Wednesday, February 24, 2010

ചില 'നബിദിന' ചിന്തകള്‍


ദര്‍ശനങ്ങള്‍ ഉദയം കൊണ്ടത്‌ മനുഷ്യനെ സംസ്ക്കരിക്കാനായിരുന്നു; ആചാര്യന്മാര്‍ ആകട്ടെ ഊതിക്കാച്ചിയ പൊന്ന് പോലെ സ്വയം മാതൃകകളായി ജ്വലിച്ചു. കാലാന്തരേണ ദര്‍ശനങ്ങള്‍ക്ക് ക്ലാവ് പിടിക്കുകയും ആചാര്യന്മാരുടെ യഥാര്‍ഥ അധ്യാപനങ്ങള്‍ പലതും വിസ്മരിക്കപ്പെടുകയും ചെയ്തു.  മാനുഷികതയിലൂന്നിയ മുഖ്യപാഠങ്ങള്‍ പിന്നോട്ട് തള്ളപ്പെടുകയോ, കാലങ്ങളില്‍ മൊത്തക്കുത്തക അവകാശപ്പെട്ടവരുടെ സൗകര്യാര്‍ഥം  തങ്ങളുടേതായ മൂശയില്‍ മാറ്റിപ്പണിയുകയോ ചെയ്യപ്പെട്ടു. ഇത് ഏതാണ്ടെല്ലാ ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും നേരിട്ട ദുര്‍വിധി.

നമ്മള്‍ തിരയേണ്ടത് തന്നെയല്ലേ, എല്ലാ ദര്‍ശനങ്ങളിലെയും മാനവികത?...
അത് പ്രചരിപ്പിക്കുകയും വേണം. ദോഷൈകദൃഷ്ടിയോടെ മതങ്ങളെ തള്ളിപ്പറഞ്ഞ് കൈകഴുകിയാല്‍ തീരുന്നതാണോ പ്രശ്നം?! അല്ല; വിസ്മരിക്കപ്പെട്ട മാനവികതകളെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്; ഒരു വിമോചനദൈവശാസ്ത്രം പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്. കാവലാളുകള്‍ തൂത്തുമാറ്റാന്‍ വിസമ്മതിക്കുന്ന ക്ലാവുകള്‍ തുടച്ചെടുത്ത് ദര്‍ശനങ്ങളെ പൂര്‍വ്വശോഭയോടെ ജനതതികള്‍ക്ക് വെളിച്ചം കാട്ടേണ്ടതായുമുണ്ട്...

മതദര്‍ശനങ്ങളും വെളിച്ചം കാട്ടിയ ആചാര്യന്മാരുടെ അധ്യാപനങ്ങളും പ്രായോഗികം തന്നെയായിരുന്നു. പക്ഷേ അവ കയ്യാളിയവര്‍ സ്വാര്‍ത്ഥതയുടെയോ മറ്റ് താല്‍പര്യങ്ങളുടെയോ ഇരയായി അവയെ വഴിതെറ്റിച്ച് വിടുമ്പോള്‍ കാഴ്ചക്കാരാവുകയല്ല നാം ചെയ്യേണ്ടത്. യഥാര്‍ഥ ദര്‍ശനങ്ങളിലേക്ക് അനുയായികളെ വഴിതിരിച്ച് വിട്ട് അവരെ മാനവികതയുടെ പ്രചാരകര്‍ തന്നെയാക്കുക എന്നതാണ്. ഒരു ദര്‍ശനവും ആര്‍ക്കും അനന്തരാവകാശം കിട്ടിയതല്ല.

എല്ലാ കള്ളിതിരിക്കലുകള്‍ക്കുമപ്പുറം മാനുഷികതയെ മഹത്വപ്പെടുത്തുന്ന ഇടപെടലുകളും വ്യക്തിസംസ്ക്കരണവും അതോടൊപ്പം ബഹുസ്വരസമൂഹത്തില്‍ സൗഹൃദപരമായ സഹവര്‍ത്തിത്വവും പ്രവാചകസന്ദേശങ്ങളുടെ അന്തര്‍ധാരയായിരുന്നെങ്കിലും, അദ്ദേഹത്തെ ഒരു വിഗ്രഹമാക്കിക്കളഞ്ഞവര്‍ (അങ്ങനെയല്ല എന്ന് അവകാശവാദം മുഴക്കാറുണ്ടെങ്കില്‍ കൂടി) വേഷഭൂഷാദികളുടെ അനുകരണമാണ് മുഖ്യം എന്ന പ്രതലത്തിലേക്ക് പ്രവാചകനെ അനുധാവനം ചെയ്യല്‍ ചുരുക്കിക്കളഞ്ഞപ്പോള്‍ മറ്റ് കാര്യങ്ങള്‍ പിന്തള്ളപ്പെട്ട് പോയതും, പലപ്പൊഴും തിരുവചനങ്ങളിലെ ആശയസാഗരം തിരിച്ചറിയാതെ കേവലാക്ഷരങ്ങളില്‍ അഭിരമിച്ചു പോയതുമാകാം മുസ്ലിം സമൂഹം ചിലപ്പോഴെങ്കിലും തങ്ങളുടെതായ ഒരു വൃത്തത്തില്‍ ചുരുണ്ടുപോകാന്‍ കാരണം എന്ന് തോന്നുന്നു. ഇതൊരു ദോഷൈക വീക്ഷണമല്ല; ക്രിയാത്മകമായ ഇടപെടലുകള്‍ ഇല്ലെന്നുമല്ല.

പുരുഷന്‍റെ ഭോഗപൂര്‍ത്തീകരണത്തിനായി വീണ്ടും വീണ്ടും പെണ്ണ് കെട്ടാമെന്ന ചില വ്യാഖ്യാനങ്ങള്‍ക്കിടയില്‍, മൌലവിമാര്‍ ഉദ്ധരിക്കാതെ വിടുന്ന 'ലൈംഗികാസ്വാദനത്തിനു നിങ്ങള്‍ക്കുള്ള അതേ അവകാശം ഭാര്യയ്ക്കുമുണ്ട്. അത് അവഗണിക്കരുത്; കിടപ്പറയില്‍ അവര്‍ക്കും സംതൃപ്തി വരുന്നത് വരെ സാവകാശമെടുക്കുക' എന്ന പ്രവാചകവചനം കേള്‍ക്കെ നാം അന്ധാളിക്കാതെ തരമില്ല; അദ്ദേഹവും പറഞ്ഞതും ഇവന്മാര്‍ പറഞ്ഞതും തമ്മില്‍ ആഴിയും ആമയും പോലെ അന്തരമുണ്ടല്ലോ എന്നോര്‍ത്ത്! കാലങ്ങളായി നടന്ന് പോരുന്ന മതത്തിന്റെ സ്ത്രീവിരുദ്ധ വായനയുടെ ആഴമോര്‍ത്ത് ഞെട്ടാതെയും തരമില്ല.

