Monday, February 28, 2011

നമ്മുടെ ചില ഇരട്ടവേഷങ്ങള്‍

എത്രമേല്‍ കപടമല്ല നമ്മുടെ ധാര്‍മ്മിക-നൈതിക ബോധം?!

ആളൊഴിഞ്ഞ കംപാര്ട്ട്മെന്റില്‍ നിസ്സഹായയായ യുവതിയെ ആക്രമിച്ചു പുറത്തെറിഞ്ഞ് മാനഭംഗപ്പെടുത്തി മൃതപ്രായയാക്കുവോളം നിസ്സംഗമായിരുന്ന നമ്മിലെ പ്രതികരണശൌര്യം, ആ കുട്ടി മരിച്ചപ്പോള്‍, പ്രതി തമിഴന്‍ എന്നറിഞ്ഞപ്പോള്‍ ഒന്നാകെ ഉണര്‍ന്നെണീറ്റതു നാം കണ്ടതാണ്.ഏതാനും ദിവസങ്ങള്‍ക്കകം വീട്ടുവേലയ്ക്കു നിന്ന പതിനൊന്നുകാരി തമിഴ് ബാലിക ക്രൂരപീഡനത്തിനിരയായി മരിച്ചപ്പോള് എവിടെ വിനഷ്ടമായി ആ വൈകാരിക വിക്ഷോഭങ്ങള്‍?...
അതോ പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയും ഉള്ള മലയാളികള്‍ ആയത് കൊണ്ടാണോ നമുക്കത് അത്രമേല്‍ വലിയ സംഭവമായി തോന്നാത്തത്?!

താല്പര്യങ്ങളും മാധ്യമശ്രദ്ധയും ഉള്ളിടത്തെ പ്രതികരണങ്ങള്‍ക്ക് പോലും മാര്‍ക്കറ്റ്‌ ഉള്ളൂ. പറയുമ്പോള്‍ ചുറ്റിലും ക്യാമറക്കണ്ണുകള്‍ ഇല്ലാത്തത് കൊണ്ടാകും സ്വയം പ്രഖ്യാപിത മഹിളാ / പീഡിത പക്ഷവാദികളും വായ അനക്കാത്തത്! എരിവും പുളിയും ഭാവനക്ക് സ്കോപ്പും തിരുകി ആഘോഷിക്കാന്‍‍ പറ്റുന്ന വിഭവങ്ങള്‍ മാത്രമല്ലെ ചാനലുകാര്‍ക്ക് പഥ്യമാകൂ. അല്ലെങ്കില്‍ ഏതോ പീക്കിരി പാണ്ടിപ്പെണ്ണ്‍ ചത്താല്‍ മലയാളിയുടെ ഉല്കണ്ഠ അത്രമേല്‍ ഉയരില്ല എന്ന ബോധ്യമാകണം ('വാര്‍ത്താമൂല്യം' !).
സൗമ്യയുടെ ദാരുണമരണം മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡമായ രതിവൈകൃതമനസ്സിനെ ആകര്‍ഷിക്കുക എന്നൊരു ചൂണ്ട കൂടിയുണ്ടായിരുന്നു എന്നും അനുമാനിക്കാം. അല്ലാതെ മാധ്യമങ്ങളുടെ പൌരബോധം ഉച്ചസ്ഥായി പ്രാപിച്ചതല്ല.

കമലിന്റെ ഗദ്ദാമ സിനിമ കണ്ടു മലയാളി മൂക്കത്ത് വിരല്‍ വെച്ചത്രെ: ഇങ്ങനേം ക്രൂരരായ മനുഷ്യര്‍ ഉണ്ടോ?!
അറബിവീടുകളില്‍ കൊടിയ പീഡനം ഏറ്റുവാങ്ങുന്ന മലയാളി ഉള്‍പ്പെടെയുള്ള ഖദ്ദാമമാര്‍ തികച്ചും യഥാര്‍ത്ഥ്യം തന്നെ. അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധ്യമായ  എല്ലാ ശബ്ദവും ഉയര്‍ത്തണം. എന്നാല്‍ ലോകത്തെവിടെ പീഡനം നടക്കുമ്പോഴും വലിയ വായില്‍ ഒച്ച വെക്കാന്‍ മടിക്കാത്ത മലയാളി, കണ്മുന്നില്‍ സ്വന്തം നാട്ടുകാര്‍ നടത്തുന്ന കൊടും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുന്നു എന്നത് വിരോധാഭാസം തന്നെ. അതോ നാം തന്നെയാകുമ്പോള്‍ അതൊന്നും പീഡനമോ ക്രൂരതയോ ആകുന്നില്ല എന്നാണോ?! 

