Wednesday, November 30, 2011

മുല്ലപ്പെരിയാറിന് മുന്നേ ഒഴുകുന്നത്......

അണക്കെട്ട് 'ദേ, ഇപ്പോള്‍ പൊട്ടു'മെന്ന് വിഭ്രാന്തി പരത്തിയത് ഡാം 999 പടത്തിന്റെ പ്രമോഷനു വേണ്ടിയായിരുന്നു എന്ന, തള്ളാനാകാത്ത ഒരു വാദഗതിയുണ്ട്. ഇപ്പോള്‍ പൊട്ടില്ലേലും ഡാമിന് സുരക്ഷഭീഷണിയുണ്ട്‌ എന്നത് അവിതര്‍ക്കിതം; വിഷയത്തില്‍ ഇനിയും വലിച്ചു നീട്ടാതെ ഒരു തീര്‍പ്പ്‌ അവശ്യവും.. പാട്ടക്കരാര്‍ കാലാവധി 2000 -ല്‍ കഴിഞ്ഞെങ്കിലും പുതുക്കാതെയാണ് തമിഴ്നാട് വെള്ളവും വൈദ്യുതിയും കൊണ്ട് പോകുന്നത് എന്നാണ് മനസ്സിലാകുന്നത്. ഇനിയത് നിലവിലെ രൂപത്തില്‍ പുതുക്കാതിരിക്കുക എന്നതാണ് അവശ്യം അഭികാമ്യം. ഡാമിന്റെയും അനുബന്ധപ്രദേശങ്ങളുടെയും സമ്പൂര്‍ണ്ണവകാശം (ഉടമവകാശവും, കൈവശാവകാശവും) കേരളത്തിന്റെ കയ്യിലാകണം. നമ്മുടെ സുരക്ഷയും ആവശ്യങ്ങളും കൂടി പരിഗണിച്ചു മാത്രം തമിഴന് വെള്ളം നല്‍കുക. വെള്ളം സുലഭമായി കടത്തിക്കൊണ്ടു പോകുമ്പോഴും എന്നും, കോളനി വാഴ്ചക്കാലത്ത് എന്നോണമാണ് തമിഴകം വാഴുന്നോര്‍ കേരളത്തോട് ഇടപെട്ട് വന്നത്. 
അണക്കെട്ട് പൊട്ടില്ലെന്നു പറയുമ്പോഴും ഉയര്‍ന്ന ജലനിരപ്പ് ഭീഷണിയല്ലെന്ന് ഉറപ്പു നല്‍കാനാകില്ല. അപ്പോഴും തമിഴന്റെ കനിവിനു കാതോര്‍ക്കുകയാണ് നമ്മുടെ അഭിനവ നാടുവാഴി തമ്പുരാക്കന്മാര്‍. പണ്ട് സമ്മര്‍ദ്ദത്താല്‍ കരാറിലേര്‍പ്പെട്ട മഹാരാജാവിന്റെ ബ്രിട്ടിഷ് അധികാരികളോടുള്ള അതേ വിധേയത്വമുണ്ട്, അയല്ഭരണത്തെ പരാമര്ശിക്കുമ്പോള് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണ-പ്രതിപക്ഷ മഹല്‍ദേഹങ്ങളുടെ വാക്കുകളില്‍. ലക്ഷക്കണക്കിനു മനുഷ്യജീവനുകള്‍ ഇന്നല്ലെങ്കില്‍ നാളെ അപകടപ്പെട്ടാലും ശരി, തങ്ങളുടെ കൃഷി നനക്കാന്‍  ജലനിരപ്പ് എത്രത്തോളം ഉയര്‍ത്താമോ അത്രയും ഉയര്‍ത്തണം എന്ന തമിഴന്റെ പ്രാദേശികവാദത്തിലധിഷ്ടിതമായ ശാട്യം ഏത് കൊടും ഭീകരവാദത്തെയും തോല്പിക്കും. നാമും തത്തുല്യം വൈകാരികതയും പ്രാദേശികവാദവും ഊതിവിടണം എന്നല്ല. (അല്ലെങ്കിലും ഇടയ്ക്കും തലയ്ക്കും ഞെട്ടിയെഴുന്നേറ്റു 'പുലിയേ പുലി' എന്നാര്‍ത്തു വികരപ്പെരുമഴ പെയ്യിക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ നമ്മുടെ ജനകീയജനാധിപത്യ സര്‍വ്വാധികാരികള്‍ക്കെന്തുള്ളൂ?!)
നമ്മുടെ താല്പര്യങ്ങള്‍ ആര്‍ജ്ജവത്തോടെ, പറയേണ്ട രീതിയില്‍, പറയേണ്ടതായ വേദികളില്‍, പറയാന്‍ കഴിയണം. കിട്ടാവുന്ന നിയമപരിരക്ഷയുടെ പരിധിയില്‍ തന്നെ, സംസ്ഥാനത്തിന്റെ താല്പര്യം നിരന്തരം ഹനിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണവും വേണം. മറ്റൊരു സ്റ്റേറ്റ്ന്റെ ദയാവായ്പിനു മുന്നില്‍ എക്കാലവും കാത്തുകെട്ടിക്കിടക്കുന്നത് / എക്കാലവും ഏകപക്ഷീയമായി ത്യജിക്കുന്നത് / ജനങ്ങളുടെ സുരക്ഷയെ ത്രാസ്സില്‍ തൂക്കുന്നത് എന്ത് ഫെഡറലിസം ആണെന്ന് മാത്രം ഇനിയും മനസ്സിലാകുന്നില്ല. '70 ലെ  അച്യുതമേനോന്‍ സര്‍ക്കാര്‍ തൊട്ടിങ്ങോട്ടു മാറിവന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ജനങ്ങളോട് / സംസ്ഥാനത്തോടുള്ള ഉത്തരവാദിത്തരാഹിത്യവും തന്നെയാണ്  ഇതിത്രത്തോളം വഷളാക്കിയത്. 