സംസാരിക്കുമ്പോള്‍ മിതത്വം പുലര്‍ത്താനും എത്ര തന്നെ അപ്രിയമായ കാര്യങ്ങള്‍ പറയുന്നവരോടും നല്ല വാക്കുകള്‍ കൊണ്ട് പ്രതിവചിക്കാനും അദ്ദേഹം ഉദ്ഘോഷിക്കുകയുണ്ടായി.
"മുഹമ്മദ്‌, നിന്റെ പ്രിയതമയെ എനിക്ക് കെട്ടിച്ചു തരാമോ" എന്ന് ചോദിച്ച അസംസ്കൃതനായ മനുഷ്യനെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ അനുയായികളെ തടഞ്ഞ് കൊണ്ട് "ഇസ്ലാം അതനുവദിക്കുന്നില്ലല്ലോ സോദരാ" എന്ന് ഒരു യോഗിക്ക് ചേരും വിധം ‍നിര്‍ന്നിമേഷനായി പ്രതിവചിച്ചതായി പ്രവാചകചരിത്രം പറയുന്നു. ‍മറ്റൊരിക്കല്‍ അറിവില്ലായ്മ കൊണ്ട് പ്രവാചകന്റെ പള്ളിയില്‍ മൂത്രമൊഴിച്ച ഏതോ അപരിഷ്കൃതഗോത്രക്കാരനെ പാരുഷ്യത്തോടെ സമീപിച്ചവരോട് 'അയാളെ വിട്ടയക്കൂ; എന്നിട്ട് അവിടെ കുറച്ച് വെള്ളമൊഴിച്ച് വൃത്തിയാക്കൂ! നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സൌമനസ്യമാണ്; അല്ലാതെ ജനങ്ങള്‍ക്ക് ദുഷ്ക്കരപാത തീര്‍ക്കലല്ല' എന്ന് പറഞ്ഞതായും നാമറിയുന്നു.

പ്രവാചകനെ അവഹേളിച്ചു എന്ന പേരില്‍ ക്വട്ടേഷന്‍ ടീമുകളായി തിരിയുന്നവരും, പൊതുനിരത്തില്‍ ഹാലിളക്കം കാട്ടുന്നവരും ഈ കഥ ഒരിക്കലെങ്കിലും കേട്ടില്ലെന്നാണോ?! അതോ പ്രവാചകനല്ല, ധ്രുവീകരണത്തിന്റെ രാസത്വരകമാണ് തങ്ങള്‍ തിരയുന്നത് എന്നതോ കാര്യം...?!
പൊതുവഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യല്‍ ദൈവാരാധനയാണെന്ന അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രസ്താവമെങ്കിലും കേട്ടു കാണുമോ, കരുത്ത് തെളിയിക്കാന്‍ റാലികള്‍ നടത്തി മണിക്കൂറുകള്‍ ട്രാഫിക് സ്തംഭനം നടത്തുന്ന മതസംഘടനകളുടെ വക്താക്കള്‍...?!

മതാത്മകമായ പ്രതലത്തില്‍ നിന്ന് കൊണ്ട് ചര്‍ച്ചകളില്‍ ഇടപെടുന്ന ചിലരെങ്കിലും സഭ്യേതരമായ രീതിയില്‍ പോലുംവൈകാരിക ഇളക്കങ്ങള്‍ കാണിക്കുമ്പോള്‍ ചോദിക്കാതെ വയ്യ:
ഏതൊരു മനുഷ്യനും പ്രകോപനം വരുന്ന തരത്തില്‍ തന്റെ സഹധര്‍മ്മിണിയെ വിട്ടു തരുമോ എന്ന് ചോദിച്ചവനോട് പോലും സമചിത്തത കൈവെടിയാത്ത മുഹമ്മദ് നബി അധ്യാപനം ചെയ്ത മതത്തിന്റെ ഉല്‍കര്‍ഷത്തിനായി ഇടപെടുന്നു എന്ന് ധരിച്ചാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്?! 'ഇവര്‍ ചെയ്യുന്നത് ഇവര്‍ തന്നെ അറിയുന്നീല....'

പെണ്‍കുട്ടികള്‍ ശാപമായി കരുതി ജീവനോടെ കുഴിച്ചു മൂടപ്പെട്ടിരുന്ന സമൂഹത്തില്‍ പെണ്‍ജന്മം ആഘോഷിക്കുന്ന തരത്തിലേക്ക് അനുയായികളെ പരിവര്ത്തിപ്പിച്ച ധീരനായ പരിഷ്കര്‍ത്താവിന്റെ ജന്മനാട്ടില്‍ തന്നെയാണ്, തീപിടിച്ച സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പുറത്ത് ചാടി 'ശരിയാം വണ്ണം' ദേഹം മറയ്ക്കാതെ അന്യപുരുഷന്മാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു കൂടാ എന്ന തീര്ച്ചയില്‍, ബന്ധിക്കപ്പെട്ട വാതിലിനു പിറകില്‍‍ പതിനഞ്ചു പെണ്‍കൗമാരങ്ങള്‍ വെന്തൊടുങ്ങിയത് എന്നത് വല്ലാത്ത വിധിവൈപരീത്യമാകാം. ചത്ത പന്നിയുടെ മാംസം ഭക്ഷിച്ചായാലും ജീവന്‍ നിലനിറുത്തുകയാണ്‌ ധര്‍മ്മം എന്നുദ്ഘോഷിച്ച പ്രവാചകന്‍, പൂര്‍ണ്ണ നഗ്നരായി റോഡില്‍ പ്രത്യക്ഷപ്പെടെണ്ടി വന്നാല്‍പോലും, അഗ്നിക്ക് ആഹാരമാകരുത് എന്നല്ലേ പറയുമായിരുന്നുള്ളൂ?!

