Saturday, February 27, 2010

രണ്ടു കൊട്ടാരം ജ്യോത്സ്യരുടെ കഥ

മഹാരാജാവിന്റെ ലക്ഷണം പറഞ്ഞ രണ്ടു പേരുടെ കഥ.

ഒന്നാമന്: "രാജാവേ, അങ്ങയുടെത് പോലൊരു ദോഷജാതകം വേറെ ഞാന് കണ്ടിട്ടില്ല; ബന്ധുജനം ഒന്നൊന്നായി വിട പറയുന്നതിന് അങ്ങ് സാക്ഷിയാകും."
കരുണാമയനായ രാജാവിന്റെ കടാക്ഷത്താല് ജ്യോത്സനു പെട്ടെന്ന് തന്നെ യമപുരിയാത്ര തരപ്പെട്ടു.
രണ്ടാമന്: "മഹാരാജന്, എന്തൊരു ഭാഗ്യജാതകമാണ് അങ്ങയുടെത്. ദീര്ഘായുസ്സായ അങ്ങ് ബന്ധുജനത്തേക്കാളൊക്കെ ഏറെക്കാലം ജീവിക്കും.
പട്ടും വളയും കൈ നിറയെ സ്വര്ണ്ണ നാണയങ്ങളൊക്കെയായി ആ സാധു മന്ദസ്മിതം തൂകി.

പാവം മോഹന് ലാല്!
ഒന്നാം ജ്യോല്സ്യരെ പോലെ ശുദ്ധഗതി.
മമ്മൂട്ടിയോ?
ഇടഞ്ഞ കൊമ്പനെ മസ്തകത്തില് എറിഞ്ഞു തളയ്ക്കുന്ന വി.കെ.എന്. കഥയിലെ മേനോനെ പോലെ ഒരൊറ്റ 'മഹാന്' സംബോധനയോടെ അഴീക്കോടിനെ നിലം പരിശാക്കിക്കളഞ്ഞു.
തിലകന് പ്രശ്നത്തിലും സൂപ്പര്സ്റ്റാര് വിഷയത്തിലും മോഹന് ലാല് പറഞ്ഞതില് നിന്ന് ഒരടി പിന്നോട്ട് പോയതുമില്ല.
തല്ലിയും തലോടിയും അടിതടവുകള്‍ പുറത്തെടുത്ത ഒരു ചേകവര്‍ പ്രകടനം... വാക്കിന്റെ കുലപതി ദേ കിടക്കുന്നു ഫ്ലാറ്റായി!
എഴുതിക്കൊടുത്തത് ഏറ്റുചൊല്ലി പഠിച്ചതെന്നാലും ഡയലോഗ് കുറിക്ക് കൊള്ളിക്കാന്‍ മെഗായോളം വരില്ല മറ്റാരും എന്ന്‍ അടിക്കുറിപ്പ്‌.

തിരശ്ശീലക്ക് വെളിയിലും തുടരുന്ന ഈ മെയ് വഴക്കം കൂടിയല്ലേ 'ചുള്ളനെ' അന്പത്താറിലും താരസിംഹാസനത്തില് തുടരാന് സഹായിക്കുന്നതും?!
അമ്മ പ്രസിഡന്റും സെക്ക്രട്ടറിയുമൊക്കെ അഭിപ്രായം പറഞ്ഞ് നിറുത്തിയെടുത്ത്, ഇനി അമ്മ പരസ്യപ്രസ്താവന നടത്തില്ല എന്നൊരു ഗുണ്ടോടെ തല്ക്കാലത്തേക്ക് 'വലിയേട്ടന് ഞാന് തന്നെ' എന്ന് പുള്ളി സ്ഥാപിച്ചെടുക്കുകയും ചെയ്തു!

മാക്റ്റ-ഫെഫ്ക-അമ്മ-വിനയന്-തിലകന്:
കുറച്ച് കാലമായി തുടരുന്ന താരങ്ങളുടെ ഈ ഓഫ്സ്ക്രീന് പ്രകടനം, ഒന്നാന്തരം കാഴ്ചാവിരുന്ന് തന്നെ; വിരുന്നൂട്ടുന്ന പ്രിയതാരങ്ങള്ക്ക് നാം നന്ദി പറയുക. തികച്ചും സൗജന്യമായി വീട്ടിലെ സ്വീകരണമുറിയില് കുടുംബസമേതം ഈ കിടിലന്‍ ‍ഷോ ആസ്വദിക്കുന്നിടത്തോളം മലയാളി എന്തിനു സിനിമാകൊട്ടകയില് കൊടുത്ത് കാശ് കളയണം?!
~ബച്ചൂ