കുറെ മാസങ്ങള്‍ക്ക് മുന്‍പ് വീട്ടു വേലയ്ക്കു നിര്‍ത്തിയ മറ്റൊരു ബാലികയെ കാസര്‍ഗോട്ടെ ഒരു ബിസിനസുകാരന്‍ വെട്ടിനുറുക്കി ഡാമിലെറിഞ്ഞതും വാര്‍ത്താമാധ്യമങ്ങളില്‍ ഓളമോ ജനരോഷമോ സൃഷ്ടിച്ചില്ല എന്നതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. 

പഴുതുകള്‍ ഇട്ടു കേസ് ഡയറി തയ്യാറാക്കി നിയമവിദഗ്ദ്ധനെയും വീട്ടുകാരെയും ഇതില്‍ നിന്ന് ഊരിയെടുക്കാന്‍ ഏത് സാദാ പോലീസിനും കഴിയും. ശബ്ദിക്കാന്‍ ആരോരുമില്ലാത്ത ഈ തമിഴ് ബാലികയ്ക്ക്‌ വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊടി പിടിക്കില്ല; ചാനല്‍ ക്യാമറകളുടെ പ്രഭ ഇല്ലെങ്കില്‍ വനിതാ സംഘടനകള്‍ ഓരിയിടില്ല; സാംസ്ക്കാരികപ്രവര്‍ത്തകരും ഒച്ച ഉയര്‍ത്തില്ല. കേവലനീതിയില്‍, മാനുഷികതയില്‍ വിശ്വസിക്കുന്നവര്‍ ഒന്നടങ്കം‍, താല്പര്യങ്ങളുടെ പിന്നാലെ പോകുന്ന സംഘടനകളുടെയോ നേതാക്കളുടെയോ പിന്‍ബലമില്ലാതെ ഈ ബാലികയെ പീഡനമേല്പിച്ചു കൊന്നവര്‍ക്കെതിരെ നിലയുറപ്പിക്കട്ടെ!
അവര്‍ ശിക്ഷിക്കപ്പെട്ടു എന്നുറപ്പിക്കുവോളം ആ അഗ്നി കെടാതെ സൂക്ഷിക്കട്ടെ!! 

പിന്‍‌മൊഴി:
സൌമ്യ സംഭവത്തിലെ വന്യതയോ ദാരുണതയോ ഒട്ടും കുറച്ചു കാണാന്‍ ഉദ്ദേശമില്ല എന്ന് കൂടെ പറഞ്ഞു വെയ്ക്കട്ടെ; അത്തരം ചാമിമാര്‍ ഇനിയും ഭീതി സൃഷ്ടിച്ചു ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കപ്പെടരുത് എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. പക്ഷെ ചിലപ്പോള്‍ ലഘൂകരിച്ചും ചിലപ്പോള്‍ വൈകാരിക പ്രളയം സൃഷ്ടിച്ചും തരാതരം ക്രൂരതകളെ വേര്‍തിരിച്ചു കാണുന്ന നമ്മുടെ തന്നെ അബോധത്തെ ഒന്ന് സ്വയം വിചാരണ ചെയ്യുക മാത്രമാണിവിടെ...

17 comments:

  1. പക്ഷെ ചിലപ്പോള്‍ ലഘൂകരിച്ചും ചിലപ്പോള്‍ വൈകാരിക പ്രളയം സൃഷ്ടിച്ചും തരാതരം ക്രൂരതകളെ വേര്‍തിരിച്ചു കാണുന്ന നമ്മുടെ തന്നെ അബോധത്തെ ഒന്ന് സ്വയം വിചാരണ ചെയ്യുക മാത്രമാണിവിടെ...

    ഉചിതമായി... വളരെ.. വളരെ....

    ReplyDelete
  2. മനുഷ്യന് എങ്ങനെ ഇത്ര ഭീകരനും ക്രൂരനും ആകാൻ കഴിയുന്നു എന്ന ചിന്തയിൽ……… എങ്കിലും, ഇത്തരം കുറിപ്പുകൾ വായിക്കുന്നവരും കമന്റുകൾ അയക്കുന്നവരും, സമൂഹത്തോടും സഹജീവികളോടും കരുണയിൽ കഴിയുന്നവരാകട്ടെ…… പ്രാർഥനയോടെ…………….

    ReplyDelete
  3. കുറ്റം ചെയ്തവന്‍ കറുത്തവനും അന്യദേശ ഭാഷക്കാരനും ആണെങ്കില്‍ മലയാളി പ്രതികരിക്കും.