സ്വയം ദാരിദ്ര്യം അനുഭവിച്ചപ്പോഴും തന്റെ വീട്ടിലെ കറി ജൂത അയല്‍ക്കാരനുമായി പങ്കിട്ട് സ്വയം മാതൃക പുലര്‍ത്തിയ അദ്ദേഹം, ഒരിക്കല്‍ ജൂതന്റെ ശവമഞ്ചം കണ്ട് അതിനെ വന്ദിച്ച് എഴുന്നേറ്റപ്പോള്‍ അത്രമേല്‍ മനസ്സ് വളരാത്ത ഒരനുചരന്‍ 'അതൊരു ജൂതന്റെ ശവമല്ലേ' എന്ന് ചോദിച്ചതിനു നീരസഭാവത്തില്‍ പ്രതിവചിച്ചത് 'അതൊരു മനുഷ്യന്റെ മൃതദേഹമാണ്' എന്നായിരുന്നു. (ജൂതര്‍ അദ്ദേഹത്തിനെതിരെ വളരെ ശത്രുതാപരമായി നീങ്ങിക്കൊണ്ടിരുന്ന ഒരവസരത്തില്‍ തന്നെയായിരുന്നു ഇതെന്നും ഓര്‍ക്കുക.)
സുഹൃദ് സന്ദര്‍ശനം നടത്തിയ ക്രൈസ്തവ പാതിരിമാരെ, തന്റെ പള്ളിയില്‍ അവരുടെ തന്നെ ആചാരമനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തതും സുവിദിതമാണല്ലോ!
സ്വന്തമായ സരണിയില്‍ വെളിച്ചം കാട്ടിയപ്പോഴൊന്നും ആചാര്യന്മാര്‍ 'വൃത്തത്തിനു പുറത്തുള്ളവരെന്ന' തരം തിരിവ് കാട്ടാന്‍ പ്രോല്സാഹിപ്പിച്ചില്ല എന്ന് സാരം...

ഒരിക്കല്‍ ഒരു പണ്ഡിതനോട് ചോദിച്ചു: തങ്ങളാണ് യഥാര്‍ഥമായും പ്രവാചകനെ അനുകരിക്കുന്നവര്‍ എന്ന്‍ ഏതാണ്ടെല്ലാ മതവിഭാഗങ്ങളും അവകാശവാദം മുഴക്കുന്നു. എന്നിട്ടുമെന്തേ ഇത്തരം സാമൂഹ്യ മാതൃകകള്‍ ഏറെയൊന്നും പ്രചരിക്കപ്പെടാതെ പോയി...?
നബിദര്‍ശനം ഏറെ പുരോഗമനോത്മുഖമായിട്ടും അടച്ച് പൂട്ടിയ മതില്‍കെട്ടുകള്‍ക്കുള്ളില്‍ നിന്ന്‍ പുറത്ത് കടക്കാന്‍ പലപ്പോഴുമെന്തേ വിശ്വാസികള്‍ക്ക് കഴിയാതെ പോകുന്നു...?
കുറ്റം ദര്‍ശനത്തിന്റെയോ അതിനെ അനന്തരമെടുത്ത കപട നേതാക്കളുടെയോ അതോ ആ നേതാക്കളാല്‍ പതിച്ച് നല്‍കപ്പെട്ട ''വട്ടത്തിനു വെളിയില്‍ കടക്കാന്‍ ഇഷ്ടമില്ലാത്ത അനുയായികളുടേയോ?!
അദ്ദേഹത്തിന്റെ മറുപടി 'ശരിയാണ്; പണ്ഡിതര്ക്കും നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട് ' എന്നായിരുന്നു.

വിശ്വാസികള്‍ സ്വന്തം മനസ്സാക്ഷിയെ വിചാരണ ചെയ്യട്ടെ: പ്രവാചകപക്ഷത്തോ അതോ താന്‍ പ്രവാചകന്‍ നീരസപ്പെട്ട ആ അനുചരന്റെ മനോനിലയിലോ?!
എല്ലാ മതാനുയായികളും കപടരാണ് എന്ന മുന്‍വിധിയിലൊന്നുമല്ല ഇത് കുറിക്കുന്നത്; അതെ പോലെ ഇതരര്‍ എല്ലാം ശുദ്ധരാണെന്നും അഭിപ്രായമില്ല. നിഷ്കളങ്കമാനസരായ അനേകമനേകം വിശ്വാസികള്‍ സഹജീവിയുടെ കണ്ണീരൊപ്പുന്നത് ഈശ്വരാരാധനയായി കരുതി നമുക്കിടയില്‍ തന്നെ വലിയ ആര്‍പ്പു വിളികളില്ലാതെ ജീവിക്കുന്നുണ്ട് എന്നതും വിസ്മരിക്കുന്നില്ല...

ധാരാളം സാരാംശകഥകള്‍ അദ്ദേഹത്തിന്റേതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയിലൊന്ന്:
ഏത് നേരവും ഈശ്വരകീര്‍ത്തനയില്‍ മുഴുകി ജീവിച്ച ഒരു വ്യക്തി നരകാവകാശിയാവുകയും അഭിസാരികയായി ജീവിച്ചു പോന്ന ഒരു സ്ത്രീ സ്വര്‍ഗ്ഗാവകാശിയാവുകയും ചെയ്തു. കാരണം ആദ്യത്തെയാള്‍ ഒരു പൂച്ചയെ മുറിയിലിട്ട് പൂട്ടിയത് കാരണം അത് വിശന്ന് ചത്തു. രണ്ടാമത്തെയാള്‍ ചാകാറായ പട്ടിയെ രക്ഷിക്കാന്‍ തന്റെ ഷൂസില്‍ വെള്ളം കോരിക്കൊടുത്തു. ഈ ചെറിയ കഥയിലൂടെ സമസൃഷ്ടികളോട് കാരുണ്യം കാട്ടാതെ ദൈവപ്രീതിയില്ല എന്ന സന്ദേശം ലളിതമായി പറയുകയായിരുന്നു.

സദാ ദൈവാരാധനയില്‍ മുഴുകിയിരുന്ന ഒരു സ്ത്രീ ആളുകളെ തന്റെ സംസാരം കൊണ്ട് മുറിപ്പെടുത്തിയത്‌ കാരണം നരകാവകാശിയായി എന്ന മാറ്റൊരു കഥയിലൂടെ സാമൂഹികബാധ്യതകള്‍ വിസ്മരിച്ചു ഭജന കൊണ്ട് മാത്രം ഈശ്വരസാമീപ്യം കരഗതമാകില്ല എന്ന തെളിഞ്ഞ സന്ദേശവും നല്കുന്നു. വ്യക്തിഹത്യ, പരദൂഷണം എന്നിവ മഹാപാപങ്ങളായി എണ്ണിയ അദ്ദേഹം വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞു കയറുന്നതിനെ വലിയ അതിക്രമമായി കണ്ട്‌ ശക്തമായി വിലക്കി.