Wednesday, February 24, 2010

ചില 'നബിദിന' ചിന്തകള്‍


ദര്‍ശനങ്ങള്‍ ഉദയം കൊണ്ടത്‌ മനുഷ്യനെ സംസ്ക്കരിക്കാനായിരുന്നു; ആചാര്യന്മാര്‍ ആകട്ടെ ഊതിക്കാച്ചിയ പൊന്ന് പോലെ സ്വയം മാതൃകകളായി ജ്വലിച്ചു. കാലാന്തരേണ ദര്‍ശനങ്ങള്‍ക്ക് ക്ലാവ് പിടിക്കുകയും ആചാര്യന്മാരുടെ യഥാര്‍ഥ അധ്യാപനങ്ങള്‍ പലതും വിസ്മരിക്കപ്പെടുകയും ചെയ്തു.  മാനുഷികതയിലൂന്നിയ മുഖ്യപാഠങ്ങള്‍ പിന്നോട്ട് തള്ളപ്പെടുകയോ, കാലങ്ങളില്‍ മൊത്തക്കുത്തക അവകാശപ്പെട്ടവരുടെ സൗകര്യാര്‍ഥം  തങ്ങളുടേതായ മൂശയില്‍ മാറ്റിപ്പണിയുകയോ ചെയ്യപ്പെട്ടു. ഇത് ഏതാണ്ടെല്ലാ ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും നേരിട്ട ദുര്‍വിധി.

നമ്മള്‍ തിരയേണ്ടത് തന്നെയല്ലേ, എല്ലാ ദര്‍ശനങ്ങളിലെയും മാനവികത?...
അത് പ്രചരിപ്പിക്കുകയും വേണം. ദോഷൈകദൃഷ്ടിയോടെ മതങ്ങളെ തള്ളിപ്പറഞ്ഞ് കൈകഴുകിയാല്‍ തീരുന്നതാണോ പ്രശ്നം?! അല്ല; വിസ്മരിക്കപ്പെട്ട മാനവികതകളെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്; ഒരു വിമോചനദൈവശാസ്ത്രം പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്. കാവലാളുകള്‍ തൂത്തുമാറ്റാന്‍ വിസമ്മതിക്കുന്ന ക്ലാവുകള്‍ തുടച്ചെടുത്ത് ദര്‍ശനങ്ങളെ പൂര്‍വ്വശോഭയോടെ ജനതതികള്‍ക്ക് വെളിച്ചം കാട്ടേണ്ടതായുമുണ്ട്...

മതദര്‍ശനങ്ങളും വെളിച്ചം കാട്ടിയ ആചാര്യന്മാരുടെ അധ്യാപനങ്ങളും പ്രായോഗികം തന്നെയായിരുന്നു. പക്ഷേ അവ കയ്യാളിയവര്‍ സ്വാര്‍ത്ഥതയുടെയോ മറ്റ് താല്‍പര്യങ്ങളുടെയോ ഇരയായി അവയെ വഴിതെറ്റിച്ച് വിടുമ്പോള്‍ കാഴ്ചക്കാരാവുകയല്ല നാം ചെയ്യേണ്ടത്. യഥാര്‍ഥ ദര്‍ശനങ്ങളിലേക്ക് അനുയായികളെ വഴിതിരിച്ച് വിട്ട് അവരെ മാനവികതയുടെ പ്രചാരകര്‍ തന്നെയാക്കുക എന്നതാണ്. ഒരു ദര്‍ശനവും ആര്‍ക്കും അനന്തരാവകാശം കിട്ടിയതല്ല.

എല്ലാ കള്ളിതിരിക്കലുകള്‍ക്കുമപ്പുറം മാനുഷികതയെ മഹത്വപ്പെടുത്തുന്ന ഇടപെടലുകളും വ്യക്തിസംസ്ക്കരണവും അതോടൊപ്പം ബഹുസ്വരസമൂഹത്തില്‍ സൗഹൃദപരമായ സഹവര്‍ത്തിത്വവും പ്രവാചകസന്ദേശങ്ങളുടെ അന്തര്‍ധാരയായിരുന്നെങ്കിലും, അദ്ദേഹത്തെ ഒരു വിഗ്രഹമാക്കിക്കളഞ്ഞവര്‍ (അങ്ങനെയല്ല എന്ന് അവകാശവാദം മുഴക്കാറുണ്ടെങ്കില്‍ കൂടി) വേഷഭൂഷാദികളുടെ അനുകരണമാണ് മുഖ്യം എന്ന പ്രതലത്തിലേക്ക് പ്രവാചകനെ അനുധാവനം ചെയ്യല്‍ ചുരുക്കിക്കളഞ്ഞപ്പോള്‍ മറ്റ് കാര്യങ്ങള്‍ പിന്തള്ളപ്പെട്ട് പോയതും, പലപ്പൊഴും തിരുവചനങ്ങളിലെ ആശയസാഗരം തിരിച്ചറിയാതെ കേവലാക്ഷരങ്ങളില്‍ അഭിരമിച്ചു പോയതുമാകാം മുസ്ലിം സമൂഹം ചിലപ്പോഴെങ്കിലും തങ്ങളുടെതായ ഒരു വൃത്തത്തില്‍ ചുരുണ്ടുപോകാന്‍ കാരണം എന്ന് തോന്നുന്നു. ഇതൊരു ദോഷൈക വീക്ഷണമല്ല; ക്രിയാത്മകമായ ഇടപെടലുകള്‍ ഇല്ലെന്നുമല്ല.

