Sunday, March 28, 2010

ഒരു വീണാനാദം പിറവി കൊണ്ടത്......

“വാളല്ലെന്‍ സമരായുധം, ഝണഝണധ്വാനം മുഴക്കീടുവാനാള-
ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍."

28.03.2010
ഇന്നു മലയാളത്തിന്റെ മണിപ്പൊന്‍ വീണാനാദത്തിനു എണ്‍പത്തിരണ്ടാം ജന്മവാര്‍ഷികം.
 
മലയാളി ഇത്രമേല്‍ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ മറ്റൊരു സുകൃതമുണ്ടോ?!
വയലാറില്‍ ഗാനരചയിതാവായിരുന്നോ കവിയായിരുന്നൊ മുന്നിട്ടു നിന്നത്? കാരണം കവിതയേത്, ഗാനമേത് എന്നു തിരിച്ചറിയാനാകാത്തതായിരുന്നല്ലോ അദ്ദേഹത്തിന്റെ വരികള്‍... കവിതകളില്‍ ഗാനചാതുരി പകര്‍ത്തിയ വയലാര്‍, ഗാനങ്ങളെ കവിതയാക്കിയും പരിവര്‍ത്തിപ്പിച്ചു; സിനിമാഗാനങ്ങളെ സാഹിത്യ സമ്പുഷ്ടമാക്കിയ മലയാളത്തിന്‍ തനതു പുണ്യം!
കല കലക്കു വേണ്ടിയെന്ന മൗലികതാവാദ ശബ്ദം ഒരറ്റത്ത് മുഴങ്ങിയപ്പോഴും, കലയുടെ സാമൂഹികധര്‍മ്മം ഇത്രമേല്‍ തിരിച്ചറിഞ്ഞ മറ്റൊരു ഗാനരചയിതാവ് നമുക്കുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
ഈശ്വരന്‍ ഹിന്ദുവല്ല...
കണ്ണ് തുറക്കാത്ത ദൈവങ്ങളേ...

നമ്മെ രക്ഷിക്കണമെന്നു നാം ചിന്തിക്കുന്ന ഈശ്വരനെ 'രക്ഷിക്കാന്‍' വാളെടുക്കുന്ന വിദ്വേഷത്തിന്റെ വര്‍ത്തമാന അനുഭവത്തില്‍ ഓരോ നാള്‍‍ കഴിയുമ്പോഴും അറിയാതെ പറഞ്ഞുപോകന്നു:
വയലാര്‍, ഇന്നാണ് അങ്ങ് കൂടുതൽ പ്രസക്തമായിരിക്കുന്നത് എന്ന്.

വിദ്വേഷത്തിന്റെ സാമുദായികകല്പനകളെ, സങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകളെ തന്റെ പാട്ടുകളിലൂടെ തകര്‍ത്തെറിഞ്ഞപ്പോഴും, വേലികെട്ടി മറച്ചുകളഞ്ഞ കേവലാചാരങ്ങളില്‍‍ തളച്ചിടപ്പെട്ടു പോയ മതാത്മകതയെ ശക്തമായി വിമര്‍ശിക്കുമ്പോഴും,

'ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ 
ആരന്തർമുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസർഗക്രിയാ- 
സാരം തേടിയലഞ്ഞു പണ്ടവരിലെച്ചൈതന്യമെൻ ദർശനം.'
എന്നു, നിഷ്കാമികളായ പുരാതന ഋഷീവലന്മാരെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

ആ അതുല്യപ്രതിഭാവൈഭവം കവിതകളിലോ ഗാനങ്ങളിലോ ഒതുങ്ങിയതുമില്ല. കഥകള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ ഇതരമേഖലകളിലും അദ്ദേഹം സംഭാവനയര്‍പ്പിച്ചു. അമിത മദ്യാസക്തിയിലൂടെ അകാലത്തില്‍ ചോദിച്ചു വാങ്ങിയ മൃത്യു, ആ തൂലികയില്‍ നിന്നുതിര്‍ന്നു തീരാന്‍ ബാക്കിനിന്ന മധുരതരമായ ഈരടികള്‍ നുകരാനാകാതെ പോയ നമ്മുടെ ദൗര്‍ഭാഗ്യമാകാം.