പ്രവാചകന്‍ ഏറ്റവും പ്രാമുഖ്യം കല്പിച്ച ഗുണം സത്യസന്ധതയായിരുന്നുവെറുത്തത് കാപട്യവും.  ഐക്കണു'കള്‍ കാര്‍ക്കശ്യത്തോടെ കൊണ്ടുനടക്കുന്ന പലരെയും നിത്യജീവിതത്തില്‍ സത്യസന്ധത പാലിക്കാത്തവരായി കണ്ടെത്തുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്
താന്താങ്ങളുടെ വിശ്വാസാചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യര്‍ക്ക് പ്രവാചകന്റെ ഒരേയൊരു വചനം മാത്രം പാലിക്കാന്‍ കഴിഞ്ഞാല്‍ ഈലോകം എത്രമേല്‍ സുന്ദരസ്വര്‍ഗ്ഗമായേനെ!
 "കപട വിശ്വാസിയുടെ ലക്ഷണങ്ങള്‍ മൂന്ന്:
സംസാരിക്കുന്നത് കള്ളം, വിശ്വസിച്ചാല്‍ വഞ്ചിക്കുക, വാഗ്ദാനം പാലിക്കാതിരിക്കുക. ഇവ മൂന്നും ഒത്തു ചേര്‍ന്നവന്‍ നിസ്സംശയം കപട വിശ്വാസി, അവയില്‍ ഒന്ന് കണ്ടാല്‍ അവനില്‍ കാപട്യത്തിന്റെ അംശം പ്രകടമായി. അതിനാല്‍ ഈ മൂന്ന് കാര്യങ്ങളില്‍ നിന്ന് നിര്‍ബന്ധമായും അകന്നു നില്‍ക്കുക."

വിശ്വസവൈജാത്യം പരിഗണിക്കാതെഅയല്‍‌വാസിയുടെ പട്ടിണിയകറ്റാനും ദാരിദ്ര്യത്തിലും രോഗപീഡയിലും അവന് താങ്ങാകാനുള്ള പ്രവാചകന്റെ ശക്തമായ ഉല്‍ബോധനങ്ങള്‍ മതസൗഹാര്‍ദ്ദ സമ്മേളനങ്ങളില്‍ ഉരുവിട്ട് ചുരുങ്ങിപ്പോകുന്നതിന് പകരം നിത്യജീവിതത്തില്‍ കൊളുത്താനുള്ള വിളക്കാകട്ടെ!
പ്രവാചകപ്രേമികള്‍ നേരിനൊപ്പംമാനവികതക്കൊപ്പംനീതിയുടെ വഴിയില്‍ നിലയുറപ്പിക്കട്ടെ!
ജാതി-മത വേലിക്കെട്ടുകള്‍പ്പുറം നോവുന്നവന്റെ വേദനയറിയാനുള്ള വിശാലഹൃദയത്തം കരഗതമാക്കട്ടെ! ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവര്‍ക്ക് ആകാശലോകത്ത് നിന്നും കരുണ വര്ഷിക്കയില്ല എന്നുംമനുഷ്യന്റെ രക്തവും മാനവും പരിശുദ്ധമാണെന്നും അതിനു വിലകല്പിക്കണമെന്നുമുള്ള തിരുമൊഴികള്‍ തങ്ങള്‍ക്ക് വഴികാട്ടികളാകട്ടെ! 
ഇന്ത്യയിലോ ലോകത്ത്‌ എവിടെയെങ്കിലുമോ ചിന്തപ്പെടുന്ന നിരപരാധികളായ മുസ്ലിംകളുടെ ചോരയില്‍ വികാരവിക്ഷുബ്ധരാകുന്നവര്‍, അതേ തീവ്രതയോടെ, പീഡിക്കപ്പെടുന്ന ഇതരമതസ്ഥനായ നിരപരാധിക്കു വേണ്ടിയും കൂടി പിടയ്ക്കും വിധം അവരുടെ മനം പ്രവിശാലമാക്കട്ടെ!

കാരണം നബിദര്‍ശനത്തില്‍‍ മുഴച്ചു നില്ക്കുന്നത് സാര്‍വത്രികനീതിയോടുള്ള പ്രതിബദ്ധതയാണ്; സമസൃഷ്ടിയോടുള്ള കാരുണ്യവുമാണ്. പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയും അഭയസ്ഥാനത്ത് വരെ പിന്തുടര്‍ന്ന് ചെന്ന് ആക്രമിക്കുകയും ചെയ്ത മക്കാനിവാസികള്‍ക്ക് ക്ഷാമകാലത്ത് ധാന്യങ്ങളും മറ്റു ഭക്‌ഷ്യസാമഗ്രികളും കൊടുത്തയക്കാന്‍ മാത്രം ഉദാത്തമായിരുന്നുവല്ലോ ആ മാനുഷഹൃദയം.

38 comments:

  1. ഇത് കഴിഞ്ഞ വര്ഷം നബിദിനത്തോടനുബന്ധമായി ഒരു കമ്യൂണിട്ടി സൈറ്റില്‍ ആദ്യമായി വെളിച്ചം കണ്ടു; എല്ലാ മത-മതേതര ആശയാദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തത്വത്തില്‍ ഈ ലേഖനത്തിന്റെ ഉള്ളടക്കത്തോട് യോജിച്ചു എന്നത് ഇപ്പോള്‍ ഇതൊരു ബ്ലോഗ്‌ ആയി പോസ്റ്റുവാന്‍ എന്നെ പ്രചോദിപ്പിക്കുന്നു.

    ReplyDelete
  2. ബച്ചു അടിക്കുറിപ്പെന്നവണ്ണം ബച്ചിവിന്റേതായി വന്ന കമന്റിനോട് ഞാന്‍ 100% യോജിക്കുന്നു.... എല്ലാ മത-മതേതര ആശയാദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തത്വത്തില്‍ ഈ ലേഖനത്തിന്റെ ഉള്ളടക്കത്തോട് യോജിച്ചു... യോജിക്കുന്നു.... മുസ്ലീം മതത്തെ മുന്‍ നിര്‍ത്തിയുള്ള ഒരു ലേഖനമാണെങ്കില്‍ കൂടി ഒരു മത വാദി അല്ലെങ്കില്‍ കൂടി ഒരു ദൈവ വിശ്വാസിയുടെ കൂടി നോക്കുമ്പോള്‍ ഇതു ഹിന്ദുവിന്റെയും, മുസ്ലീമിന്റെയും, കൃസ്ത്യന്റെയും ഇതര മതസ്ഥരുടെയും പൊതു പ്രശന്മായാണ്... അതു പറയാതെ പറയുന്നു ബച്ചുവിന്റെ ഈ ലേഖനം..... അഞ്ജതയുള്ളവര്‍(നടിക്കുന്നവര്‍) ഈ ലേഖനം കണ്ടിരുന്നെങ്കില്‍..... താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

    ReplyDelete
  3. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ്‌ വായിച്ചു തുടങ്ങിയത്‌. പല ആത്മീയ ബ്ളോഗ്ഗുകളും കൈകാര്യം ചെയ്യുന്നസ്ഥിരം വിഷയം എന്നേ കരുതിയുള്ളു. വായിച്ചു പകുതിയായപ്പോള്‍ ലയിച്ചു പോയി ഞാനറിയാതെ. മനസ്സിലെ അമര്‍ഷവും വിയോജിപ്പും തികച്ചും വിവേകപരമായ ഒരുള്‍ക്കാഴ്ച്ചയോടെ മനസ്സില്‍ നിറഞ്ഞു വന്നു. ഒരു മതത്തേയും വിമര്‍ശിക്കാതെ മതസാരാംശങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്‍റേയും അത്‌ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്‍റേയും പ്രാധാന്യത്തെ ലളിതവും എന്നാല്‍ ശക്തവുമായ ഭാഷയില്‍ യാതൊരു അനാവശ്യ ഗിമ്മിക്കുമില്ലാതെ പറയുന്നു ഈ ലേഖനം. ഏവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട ഒരു ലേഖനം... ബച്ചുവിന്‌ എന്‍റെ നമസ്കാരം.