പുരുഷന്‍റെ ഭോഗപൂര്‍ത്തീകരണത്തിനായി വീണ്ടും വീണ്ടും പെണ്ണ് കെട്ടാമെന്ന ചില വ്യാഖ്യാനങ്ങള്‍ക്കിടയില്‍, മൌലവിമാര്‍ ഉദ്ധരിക്കാതെ വിടുന്ന 'ലൈംഗികാസ്വാദനത്തിനു നിങ്ങള്‍ക്കുള്ള അതേ അവകാശം ഭാര്യയ്ക്കുമുണ്ട്. അത് അവഗണിക്കരുത്; കിടപ്പറയില്‍ അവര്‍ക്കും സംതൃപ്തി വരുന്നത് വരെ സാവകാശമെടുക്കുക' എന്ന പ്രവാചകവചനം കേള്‍ക്കെ നാം അന്ധാളിക്കാതെ തരമില്ല; അദ്ദേഹവും പറഞ്ഞതും ഇവന്മാര്‍ പറഞ്ഞതും തമ്മില്‍ ആഴിയും ആമയും പോലെ അന്തരമുണ്ടല്ലോ എന്നോര്‍ത്ത്! കാലങ്ങളായി നടന്ന് പോരുന്ന മതത്തിന്റെ സ്ത്രീവിരുദ്ധ വായനയുടെ ആഴമോര്‍ത്ത് ഞെട്ടാതെയും തരമില്ല.

സംസാരിക്കുമ്പോള്‍ മിതത്വം പുലര്‍ത്താനും എത്ര തന്നെ അപ്രിയമായ കാര്യങ്ങള്‍ പറയുന്നവരോടും നല്ല വാക്കുകള്‍ കൊണ്ട് പ്രതിവചിക്കാനും അദ്ദേഹം ഉദ്ഘോഷിക്കുകയുണ്ടായി.
"മുഹമ്മദ്‌, നിന്റെ പ്രിയതമയെ എനിക്ക് കെട്ടിച്ചു തരാമോ" എന്ന് ചോദിച്ച അസംസ്കൃതനായ മനുഷ്യനെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ അനുയായികളെ തടഞ്ഞ് കൊണ്ട് "ഇസ്ലാം അതനുവദിക്കുന്നില്ലല്ലോ സോദരാ" എന്ന് ഒരു യോഗിക്ക് ചേരും വിധം ‍നിര്‍ന്നിമേഷനായി പ്രതിവചിച്ചതായി പ്രവാചകചരിത്രം പറയുന്നു. ‍മറ്റൊരിക്കല്‍ അറിവില്ലായ്മ കൊണ്ട് പ്രവാചകന്റെ പള്ളിയില്‍ മൂത്രമൊഴിച്ച ഏതോ അപരിഷ്കൃതഗോത്രക്കാരനെ പാരുഷ്യത്തോടെ സമീപിച്ചവരോട് 'അയാളെ വിട്ടയക്കൂ; എന്നിട്ട് അവിടെ കുറച്ച് വെള്ളമൊഴിച്ച് വൃത്തിയാക്കൂ! നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സൌമനസ്യമാണ്; അല്ലാതെ ജനങ്ങള്‍ക്ക് ദുഷ്ക്കരപാത തീര്‍ക്കലല്ല' എന്ന് പറഞ്ഞതായും നാമറിയുന്നു.

പ്രവാചകനെ അവഹേളിച്ചു എന്ന പേരില്‍ ക്വട്ടേഷന്‍ ടീമുകളായി തിരിയുന്നവരും, പൊതുനിരത്തില്‍ ഹാലിളക്കം കാട്ടുന്നവരും ഈ കഥ ഒരിക്കലെങ്കിലും കേട്ടില്ലെന്നാണോ?! അതോ പ്രവാചകനല്ല, ധ്രുവീകരണത്തിന്റെ രാസത്വരകമാണ് തങ്ങള്‍ തിരയുന്നത് എന്നതോ കാര്യം...?!
പൊതുവഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യല്‍ ദൈവാരാധനയാണെന്ന അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രസ്താവമെങ്കിലും കേട്ടു കാണുമോ, കരുത്ത് തെളിയിക്കാന്‍ റാലികള്‍ നടത്തി മണിക്കൂറുകള്‍ ട്രാഫിക് സ്തംഭനം നടത്തുന്ന മതസംഘടനകളുടെ വക്താക്കള്‍...?!

