Saturday, August 7, 2010

വിസ്മൃതിയില്‍ മറഞ്ഞ ചേകന്നൂര്‍

ചേകന്നൂരിനെ കാണാതായിട്ട് വര്ഷം പതിനേഴു കഴിഞ്ഞു.

ഒരല്പം ചരിത്രം:
1936-ല്‍ ജനിച്ച പി.കെ. മുഹമ്മദ്‌ അബ്ദുല്‍ ഹസ്സന്‍ എന്ന ചേകന്നൂര്‍ മൌലവി വാഴക്കാട് ദാറുല്‍ ഉലൂം, വെല്ലൂര്‍ ബാക്കിയാത്ത് എന്നീ പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് അദ്ദേഹം ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് തന്റെതായ രീതിയില്‍ വ്യാഖ്യാനങ്ങള്‍ നല്‍കുക വഴി വിവാദപുരുഷനായി. അന്നോളം സമൂഹത്തില്‍ പൊതുവെ സ്വീകാര്യമായ ആരാധനാക്രമങ്ങളും ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തന്റെ വാദങ്ങള്‍ സ്ഥാപിക്കാനായി പ്രവാചകന്റെ ഉറ്റ അനുയായിവൃന്ദത്തില്‍ പെട്ട ചിലരുടെ സ്വീകാര്യതയും ചേകനൂര്‍ ചോദ്യം ചെയ്തു. ഇത് മുസ്ലിം സമൂഹത്തില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി. താന്‍ സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത് സൊസൈറ്റിക്ക് ശുഷ്കമായ അനുയായിവൃന്ദത്തെ മാത്രമേ നേടാനായുള്ളൂ. തന്റെ വാദഗതികള്‍ യാഥാസ്ഥിതികവൃന്ദത്തില്‍ കടുത്ത അമര്‍ഷത്തിനും വഴി വെച്ചു.

മതപ്രഭാഷണത്തിന് എന്ന നാട്യേന ചിലര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി അപായപ്പെടുത്തി എന്നാണ് കരുതുന്നത്. 1993 ജൂലൈ 29നായിരുന്നു അത്. ഇന്നോളം മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കടുത്ത യാഥാസ്ഥിതിക ചട്ടക്കൂട്ടില്‍ സംഘടിപ്പിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് കൊലക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടത്. കേരളത്തില്‍ ഏറെ പ്രബലനായ, ഏതു പാര്‍ട്ടി ഭരിച്ചാലും പ്രധാനമന്ത്രിയെ വരെ നേരിട്ട് സമീപിക്കാവുന്നത്രയും സ്വാധീനമുളള ആ വിഭാഗത്തിന്റെ നേതാവും ഒരീയിടെ പ്രതിസ്ഥാനത്ത് വന്നിരുന്നെങ്കിലും കോടതിയില്‍ കുറ്റവിമുക്തനാക്കപ്പെട്ടു.

സ്വാതന്ത്ര്യസമരനേതാവും ഇസ്ലാമികപണ്ഡിതനും കൂടിയായ ഇ.മൊയ്തു മൌലവിയായിരുന്നു ചേകന്നൂരിന്റെ മിസ്സിംഗ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ആദ്യം സമരരംഗത്ത്‌ ഇറങ്ങുന്നത്. തൊണ്ണൂറാം വയസില്‍ അദ്ദേഹം നിരാഹാരം പ്രഖ്യാപിക്കുക കൂടി ചെയ്തു. അതില്‍ പിന്നീടാണ്‌ അന്വേഷണം അല്പം ഊര്‍ജ്ജിതപ്പെടുത്തിയത്. പിന്നീട് ഇടയ്ക്കും തലക്കും ഈ 'മിസ്സിംഗ്‌' ഏറ്റെടുത്തു ചിലര്‍ അവതരിച്ചിരുന്നെങ്കിലും പിന്നെയവരും തിരശീലക്കു പിന്നിലേക്ക്‌ വലിഞ്ഞു.
ഇന്ന് വെറും അക്കാദമിക് താല്പര്യം മാത്രമുള്ള ഒന്നായി ചേകനൂര്‍ കേസ് മാറിയിരിക്കുന്നു.