    ഈ ബ്ളോഗ്ഗിന്‍റെ ലിങ്ക്‌ എനിക്കയച്ചു തന്ന നിര്‍വിളാകന്‌ പ്രത്യേകം നന്ദി. ആദ്യം ഞാന്‍ ഇതു നിര്‍വിളാകന്‍റേ ബ്ളോഗ്ഗ്‌ ആണെന്ന ധാരണയിലാണ്‌ കമെന്‍റിയത്‌. അതാണ്‌ ഈ കമെന്‍റിനു മുകളില്‍ ഒരു "പാട്‌" ആയി കാണുന്നത്‌.... ക്ഷമിക്കുക ബച്ചുവും നിര്‍വിളാകനും... ഒരു പറ്റൊക്കെ ആര്‍ക്കും തെറ്റും... ച്ചെയ്‌... ഒരു തെറ്റൊക്കെ ആര്‍ക്കും പറ്റും.

    ReplyDelete
  4. സന്തോഷ്‌,
    ആദ്യ കമന്റ് കണ്ടിട്ടും ഞാന്‍ പ്രതികരിക്കാതിരിക്കാന്‍ കാര്യം, ആ നിസ്സാരതെറ്റിനേക്കാള്‍, വലിയ ശരിയുടെ പക്ഷത് നില്‍ക്കുന്ന ആളാണ്‌ താങ്കള്‍ എന്ന ബോധ്യതിലാണ്.
    നൈര്‍മല്യമുള്ള ഒരു മനസിനെ നല്ലത് തിരിച്ചറിയാനും മനസിലേക്ക് സ്വീകരിക്കാനും കഴിയൂ......
    സന്തോഷം; നീര്‍വിലാകനും കൂടി.....

    ReplyDelete
  5. അഭിനന്ദനങ്ങൾ ബച്ചൂ....

    ReplyDelete
  6. പറയാന്‍ വാക്കുകള്‍ ഇല്ല സഹോദരാ. ഈ ബ്ലോഗ്‌, രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ അധ്യക്ഷന്‍ ശ്രീ. നിതിന്‍ വായിച്ചിരുന്നെങ്കില്‍! ഇപ്പോഴും പറയുന്നത് ഹിന്ദുത്വം എന്നാണ്. സനാതന ധര്‍മം എന്നല്ല. രണ്ടും തമ്മില്‍ ആടും ആടലോടകവും തമ്മിലുള്ള വ്യത്യാസം ഉണ്ട് എന്ന് അദ്ദേഹവും മനസ്സിലാക്കണം. എല്ലാ ഗുരുനാഥന്മാരും, ഭാരത്തിന്റെ അമൃതസ്യ പുത്റ എന്ന് അറിയപ്പെടുന്ന, മാനസ സരോവര തീരങ്ങള്‍ക്ക് അപ്പുറം കൈലാസത്തിന്റെ കാരുണ്യം നിറഞ്ഞ കുളിരില്‍ ചിരിയോടെ നമ്മെ സ്വാഗതം ചെയ്യുന്ന അവധൂതന്മാരെ - മതമേ ഇല്ലാത്തവരെ, മനുഷ്യ ഹൃദയത്തിന്റെ നന്മയിലേക്ക് നേരെ കണ്ണോടിക്കാന്‍ ബാഹ്യ ലോച്ചനങ്ങള്‍ വേണ്ടാത്തവരെ - ഒന്ന് അദ്ദേഹം പോയി കണ്ടിരുന്നുവെങ്കില്‍! പോകട്ടെ, കേവലം നഗ്നയായി വൈഷ്ണോ ദേവി ക്ഷേത്രത്തിനു സമീപം എങ്ങോ തപം ചെയ്യുന്ന അതീവ സുന്ദരിയായ ആ യോഗിനിയെ എങ്കിലും കണ്ടിരുന്നുവെങ്കില്‍...കണ്ണിലെയ്ക്കെ നോക്കാന്‍ കഴിയൂ - അതിനു താഴെ സാക്ഷാല്‍ ജഗന്‍ മാതാവാണ് . അത് താങ്ങാന്‍ പശു പ്രായരായ മര്‍ത്ത്യര്‍ക്കു കഴിയില്ല തന്നെ.

    ReplyDelete
  7. നന്ദി ശ്രീജിത്ത് സര്‍......
    താങ്കള്‍ എന്നെ വയലാറിന്റെ വരികള്‍ ഓര്മ്മിപ്പിച്ചു:

    ആരണ്യാന്തര ഗഹ്വരോദര തപസ്ഥാനങ്ങളില്‍
    സൈന്ധവോദാരശ്യാമപുളിനോപാന്തപ്രദേശങ്ങളില്‍
    ആരന്തര്മുഖമിപ്രപഞ്ചപരിണാമോല്ഭിന്ന സര്ഗക്രിയാ-
    സാരം തേടിയലഞ്ഞു ചെന്നു പണ്ട്,
    അവരിലെച്ചൈതന്യമെന്‍ ദര്ശനം...

    THANX TO NASH ALSO..