മതാത്മകമായ പ്രതലത്തില്‍ നിന്ന് കൊണ്ട് ചര്‍ച്ചകളില്‍ ഇടപെടുന്ന ചിലരെങ്കിലും സഭ്യേതരമായ രീതിയില്‍ പോലുംവൈകാരിക ഇളക്കങ്ങള്‍ കാണിക്കുമ്പോള്‍ ചോദിക്കാതെ വയ്യ:
ഏതൊരു മനുഷ്യനും പ്രകോപനം വരുന്ന തരത്തില്‍ തന്റെ സഹധര്‍മ്മിണിയെ വിട്ടു തരുമോ എന്ന് ചോദിച്ചവനോട് പോലും സമചിത്തത കൈവെടിയാത്ത മുഹമ്മദ് നബി അധ്യാപനം ചെയ്ത മതത്തിന്റെ ഉല്‍കര്‍ഷത്തിനായി ഇടപെടുന്നു എന്ന് ധരിച്ചാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്?! 'ഇവര്‍ ചെയ്യുന്നത് ഇവര്‍ തന്നെ അറിയുന്നീല....'

പെണ്‍കുട്ടികള്‍ ശാപമായി കരുതി ജീവനോടെ കുഴിച്ചു മൂടപ്പെട്ടിരുന്ന സമൂഹത്തില്‍ പെണ്‍ജന്മം ആഘോഷിക്കുന്ന തരത്തിലേക്ക് അനുയായികളെ പരിവര്ത്തിപ്പിച്ച ധീരനായ പരിഷ്കര്‍ത്താവിന്റെ ജന്മനാട്ടില്‍ തന്നെയാണ്, തീപിടിച്ച സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പുറത്ത് ചാടി 'ശരിയാം വണ്ണം' ദേഹം മറയ്ക്കാതെ അന്യപുരുഷന്മാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു കൂടാ എന്ന തീര്ച്ചയില്‍, ബന്ധിക്കപ്പെട്ട വാതിലിനു പിറകില്‍‍ പതിനഞ്ചു പെണ്‍കൗമാരങ്ങള്‍ വെന്തൊടുങ്ങിയത് എന്നത് വല്ലാത്ത വിധിവൈപരീത്യമാകാം. ചത്ത പന്നിയുടെ മാംസം ഭക്ഷിച്ചായാലും ജീവന്‍ നിലനിറുത്തുകയാണ്‌ ധര്‍മ്മം എന്നുദ്ഘോഷിച്ച പ്രവാചകന്‍, പൂര്‍ണ്ണ നഗ്നരായി റോഡില്‍ പ്രത്യക്ഷപ്പെടെണ്ടി വന്നാല്‍പോലും, അഗ്നിക്ക് ആഹാരമാകരുത് എന്നല്ലേ പറയുമായിരുന്നുള്ളൂ?!

സ്വയം ദാരിദ്ര്യം അനുഭവിച്ചപ്പോഴും തന്റെ വീട്ടിലെ കറി ജൂത അയല്‍ക്കാരനുമായി പങ്കിട്ട് സ്വയം മാതൃക പുലര്‍ത്തിയ അദ്ദേഹം, ഒരിക്കല്‍ ജൂതന്റെ ശവമഞ്ചം കണ്ട് അതിനെ വന്ദിച്ച് എഴുന്നേറ്റപ്പോള്‍ അത്രമേല്‍ മനസ്സ് വളരാത്ത ഒരനുചരന്‍ 'അതൊരു ജൂതന്റെ ശവമല്ലേ' എന്ന് ചോദിച്ചതിനു നീരസഭാവത്തില്‍ പ്രതിവചിച്ചത് 'അതൊരു മനുഷ്യന്റെ മൃതദേഹമാണ്' എന്നായിരുന്നു. (ജൂതര്‍ അദ്ദേഹത്തിനെതിരെ വളരെ ശത്രുതാപരമായി നീങ്ങിക്കൊണ്ടിരുന്ന ഒരവസരത്തില്‍ തന്നെയായിരുന്നു ഇതെന്നും ഓര്‍ക്കുക.)
സുഹൃദ് സന്ദര്‍ശനം നടത്തിയ ക്രൈസ്തവ പാതിരിമാരെ, തന്റെ പള്ളിയില്‍ അവരുടെ തന്നെ ആചാരമനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തതും സുവിദിതമാണല്ലോ!
സ്വന്തമായ സരണിയില്‍ വെളിച്ചം കാട്ടിയപ്പോഴൊന്നും ആചാര്യന്മാര്‍ 'വൃത്തത്തിനു പുറത്തുള്ളവരെന്ന' തരം തിരിവ് കാട്ടാന്‍ പ്രോല്സാഹിപ്പിച്ചില്ല എന്ന് സാരം...