    ReplyDelete
  4. ആദര്‍ശം പ്രസങ്ങിക്കാനെ പറ്റൂ പ്രായോഗികമാക്കാന്‍ കയിയില്ല മനുഷ്യന്‍ ഒരു മൃഗമായി പരിനമിക്കുകയാണ് ഉത്തരാധുനികതയില്‍

    ReplyDelete
  5. need to do something active and fruitful...I think so.

    ReplyDelete
  6. മനുഷ്യൻ മൃഗങ്ങളിൽ പെട്ട ജീവിയാണ്.
    എന്നാൽ കുടിലതയും,
    ക്രൂരതയും വഞ്ചനയും, ആത്മവഞ്ചനയും
    ഇത്ര കറതീർത്തു പ്രദർശിപ്പിക്കാൻ
    മറ്റൊരു മൃഗത്തിനും കഴിവില്ല!
    അതെ... മൃഗങ്ങളിൽ നിന്ന് മനുഷ്യൻ വേറിട്ടു നിൽക്കുന്നു!

    ഇതൊക്കെ വായിച്ച് കുറച്ചു പേരെങ്കിലും നന്നായാൽ അത്രയും നല്ലത്.....

    ReplyDelete
  7. എന്തായാലും ഈ സംഭവത്തിൽ മലയാളികൾ പ്രതികരിക്കാതിരിക്കുന്നില്ല.... മാധ്യമങ്ങൾ ഇതു മുക്കിയിട്ടുമില്ല.

    എല്ലാ ചാനലുകളിലും, പത്രങ്ങളിലും ഉണ്ട്....
    നെറ്റിലും.

    ഈ ലിങ്കുകൾ നോക്കൂ.

    http://malayalam.webdunia.com/newsworld/news/keralanews/1102/26/1110226003_1.htm

    http://malayalam.webdunia.com/newsworld/news/keralanews/1102/27/1110227004_1.htm

    http://malayalam.webdunia.com/newsworld/news/keralanews/1102/28/1110228059_1.htm

    http://malayalam.webdunia.com/newsworld/news/keralanews/1103/01/1110301047_1.htm

    മറ്റെല്ലാ വെബ് പോർട്ടലുകളിലും ഈ വിഷയം ഉണ്ട്.
    അതുകൊണ്ട്,

    “പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയും ഉള്ള മലയാളികള്‍ ആയത് കൊണ്ടാണോ നമുക്കത് അത്രമേല്‍ വലിയ സംഭവമായി തോന്നാത്തത്?!”

    എന്ന് ആകുലപ്പെടേണ്ട.
    ഇതിവിടെ ചർച്ച ചെയ്യുന്ന നമ്മൾ മലയാളികൾ തന്നെ ആണല്ലോ...
    (അത്തരം ആളുകൾ ഏതു സമൂഹത്തിലും ന്യൂനപക്ഷം ആയിരിക്കും എന്നു മാത്രം)

    ReplyDelete
  8. @Jayetta...
    മലയാളിയുടെ അബോധത്തെ രൂപപ്പെടുത്തുന്ന മുഖ്യധാരാമാധ്യമങ്ങള്‍ ആണ് പ്രതിപാദ്യം; ഒപ്പം മലയാളിയുടെ പൊതുബോധവും... അല്ലാതെ ഒരു മലയാളിയും പ്രതികരിച്ചില്ല എന്നല്ല.

    ReplyDelete
  9. മലയാളികള്‍ എല്ലാം മറക്കാന്‍ പഠിച്ചവരാണ്...
    ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ ഈ സംഭവവും നമ്മള്‍ മാന്യമായി മറക്കും..പത്രങ്ങളും