'നിങ്ങള്‍ക്കുള്ള വെള്ളം ഒരു തുള്ളി പോലും കുറയില്ല പുതിയ ഡാം വന്നാല്‍. മാത്രവുമല്ല കൂടുതലും തരാന്‍ പറ്റിയേക്കും. ഡാം എങ്ങനേം ഞങ്ങള്‍ നിര്‍മ്മിച്ചോളാം അഞ്ചു പൈസ നിങ്ങള്‍ തരണ്ട. തമ്പുരാട്ടി  ദയ തോന്നി അനുമതി തന്നാല്‍ മാത്രം മതി!' - മുഖ്യന്‍.
'ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഡാം പണിത് നിങ്ങള്‍ക്ക് വെള്ളം തന്നോളം. അമ്മ കനിയണം' - പ്രതിപക്ഷനേതാവ്.
'ഞങ്ങള്‍ കെട്ടുന്ന ഡാമിലെ ഒറ്റ തുള്ളി വെള്ളം ഞങ്ങള്‍ക്ക് വേണ്ട; ഉണ്ടാക്കുന്ന വൈദ്യുതിയും നിങ്ങള്‍ തന്നെ കൊണ്ടോയ്ക്കുള്ളൂ' എന്ന് തമിഴനോട്‌  ജലസേചന മന്ത്രി. സ്വന്തം നാട്ടുകാര്‍ക്ക് കുടിവെള്ളം ഇല്ലാതിരിക്കുമ്പോള്‍, ഇവിടത്തെ കര്‍ഷകന്‍ പട്ടിണിയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ 700-1000 കോടി വരെ മുതല്‍മുടക്കി അയല്നാട്ടുകാരന് കൃഷി നനക്കാന്‍ വെള്ളം കൊടുത്തു കൊള്ളാമെന്നു ബാധ്യതയെല്‍ക്കുന്ന 'വിശാലഹൃദയത്വം' ഏത് കണക്കില്‍ എഴുതി ചേര്‍ക്കണം?!
ഇതേ പ്രശ്നം തിരിച്ചായിരുന്നു ( സുരക്ഷാപ്രശ്നം തമിഴനും ജലമൊഴുകുന്നത് കേരളത്തിലേക്കും) എന്ന് സങ്കല്പിക്കുക. അപ്പോള്‍ കിട്ടും നാം എന്ത് നിലപാട് എടുക്കേണ്ടിയിരുന്നു എന്നതിനുള്ള ശരിയായ ഉത്തരം.
കേരളീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടി ഇല്ലാതെ പോയതാകാം നമ്മുടെ ശാപം.
പുതിയൊരു കൂറ്റന്‍ ഡാം പണിയുക എന്ന ആവശ്യം ഉയരുന്നത് ഭൌമിക / പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേണ്ടത്ര പഠിച്ചാണോ  എന്ന് വ്യക്തമല്ല; പ്രത്യേകിച്ചും 12 ഡാമുകള്‍ ഉള്ള, അക്കാരണം തന്നെ ഭൂകമ്പസാധ്യത കൂട്ടുന്ന ഒരു പ്രദേശത്ത്. അതും സുരക്ഷയെ മുന്‍നിര്‍ത്തി ലോകമാകെ, വന്‍ ഡാം എന്നതിനു പകരം ചെറുഡാമുകള്‍ എന്നതിലേക്കു ചുവടുമാറ്റം നടത്തുമ്പോള്‍.  കുറ്റമറ്റ വസ്തുതാപഠനം അനിവാര്യമായ വിഷയത്തില്‍ പുതിയ ഡാമിന് വേണ്ടിയുള്ള മുറവിളി ആരിലെങ്കിലും സന്ദേഹം ജനിപ്പിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. അത് മാത്രമാണ് പരിഹാരം എന്ന് ശഠിക്കാതെ നിലവിലെ ഡാമില്‍ ജലനിരപ്പ്‌ കുറച്ചു കൊണ്ട് വന്നു സുരക്ഷഭീഷണി ഒഴിയുമോ എന്നതും പരിശോധിക്കണം; അപ്പോള്‍ തമിഴന്റെ കൊതിക്കെറുവ് എന്നത് ദ്വിതീയ പരിഗണന മാത്രമാകണം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വല്പം നട്ടെല്ലും കാണിക്കണം, ബഹുമാന്യ കേരള ഭരണാധികാരികള്‍!