    ReplyDelete
  8. Nicely written.. We need more critical understanding of the preaching of gurus and the preachings of the established religion and clergy... thank u

    ReplyDelete
  9. ബാച്ചു- പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല പക്ഷേ , താങ്കളുടെ എഴുത്തിന്റെ ശക്തി .അത് ഞാന്‍ മനസിലാക്കുന്നു . തുടരുക .ആശംസകള്‍

    ReplyDelete
  10. എനിക്ക് മറ്റൊരു കോണിലാണ് ഈ വിഷയത്തെ കാണാന്‍ തോനുന്നത് .....കുറച്ച മാസങ്ങള്ക്ക്ു മുന്പ്റ എ പി അബൂബകേര്‍ മൌലവിയുടെ ബഹുബാര്യത്വതെ കുറിച്ചുള്ള പരാമര്ശതങ്ങള്‍ ഉണ്ടാക്കിയ വിവാദം ഒര്മയുണ്ടാവും എന്ന് കരുതുന്നു ...ഇസ്ലാമിനെ കുറിച്ചുള്ള ചര്ച്ച കളില്‍ ഏറ്റവും കൂടുതല്‍ ഉയര്നു?? കേള്കുണന്ന ഒരു കാര്യമാണ് ഇത് ! ഈ വിവാദത്തില്‍ സുഹറ ടീച്ചര്‍ അഭിപ്രായം പറയുന്നത് കേട്ട് , മറ്റു പലരെപ്പോലെ ...ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ് ..." ഇതൊക്കെ ഇസ്ലാമിന്റെ നിയമങ്ങളെ വളച്ചൊടിച്ചു ചില പണ്ഡിതന്മാര്‍ പറയുന്നതാണ് ....." !!! ഇത്തരത്തിലുള്ള അഭിപ്രായം ഇസ്ലാമിനെക്കുറിച്ചുള്ള എല്ലാ ചര്ച്ചനകളിലും ഉയര്ന്നുന കേള്കാ!റുണ്ട് !!! എനിക്കുതോനുന്നു ...ഈ പറയുന്ന അഭിപ്രായങ്ങള്‍ ആണ് തെറ്റ് എന്നാണ് ...ജീവിത കാലം മുഴുവന്‍ ഇസ്ലാമിനികുരിച്ചു പഠിച്ചും എഴുതിയും അതില്‍ വിശ്വസിച്ചും ജീവിക്കുന്ന എ പി യെക്കാള്‍ എന്തായാലും സുഹറ ടീച്ചര്‍ കോ നമ്മള്കോ ഈ വിഷയത്തില്‍ വിവരം ഉണ്ടാകുമോ ? എ പി പറഞ്ഞപോലെ , ഖുറാന്‍ ഇല ഉള്ളതാണ് അദ്ദേഹം പറഞത് !!!! അപ്പോള്‍ എവിടെയാണ് തെറ്റ് ?????? അത് ഞാന്‍ പിന്നെ പറയാം :)

    ReplyDelete
  11. പ്രോത്സാഹന വാക്കുകള്ക്കു നന്ദി; ചന്ദ്രദാസ് സാറിനും കാപ്പിലാനും.

    “...ജീവിത കാലം മുഴുവന്‍ ഇസ്ലാമിനികുരിച്ചു പഠിച്ചും എഴുതിയും അതില്‍ വിശ്വസിച്ചും ജീവിക്കുന്ന.......”
    അനോണി ചേട്ടന്‍ ഇങ്ങനെ ചിലര്കായി മതമങ്ങ് തീരേഴുതാന്‍ തീരുമാനിച്ചാ ഞാനെന്തോ പറയാന്‍?! അങ്ങേരു മൊത്തമങ്ങ് എടുത്തോട്ടെന്നു വയ്ക്കാം; അല്ലെ?!
    വായനക്കും അഭിപ്രായപ്രകടനത്തിനും നന്ദി.

    ReplyDelete
  12. ബച്ചൂ...

    മുൻപ് വായിച്ചതാണ്. ശക്തമായ ലേഖനം.

    "കപട വിശ്വാസിയുടെ ലക്ഷണങ്ങള്‍ മൂന്ന്:
    സംസാരിക്കുന്നത് കള്ളം, വിശ്വസിച്ചാല്‍ വഞ്ചിക്കുക, വാഗ്ദാനം പാലിക്കാതിരിക്കുക.”

    ഇത് എല്ലാ മതവിശ്വാസികളും മനസ്സിലാക്കിയിരുന്നെങ്കിൽ!

    ReplyDelete
  13. very sane.As a person who is having a lot many intimate friends in the muslim community i always felt that the community missed the bus of of renaissance ,unlike namboothiris and ezhavas,because there were no potent reformers in it.Dialogues should emerge within the community,as u have done now.interventions from outside may be counter productive.In spite of unprecedented wealth the community has now gone back much than in 1950s.it is for the muslim youth to bring back the community to the main stream

    ReplyDelete
  14. C.R.പരമേശ്വരന്‍ സാറിന്റെ അഭിപ്രായം വളരെ പ്രസക്തമാണ്‌. വി.ടി.യോ ശ്രീനാരായണഗുരുവോ താന്താങ്ങളുടെ സമുദായങ്ങളില്‍ സാധിച്ചെടുത്ത നവോത്ഥാനം മുസ്ലിംകളില്‍ നിന്നകന്നു നിന്നതിന്റെ കാരണങ്ങള്‍ തീര്ച്ചയായും പരിശോധിക്കപ്പെടെണ്ടതാണ്...പരിഷ്കര്ത്താക്കള്‍ ഇല്ലാതെ പോയതല്ല അവര്ക്ക് ‌പൊതുസ്വീകാര്യത ലഭിച്ചില്ല എന്നതാകാം കാര്യം.
    അതിന് ഒരു കാരണമായി തോന്നുന്നത് അവരെ പ്രചോദിപ്പിച്ചത് പത്തൊന്പ്താം നൂറ്റാണ്ടില്‍ സജീവമായ, ഇറക്കുമതി ചെയ്യപ്പെട്ട ചില ഇസ്ലാമികസംരംഭങ്ങളാണ് എന്നതും മുസ്ലിം സാമാന്യജനം ഇത്തരം സംരംഭങ്ങളെ സംശയത്തോടെ വീക്ഷിച്ചു എന്നതുമാകാം.
    നന്ദി; ജയേട്ടനും കൂടി.

    ReplyDelete
  15. ഇവിടെ എന്റെ കയ്യൊപ്പ് കൂടെ ചേര്‍ക്കട്ടെ.

    ReplyDelete
  16. മുമ്പ് വായിച്ചതാണ്
    നല്ല ലേഖനം

    ReplyDelete
  17. ഏതെങ്കിലും സംഘ പരിവര്‍ വിദ്വാന്മാര്‍ വായിക്കേണ്ട പോസ്റ്റ്‌. ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമങ്ങളും വായിക്കേണ്ട ഒന്ന്.
    ഇത് ഒരു മതത്തെ കുറിച്ച് മാത്രം ബാധിക്കുന ഒന്നല്ല. എല്ലാ മതങ്ങളും , വിശ്വാസികളും ആലോചിക്കേണ്ട വിഷയം തന്നെ. തുടക്കം അല്പം ബോര്‍ ആയി തോന്നിയെങ്കിലും, രണ്ടു മൂന്ന് തവണ വായിച്ചപ്പോള്‍ ഹൃദ്യമായി തോന്നി. മനോഹര്‍ - ദോഹ , ഖത്തര്‍

    ReplyDelete
  18. @Vallikkunnu, SKK, Saif:
    കയ്യൊപ്പുകള്‍ക്ക് നന്ദി...