ഒരിക്കല്‍ ഒരു പണ്ഡിതനോട് ചോദിച്ചു: തങ്ങളാണ് യഥാര്‍ഥമായും പ്രവാചകനെ അനുകരിക്കുന്നവര്‍ എന്ന്‍ ഏതാണ്ടെല്ലാ മതവിഭാഗങ്ങളും അവകാശവാദം മുഴക്കുന്നു. എന്നിട്ടുമെന്തേ ഇത്തരം സാമൂഹ്യ മാതൃകകള്‍ ഏറെയൊന്നും പ്രചരിക്കപ്പെടാതെ പോയി...?
നബിദര്‍ശനം ഏറെ പുരോഗമനോത്മുഖമായിട്ടും അടച്ച് പൂട്ടിയ മതില്‍കെട്ടുകള്‍ക്കുള്ളില്‍ നിന്ന്‍ പുറത്ത് കടക്കാന്‍ പലപ്പോഴുമെന്തേ വിശ്വാസികള്‍ക്ക് കഴിയാതെ പോകുന്നു...?
കുറ്റം ദര്‍ശനത്തിന്റെയോ അതിനെ അനന്തരമെടുത്ത കപട നേതാക്കളുടെയോ അതോ ആ നേതാക്കളാല്‍ പതിച്ച് നല്‍കപ്പെട്ട ''വട്ടത്തിനു വെളിയില്‍ കടക്കാന്‍ ഇഷ്ടമില്ലാത്ത അനുയായികളുടേയോ?!
അദ്ദേഹത്തിന്റെ മറുപടി 'ശരിയാണ്; പണ്ഡിതര്ക്കും നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട് ' എന്നായിരുന്നു.

വിശ്വാസികള്‍ സ്വന്തം മനസ്സാക്ഷിയെ വിചാരണ ചെയ്യട്ടെ: പ്രവാചകപക്ഷത്തോ അതോ താന്‍ പ്രവാചകന്‍ നീരസപ്പെട്ട ആ അനുചരന്റെ മനോനിലയിലോ?!
എല്ലാ മതാനുയായികളും കപടരാണ് എന്ന മുന്‍വിധിയിലൊന്നുമല്ല ഇത് കുറിക്കുന്നത്; അതെ പോലെ ഇതരര്‍ എല്ലാം ശുദ്ധരാണെന്നും അഭിപ്രായമില്ല. നിഷ്കളങ്കമാനസരായ അനേകമനേകം വിശ്വാസികള്‍ സഹജീവിയുടെ കണ്ണീരൊപ്പുന്നത് ഈശ്വരാരാധനയായി കരുതി നമുക്കിടയില്‍ തന്നെ വലിയ ആര്‍പ്പു വിളികളില്ലാതെ ജീവിക്കുന്നുണ്ട് എന്നതും വിസ്മരിക്കുന്നില്ല...

ധാരാളം സാരാംശകഥകള്‍ അദ്ദേഹത്തിന്റേതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയിലൊന്ന്:
ഏത് നേരവും ഈശ്വരകീര്‍ത്തനയില്‍ മുഴുകി ജീവിച്ച ഒരു വ്യക്തി നരകാവകാശിയാവുകയും അഭിസാരികയായി ജീവിച്ചു പോന്ന ഒരു സ്ത്രീ സ്വര്‍ഗ്ഗാവകാശിയാവുകയും ചെയ്തു. കാരണം ആദ്യത്തെയാള്‍ ഒരു പൂച്ചയെ മുറിയിലിട്ട് പൂട്ടിയത് കാരണം അത് വിശന്ന് ചത്തു. രണ്ടാമത്തെയാള്‍ ചാകാറായ പട്ടിയെ രക്ഷിക്കാന്‍ തന്റെ ഷൂസില്‍ വെള്ളം കോരിക്കൊടുത്തു. ഈ ചെറിയ കഥയിലൂടെ സമസൃഷ്ടികളോട് കാരുണ്യം കാട്ടാതെ ദൈവപ്രീതിയില്ല എന്ന സന്ദേശം ലളിതമായി പറയുകയായിരുന്നു.

സദാ ദൈവാരാധനയില്‍ മുഴുകിയിരുന്ന ഒരു സ്ത്രീ ആളുകളെ തന്റെ സംസാരം കൊണ്ട് മുറിപ്പെടുത്തിയത്‌ കാരണം നരകാവകാശിയായി എന്ന മാറ്റൊരു കഥയിലൂടെ സാമൂഹികബാധ്യതകള്‍ വിസ്മരിച്ചു ഭജന കൊണ്ട് മാത്രം ഈശ്വരസാമീപ്യം കരഗതമാകില്ല എന്ന തെളിഞ്ഞ സന്ദേശവും നല്കുന്നു. വ്യക്തിഹത്യ, പരദൂഷണം എന്നിവ മഹാപാപങ്ങളായി എണ്ണിയ അദ്ദേഹം വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞു കയറുന്നതിനെ വലിയ അതിക്രമമായി കണ്ട്‌ ശക്തമായി വിലക്കി.