7 comments:

  1. സംഭവം ഒക്കെ സത്യമാണ് ഭായ്..പക്ഷെ ഇതൊക്കെ ഭരണത്തില്‍ ഇരുന്നവര്‍ക്കും ഇപ്പോള്‍ ഇരിക്കുന്നവര്‍ക്കും കൂടി തോന്നണ്ടേ?...
    പിന്നെ അത് പൊട്ടണോ വേണ്ടയോ എന്നൊക്കെ ദൈവം തമ്പുരാന്‍ തീരുമാനിക്കട്ടെ...ലക്ഷക്കണക്കിന്‌ മനുഷ്യജീവനുകള്‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം...

    ReplyDelete
  2. ഭരണത്തിലിരിക്കുമ്പോള്‍ ഫലവത്തായ നടപടികള്‍ സ്വീകരിക്കാതെ തെരുവില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടു എന്ത് കാര്യം മജീദിക്ക?!
    മാത്രവുമല്ല നമ്മുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന, തമിഴാണ് വെള്ളമെന്നത് രണ്ടാമത്തെ കാര്യം എന്നൊരു നിലപാട് ഇപ്പോഴും മുഖ്യനെ പോലെ ഇപ്പോഴും പ്രതിപക്ഷനേതാവിനുമില്ല. കലൈന്ജരുടെയും ജയമ്മയുടെയും മുന്നില്‍ മുട്ടിടിക്കാരാണ് നമ്മുടെ ഭരണകര്താക്കളുടെ പതിവ്.

    ReplyDelete
  3. എല്ലാ വിഷയത്തിലുമെന്ന പോലെ മുല്ലപ്പെരിയാര്‍ വിഷയത്തിലും അഭിപ്രായഭേദങ്ങള്‍ ഉണ്ടായേക്കാം. അല്ല... ഉണ്ട്. അതില്‍ തെറ്റുമില്ല.