അങ്ങയുടെ മരണത്തിനും ശേഷം പിറവി കൊണ്ട ഞങ്ങളുടെ പോലും മനസ്സുകളില്‍ ദിവസത്തിലൊരിക്കലെങ്കിലും ആ വരികള്‍ പ്രതിധ്വനി മുഴക്കുമ്പോള്‍
വയലാര്‍, എന്തിനങ്ങേയ്ക്കു ഞാന്‍ ഓര്‍മ്മക്കുറിപ്പെഴുതണം.......?!
നമുക്കും വിദ്വേഷത്തിന്‍ കരവാളു വില്‍ക്കാം, എന്നിട്ട് സ്നേഹത്തിന്റെ നാദമാധുരി ഉതിര്‍ക്കുന്ന ഒരു വീണയോ ഓടക്കുഴലോ വാങ്ങി മീട്ടാം; അതാകട്ടെ ആ പാവനസ്മരണക്കു മുന്‍പില്‍ സമര്‍പ്പിക്കാവുന്ന അശ്രുകണങ്ങള്‍!!

10 comments:

  1. വയലാർ സ്മരണയ്ക്കു മുന്നിൽ ശിരസ്സു കുനിക്കുന്നു ഞാനും...

    (ബച്ചൂ അക്ഷരത്തെറ്റുകൾ ധാരാളം. ഒന്ന് തിരുത്തൂ)

    ReplyDelete
  2. ഈ എളിയവന്‍ , ആ അതുല്യ പ്രതിഭയെ സ്മരിക്കുന്നു

    ReplyDelete
  3. sathosham......

    jayetta, google indic trans. upayogikumpol varunna prasnangalane!

    ReplyDelete
  4. You are great, Bachoo...
    ഞാന്‍ പറയണമെന്ന് ആഗ്രഹിച്ചത്‌, പക്ഷെ പറയാന്‍ കഴിയഞ്ഞത്, താങ്കള്‍ അനായാസം പറഞ്ഞിരിക്കുന്നു!...
    ഈ അനുസ്മരണത്തിനു നന്ദി... ഈ രചനാപാടവത്തിനു എന്‍റെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍!!...

    ReplyDelete
  5. Thanks for the kind appreciation, Jaffarka.

    to Jayettan & SM too..

    ReplyDelete
  6. നന്നായി ബച്ചു ഈ ഓര്‍മ്മക്കുറിപ്പ്

    ReplyDelete
  7. ഇങ്ങനെ ഒരു ഓര്‍മ്മക്കുറിപ്പ് അവസരോചിതമായി
    എത്ര എത്ര സുന്ദരമായ വരികള്‍, പാട്ടുകള്‍!
    മലയാളിക്കു ഒരിക്കലും മറക്കാന്‍ കഴിയില്ല.
    മനസ്സില്‍ വിചാരിച്ചത് ബച്ചു പറഞ്ഞൂ

    ReplyDelete
  8. അവസരോചിതമായ ഓര്‍മകുറിപ്പ്,ഓരോ മലയാളിയും നെഞ്ചിലേറ്റി നടക്കുന്ന പാട്ടുകള്‍ അത് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
    അതുല്യ പ്രതിഭയെ സ്മരിക്കുന്നു.

    ReplyDelete
  9. സ്പന്ദിക്കുന്ന അസ്ഥി മാടങ്ങള്‍
    ബലി കൂടിരങ്ങളെ എന്ന് ഇങ്ങനെ ഉള്ള ഗാനങ്ങള്‍
    മരിക്കുമോ ???

    ReplyDelete
  10. ശ്രീ. വയലാറിന്റെ സ്മരണക്ക്‌ ബച്ചുവിന്റെ ഉചിതമായ സമർപ്പണം..
    ആശംസകൾ.

    ReplyDelete