പ്രവാചകന്‍ ഏറ്റവും പ്രാമുഖ്യം കല്പിച്ച ഗുണം സത്യസന്ധതയായിരുന്നുവെറുത്തത് കാപട്യവും.  ഐക്കണു'കള്‍ കാര്‍ക്കശ്യത്തോടെ കൊണ്ടുനടക്കുന്ന പലരെയും നിത്യജീവിതത്തില്‍ സത്യസന്ധത പാലിക്കാത്തവരായി കണ്ടെത്തുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്
താന്താങ്ങളുടെ വിശ്വാസാചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യര്‍ക്ക് പ്രവാചകന്റെ ഒരേയൊരു വചനം മാത്രം പാലിക്കാന്‍ കഴിഞ്ഞാല്‍ ഈലോകം എത്രമേല്‍ സുന്ദരസ്വര്‍ഗ്ഗമായേനെ!
 "കപട വിശ്വാസിയുടെ ലക്ഷണങ്ങള്‍ മൂന്ന്:
സംസാരിക്കുന്നത് കള്ളം, വിശ്വസിച്ചാല്‍ വഞ്ചിക്കുക, വാഗ്ദാനം പാലിക്കാതിരിക്കുക. ഇവ മൂന്നും ഒത്തു ചേര്‍ന്നവന്‍ നിസ്സംശയം കപട വിശ്വാസി, അവയില്‍ ഒന്ന് കണ്ടാല്‍ അവനില്‍ കാപട്യത്തിന്റെ അംശം പ്രകടമായി. അതിനാല്‍ ഈ മൂന്ന് കാര്യങ്ങളില്‍ നിന്ന് നിര്‍ബന്ധമായും അകന്നു നില്‍ക്കുക."

വിശ്വസവൈജാത്യം പരിഗണിക്കാതെഅയല്‍‌വാസിയുടെ പട്ടിണിയകറ്റാനും ദാരിദ്ര്യത്തിലും രോഗപീഡയിലും അവന് താങ്ങാകാനുള്ള പ്രവാചകന്റെ ശക്തമായ ഉല്‍ബോധനങ്ങള്‍ മതസൗഹാര്‍ദ്ദ സമ്മേളനങ്ങളില്‍ ഉരുവിട്ട് ചുരുങ്ങിപ്പോകുന്നതിന് പകരം നിത്യജീവിതത്തില്‍ കൊളുത്താനുള്ള വിളക്കാകട്ടെ!
പ്രവാചകപ്രേമികള്‍ നേരിനൊപ്പംമാനവികതക്കൊപ്പംനീതിയുടെ വഴിയില്‍ നിലയുറപ്പിക്കട്ടെ!
ജാതി-മത വേലിക്കെട്ടുകള്‍പ്പുറം നോവുന്നവന്റെ വേദനയറിയാനുള്ള വിശാലഹൃദയത്തം കരഗതമാക്കട്ടെ! ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവര്‍ക്ക് ആകാശലോകത്ത് നിന്നും കരുണ വര്ഷിക്കയില്ല എന്നുംമനുഷ്യന്റെ രക്തവും മാനവും പരിശുദ്ധമാണെന്നും അതിനു വിലകല്പിക്കണമെന്നുമുള്ള തിരുമൊഴികള്‍ തങ്ങള്‍ക്ക് വഴികാട്ടികളാകട്ടെ! 
ഇന്ത്യയിലോ ലോകത്ത്‌ എവിടെയെങ്കിലുമോ ചിന്തപ്പെടുന്ന നിരപരാധികളായ മുസ്ലിംകളുടെ ചോരയില്‍ വികാരവിക്ഷുബ്ധരാകുന്നവര്‍, അതേ തീവ്രതയോടെ, പീഡിക്കപ്പെടുന്ന ഇതരമതസ്ഥനായ നിരപരാധിക്കു വേണ്ടിയും കൂടി പിടയ്ക്കും വിധം അവരുടെ മനം പ്രവിശാലമാക്കട്ടെ!

കാരണം നബിദര്‍ശനത്തില്‍‍ മുഴച്ചു നില്ക്കുന്നത് സാര്‍വത്രികനീതിയോടുള്ള പ്രതിബദ്ധതയാണ്; സമസൃഷ്ടിയോടുള്ള കാരുണ്യവുമാണ്. പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയും അഭയസ്ഥാനത്ത് വരെ പിന്തുടര്‍ന്ന് ചെന്ന് ആക്രമിക്കുകയും ചെയ്ത മക്കാനിവാസികള്‍ക്ക് ക്ഷാമകാലത്ത് ധാന്യങ്ങളും മറ്റു ഭക്‌ഷ്യസാമഗ്രികളും കൊടുത്തയക്കാന്‍ മാത്രം ഉദാത്തമായിരുന്നുവല്ലോ ആ മാനുഷഹൃദയം.