    പക്ഷെ ലക്ഷം ഭാരതീയരുടെ ജീവന് ഭീഷണിയായ ഈ ഡാം വച്ച് ഇനി മുന്നോട്ടുപോവാന്‍ പാടില്ല.


    ബച്ചുവിനു ബച്ചുവിന്റെ അഭിപ്രായം; എനിക്ക് എന്റെതും!

    ReplyDelete
  4. ബച്ചു കതടച്ചു വെടി വെക്കരുത്. ഈ പ്രശനം ആദ്യമായി ഏറ്റെടുത്തത് സഖാവ് വി എസ ആണ്. കഴിഞ്ഞ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു പ്രേമചന്ദ്രന്‍ തൊട്ടപ്പോള്‍ തമിഴ് മക്കള്‍ അത് ആദി പാടി ആഗോഷിച്ചത്.

    ReplyDelete
  5. നിരന്തരം കേസുകൾ തോറ്റു കൊണ്ടിരുന്ന കേരളത്തിനു അനുകൂലമായി ആദ്യമായി ഒരു സുപ്രിം കോടതി വിധി ഉണ്ടായത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണു..അത് ഒരു സുപ്രഭാതത്തിൽ വെറുതെ കിട്ടിയതല്ല...മുല്ലപ്പെരിയാർ വിഷയം വിശദമായി കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി ഉണ്ടാക്കി...കേസ് വിശദമായി പഠിച്ചു..മികച്ച വക്കീലന്മാരെ ഏർപ്പാടാക്കി..കേസ് നടക്കുന്ന കാലമത്രയും മന്ത്രി പ്രേമ ചന്ദ്രൻ ഡൽഹിയിൽ തന്നെ തമ്പടിച്ച് ഒരു പിഴവും വരാതെ നോക്കി..അങ്ങനെയാണു വിധി വന്നത്.

    ReplyDelete
  6. @മജീദിക്ക
    അച്ചുതാനന്ദന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നല്ല ഞാന്‍ പറയുന്നത്. മന്ത്രി പ്രേമചന്ദ്രന്റെ ഇടപെടലുകളില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നു എന്നതും തര്‍ക്കമറ്റത്‌ തന്നെ. 'പക്ഷെ ഞങ്ങളുടെ സുരക്ഷയാണ് മുഖ്യം; അത് ബലികഴിച്ചു ഒരു തുള്ളി വെള്ളം പോലും തരാനാകില്ല' എന്ന ഉറച്ച നിലപാട് ഇന്നോളം എടുക്കാന്‍ ഒരു ഭരണ നേതൃത്വവും സന്നദ്ധമായിട്ടില്ല. അപ്പോള്‍ ഫെടരലിസവും അന്തര്‍സംസ്ഥാന നദീജലപങ്കിടലും കോടതിവിധി അനുസരിക്കെണ്ടതിന്റെ ആവശ്യകതയും ഉയര്‍ന്നു വരും. ഇതേ പ്രശ്നം തിരിച്ചായിരുന്നു ( അണക്കെട്ട് തമിഴ്നാടിലും ജലമോഴുകുന്നത് കേരളത്തിലേക്കും) എന്ന് സങ്കല്പിക്കുക. അപ്പോള്‍ കിട്ടും ശരിയായ ഉത്തരം.
    @ജയെട്ടാ...
    ജനസുരക്ഷ തന്നെ മുഖ്യം. അതിനു പുതിയ ഡാം എന്നത് മാത്രമാണോ പരിഹാരം എന്ന് കുറ്റമറ്റ പഠനത്തിന്റെ അഭാവത്തില്‍ മുറവിളി കൂട്ടുന്നതിനെയാണ് സംശയാസ്പദം എന്ന് പറഞ്ഞത്.
    മാത്രവുമല്ല പുതിയൊരു ഡാം earth-quake prone ഏരിയയില്‍ എത്രമേല്‍ സുരക്ഷിതമാണ് എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
    ജലനിരപ്പ് പറ്റെ കുറച്ചു ഭീഷണി ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അതല്ലേ നല്ല പരിഹാരം?

    ReplyDelete
  7. http://cpimlmalayalam.blogspot.in/2011/12/18-12-2011.html

    ReplyDelete