    @Manohar,
    അഭിപ്രായം തുറന്ന് പറഞ്ഞതില്‍ സന്തോഷം...
    ആമുഖം സ്വല്പം നീണ്ട് പോയത് ചിലര്‍ക്കെങ്കിലും വിരസമായി തോന്നുന്നു എന്ന് മനസിലാക്കുമ്പോഴും അതില്‍ നിന്ന് ഒരു വാക്ക് പോലും മുറിച്ച് മാറ്റാന്‍ വയ്യ...
    Thanks for ur fair comment.

    ReplyDelete
  19. നല്ല എഴുത്ത്.ശരിയായ ഒരു മനുഷ്യനാവാതെ ഏതു മതക്കാരനായിട്ടും എന്താ കാര്യം? മനസ്സ് തുറന്നൊന്നു മുഖത്തോട് മുഖം നോക്കി നമുക്കൊന്നും സംസാരിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നാമൊക്കെ എന്ത് സ്നേഹത്തെ കുറിച്ചാ ഈ പറയുന്നേ അല്ലെ? be a good humanbeing .എന്നിട്ടാവാം "മദം" പറയല്‍.Keep it up

    ReplyDelete
  20. നല്ല ലേഖനം, എല്ലാകാലത്തും പ്രസക്തം
    നന്ദി ഈ പോസ്റ്റിനു

    ReplyDelete
  21. The problem is not only of Muslim community but aslo those who purposefully tried to call it as a religion of Muhammadans. Calling so, they were trying to minimize the importance of Islam and Prophet Mohammed (PBUH)as well. A Muslim of true perspective of Islam believes that from Adam to last prophet Mohammed inclduing Sri Krishanan and Jeseus are the messangers of the Almighty God and were propagating only one religion so as to keep the mankind united for which the importance of monothiesm was emphasized by all the prophets.

    Thank you
    abu fuwas

    ReplyDelete
  22. നബിദിന ചിന്തകൾ വേറിട്ട ഒരു അനുഭവമായിരുന്നു, നന്നായിരിക്കുന്നു. സങ്കുചിതവും മലീമസവുമാക്കപ്പെടുന്ന മതചിന്തകളിൽ നിന്നും മാനവികതയുടെ ഈ മുത്തുവാരൽ ശ്ലാഘനീയം തന്നെ. വെറും നിരർത്ഥകമായ സ്തുതിപാടലുകൾക്കുമപ്പുറം മനുഷ്യത്വത്തിന്റെ ഈ ഉത്ഘോഷമായിരുന്നു, ആ മഹാനുഭാവന് നൽകാവുന്ന ഏറ്റവും വലിയ ഓർമ്മകുറിപ്പ്. താടിയും തലപ്പാവുകളുമല്ല, സന്ദേശങ്ങളുടെ അടയാളപ്പെടുത്തലുകൾ എന്ന് വിളിച്ചു പറയുക കൂടി ചെയ്യുന്നു ഇവിടെ ബച്ചു. കയ്യൊപ്പുകൾ തുടരട്ടെ…

    ReplyDelete
  23. വായനക്ക്, പ്രോല്‍സാഹനവാക്കുകള്‍ക്ക് നന്ദി: ഹാരിസ്, തെച്ചിക്കോടന്‍, അബൂഫുവാസ്.
    നസീര്‍ക്കയുടെ കൈയൊപ്പ് എന്റെ എളിയ ശ്രമത്തിന് മകുടം ചാര്‍ത്തുന്നു.

    ReplyDelete
  24. The 100: “A ranking of the most influential persons in History” is a book by Michael H Hart.
    By giving first ranking to prophet Muhammed (PB upon him), Hart asserted that Muhammed was ‘Supremely Successful’ in both religious and secular realms. Brother Bachoo is also projecting the same views in a different way.
    Thanks a lot.

    ReplyDelete
  25. മനസ്സില്‍ നിറഞ്ഞ കാര്യം .അതേപോലെ ......സത്യം ......എല്ലാവരും വായിക്കട്ടെ , ആശംസകള്‍ ......

    ReplyDelete
  26. ‘നബിദിന’ത്തിന് അവ്സരോചിതമായ ഒരു പോസ്റ്റ്. നല്ല അവതരണം.

    ReplyDelete
  27. While I appreciate further Mr. Bachu for thought provoking article posted, since the above article touches lot of things necessarily or unnecessarily such as beard, turban, polygamy, text books in school, mullahs I would like to clarify further:

    Pointing out an error from the well known Muslim clergyman recently nobody can lessen or deny the option 'maintaining of more than one wife' Islam allowed under certain condition. With the notorious comment this Mullah made, he has failed to convince people why Islam permitted polygamy with certain condition. Not only this, this Mullah and the sect belong to him have a lot of strange things their own which even bypasses pagan era practices thus has no any authenticity in Islam or nothing to do with Islam.

    Interestingly, rendezvous of leftist or the so called progressives with this mullah and his sect is notorious. The write-up indicates that author too a leftist or its sympathizer.

    It is also vain complaining about Muslim men having typical beard and white turban.

    As Ohio University Professor commented that India is a country of 1000s of God and Goddesses, wherein beard or keeps hair growing as part of their faith is not a new thing. So, connecting such practice of Muslim on the so called prophet day is inappropriate though there is no such day or any importance for such day in Islam. If author wanted to criticize for the inaction of Muslims over core issues what prophet or Islam said he could have done it in required manner, not by exaggerating minor things.

    Author forgets that even sadhus of lanky face with long beard, exposing their private part, roaming in the vicinity in our country. So, I am sorry to say that irritation of author who belongs to an environment like this to beard and turban of Muslim men is seemed an attempt to receive applause from certain section.

    He also should know that Sikhs too maintain turban and keep their hair growing as part of faith, and still cases are in progress in various countries for allowing them turban to be worn at any condition irrespective of the nature of the work or duty. Meantime, for Islam wearing turban or growing beared is not mandatory as of those like Sikhs. So, focusing this minor thing author should not have attempted to depict a whole community being discredited on the so called day 'prophet day'.

    Author also seemed worried about the agitation of UDF against the manipulation made in the school text books by the present LDF govt. as part of their campaign for injecting left ideology in a tricky manner into the small children. Author expresses his displeasure to the well known political party IUML by holding aloft the death of a teacher who unfortunately died in the scuffle during the agitation.

    I do not whether author is worried of the pets, animals and snakes which were set fire alive by the same leftists in vengeance against their former buddy M.V. Raghavan Besides, why author was not worried of the political rivalry killings in notorious Kannur wherein hundreds of youth lost their life, and why author forgets the killing of the teacher who was in fact butchered in front of his pupil by the so called progressive leftists in the same district?

