മഹാരാജാവിന്റെ ലക്ഷണം പറഞ്ഞ രണ്ടു പേരുടെ കഥ.
ഒന്നാമന്: "രാജാവേ, അങ്ങയുടെത് പോലൊരു ദോഷജാതകം വേറെ ഞാന് കണ്ടിട്ടില്ല; ബന്ധുജനം ഒന്നൊന്നായി വിട പറയുന്നതിന് അങ്ങ് സാക്ഷിയാകും."
കരുണാമയനായ രാജാവിന്റെ കടാക്ഷത്താല് ജ്യോത്സനു പെട്ടെന്ന് തന്നെ യമപുരിയാത്ര തരപ്പെട്ടു.
രണ്ടാമന്: "മഹാരാജന്, എന്തൊരു ഭാഗ്യജാതകമാണ് അങ്ങയുടെത്. ദീര്ഘായുസ്സായ അങ്ങ് ബന്ധുജനത്തേക്കാളൊക്കെ ഏറെക്കാലം ജീവിക്കും.
പട്ടും വളയും കൈ നിറയെ സ്വര്ണ്ണ നാണയങ്ങളൊക്കെയായി ആ സാധു മന്ദസ്മിതം തൂകി.
പാവം മോഹന് ലാല്!
ഒന്നാം ജ്യോല്സ്യരെ പോലെ ശുദ്ധഗതി.
മമ്മൂട്ടിയോ?
ഇടഞ്ഞ കൊമ്പനെ മസ്തകത്തില് എറിഞ്ഞു തളയ്ക്കുന്ന വി.കെ.എന്. കഥയിലെ മേനോനെ പോലെ ഒരൊറ്റ 'മഹാന്' സംബോധനയോടെ അഴീക്കോടിനെ നിലം പരിശാക്കിക്കളഞ്ഞു.
തിലകന് പ്രശ്നത്തിലും സൂപ്പര്സ്റ്റാര് വിഷയത്തിലും മോഹന് ലാല് പറഞ്ഞതില് നിന്ന് ഒരടി പിന്നോട്ട് പോയതുമില്ല.
തല്ലിയും തലോടിയും അടിതടവുകള്‍ പുറത്തെടുത്ത ഒരു ചേകവര്‍ പ്രകടനം... വാക്കിന്റെ കുലപതി ദേ കിടക്കുന്നു ഫ്ലാറ്റായി!
എഴുതിക്കൊടുത്തത് ഏറ്റുചൊല്ലി പഠിച്ചതെന്നാലും ഡയലോഗ് കുറിക്ക് കൊള്ളിക്കാന്‍ മെഗായോളം വരില്ല മറ്റാരും എന്ന്‍ അടിക്കുറിപ്പ്.
തിരശ്ശീലക്ക് വെളിയിലും തുടരുന്ന ഈ മെയ് വഴക്കം കൂടിയല്ലേ 'ചുള്ളനെ' അന്പത്താറിലും താരസിംഹാസനത്തില് തുടരാന് സഹായിക്കുന്നതും?!
അമ്മ പ്രസിഡന്റും സെക്ക്രട്ടറിയുമൊക്കെ അഭിപ്രായം പറഞ്ഞ് നിറുത്തിയെടുത്ത്, ഇനി അമ്മ പരസ്യപ്രസ്താവന നടത്തില്ല എന്നൊരു ഗുണ്ടോടെ തല്ക്കാലത്തേക്ക് 'വലിയേട്ടന് ഞാന് തന്നെ' എന്ന് പുള്ളി സ്ഥാപിച്ചെടുക്കുകയും ചെയ്തു!
മാക്റ്റ-ഫെഫ്ക-അമ്മ-വിനയന്-തിലകന്:
കുറച്ച് കാലമായി തുടരുന്ന താരങ്ങളുടെ ഈ ഓഫ്സ്ക്രീന് പ്രകടനം, ഒന്നാന്തരം കാഴ്ചാവിരുന്ന് തന്നെ; വിരുന്നൂട്ടുന്ന പ്രിയതാരങ്ങള്ക്ക് നാം നന്ദി പറയുക. തികച്ചും സൗജന്യമായി വീട്ടിലെ സ്വീകരണമുറിയില് കുടുംബസമേതം ഈ കിടിലന്‍ ഷോ ആസ്വദിക്കുന്നിടത്തോളം മലയാളി എന്തിനു സിനിമാകൊട്ടകയില് കൊടുത്ത് കാശ് കളയണം?!
~ബച്ചൂ
