കുള്ള സമയമാണ്  ഇൻക്യൂബേഷൻ കാലയളവ്. ഒന്ന് മുതൽ 14 ദിവസം വരെയാകാം ഇത്. കൂടുതലായി കണ്ടുവരുന്നത് 5 ദിവസമാണ്. 

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടോ?
അത്തരം സാധ്യതയെ തള്ളിക്കളയാനാകില്ല. മൃഗങ്ങളിൽ സാധാരണമായ വലിയൊരു വൈറസ് കുടുംബമാണ് കൊറോണവൈറസുകൾ. ഈ ഗണത്തിലെ വൈറസുകൾ പലപ്പോഴും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുകയും പിന്നീട് ഇതര മനുഷ്യരിലേക്ക് വ്യാപിക്കുകയുമാണ്. ഉദാഹരണത്തിന് സാർസ് വെരുകിൽ നിന്നും മെർസ് ചിലയിനം ഒട്ടകങ്ങളിലുമാണ് ഉടലെടുത്തത്. കോവിഡ്-19ൻ്റെ സ്രോതസ്സ് എന്തെന്നത് ഇനിയും  സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളെയും മൃഗങ്ങൾ ഇടപഴകിയ പ്രതലങ്ങളുമായും നേരിട്ടുള്ള കോണ്ടാക്റ്റ്  ഒഴിവാക്കുക. ഭക്ഷ്യ സുരക്ഷാ ഉപായങ്ങൾ പാലിക്കുക. മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ ഇവ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ജന്തുജന്യ ഉല്പന്നങ്ങൾ പാകം ചെയ്യാതെയോ ശരിയായി വേവിക്കാതെയോ കഴിക്കുന്നത് ഒഴിവാക്കുക. ഹോങ്കോങ്ങിൽ ഒരു പട്ടിക്ക് പിടിപെട്ട ഒറ്റ സംഭവമാണ് വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ റിപ്പോർട്ട് ചെയപ്പെട്ടത്. പട്ടിയോ പൂച്ചയോ മറ്റു വളർത്തുമൃഗങ്ങളോ ഇത് പടർത്തുന്നതായി തെളിവില്ല.

വ്യത്യസ്തപ്രതലങ്ങളിൽ ഏത് വരെയാണ് ഈ വൈറസിൻ്റെ ആയുസ്സ്? 
ഇക്കാര്യത്തിൽ കൃത്യമായ ഉത്തരമില്ല. പൊതുവെ കൊറോണവൈറസുകൾ (കോവിഡ്-19നെക്കുറിച്ച പ്രാഥമിക വിവരങ്ങളും അതുമായി ഒത്തുപോകുന്നു) വ്യത്യസ്ത അവസ്ഥകളിൽ ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നശിക്കാതെ നിലനിൽക്കും എന്നാണ് പഠനങ്ങൾ. പ്രതലം ഏതാണെന്നതും അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം ഇവയിലെ വ്യതിയാനവും അനുസരിച്ച് വൈറസിൻ്റെ അതിജീവന കാലയളവ് മാറിവരും. ഏതെങ്കിലും പ്രതലം അണുബാധ സംശയിക്കുന്നുവെങ്കിൽ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ശേഷം കൈകൾ അണുമുക്തമാക്കുക. കണ്ണുകൾ, മൂക്ക്, വായ തൊടുന്നത് ഒഴിവാക്കുക. 

കോവിഡ്-19 സ്ഥിരീകരിച്ച പ്രദേശത്ത് നിന്നുള്ള പാർസലുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണോ?
അതെ. രോഗബാധിതനായ ഒരു വ്യക്തി വാണിജ്യ ഉല്പന്നങ്ങൾ മലിനമാക്കുക എന്നത് വിരളമായ സാധ്യതയാണ്. അതുമല്ല അത്തരമൊരു പൊതി വ്യത്യസ്ത സ്ഥലങ്ങളിലൂടെയും ഊഷ്മാവിലൂടെയും സഞ്ചരിച്ച് വൈറസിനെ നിലനിർത്തും എന്നത് അതിലേറെ അസംഭവ്യവും. 

ഞാൻ എന്തെങ്കിലും ചെയ്യാതിരിക്കണോ?
ചിലർ എങ്കിലും പുകവലി, ഒന്നിലേറെ മാസ്ക് ധരിക്കൽ, ആന്റിബയോട്ടിക് കഴിക്കൽ ഇവയൊക്കെ കോവിഡ്-19 ചെറുക്കും എന്ന് വിശ്വസിക്കുന്നുണ്ട്. അത്തരം ധാരണകൾ തെറ്റാണ് എന്നതിനൊപ്പം അപായകരം കൂടിയാണ്. 
എന്ത് തന്നെയാകട്ടെ, ചുമ, പനി, ശ്വാസതടസ്സം ഇവ അനുഭവപ്പെട്ടാൽ എത്രയും നേരത്തെ വൈദ്യസഹായം തേടുക. അത് കൂടുതൽ ഗുരുതരമായ അവസ്ഥയിലെത്തുന്നത് തടഞ്ഞേക്കാം. നിങ്ങൾ അടുത്തിടെയായി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം നിങ്ങളുടെ ആരോഗ്യസേവന ദാതാക്കളുമായി പങ്ക് വയ്ക്കുക.

Source: https://www.who.int/news-room/q-a-detail/q-a-coronaviruses