    In fact, my aim or criticism is not towards the author but the people who are known intellectuals or prominent personalities have a typical attitude 'bias' which is unhealthy thereby will not help the society.

    Thank you

    abufuwas

    ReplyDelete
  28. dear brother abufuvas,
    I feel your comment came from some misunderstandings or wrong analysis.

    1)I don't have any complaint of beard and turban. It's only about people using them for show-off and limit in them ignoring things stressed by prophet as more important like honesty, exactness in finacial dealing, apathy to fellow-beings etc. Clear?

    2)I didn't discuss polygamy here. Remark is only abt the anti-woman perspective or propagating polygamy a mean to satisfy men's sexual needs which I challenge.

    3)I don't have much interest left in Kerala politics as I can't distinguish between two (LDF/UDF)in practise. So your remarks in such contest will be left unanswered.

    If I'm referring any case where religious heads' unhealthy intervention too caused a life lost, I don't mind who in the opposite side. It's unmatured conclusion that I belong to some party. I believe
    Any how let me thank you for expressing your concerns and hope doubts are cleared.

    ReplyDelete
  29. Bachu has done a great job on time. It is in fact an eye-opener. Though majority of the Muslims are aware about the fundamentals of Islam which is; ' there is none other than the almighty god for worship', they often fail to maintain this and other nucleus issues as well as mentioned by Bachu in his post.

    Since Muslims believe that Mohammed (PBUH) is the last prophet in series and holy Qur'an which presented during his period is well enough to reform the mankind, Muslims require neither a reformer nor a god men or a god women. But scholars willing to teach true perspective of Islam are required. Unfortunately, majority of the scholars failed in this aspect. Quoting verses or wordings from the scriptures they misinterpreted lots of things for their own interest, which made confusion even among Muslim community.

    Forgetting the contributions of Prophet Mohammed to the mankind, on the account of love to Islam and prophet these Mullahs or scholars engaged in uncivilized and illogical activities on the account of tradition which corresponding to pagan era practices.

    Unlike other religions, Islam does not promote superstition on the account of faith. In spite of this, Muslims are known still backward and undeveloped because of these Mullahs or the so called scholars. In fact, all the prophets were sent by almighty God to rectify the people engaged in bad deeds which were in its zenith in pagan eras. If mankind had followed the wordings of the prophets without any manipulation we could have even eliminate the system infested with caste and creed.

    ReplyDelete
  30. Yeh,as anonymus stated that since Islam presents an ideology emphasizing for a classless society no need a reformer but true perspective of Islam to be followed by Muslims, for which they should discard the so called scholars propagating unIslamic activities focusing Islam.

    Thanks
    SHANU

    ReplyDelete
  31. thanx anonymous & shanu.
    but let me politely ask, by rejecting 'mullas' u only aim particular sect? u feel som mullas (or u call them scholars)who lead A or B organizations are fully correct?!
    I didn't eye any particular mulla group here & believe others are truly upto mark.

    ReplyDelete
  32. പെണ്‍കുട്ടികള്‍ ശാപമായി കരുതി ജീവനോടെ കുഴിച്ചു മൂടപ്പെട്ടിരുന്ന സമൂഹത്തില്‍ പെണ്‍ജന്മം ആഘോഷിക്കുന്ന തരത്തിലേക്ക് അനുയായികളെ പരിവര്ത്തിപ്പിച്ച ധീരനായ പരിഷ്കര്‍ത്താവിന്റെ ജന്മനാട്ടില്‍ തന്നെയാണ്, തീപിടിച്ച സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പുറത്ത് ചാടി 'ശരിയാം വണ്ണം' ദേഹം മറയ്ക്കാതെ അന്യപുരുഷന്മാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു കൂടാ എന്ന തീര്ച്ചയില്‍, ബന്ധിക്കപ്പെട്ട വാതിലിനു പിറകില്‍‍ പതിനഞ്ചു പെണ്‍കൗമാരങ്ങള്‍ വെന്തൊടുങ്ങിയത് എന്നത് വല്ലാത്ത വിധിവൈപരീത്യമാകാം. ചത്ത പന്നിയുടെ മാംസം ഭക്ഷിച്ചായാലും ജീവന്‍ നിലനിറുത്തുകയാണ്‌ വേണ്ടത് എന്നുദ്ഘോഷിച്ച പ്രവാചകന്‍, പൂര്‍ണ്ണ നഗ്നരായി റോഡില്‍ പ്രത്യക്ഷപ്പെട്ടാല്‍ പോലും അഗ്നിക്ക് ആഹാരമാകരുത് എന്നല്ലേ പറയുമായിരുന്നുള്ളൂ?!

    ee sambhavam nanetho rss sitel vayichath orkunnu. evidunn kitti thankalk....

    ReplyDelete
  33. വിമര്‍ശനങ്ങളും മുനവെച്ചുള്ള പരാമര്‍ശങ്ങളും ഒരു ദിശയിലേക്കു മാത്രമാണല്ലോ മച്ചൂ..(ബച്ചു)...നിഷ്പക്ഷമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യപ്പെടും.. ഇവിവ്ടെ എത്ര ശ്രമിച്ചിട്ടും ഉള്ളിലിരിപ്പ് പുഅറത്തു വരുന്നുണ്ട്..

    ReplyDelete
  34. ഏതാണ് ഇഖ്ബാല്‍ സാഹിബ്‌ പറയുന്ന ദിശ / ഉള്ളിലിരിപ്പ് എന്ന് വ്യക്തമാക്കിയാല്‍, അതിനു മറുപടി പറയാമായിരുന്നു.

    ReplyDelete
  35. nannaayittundu. thudaruka. aashaksakal

    ReplyDelete
  36. ഇതൊരു വിഭാഗത്തിന് മാത്രമല്ല, എല്ലാവര്‍ക്കുംക്‌ുടിയുള്ള പാഠമാണ്.അഭിനന്ദനങ്ങള്‍..

    ReplyDelete
  37. വായിച്ചു തുടങ്ങിയപ്പോള്‍ ഇത്രത്തോളം നന്നാവുമെന്ന് കരുതിയില്ല. ലേഖനങ്ങള്‍ നീളുമ്പോള്‍ മിക്കപ്പോഴും ഓടിച്ചു പോകാറാണ് പതിവ്. എന്നാല്‍ ഇതും ഇതിന്നു താഴെ വന്ന കമന്ട്സും മുഴുവന്‍ വായിച്ചു. മറ്റു മതസ്ഥര്‍ക്ക് പ്രവാചകനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ എഴുത്തിലൂടെ സാധിച്ചത് ഒരു വലിയ കാര്യമായി ഞാന്‍ കാണുന്നു. എഴുത്ത് തുടരുക. എല്ലാവിധ ഭാവുകങ്ങളും.

    ReplyDelete