Friday, February 19, 2010

ജയറാമിന്റെ ബ്രാഹ്മണവാദം

ജയറാമിന്റെ ഇന്റര്‍വ്യൂ ഏതോ മലയാളചാനലില്‍ അരങ്ങു തകര്ക്കുന്നു...
ഭൂലോകത്തുള്ള സകലജ്ഞാനങ്ങളിലും ആഴവും പരപ്പവുമുള്ള ചാനല്‍ വല്ലഭന്‍ അടുത്ത നിമിഷം എന്ത് ചോദിച്ചു കളയുമെന്ന് നിശ്ചയം സാക്ഷാല്‍ ഉടയതമ്പുരാന് മാത്രം! (ചിലപ്പോള്‍ ചോദ്യം കഴിഞ്ഞാവും ചോദ്യകര്‍ത്താവിനു പോലും അതു എന്തായിരുന്നു എന്നറിയുക!) അത്തരമൊരു വെടിക്കെട്ട്‌ ചോദ്യം: സിനിമയില്‍ നായകകഥാപാത്രം ഭാര്യ ഇല്ലാത്തപ്പോള്‍ വേലക്കാരിയുമായി സ്വല്പം ഡിങ്കോല്ഫി കാട്ടുന്ന സീനുണ്ടല്ലോ; നിത്യജീവിതത്തില്‍ ഇങ്ങനെ വല്ലതും?!
ഇമ്മട്ടില്‍ ഒരു ചോദ്യം സാക്ഷാല്‍ ജയറാമിനെയും അമ്പരപ്പിച്ചു എന്നത് നേര്: എങ്കിലും നിമിഷാര്‍ധത്തില്‍ സമനില വീണ്ടെടുത്തു പുള്ളി തന്റെ സ്വതസിദ്ധശൈലിയില്‍ സ്കോര്‍ ചെയ്തു: "എവിടെ...?! കറുത്ത് ഉരുണ്ട തമിഴത്തികളെ മാത്രമല്ലെ പാര്‍വതി ജോലിക്ക് വയ്ക്കുന്നത്!"
അത്രയും രംഗം ജോറായി അവസാനിച്ചു.


പക്ഷെ പിറ്റേ ആഴ്ച വടിയും കുന്തവും തീപ്പന്തവുമൊക്കെയായി വികാരം വ്രണപ്പെട്ട കുറെ തമിഴര്‍ ജയറാമിന്റെ വീട് വളയുന്നു; ദൈവാധീനത്താല്‍ അശ്വതിക്കുട്ടിയും കുളന്തൈകളും ഒന്നും പറ്റാതെ രക്ഷപ്പെടുന്നു.ജയറാം കേരളത്തില്‍ ഷൂട്ടിംഗ് ലോകേഷനില്‍ ആയതിനാല്‍ ഉയിര് ബാക്കി...

മൊത്തം തമിഴ് പെണ്മണികളും അന്ത മാതിരിയിരുക്ക് എന്നൊന്നും വാക്യഘടനയില്‍ നിന്ന് വായിക്കാനുമൊക്കില്ല. കാരണം വെളുത്തു മെലിഞ്ഞു ഞാലിപ്പൂവന്‍ മാതിരിയുള്ള തമിഴ് പെണ്കൊടിമാരുമൊത്ത് എത്ര സിനിമകളില്‍ പുള്ളി തന്നെ ആടിമറിഞ്ഞിട്ടുണ്ട്!
അങ്ങോര്‍ ഇത്രയേ പറയാന്‍ ഉദ്ദേശിച്ചുള്ളൂ: 'എന്റെ കയ്യിലിരുപ്പൊക്കെ നന്നായി അറിയാവുന്ന സമര്‍ത്ഥയായ എന്റെ ഭാര്യ കാണാന്‍ ആകര്‍ഷണം ഇല്ലാത്ത വേലക്കാരികളെ തെരഞ്ഞുപിടിച്ചാണ് വീട്ടില്‍ നിറുത്താര്!'
(ഇതപ്പടി സത്യമാകാം; അല്ലെങ്കില്‍ പുള്ളിയുടെ ശൈലിയില്‍ വൃഥാ ഒരു കീച്ച് കീച്ചിയതാകാം...)
അതെന്തുമാകട്ടെ.


താന്‍ ഒരു തമാശ പ്രതികരണം മാത്രമേ നടത്തിയുള്ളൂ എന്നും 23 വര്‍ഷമായി തമിഴര്‍ക്കിടയില്‍ ജീവിക്കുന്ന തനിക്കു അവരോടു സ്നേഹവും കടപ്പാടുമാണ് ഒടമ്പ് നിറയെ എന്നും ഇനി താന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നും, ഹീറോ പത്രങ്ങളായ പത്രങ്ങളും കാക്കത്തൊള്ളായിരം ചാനലുകളും മുന്‍പാകെ ഏത്തമിട്ടതു അടുത്ത സീന്‍. ജയറാമിന്റെ മാപ്പപേക്ഷ പരിഗണിച്ചു ഇതൊരടഞ്ഞ അദ്ധ്യായം ആയി കരുതണമെന്ന് സാക്ഷാല്‍ കലൈഞ്ജര്‍ അവര്‍ഹളാക തന്നെ തമിഴ് മക്കളോട് സൊല്ലിയതും തമിഴ് മക്കള്‍ ശാന്തരായതും സംഘര്‍ഷഭരിതമായ തമിഴ് പടത്തിന്റെ ഒടുക്കം എന്നത് പോലെ, ഈ മുഴു എപ്പിസോഡും ശുഭപര്യവസായി ആക്കേണ്ടതായിരുന്നു!