    ReplyDelete
  10. മനുഷ്യരെ എല്ലാവരെയും തുല്യരായി കാണുന്ന കേവല മാനവികത പോലും മലയാളി കൈവിട്ടു കാലം കുറെയായി എന്ന് ഇത് വരെ ആരും അറിഞ്ഞില്ലേ...? തങ്ങളുടെ വര്‍ഗ്ഗം എന്നാ അടയാളങ്ങള്‍ ഇല്ലാത്തവരെ തമസ്കരിക്കുകയും , മനുഷ്യരായി തന്നെ കണക്കാക്കാന്‍ വിസമ്മതിക്കുന്ന മനോഭാവം പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു .. ജനാധിപത്യ മൂല്യങ്ങള്‍ പലതും കൈവിട്ടു പൂര്‍വ്വകാല മാടമ്പി വാഴ്ച സ്വപ്നം കാണുന്ന ഒരു സമൂഹവും അത് പ്രതിഭാളിപ്പിക്കുന്ന ഒരു രാഷ്ട്രീയ സമൂഹവും ആണ് ഇന്നിവിടെ ഉള്ളത് .. അത്തരം ആഗ്രഹങ്ങളെയും ചിന്തകളെയും ഒരുകാലത്ത് പരിവര്‍ത്തനം ചെയ്തിരുന്ന സിനിമ അടക്കമുള്ള മാധ്യമങ്ങള്‍ ആ പണി നിര്‍ത്തി ഇന്ന് അത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്ന് കാണാം .. ഒന്നും നേടാത്ത പരാജിതരുടെ വികാരങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരു പരിഹാസതിനപ്പുറം ഈ സമൂഹത്തില്‍ എന്ത് വില ..? എല്ലാം ദൈവ ഹിതമെന്നു കരുതി എല്ലാത്തിനെയും ന്യായീകരിക്കുന്നവരും കുറവല്ല ...മറ്റൌര്തനെ ചൂഷണം ചെയ്യുമ്പോള്‍ സ്വയം താഴുകയാണ് എന്നാ ബോധം സ്വമേധയാ ഒരാളില്‍ ഉണ്ടാകുന്നില്ലെങ്കില്‍ കൂടി , സമൂഹത്തില്‍ നിന്നെങ്ങിലും ഒരാള്‍ക്ക്‌ കിട്റെണ്ടാതാണ് , പകരം, ഒരു പാട് വേലക്കരുള്ളവരെ ( ജോലിക്കാര്‍ അല്ല ) അക്കാരണത്താല്‍ മാത്രം 'ഉയര്‍ന്നവര്‍' ആയി ബഹുമാനിക്കുകയും , അത് പോലെ ,മറ്റുള്ളവരെ മേല്‍ കുതിര കയറുന്നത് ഒരാളുടെ കഴിവ് ആയി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തില്‍ മറിച്ചൊരു ചിന്തക്ക് തത്കാലം സ്ഥാനമില്ല .. പുറത്തു നിന്നും വരുന്ന ഏതോ ഒരു വികസിത മനസ്സ് എന്നെങ്ങിലും ഇത് നോക്കി കാറി തുപ്പുന്നത് വരെ തന്ടെ അധമത്വം മലയാളി മനസ്സില്ലാകും എന്ന് കരുതുക വയ്യ

    ReplyDelete
  11. മലയാളികള്‍ ഇങ്ങനെയൊക്കെ തന്നെയാണ്,ചാനലുകള്‍ക്ക് വാര്‍ത്തയാണു പ്രാധാന്യം,ഇന്നു മാനവികതയ്ക്കോ മൂല്യങ്ങള്‍ക്കോ സ്ഥാനമില്ല.
    ആത്മരോക്ഷം നന്നായി ചാലിച്ചെഴുതി.ഭാവുകങ്ങള്‍

    ReplyDelete
  12. മലയാളികള്‍ പ്രതികരിച്ചില്ല എന്ന് പറഞ്ഞാല്‍ ശരിയല്ല. അവിടെയുള്ള നാട്ടുകാര്‍ തന്നെ പ്രതികളെ കോടതിയിലേക്ക്‌ കൊണ്ട് പോവുമ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടു. പിന്നെ ഒരു ലൈംഗീക ചൂഷണം ആഘോഷിക്കപ്പെടുന്നപോലെ ഒരു പീഡനം ആഘോഷിക്കപ്പെടില്ലല്ലോ. ലൈംഗീകതയ്ക്ക്‌ വേണ്ടി ദാഹിക്കുന്ന ഒരു സമൂഹത്തില്‍ ഇതൊക്കെയല്ലേ നമുക്ക്‌ പ്രതീക്ഷിക്കാവൂ.

    ReplyDelete
  13. ബച്ചുവിന്‍റെ ശബ്ദത്തിനു പ്രതി ധ്വനി യില്ലാതെ മരിച്ചു പോകാതിരിക്കട്ടെ ...!!

    ReplyDelete
  14. ഇവിടെ വന്നു. എല്ലായിടത്തും ഒന്ന് കേറിയിറങ്ങി. ചിതറിയ ചിന്തകളല്ല ചന്തമുള്ള അതി മനോഹര ചിന്തകള്‍.എല്ലാം നന്നായി അടുക്കി വെച്ചിരിക്കുന്നു. ആശംസകള്‍.

    ReplyDelete