വേണ്ടത്ര രാഷ്ട്രീയ മൈലേജ് ഈ വിഷയത്തില്‍ കിട്ടില്ലെന്നത് കൊണ്ടോ അതോ ഇതുമായി മുന്നോട്ടു പോകുന്നത് ആരോപണമുന നീളുന്ന, പ്രാമുഖ്യമുള്ള ചില വിഭാഗങ്ങളുടെ അപ്രീതി പിടിച്ചു പറ്റിയേക്കാം എന്നതിനാലോ ഇടതു/വലതു മുന്നണി രാഷ്ട്രീയക്കാര്‍ പണ്ടേക്കു പണ്ടേ ഈ കേസ് വിട്ടതാണ്. ലാഭമുള്ളിടത്തല്ലേ നിക്ഷേപം ഇറക്കേണ്ടത്?!
'ഇസ്ലാമിക മതമൌലികതയുടെ ഭീകരപരിണാമ'മായി വികസിപ്പിക്കാന്‍ അനന്തസാധ്യതകളുള്ളത് എന്ന നിലയില്‍ ആദിയില്‍ വിഷയം ഏറ്റെടുത്ത ബി.ജെ.പി. / സംഘപരിവാരം പിന്നീട് ഇന്ത്യഭരണം കയ്യാളിയ ഘട്ടത്തില്‍ ഞങ്ങള്‍ ഈ നാട്ടുകാരേയല്ല എന്ന് മാറിമറഞ്ഞതും കണ്ടു! അന്ന് കേരളത്തില്‍ നിന്നുള്ള സഹമന്ത്രി വഴി കൈമാറിയ കോടിയുടെ കഥയും പിന്നാമ്പുറത്ത് കേട്ടിരുന്നു. മണിപവറിന് മീതെ സൂപ്പര്‍സോണിക് ജെറ്റും പറക്കില്ല. അല്ലെ മാഷെ?!
പക്ഷേ ഏറെ അതിശയകരം ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹത്തിന്റെ മൌനമാണ്. ഞങ്ങളെ സിസ്റ്ററെ ഞങ്ങളെ അച്ഛന്‍ കൊന്നാല്‍ നിങ്ങക്കെന്താ എന്നത് പോലെ, ഞങ്ങളെ മൌലവിയെ ഞങ്ങള്‍ കൊന്നാല്‍ നിങ്ങക്കെന്താ എന്നതാകുമോ ഇതിന്റെയും മന:ശാസ്ത്രം?!
കൈവെട്ടു സംഭവത്തെ അപലപിക്കാനും അതിന്റെ പേരില്‍ നിലവിളിക്കാനും കാണിച്ച ആവേശത്തിന്റെ നൂറിലൊന്നു പോലും പ്രതികരണം ചേകനൂര്‍ വിഷയത്തില്‍ കേരളസമൂഹത്തില്‍ നിന്നുണ്ടായില്ല എന്നത് ആശ്ചര്യകരം തന്നെ. വാസ്തവത്തില്‍ രണ്ടിന്റെയും പിന്നിലെ രാസത്വരകം ഒന്ന് തന്നെയായിരുന്നുവെങ്കിലും..... 

മുസ്ലിംകള്‍ അഞ്ച് നേരം നമസ്ക്കരിക്കണോ മൂന്നോ രണ്ടോ മതിയോ എന്നതൊന്നും പൊതുസമൂഹത്തിന് താല്പര്യമുണ്ടാക്കുന്നതല്ല എന്നതിനാല്‍ ചേകന്നൂരിന്റെ ആശയതലം ചര്‍ച്ചയാക്കുന്നത് അപ്രസക്തമാണ്. പക്ഷേ തന്റെ വാദഗതികള്‍ എത്രമേല്‍ അസ്വീകാര്യമോ അപ്രിയമോ ആയിരുന്നാലും പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും മറ്റാരെയും പോലെ ചേകന്നൂരിനും ഉണ്ടായിരുന്നു. ആശയത്തെ കായബലം കൊണ്ട് നിശബ്ധമാക്കുക എന്നത് ഫാസിസമാണ്‌.