പക്ഷെ, അപ്പോഴാണ് ഇങ്ങു കേരളാവില്‍ യഥാര്ത്ഥ പ്രശ്നം തുടങ്ങുന്നത്. തമിഴ്‌ മക്കള്‍ കോമ്പ്രമൈസിലെത്തിയെങ്കില്‍ കൂടി നമ്മള്‍ കേരളാ സിങ്കങ്ങള്‍ക്ക് അതങ്ങനെയങ്ങു എളുപ്പം തീര്ത്തേച്ച് പോകാനൊക്കുമോ എന്ന കാതലായ ചോദ്യം!

മലയാളരാജ്യത്തെ ചില ബ്ലോഗെഴുത്തുദ്യോഗക്കാരും സ്വയംകൃത സൈബര്‍ അക്ടിവിസ്റ്റുകളും  സട കുടഞ്ഞെണീറ്റു: ജയറാമിനെ ക്രൂശിച്ചേ തീരൂ എന്ന് കട്ടായം: കറുത്ത തൊലിയോടുള്ള പുച്ഛം; തവിട്ടു നിറക്കാരന്റെ രക്തത്തില്‍ വെള്ളക്കാരനോടുള്ള വിധേയത്വം; സവര്‍ണന്റെ ഉള്ളിലെ ഹീനജാതിയെന്ന അവജ്ഞ.....വ്യാഖ്യാനങ്ങള്‍ അനവധി.
ബൂലോകം കീഴ്മേല്‍ മറിയാനിനിയെന്തു വേണം! 
ചിലര്‍ക്കെങ്കിലും പ്രകോപനം ഉണ്ടാക്കിയത് ജയറാം ബ്രാഹ്മണനാണ് എന്ന അറിവാണത്രെ: അപ്പോള്‍ സംശല്യ: കീഴ്ജാതിക്കാരായ തമിഴരെ അവമാനിക്കാന്‍ തന്നെ! സവര്‍ണന്റെ ഉള്ളിന്റെയുള്ളിലെ ദളിത് വിരോധത്തിന്റെ മറ്റൊരു മുഖം!!


ഇനി ഞാനൊന്നു ചോദിച്ചോട്ടെ കൂട്ടുകാരെ?
ഇത്രയൊക്കെ പുകില്‍ ഉണ്ടാക്കാന്‍ മാത്രമുള്ള വഹ ഉണ്ടായിരുന്നോ അങ്ങേരുടെ വാക്കില്‍? കൂടിയാല്‍ ഒരസംബന്ധ ചോദ്യത്തിന്, വിടുവായത്വം ഉത്തരം എന്നങ്ങു എഴുതി തള്ളിക്കൂടായിരുന്നോ! അനാവശ്യമായി ദളിത് വിരുദ്ധതയും ബ്രാഹ്മണമേധാവിത്വവുമൊക്കെ ഇതിലേക്ക് വലിച്ചിഴക്കെണ്ടതുണ്ടായിരുന്നോ?
ദളിതരുടെ മനുഷ്യാവകാശം പോലെ തന്നെ പ്രധാനമല്ലേ, ബ്രാഹ്മണനായാലും മനസറിവില്ലാത്ത കാര്യത്തിന് ക്രൂശിക്കപ്പെട്ടു കൂടാ എന്നതും...?!


ഇത്രയും കുറിച്ചത് ജയറാമിനെ പ്രതിരോധിക്കാനോ മഹത്വവല്‍ക്കരിക്കാനോ വേണ്ടിയല്ല; ഒരു വ്യക്തിയല്ല ഇവിടെ പ്രസക്തം. ആവശ്യമില്ലാതിടങ്ങളിലേക്ക് ജാതിയോ മതമോ വലിച്ചിഴച്ച് തീര്‍ത്തും അപ്രസക്തങ്ങളായ വിവാദങ്ങള്‍ക്ക് ചുറ്റിലും ക്രയശേഷി പാഴാക്കുന്ന മലയാളി മനസിനെ കുറിച്ചാണ്. ഇവിടെ ജാതിമേധാവിത്വത്തിന്റെ ശേഷിപ്പുകള് നിലനില്ക്കുന്നില്ല എന്നോ ദളിതരുടെയോ പിന്നാക്കജാതിക്കാരുടെയോ അവസ്ഥാന്തരങ്ങള് ശുഭസുന്ദരം എന്നോ ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നില്ല; അത് വേറെ ചര്ച്ച ചെയ്യപ്പെടണം. അതോടൊപ്പം, മോരിനു പുളിയാണ് എന്നൊരാള്‍ പറഞ്ഞാല്‍ പോലും ജാതി/മത/വര്‍ഗ്ഗ/ലിംഗ/വര്‍ണ്ണ പശ്ചാത്തലത്തില്‍ വേണം ആ പ്രസ്താവന വായിച്ചെടുക്കേണ്ടത് എന്ന് ‍വാശി പിടിക്കുന്നത്‌ ഏതെങ്കിലും പ്രശ്നപരിഹാരത്തിന് സഹായകവുമല്ല എന്നോര്‍ക്കണം.

 
~ ബച്ചൂ